Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയപാത ‘ഡിവൈഡറു’കളിൽ വേണമെങ്കിൽ ചീരയും നടാം

Spinach Spinach

കേരളത്തിലെ ദേശീയ പാതകളുടെ നടുവിലെ ‘ഡിവൈഡറു’കളിൽ ധാരാളം പൂച്ചെടികളും കുറ്റിച്ചെടികളും നട്ട് ദേശീയ പാതകൾ ആകർഷകമാക്കാറുണ്ടല്ലോ. ഇതിനായി കുറെ നല്ല ആളുകൾ ഒറ്റയ്ക്കും കൂട്ടായും പ്രവർത്തിച്ചുവരുന്നു. നന സൗകര്യമുണ്ടെങ്കില്‍ ഇത്തരം മീഡിയനുകളിൽ പല വർണങ്ങളിലുള്ള ചീരയിനങ്ങളും നട്ടു വളര്‍ത്താം. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനമായ വെള്ളാനിക്കരയിലെ ഡിവൈഡറുകളിൽ ഇതു പരീക്ഷിച്ചു, വന്‍വിജയമായി. ഹോർട്ടികൾച്ചർ കോളജിലെ പച്ചക്കറിവിഭാഗത്തിന് മുന്നിലുള്ള മീഡിയനുകളിൽ അരുൺ എന്ന ചുവന്നയിനവും കൂർഗ് ലോക്കൽ എന്ന പച്ചയും ചുവപ്പും കലർന്ന ഇനവും കറിവേപ്പിന് ഇടവിളയായിട്ടാണ് നട്ടത്.

വേനലില്‍ ചുവന്ന ചീര 

പല നിറങ്ങളിലും ആകൃതിയിലും  വൈവിധ്യമാര്‍ന്ന ചീരയിനങ്ങൾ ഇന്നു  ലഭ്യമാണ്. വേനൽക്കാലമാണ്  ചീരക്കൃഷിക്ക് ഏറെ യോജിച്ചത്. വർഷകാലത്തു  ചീര, വിശേഷിച്ച്  ചുവന്നയിനങ്ങൾ  കൃഷി ചെയ്താൽ ഇലപ്പുള്ളി രോഗം കൂടുതലായി കാണാം. അതിനാൽ വർഷകാലത്തു പൊതുവെ പച്ചനിറമുള്ള  ചീര നടുന്നതാണ് നല്ലത്. ധാരാളം സൂര്യപ്രകാശവും ജൈവവളവും ജലലഭ്യതയുമുണ്ടെങ്കിൽ ചീര തഴച്ചു വളരും.

നേരിട്ട് വിത്ത് പാകിയോ, തൈകൾ പറിച്ചു നാട്ടോ ചീര കൃഷി ചെയ്യാം.  വിത്ത് മണലുമായി കലർത്തി കനം കുറച്ച് പാകണം. ഒരു സെന്‍്റ്  സ്ഥലത്തേക്ക് ഏകദേശം ഏഴു ഗ്രാം വിത്ത്  മതി. തൈ പറിച്ചു നടാനാണെങ്കിൽ മൂന്നു ഗ്രാം വിത്ത് പാകി തൈകൾ മുളപ്പിച്ച ശേഷം  പറിച്ചു നടാം.   വെള്ളം കെട്ടി നിൽക്കാത്ത സ്ഥലത്തു ചെറിയ  തടങ്ങളെടുത്തോ, തെങ്ങിൻതടത്തിലോ, ഗ്രോ ബാഗുകളിലോ ചീര കൃഷി ചെയ്യാം. കൃഷി ചെയ്യാനുള്ള സ്ഥലം നന്നായി കിളച്ചിളക്കി, ട്രൈക്കോഡെർമ ചേർത്ത് ചാണകപ്പൊടി വിതറി മണ്ണുമായി നല്ലതുപോലെ ഇളക്കിച്ചേർക്കണം.  തുടര്‍ന്ന് വിത്തു പാകാം.  ഉറുമ്പു ശല്യം കുറയ്ക്കാനായി അരിമണിയോ റവയോ ചേർത്ത് വിതറുക. വിത്ത് മുളയ്ക്കുന്നതുവരെ രണ്ടു നേരം വെള്ളം തളിച്ചുകൊടുക്കാം. വിത്ത് പാകി  3-4 ദിവസങ്ങൾക്കുള്ളിൽ മുളയ്ക്കാൻ തുടങ്ങും. 25-30 ദിവസങ്ങൾക്കുള്ളിൽ തൈകൾ വേരോടെ പിഴുതെടുക്കാം.

വലിയ തൈകൾ ആദ്യം പിഴുതെടുത്താൽ ബാക്കി തൈകൾ പെട്ടെന്ന് വളരും.  ഓരോ വിളവെടുപ്പിനു ശേഷവും നേർപ്പിച്ച ഗോമൂത്രം (എട്ടിരട്ടി വെള്ളത്തിൽ) ഒഴിച്ച് കൊടുക്കുന്നത് വളർച്ച കൂട്ടാൻ സഹായിക്കും. അല്ലെങ്കിൽ നനയ്ക്കുന്ന വെള്ളത്തിൽ കുറച്ച് പച്ച ചാണകം കലക്കി ഒഴിച്ചാലും മതി. ഇങ്ങനെ കൃഷി ചെയ്‌തെടുക്കുന്ന ജൈവ ചീരയ്ക്ക് വിപണിയിൽ നല്ല ഡിമാൻഡാണ്. തൈകൾ നടുകയാണെങ്കിൽ  10 സെ.മി.അകലത്തിൽ 20 ദിവസം പ്രായമായ തൈകൾ പറിച്ച് നട്ട് ഏകദേശം ഒരുമാസം കഴിഞ്ഞാൽ മുറിച്ചെടുക്കാം.  പിന്നീട് പല തവണകളായി മുറിച്ചെടുക്കാവുന്നതാണ്.  രണ്ടാഴ്ച്ച ഇടവിട്ട് ജൈവ വളം ചേർത്തുകൊടുക്കാം.

 വിലാസം: പച്ചക്കറി ശാസ്ത്രവിഭാഗം, ഹോർട്ടികൾച്ചർ കോളജ്, വെള്ളാനിക്കര