Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച കൊക്കോ ഇനവുമായി മണിമലയിലെ കൊക്കോ ഉൽപാദക സഹകരണസംഘം

varghese

വിലയുടെ കാര്യത്തിൽ എല്ലാക്കാലത്തും മിനിമം ഗാരന്റിയുള്ള ഏതെങ്കിലും വിളയുണ്ടോ എന്നു ചോദിച്ചാൽ കോട്ടയം മണിമല കൊച്ചുമുറിയിൽ കെ.ജെ. വർഗീസ് എന്ന മോനായി ആവേശഭരിതനാവും. രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം റെഡി: ‘കൊക്കോ’. കഴിഞ്ഞ പത്തുകൊല്ലത്തെയെങ്കിലും കണക്കുകൾ നിരത്തി ഉത്തരം ഉറപ്പിക്കാനും മോനായി തയാർ. 

‘‘വിലയിലെ ചാഞ്ചാട്ടം കൊക്കോയുടെ കാര്യത്തിൽ പതിവാണ്. ഐവറികോസ്റ്റിലെയും ഘാനയിലെയുമെല്ലാം കൊക്കോ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകൾ മുതൽ ചോക്ലേറ്റ് കമ്പനികളുടെ തീരുമാനങ്ങൾ വരെ കൊക്കോ വിപണിയെ സ്വാധീനിക്കും. ഈ സാഹചര്യത്തിലും കേരളത്തിലെ കൊക്കോവില സമീപ വർഷങ്ങളിലെല്ലാം സ്ഥിരത പുലർത്തുന്നു എന്നതു കാണണം. അതുകൊണ്ടു കൊക്കോക്കൃഷി പ്രോത്സാഹിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മണിമലയിലെ കൊക്കോഉൽപാദകസഹകരണസംഘം’’, സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ മോനായിയുടെ വാക്കുകൾ.

കൃഷിയും സംഭരണവുമായി കൊക്കോ മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മോനായി മികച്ച കൊക്കോ ഇനങ്ങളുടെ സംരക്ഷണത്തിലും പ്രചാരണത്തിലുമാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നത്. ചോക്ലേറ്റ് ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനാണ് കൊക്കോ ഉൽപാദക സഹകരണ സംഘം ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ അതു വിജയത്തിലെത്തണമെങ്കിൽ കേരളത്തിലെ കൊക്കോ ലഭ്യത ഇനിയും വർധിക്കണമെന്ന നിഗമനത്തിലെത്തി സംഘം പിന്നീട്. ഗുണമേന്മ കൂടിയ കൊക്കോ ഇനങ്ങളുടെ തൈ ഉൽപാദനത്തിലേക്കുംവിൽപനയിലേക്കും തിരിയുന്നത് അങ്ങനെ. 

Cocoa

കൊക്കോ സംഭരണവുമായി കർണാടകത്തിലും ഹൈറേഞ്ചിലും നിരന്തരം യാത്ര ചെയ്യുന്ന മോനായി മികവേറിയ അഞ്ചിനം കൊക്കോ തൈകൾ തിരിച്ചറിഞ്ഞ് വളർത്തിയെടുക്കുകയായിരുന്നു. ഇവയിൽ സി.ടി. 40 എന്ന ഇനമാണ് ഏറ്റവും മികച്ചതെന്ന് മോനായി. ഒരു കിലോ കായിൽനിന്നു നാൽപതു ശതമാനം പച്ചക്കുരു ലഭിക്കുന്ന കൊക്കായാണിതെന്ന് മോനായി അവകാശപ്പെടുന്നു. 

‘‘പൂർണ ഉൽപാദനത്തിലേക്ക് എത്തിയ ഈയിനം കൊക്കോയിൽ ഒരു കിലോവരെ തൂക്കമെത്തുന്ന കായ്കളുണ്ടാവും. അത്തരം ഒന്നിൽനിന്നുതന്നെ 400 ഗ്രാം പച്ചക്കുരു ലഭിക്കും. പച്ചക്കുരുവിന് കിലോയ്ക്കു 45–50 രൂപ ഇപ്പോൾ വിലയുണ്ട്. മിക്കപ്പോഴും 60 രൂപവരെ ഉയരാറുമുണ്ട്. ഉണങ്ങി സംസ്കരിച്ച പരിപ്പിന് ഇപ്പോൾ ശരാശരി 180 രൂപ വില. അതായത്, ഉൽപാദനക്ഷമത കൂടിയ എട്ടോ പത്തോ കൊക്കോയുള്ള ഒരു കർഷകന് മോശമല്ലാത്ത വരുമാനം ആഴ്ചതോറും കൊക്കോയിൽനിന്നു ലഭിക്കും’’, മോനായിയുടെ വാക്കുകൾ. 

വർഷത്തിൽ ലഭിക്കുന്ന ആകെ കായ്കളുടെ എണ്ണത്തിൽ സിടി 40 പരമ്പരയിൽപ്പെടുന്ന െകാക്കോ  മറ്റുള്ളവയെക്കാള്‍  ഏറെ മുന്നിലെന്നും മോനായി.സിടി 40യുടെ ബഡ്ഡ് തൈകൾ വിൽക്കാനാണ് ആദ്യം സംഘം ലക്ഷ്യമിട്ടതെങ്കിലും ബഡ്ഡ് വുഡ് ഇപ്പോൾ പരിമിതമായതിനാൽ കുരു പാകി മുളപ്പിച്ച തൈകൾ കർഷകർക്കു നൽകിയ ശേഷം ഫീൽഡ് ബഡ്ഡിങ് നടത്തുകയാണ് സംഘം. തൈ ഒന്നിന് 20 രൂപയാണ് ഈടാക്കുന്നത്. കർഷകർ നട്ടു വളർത്തുന്ന തൈകൾ ഒരു വർഷം പ്രായമെത്തുന്നതോടെ അവരുടെ കൃഷിയിടത്തിലെത്തി ബഡ് ചെയ്തു നൽകും. ബഡ് ചെയ്യുന്നതിന്റെ കൂലി   മാത്രം ഈടാക്കും. പച്ചക്കുരുവിനും സംസ്കരിച്ച പരിപ്പിനും ലഭിക്കുന്ന മികച്ച വില, ആഴ്ചതോറും 

വരുമാനം, പരിപാലനത്തിനും  വിളവെടുപ്പിനും കുറഞ്ഞ അധ്വാനം, റബറിനും തെങ്ങിനുമെല്ലാം ഇടവിളയാക്കാമെന്ന മെച്ചം, ഇവയ്ക്കൊപ്പം  ഉൽപാദന മികവുള്ള തൈകൾകൂടി ചേരുമ്പോൾ കൊക്കോക്കൃഷി നൽകുന്ന നേട്ടം വലുതായിരിക്കുമെന്ന് മോനായി. കൃഷി മുതൽ വിളവെടുപ്പും മൂല്യവർധനയും വിപണനവുംവരെയുള്ള കാര്യങ്ങളിൽ കർഷകർക്കു ശാസ്ത്രീയമായ അറിവുകൾ പകർന്നു നൽകാനും സംഘം ഒപ്പമുണ്ട്.

ഫോൺ: 9447184735