Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയകാലത്തും ഈനാശുവിന്റെ പച്ചക്കറിക്കൃഷി സുരക്ഷിതം

R-Shelter

തുടർച്ചയായി മഴ പെയ്താൽ ഒന്നും ചെയ്യാനാവാതെ വീട്ടിലിരുന്നു ബോറടിക്കുന്ന കൃഷിക്കാരുടെ കൂട്ടത്തിൽ ഈനാശുചേട്ടനെ കൂട്ടരുത്. എത്ര ശക്തമായ മഴയിലും അദ്ദേഹം രണ്ടുനില വീടിന്റെ മട്ടുപ്പാവിൽ വിളപരിചരണത്തിന്റെ തിരക്കിലായിരിക്കും. മട്ടുപ്പാവിനെയാകെ മൂടി സ്ഥാപിച്ച മഴമറയ്ക്കു കീഴിൽ ഈനാശുവിനും അദ്ദേഹത്തിന്റെ വിളകൾക്കും ‘ജലദോഷ’ങ്ങളൊന്നും വരാറില്ല.  നാടൻ ചീരയും തക്കാളിയുമൊക്കെ മഴക്കാലത്ത് കടകളിൽ കിട്ടാനില്ലാതായാലും ഈനാശുവിന്റെ വീട്ടിലുണ്ടാവുമെന്ന് അയൽവാസികൾക്കറിയാം. പ്രളയകാലത്തിനുശേഷം പച്ചക്കറിതേടിവരുന്നവർക്ക് മിതമായ നിരക്കിലാണ് അദ്ദേഹം അവ നൽകുന്നത്. നല്ല പച്ചക്കറി തേടി വരുന്നവരെ കാത്ത് വീടിന്റെ ഉമ്മറത്തുതന്നെ  ത്രാസും സജ്ജീകരിച്ചിട്ടുണ്ട്.വിളവെടുക്കുന്നവ മുതൽ  രണ്ടിലപ്പരുവത്തിലുള്ള തൈകൾ വരെ ഒരേസമയം ഈനാശുവിന്റെ മഴമറയ്ക്കുള്ളിലുണ്ട്.  പല ബാച്ചുകളായി കൃഷി ക്രമീകരിച്ചിരിക്കുന്നതുകൊണ്ട്  എല്ലാ ആഴ്ചയിലും ഏതെങ്കിലുമൊക്കെ ഇനം വിളവെടുപ്പിനു പാകമായിട്ടുണ്ടാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മട്ടുപ്പാവിലെ പച്ചക്കറിക്കൃഷി പൂർണമായി പ്രയോജനപ്പെടണമെങ്കിൽ  നഗരഭവനങ്ങൾക്കു മീതേ മഴമറ കൂടി ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ചുടുകട്ടയോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ നേരിട്ടു ഗ്രോബാഗുകൾ നിരത്തിയാണ് ഈനാശുവിന്റെ കൃഷി. മട്ടുപ്പാവിനു ഭീഷണിയാവാത്ത വിധത്തിൽ മിതമായ തോതിൽ മാത്രമാണ് ഗ്രോബാഗിൽ നന.  പുറത്തേക്ക് ഒരു തുള്ളിപോലും വെള്ളം വീഴാതെ ചെറിയ കപ്പിൽ വെള്ളമെടുത്തു നനയ്ക്കുന്നതിനാൽ മട്ടുപ്പാവ് സുരക്ഷിതവും വൃത്തിയുള്ളതുമായി സൂക്ഷിക്കാൻ കഴിയുന്നു. മാത്രമല്ല, ജലവിനിയോഗം തീരെ കുറയുകയും ചെയ്യും.

വീടിനെയാകെ മൂടത്തക്കവിധത്തിൽ ട്രസ് വർക്ക് നടത്തി അതിന്മേൽ പോളിത്തീൻ ഷീറ്റ് വിരിച്ച് മഴമറയുണ്ടാക്കി. വീടിന്റെ സൗന്ദര്യത്തിനും സുരക്ഷയ്ക്കും കൂടി പരിഗണന നൽകിയായിരുന്നു നിർമാണം.  രണ്ടു ലക്ഷം രൂപ മുതൽമുടക്ക് വേണ്ടിവന്നു. നിർമാണച്ചെലവ് വർധിച്ചെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇതു പ്രയോജനപ്പെടുമെന്ന ചിന്തയിലാണ് അദ്ദേഹം. എന്നാൽ മതിയായ പരിശീലനമോ അറിവോ ഇല്ലാത്ത ഏജൻസികളെ ഏൽപിച്ചാൽ മഴമറ തലവേദനയാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. ചോർച്ചയും മറ്റ് പ്രശ്നങ്ങളുമുണ്ടാകും.  മൂന്നാം നിലയിലെ മഴമറയിലേക്ക് ഗ്രോബാഗും വളവും മറ്റും എത്തിക്കുന്നതിനായി ഇരുമ്പുഗോവണിക്കു പുറമെ കപ്പിയിലൂടെ കയർ തൂക്കിയിറക്കിയിട്ടുമുണ്ട്. വേനൽക്കാലത്ത് ചൂട് അമിതമാവുമ്പോൾ ഉൾഭാഗത്ത് തണൽവലകൊണ്ടുള്ള പന്തൽ നൽകുന്നതു നല്ലതാണ്. 

വിശ്രമജീവിതമാണ് കങ്ങരപ്പടി മഞ്ഞളി വീട്ടിൽ എം.ഒ. ഈനാശുവിനെ കൃഷിക്കാരനാക്കിയത്. കസ്റ്റംസിൽനിന്നു വിരമിച്ചശേഷം 17 വർഷമായി  ഈ കൃഷിക്കാരൻ വീടിന്റെ മട്ടുപ്പാവിലുണ്ട്. വീടിനോടു ചേർന്ന് പാട്ടത്തിനെടുത്ത 10 സെന്റിലും കൃഷിയുണ്ട്.  പകൽ മുഴുവൻ വിളകളെ പരിചരിച്ചും അവയുമായി സംസാരിച്ചും ചെലവിടുന്നതുവഴി വിരസതയകറ്റാൻ കഴിയുന്നു. അതോടൊപ്പം ചെറിയ തോതിൽ വരുമാനം കണ്ടെത്താനും പച്ചക്കറിക്കൃഷിയിലൂടെ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

ഫോൺ: 8943857644