Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി ഉപേക്ഷിച്ച് ഡെയറി സംരംഭം; ഇവർ അതിജീവനത്തിന്റെ പാതയിൽ

DSCN1193

മീനച്ചിലാർ കരകവിഞ്ഞ് പാടവും പറമ്പും കടന്ന് പുഴവെള്ളം മുറ്റത്തെത്തിയപ്പോഴും തൊഴുത്തിലുള്ള പത്തു പശുക്കളെ വിട്ട് മറ്റൊരിടത്തേക്കു പോകാൻ ലിയയ്ക്കു മനസ്സു വന്നില്ല. നോക്കിനിൽക്കെ ഉയരുകയാണ് പെരുവെള്ളം. ഒടുവിൽ ഗത്യന്തരമില്ലാതെ, അടുത്തുതന്നെ അൽപം ഉയർന്ന സ്ഥലത്തുള്ള സ്വന്തം തറവാട്ടിലെ തൊഴുത്തിലേക്കു പശുക്കളെ മാറ്റി, ഒരാളെ നോക്കാനേൽപിച്ച് കുഞ്ഞുമക്കളെയുംകൊണ്ട് ലിയ അമ്മവീട്ടിലേക്കു മാറി. വെള്ളം കുറഞ്ഞെന്നുകണ്ട് നാലു ദിവസം കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ നോക്കാനേൽപ്പിച്ചയാളും ഇടയ്ക്കെപ്പോഴോ പശുക്കളെ ഉപേക്ഷിച്ചു പോയിരുന്നു. ഭാഗ്യം, മുട്ടൊപ്പം വെള്ളത്തിൽ നാലു ദിവസം നിന്നിട്ടും എച്ച്എഫിനും ജഴ്സിക്കുമൊന്നും കാര്യമായ ആരോഗ്യത്തകരാര്‍ ഉണ്ടായില്ല. 

പ്രളയത്തിനിടയിൽ പാൽവിൽപന സാധ്യമല്ലാത്തതിനാൽ ഉൽപാദനം കുറയാനും പാൽ അകിടിൽ കെട്ടിനിന്ന് അകിടുവീക്കം ഉണ്ടാകാതിരിക്കാനുമായി തീറ്റ കാര്യമായി കൊടുക്കേണ്ട എന്നു നിർദേശിച്ചാണു ലിയ പോയത്. എന്നാൽ തീറ്റ ഇടയ്ക്കുവച്ച് പൂർണമായും മുടങ്ങിയതിനാൽ പശുക്കൾക്കെല്ലാം കടുത്ത ക്ഷീണമുണ്ടായിരുന്നു. അതുമൂലം പാലുൽപാദനം നാമമാത്രമായി. 

വെള്ളപ്പൊക്കത്തിന്റെ ദുരിതം രണ്ടു തവണ നേരിടേണ്ടി വന്നിരുന്നു കോട്ടയം പേരൂർ പുതുക്കരിയയിൽ വീട്ടിൽ ലിയയ്ക്കും പശുക്കൾക്കും. ജൂലൈയിലും ഒാഗസ്റ്റിലും. പത്തു പശുക്കളിൽ കറവയുള്ള അഞ്ചെണ്ണത്തിൽനിന്ന് 80–85 ലീറ്റർ ഉൽപാദനമുണ്ടായിരുന്നത് ആദ്യ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ40–45 ലീറ്ററായി ഇടിഞ്ഞു. മികച്ച പരിപാലനത്തിലൂടെ ഉൽപാദനം 60 ലീറ്റർവരെ ഉയർത്തിയപ്പോഴാണ് ഒാഗസ്റ്റിലെ പ്രളയം. അതോടെ വീണ്ടും 35 ലീറ്ററിലേക്ക്. എന്നാൽ ചിട്ടയായ പരിചരണത്തിലൂടെ ആറു പശുക്കളിൽനിന്ന് 60 ലീറ്ററിലേക്ക് പാലളവ് വീണ്ടും ഉയർത്തിയിരിക്കുന്നു ലിയ. നാലെണ്ണം ചെനയിലും നിൽക്കുന്നു.

മൂന്നരയേക്കർ തീറ്റപ്പുല്ലുകൃഷി മുഴുവൻ ആദ്യ വെള്ളപ്പൊക്കത്തിൽത്തന്നെ നശിച്ചിരുന്നു. പറമ്പിലും പാടത്തുനിന്നുമൊക്കെയായി ശേഖരിക്കുന്ന പച്ചപ്പുല്ലും കച്ചിയും ടിഎംആർ തീറ്റയുമൊക്കെയായി നീങ്ങുമ്പോഴാണ് രണ്ടാമത്തെ പ്രളയം വരുന്നത്. രണ്ടു പ്രതിസന്ധിയിലും പേരൂർ നോർത്ത് ക്ഷീരസംഘം വഴി ലഭിച്ച, മൃഗസംരക്ഷണവകുപ്പിന്റെ കാലിത്തീറ്റ വലിയ തുണയായെന്നു ലിയ; വിശേഷിച്ച് വരുമാനമില്ലാതിരുന്ന സമയത്ത്. 

ഫോൺ: 9496544261

DSCN1200

പേരൂരിലെ പാൽക്കാരി

ബെംഗളൂരുവിൽനിന്ന് എംബിഎ നേടിയ ലിയ ജോലി ഉപേക്ഷിച്ചപ്പോൾ ലഭിച്ച പിഎഫ് തുകയിൽനിന്ന് 36,000 രൂപ മുടക്കി ഒരു ജഴ്സിപ്പശുവിനെ വാങ്ങുന്നത് 2010ൽ.  വാങ്ങലിൽത്തന്നെ കബളിപ്പിക്കപ്പെട്ടു. പറഞ്ഞ പാലുൽപാദനം ലഭിക്കാത്ത, പ്രായം വളരെക്കൂടിയ പശുവാണ് കയ്യിലെത്തിയത്. എന്നാൽ കുറഞ്ഞകാലംകൊണ്ട് പശുവളർത്തലിന്റെ വിജയരഹസ്യങ്ങളെല്ലാം പഠിച്ചെടുത്ത ലിയ 2013ൽ ഏറ്റുമാനൂർ ബ്ലോക്കിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള അവാർഡും നേടി. തുടർന്നു പശുക്കളുടെ എണ്ണം വർധിപ്പിച്ചു. സമീപത്തെ ക്ഷീരകർഷകരിൽനിന്നുകൂടി പാലെടുത്ത് ചില്ലറ വിൽപനയും തുടങ്ങി. സ്കൂട്ടറിൽ ചുറ്റുവട്ടത്തെ 280 വീടുകളിൽ ഫാം ഫ്രഷ് മിൽക് എത്തിച്ചിരുന്നതു ലിയ നേരിട്ട്. കഴിഞ്ഞ വർഷം പിതാവിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ സ്വകാര്യ ബാങ്ക് ഏറ്റെടുക്കേണ്ടി വന്നതോടെയാണ് പശുക്കളുടെ എണ്ണം പത്തിലേക്കു ചുരുക്കിയത്. 

നിലവിൽ എൺപതു വീടുകളിലും ഏതാനും കടകളിലുമായാണ് ലിയയുടെ പാൽ വിൽപന. പാൽ മാത്രമല്ല, തൈരും നെയ്യുമെല്ലാം വിൽപനയ്ക്കുണ്ട്. പുതിയ പുൽക്കടകൾ നട്ടുവളർത്തിയും പശുക്കളുടെ ആരോഗ്യത്തിന് മുന്തിയ പരിഗണന നൽകിയും ഫാം വീണ്ടും ലാഭത്തിലേക്കു കൊണ്ടുവരാനുള്ള ഉൽസാഹത്തിലാണ് ഈ വനിത. താൻ മാത്രമല്ല, കേരളത്തിലെ ആയിരക്കണക്കിനു കർഷകർ സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാൻ ആശ്രയിക്കുന്നതു പശുക്കളെത്തന്നെയെന്ന് ലിയ.