Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിവളർത്തലിലൂടെ വരുമാനം; നാടിനു ചേർന്നത് നാടൻകോഴി

DSCN1079

‘നാലു മാസം കൊണ്ട് രണ്ടു കിലോ എത്തുന്ന നാടൻകോഴിയുടെ ഇറച്ചി വേണോ, അതോ 40 ദിവസംകൊണ്ട് രണ്ടു കിലോ വളരുന്ന ബ്രോയിലർ കോഴിയുടെ ഇറച്ചി കഴിക്കണോ’, ചോദ്യം കോഴിക്കോടിനടുത്ത് ഇയ്യാടുള്ള കുറുങ്ങോട്ട് അബ്ദുറഹ്മാന്റേതാണ്. രണ്ടിന്റെയും ഗുണമേന്മയെക്കുറിച്ചൊന്നും തർക്കിക്കാൻ അബ്ദുറഹ്മാനു താൽപര്യമില്ല. ഏതായാലും നാടൻ കോഴിയിറച്ചി ഇഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും വളർത്താൻ തുനിയുന്നവർക്ക് വിപണനത്തിനു വിഷമിക്കേണ്ടി വരില്ലെന്നും ഈ കർഷകൻ പറയുന്നു. വീട്ടമ്മഅമ്പതു കോഴികളെ അടുക്കളമുറ്റത്തു വളർത്തുന്നതുതന്നെ കർഷക കുടുംബത്തിന്റെ വരുമാന വർധനയ്ക്കു സഹായകമാവുമെന്ന് അബ്ദുറഹ്മാൻ.

പ്രളയത്തിൽനിന്ന് കഷ്ടി രക്ഷപ്പെട്ട അനുഭവം പറയാനുണ്ട് അബ്ദുറഹ്മാനും. ചുറ്റും വെള്ളമുയർന്നെങ്കിലും അൽപം ഉയർന്ന സ്ഥലമായിരുന്നതിനാൽ പതിന്നാലു സെന്റു കോഴിഫാം മാത്രം ഒരു ചെറുദ്വീപു പോലെ ഒറ്റപ്പെട്ടു നിന്നു. തൊട്ടുചേർന്നുള്ള മൽസ്യക്കുളം വെള്ളത്തിനടിയിലായി. കുറെ മീനുകൾ ഒഴുകിപ്പോയി. ജൂൺ മുതൽ തുടങ്ങിയ കനത്ത മഴയിലും പക്ഷേ കോഴികളുടെ കാര്യത്തിൽ ആശങ്കയുണ്ടായില്ല. പ്രതികൂലസാഹചര്യങ്ങളുമായി ഇണങ്ങുന്നവയും മികച്ച പ്രതിരോധശേഷിയുള്ളവയുമാണ് നാടൻകോഴികൾ എന്നതുതന്നെ കാര്യം. തീറ്റക്കാര്യത്തിൽ നിർബന്ധമില്ലാത്തതിനാൽ മഴക്കാലത്തും പരിപാലനം ബുദ്ധിമുട്ടായിട്ടില്ല. വിപണനത്തിനും പ്രയാസമുണ്ടായിട്ടില്ല. ചുരുക്കത്തിൽ നാടിനു ചേർന്നത് നാടൻ കോഴി തന്നെയെന്ന് അബ്ദുറഹ്മാൻ.

നാടൻ പൂവൻ

നാടൻ എന്നു വിളിക്കാമെങ്കിലും തനിനാടനല്ല അബ്ദുറഹ്മാന്റെ കോഴികൾ; മണ്ണുത്തി വെറ്ററിനറി കോളജ് പുറത്തിറക്കിയ ഗ്രാമശ്രീ ഇനം. വളർച്ചവേഗം കൂടുതൽ, മുട്ടയ്ക്ക് തവിട്ടു നിറം, വർഷം ശരാശരി 200 മുട്ടകൾ. നാടന്റെ ശേലും ശീലവുമുള്ള ഗ്രാമശ്രീയെ അടുക്കളമുറ്റത്ത് അഴിച്ചുവിട്ടു വളർത്താം. ഗ്രാമശ്രീ ഇനത്തിന്റെ പൂവനെ ഇറച്ചിയാവശ്യത്തിനു വളർത്തി വിൽക്കുന്ന രീതിയാണ് അബ്ദുറഹ്മാന്റേത്. ചാത്തമംഗലം റീജിയനൽ പൗൾട്രിഫാമിൽനിന്ന് ഒരു ദിവസം പ്രായമായ പൂവൻകുഞ്ഞുങ്ങളെ ലഭിക്കും. വില എട്ടു രൂപ. പൂവനെത്തന്നെ തിരഞ്ഞു തരുന്നതാണെങ്കിലും പത്തു ശതമാനം പിടയും കടന്നു കൂടും. 

ഒരു ബാച്ചിൽ 200 കുഞ്ഞുങ്ങൾ. ഒന്ന് – ഒന്നര മാസം ഇടവിട്ട് വർഷം 8–10 ബാച്ച്. ചൂട്, സ്റ്റാർട്ടർ തീറ്റ, കുടിവെള്ളം തുടങ്ങിയവയെല്ലാം ഒരുക്കി ആദ്യ രണ്ടാഴ്ച ബ്രൂഡർ പരിപാലനം.  പ്രതിരോധ മരുന്നുകളും കുത്തിവയ്പുകളുമെല്ലാം യഥാസമയം നൽകി, രണ്ടു മാസം വളർച്ചയെത്തിക്കഴിയുമ്പോൾ ഫാമിനകത്തെ പതിന്നാലു സെന്റിന്റെ വിശാലതയിലേക്കു തുറന്നുവിടും. സമീപത്തെ മൂന്ന് സ്കൂളുകളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ ബാക്കിയാണ് പിന്നീടു മുഖ്യതീറ്റ. തലേന്നു രാത്രി പത്തുകിലോ ഗോതമ്പ് അൽപം മഞ്ഞൾപ്പൊടിയും തുളസിയിലയും ചേർത്ത് അടുപ്പത്തുവച്ച് രാവിലെ ഈ ഗോതമ്പു ചോറ് ആരോഗ്യത്തീറ്റയായി കോഴികൾക്കു നൽകുന്ന പതിവുമുണ്ട്. വാഴച്ചുണ്ട്, പച്ചപ്പുല്ല്, ഒൗഷധസസ്യങ്ങൾ തുടങ്ങിയവയും ലഭ്യതയനുസരിച്ചു നൽകും. 

ഇക്കാര്യങ്ങളിലെല്ലാം  നിർദേശങ്ങളും പിന്തുണയുമായി ഉണ്ണികുളം മൃഗാശുപത്രി അധികൃതര്‍ ഒപ്പമുണ്ട്. 

നാലഞ്ചു മാസംകൊണ്ട് പൂവന്മാർ രണ്ടു കിലോ തൂക്കമെത്തും. അടുത്ത രണ്ടു മാസത്തിനുള്ളിൽ വിറ്റു തീർക്കും. കിലോ 200 രൂപ വില. വാങ്ങാൻ ആളുകൾ ഒട്ടേറെ. ഒരു ബാച്ച് കഴിയുമ്പോഴേക്കും അടുത്തതു തയാർ. പൂവനൊപ്പം കടന്നു കൂടുന്ന മുട്ടക്കോഴികളെ നിലനിർത്തും. അഞ്ചരമാസം പ്രായമെത്തുന്നതോടെ മുട്ടയിട്ടു തുടങ്ങും. 

ദിവസം 20മുട്ടയെങ്കിലും വിൽക്കാനുണ്ടാവും. നാടൻകോഴിമുട്ട ഒന്നിന് എട്ടു രൂപ ഉറപ്പ്. ഒന്നര വയസ്സുവരെ വളർത്തിയശേഷം ഏതാണ്ട് രണ്ടു കിലോ തൂക്കമെത്തുന്ന ഇവയെ കിലോയ്ക്ക് 150 രൂപയ്ക്കു വിൽക്കും. ഗ്രാമശ്രീ കോഴികൾക്കൊപ്പം കുറച്ചു കരിങ്കോഴികളെ പരിപാലിക്കുന്ന 

പതിവുണ്ട്. ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിരുന്ന അബ്ദുറഹ്മാൻ തിരിച്ചെത്തി നാട്ടിൽ ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ തുടരുന്നതിനിടയിൽത്തന്നെയാണ് കോഴിവളർത്തലും. കോഴിക്കാഷ്ഠം പ്രയോജനപ്പെടുത്തി വിപണി ലക്ഷ്യമിട്ടുതന്നെ വാഴ, കപ്പ തുടങ്ങിയ വിളകളുടെ കൃഷിയുമുണ്ട്.

ഫോൺ: 9645207497