Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിയിടം വാടകയ്ക്കൊപ്പം കൃഷിക്കാരനും

farmizen

ഫാംവിൽ ഗെയിം കളിച്ചിട്ടുള്ള ചിലരെങ്കിലുമുണ്ടാവും. കംപ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന കൃഷിയിടത്തിലെ ചെറുവാരങ്ങളിൽ വിവിധ വിളകൾ പാകിയും നനച്ചും പരിപാലിച്ചും വിളവെടുത്തുമൊക്കെ വിർച്വൽ കൃഷിയുടെ ആനന്ദം  അനുഭവിക്കാൻ സഹായിച്ച ഓൺലൈൻ ഗെയിമിന് ഒരു കാലഘട്ടത്തിൽ ആരാധകരേറെയായിരുന്നു. ബെംഗളൂരുവിൽ ഗീതാഞ്‍ജലി രാജാമണിയും ഭർത്താവ് ഷമീക് ചക്രവർത്തിയും കൂട്ടുകാരൻ സുധാകരൻ ബാലസുബ്രഹ്മണ്യനും ചേർന്ന് നടത്തുന്ന ഫാമിസൺ എന്ന അഗ്രി സ്റ്റാർട്അപ്  പ്രോജക്ട് ഫാംവിലിനോട് ഏറക്കുറെ സദൃശമാണ്. എന്നാൽ കൃഷിയുടെ സന്തോഷത്തിനൊപ്പം കൃഷിക്കാരന് യഥാർഥ വരുമാനവും ഉപഭോക്താവിനു നല്ല ഭക്ഷണവും നൽകാൻ  ഇതുവഴി സാധിക്കുമെന്നു മാത്രം. ബെംഗളൂരു, ഹൈദരാബാദ്, സൂറത്ത് എന്നീ നഗരങ്ങളിലായി ഇതിനകം 1500 കുടുംബങ്ങൾ ഫാമിസൺ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവർക്കായി 18 ഫാമുകളിലാണ് കൃഷി നടക്കുന്നത്.  വെഞ്ച്വർ ഹൈവേ എന്ന വെഞ്ച്വർ കാപ്പിറ്റൽ സ്ഥാപനമാണ് ഈ സ്റ്റാർട് അപ്പിനു ഫണ്ട് നൽകുന്നത്.

നല്ല ഭക്ഷണം ഉറപ്പാക്കാൻ അവയുടെ സ്രോതസ് നേരിട്ടു ബോധ്യപ്പെടണമെന്നു നിർബന്ധമുള്ളവർക്ക് യോജ്യമായ ഈ പദ്ധതിക്കു നഗരങ്ങളിൽ സ്വീകാര്യതയേറുകയാണ്. പച്ചക്കറിക്കൃഷിയിൽ തുടങ്ങിയ പദ്ധതി പഴങ്ങളിലേക്കും ധാന്യങ്ങളിലേക്കും കൂടി വ്യാപിപ്പിക്കാൻ തയാറെടുക്കുകയാണ് ഫാമിസൺ പ്രവർത്തകർ.

ഉപഭോക്താവിനു നല്ല ഭക്ഷണം, ഉൽപാദകനു നല്ല വരുമാനം എന്ന ലക്ഷ്യത്തോടെ ഊബർ ടാക്സി മാതൃകയിലാണ് ഫാമിസൺ പദ്ധതി നടപ്പാക്കിയതെന്ന് ഷമീക് പറഞ്ഞു. ഊബറിൽ വണ്ടിയും ഡ്രൈവറുമെന്നപോലെ ഇവിടെ കൃഷിയിടവും കൃഷിക്കാരനെയും നിങ്ങൾ വാടകയ്ക്കെടുക്കുന്നു. നിശ്ചിത സ്ഥലത്ത് നിങ്ങൾ നിർദേശിക്കുന്ന വിളകൾ, നിങ്ങൾ നിർദേശിക്കുന്ന രീതിയിൽ കൃഷിക്കാരൻ ഉൽപാദിപ്പിച്ചുകൊള്ളും. കൃഷിയിടത്തിൽ എന്തു സംഭവിക്കുന്നുവെന്ന് ഓഫിസിലോ വീട്ടിലോ കാറിലോ ഇരുന്ന് അറിയുന്നതിന് മൊബൈൽ ആപ്പുമുണ്ട്. കൃഷിയും ഭക്ഷ്യോൽപാദനവും കസ്റ്റമൈസ് ചെയ്യുന്ന ഈ സംവിധാനം പ്രയോജനപ്പെടുത്താൻ നിശ്ചിത വരിസംഖ്യ മാസംതോറും  നൽകിയാൽ മതി. 

farmizen–members

സ്ഥിരവരുമാനം ഉറപ്പാക്കാൻ താൽപര്യമുള്ള പച്ചക്കറിക്കൃഷിക്കാർക്ക് പദ്ധതിയുടെ ഭാഗമാകാം. സ്വന്തം കൃഷിയിടത്തിൽ ഉപഭോക്താവിന്റെ താൽപര്യമനുസരിച്ച് കൃഷിയിറക്കുകയും വിളപരിപാലനം ക്രമീകരിക്കുകയുമേ ഇവർ ചെയ്യേണ്ടതുള്ളൂ. കൃഷിയിടത്തെ നിശ്ചിത വലുപ്പമുള്ള  ചെറു പ്ലോട്ടുകളായി തിരിച്ചാണ് ഇതു ചെയ്യേണ്ടത്. വിഷരഹിത ഭക്ഷണം മുടങ്ങാതെ കിട്ടണമെന്നുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലോട്ടുകൾ വാടകയ്ക്കെടുക്കാം. സ്വന്തമായി കൃഷിയിടമില്ലാത്തവർക്കും കൃഷി ചെയ്യാൻ സമയമില്ലാത്തവർക്കും കൃഷിയുടെ മെച്ചങ്ങൾ സ്വന്തമാക്കാൻ ഇത് അവസരം നൽകുന്നു. അവിെട അവർ നിശ്ചിതപട്ടികയിൽനിന്നു നിർദേശിക്കുന്ന വിള കൃഷിയിറക്കേണ്ടത് കൃഷിക്കാരന്റെ ഉത്തരവാദിത്തമാണ്. വിളകൾ വിഷരഹിതമായി ഉൽപാദിപ്പിക്കണമെന്ന  ഉപഭോക്താവിന്റെ നിർദേശം പാലിക്കപ്പെടണം. ഉൽപാദനവും വരുമാനവുമായി ബന്ധമില്ലാത്തതിനാൽ അത്യാഗ്രഹത്തോടെയുള്ള വിളപരിപാലനം വേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ ജൈവരീതികൾ പാലിക്കുന്നതിനു കൃഷിക്കാർക്കും മടിയുണ്ടാവാറില്ല.

വിളവെടുപ്പിനായി ഉപഭോക്താവിനു നേരിട്ടു കൃഷിയിടത്തിലെത്താം. മറ്റ് അവസരങ്ങളിലും കൃഷി ഉടമകളായ ഉപഭോക്താക്കൾക്ക് ഫാം സന്ദർശിക്കാൻ അവസരമുണ്ട്. ഓരോ പ്ലോട്ടും വാടകയ്ക്കെടുത്തവർക്ക് അതിലെ മുഴുവൻ ഉൽപന്നങ്ങളും സ്വന്തം. വിളവെടുപ്പിനായി കൃഷിയിടത്തിൽ എത്താൻ സാധിക്കാത്തവർക്ക് വീട്ടിൽ ആഴ്ചതോറും  പച്ചക്കറി എത്തിച്ചുനൽകും.

ഓഫിസിലിരുന്നുതന്നെ സ്വന്തം പ്ലോട്ടിലെ കൃഷി നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് ഈ പദ്ധതിയിലെ കൗതുകവും സവിശേഷതയും. ഓരോ യൂണിറ്റിലും 600 ചതുരശ്രയടി വീതം സ്ഥലമാണുള്ളത്. ഇതിനെ ചെറുവാരങ്ങളായി തിരിച്ചാണ് കൃഷി.  ഇത്തരം ഒരു യൂണിറ്റിനു മാസംതോറും വരിസംഖ്യയായി 2500 രൂപ നൽകണം.  ഇതിൽ പകുതി കൃഷിക്കാരനുള്ളതാണ്.  കൃഷിക്കാവശ്യമായ വിത്തും വളവുമൊക്കെ ഫാമിസൺ പ്രവർത്തകർ എത്തിച്ചു നൽകും. എന്നാൽ കൃഷിയിടത്തിൽതന്നെ തയാറാക്കാവുന്ന ജൈവക്കൂട്ടുകൾ കൃഷിക്കാരന്റെ ഉത്തരവാദിത്തമായിരിക്കും. ഓരോ വാരത്തിലും നടത്തുന്ന കൃഷിപ്പണികൾ അപ്പോൾ തന്നെ കൃഷിക്കാരൻ ഫാമിസൺ ആപ്പിൽ രേഖപ്പെടുത്തും– വിത്തു പാകിയതും പുല്ലു പറിച്ചതും നനച്ചതുമൊക്കെ. സംശയമുള്ളവർക്ക് പ്ലോട്ടിന്റെ ഫോട്ടോയും വിഡിയോയുമൊക്കെ ആവശ്യപ്പെടാനും ഫാമിസൺ മൊബൈൽ ആപ്പിൽ സംവിധാനമുണ്ട്. വിളകളുെട വളർച്ച നിരീക്ഷിക്കാൻ മാത്രമല്ല, അവയ്ക്കു നൽകേണ്ട പരിചരണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പാക്കാനും  ഇതു സഹായിക്കും.

കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ളവരാണ് തങ്ങളുടെ ഉപഭോക്താക്കളിലേറെയുമെന്ന് ഗീതാഞ്ജലി പറഞ്ഞു. പാലക്കാട്ടുകാരിയായ മുത്തശ്ശിയുള്ള പാതി മലയാളിയാണ് താനെന്നും അവർ കൂട്ടിച്ചേർത്തു.

ഫോൺ: 8039534069