ഇരുനൂറിലധികം പൂന്തോട്ടങ്ങൾ... ഏതു വേണം നിങ്ങൾക്ക്...? വന്ദന ചോദിക്കുന്നു. പൂമ്പാറ്റകൾ വിരുന്നെത്തുന്ന ബട്ടർഫ്ലൈ ഗാർഡൻ വേണോ, അതോ തേനീച്ചകൾ മൂളിപ്പറക്കുന്ന ബീ ഗാർഡനോ... വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴങ്ങളും വിളയുന്ന കിച്ചൺ ഗാർഡൻ മതിയെങ്കിൽ അത്. ഇനി, മഞ്ഞപ്പൂക്കൾ മാത്രം വിടരുന്ന പൂന്തോട്ടമാണോ നിങ്ങൾക്കിഷ്ടം... അതല്ല, ഏഴു നിറങ്ങൾ ചേരുന്ന മഴവിൽപ്പൂന്തോട്ടമെങ്കിൽ അങ്ങനെ. ‘അർബൻ മാലി’ ആവശ്യക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്ന ആരാമങ്ങളുടെ നിരയിൽ ഇനിയുമുണ്ട് ഏറെ. വ്യത്യസ്തമായ തീം ഗാർഡനുകൾകൊണ്ട് ബെംഗളൂരു നഗരത്തെ പച്ചയുടുപ്പിക്കുന്ന ഡോ. വന്ദന കൃഷ്ണമൂർത്തിയുടെ ആർ ടി നഗറിലെ അർബൻ മാലി, സംരംഭം എന്നതിലുപരി സാമൂഹികപ്രവർത്തനമാണ്.
ഉദ്യാന നഗരമാണ് ബെംഗളൂരു. നഗരത്തിലെവിടെയും കാണാം പൂന്തോട്ടങ്ങളും പൂമരങ്ങളും. എന്നിട്ടും എല്ലാ നഗരങ്ങളിലെയും മനുഷ്യരെപ്പോലെ പച്ചപ്പിനെ സ്വകാര്യജീവിതത്തോടു ചേർത്തു നിർത്താനുള്ള അവസരവും സാഹചര്യവും ഇവിടെയും കുറവെന്നു വന്ദന. ജീവിതത്തിരക്കുകളും സ്ഥലപരിമിതിയുംതന്നെ കാരണം. അതവർക്കു നഷ്ടപ്പെടുത്തുന്നത് ജീവിതത്തിന്റെയും പച്ചപ്പ്. ആ ചിന്തയിൽനിന്നാണ് അർബൻ മാലിയുടെ പിറവി.
ബോട്ടണിയിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമുള്ള വന്ദന മൂന്നു വർഷം മുമ്പു തുടങ്ങിയ അർബൻ മാലി ഇന്നു ഗ്രാമത്തിലെ കർഷകരെയും കൃഷിയെ സ്നേഹിക്കുന്ന നഗരവാസികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ്. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിൽനിന്ന് കൃഷിയുപേക്ഷിച്ചു നഗരത്തിലേക്കു തൊഴിൽ തേടി വരുന്ന കർഷകരുടെ എണ്ണം കുറവല്ല. ഇടനിലക്കാരുടെ ചൂഷണവും വിളനാശവും കടബാധ്യതയും മൂലം കൃഷിയുപേക്ഷിക്കാൻ നിർബന്ധിതരായവർ. ഇങ്ങനെയുള്ള ഇരുപത്തിയാറു കർഷകരുണ്ട് ഇന്നു വന്ദനയുടെ അർബൻ മാലിയിൽ. കൃഷി രക്തത്തിൽ അലിഞ്ഞുചേർന്ന ഈ ഗ്രാമീണ കർഷകർ ഇന്ന് ഉദ്യാനനഗരത്തിലെ ഉദ്യാനപാലകർ.
ഗ്രാമങ്ങളിൽനിന്നു വന്ന കർഷകർ പല തരം സംഘർഷങ്ങൾ നേരിടുന്നവരായിരുന്നെന്ന് വന്ദന. കൃഷിത്തകർച്ചയും കടബാധ്യതകളും തന്നെ കാരണം. നഗരത്തിനിണങ്ങിയ തോട്ടങ്ങൾ സൃഷ്ടിക്കാനുള്ള പരിശീലനങ്ങൾക്കൊപ്പം സന്തുഷ്ട ജീവിതത്തിനുതകുന്ന ധ്യാന പരിശീലനങ്ങൾവരെ നൽകി അവർക്ക്. പൂന്തോട്ടവും അടുക്കളത്തോട്ടവുമെല്ലാം നിർമിക്കാനും പരിപാലിക്കാനും അർബൻമാലിയിലേക്കു വിളിക്കുന്നവരുടെ വീടുകളിലേക്ക് അതതു തോട്ടത്തിന്റെ നിർമാണത്തിലും പരിപാലനത്തിലും പ്രാഗല്ഭ്യമുള്ള കൃഷിക്കാരെ അയയ്ക്കും. നിശ്ചിത തുക പ്രതിഫലത്തിൽ നിശ്ചിത സമയം സേവനം.
വീട്ടിലെത്തുന്ന ഈ ഗ്രാമീണ കർഷകരുമായി സംവദിക്കാനും അവർക്കൊപ്പം ചെറിയ കൃഷിപ്പണികൾ ചെയ്യാനും ഇഷ്ടപ്പെടുന്ന വീട്ടുകാരുമുണ്ടെന്നു വന്ദന. കൃഷിക്കാർക്കാകട്ടെ, മെച്ചപ്പെട്ട പ്രതിഫലത്തിൽ മനസ്സിനിണങ്ങിയ ജോലി ചെയ്യുന്നതിന്റെ സന്തോഷവും സമാധാനവും.

ഉദ്യാനം ഉന്മേഷം
നഗരജീവിതത്തിന്റെ പരിമിതിക്കുള്ളിൽ, അത് ഇത്തിരി മുറ്റമോ, ബാൽക്കണിയോ, ടെറസോ ആവട്ടെ, പ്രകൃതിയുടെ പച്ചത്തുരുത്തു തീർക്കും അർബൻ മാലിയിലെ കർഷകർ. എന്നാലത് പണത്തിന്റെ പ്രൗഢിയോ കാഴ്ചയുടെ ആഡംബരമോ ആയിരിക്കില്ല എന്ന നിലപാടാണ് വന്ദനയുടെ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്. ‘‘തദ്ദേശയമായ പൂച്ചെടികൾ മാത്രം വളരുന്ന പൂന്തോട്ടങ്ങൾ, കുടുംബങ്ങളെയും കുട്ടികളെയും പ്രകൃതിയോടു ചേർത്തുനിർത്തുന്ന പച്ചപ്പ്, ഗ്രാമങ്ങളിൽ നിന്നുള്ള കർഷകരെത്തന്നെ നിയോഗിച്ചുള്ള നിർമാണവും പരിപാലനവും, ജീവാമൃതംപോലുള്ള ജൈവവളങ്ങളും വേപ്പെണ്ണപോലുള്ള കീടനാശിനികളുമായി തികച്ചും ജൈവമാർഗത്തിൽ മാത്രമുള്ള പരിപാലനം, അർബൻ മാലിയുടെ നയം ഇതാണ്’’, വന്ദനയുടെ വാക്കുകൾ.
‘‘ആളുകൾക്ക് പ്രകൃതിയുമായി സംവദിക്കാൻ അവസരം നൽകി അവരുടെ സംഘർഷം ലഘൂകരിക്കുക എന്നതാണ് അടിസ്ഥാന ദൗത്യം. ഇന്നു നമ്മുടെ കുട്ടികളിൽ ഭൂരിപക്ഷത്തിനും ശരിക്കൊന്ന് ഒാടാനോ ചാടാനോപോലും അറിയില്ല, താൽപര്യവുമില്ല. ജീവിതശൈലിയിൽ വന്ന മാറ്റം അവരുടെ മാനസികാരോഗ്യത്തെയും ശാരീരികക്ഷമതയെയും നന്നായി ബാധിച്ചിട്ടുണ്ട്. ഒാടിയും ചാടിയും മരം കയറിയും മണ്ണിൽ കളിച്ചുമാണ് അവർ വളരേണ്ടത്. മണ്ണിൽ തൊടുമ്പോൾ അതിലെ ചില ബാക്ടീരിയ നമ്മുടെ ശരീരത്തിലെ ഹാപ്പി ഹോർമോണായ സെറാടോണിനെ ഉത്തേജിപ്പിക്കുമെന്നു പഠനങ്ങൾ’’, വന്ദന തുടരുന്നു.
ചെത്തിയും ചെമ്പരത്തിയും തുളസിയും നന്ദ്യാർവട്ടവും വാടാമുല്ലയും കയ്യിലെടുത്ത് വന്ദനയുടെ അർബൻ മാലി ആവശ്യക്കാരുടെ വീട്ടുപടിക്കലേക്ക് സഞ്ചരിക്കുകയാണ് ഈ ലക്ഷ്യത്തോടെ. വെബ്സൈറ്റ്: www.urbanmali.com
ഫോൺ: 8880482000