ഒരു ഹരിതസ്വപ്നത്തിനു പിന്നാലെ

ഹോർമിസ് തരകൻ തന്റെ കൃഷിയിടത്തിൽ. ചിത്രം: സജിത് ബാബു

പൊലീസിൽനിന്നു വിരമിച്ചെങ്കിലും ഹോർമിസ് തരകൻ അന്വേഷണവും നിരീക്ഷണവും ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. പഠനവും പരീക്ഷണവുമായി പിന്നാലെ കൂടിയിരിക്കുന്നതു കള്ളൻമാരുടെയല്ല, കളകളുടെയും വിത്തുകളുടെയും ലോകത്താണെന്നുമാത്രം.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസ് വിങ്ങിന്റെ (റോ) മേധാവിയും കേരള പൊലീസ് മേധാവിയും കർണാടക ഗവർണറുടെ ഉപദേഷ്ടാവുമൊക്കെയായിരുന്ന ഹോർമിസ് തരകൻ വിരമിച്ച് ആലപ്പുഴയിലെ ഉളവയ്പ് എന്ന ജന്മഗ്രാമത്തിലെത്തുമ്പോൾ വായനയും എഴുത്തുമായിരുന്നു മനസ്സിൽ. തറവാട്ടുവീടിനു സമീപത്തായി കായലോരത്ത് ഇതിനായി മനോഹരമായൊരു ഭവനവും നിർമിച്ചു.

കൃഷിയുമായി അഭേദ്യ ബന്ധമുള്ളവരാണു ഹോർമിസ് തരകൻ ഉൾപ്പെടുന്ന തേക്കനാട്ട് പാറായി കുടുംബം. ആ മനസ്സുള്ളതുകൊണ്ടാകാം വീടിനു സമീപം തരിശായിക്കിടന്ന 12.50 ഏക്കർ സ്ഥലത്തു ശ്രദ്ധപതിഞ്ഞത്. ‘ഏകദേശം 20 വർഷത്തോളം തരിശായിക്കിടന്ന ഭൂമിയിലാണിപ്പോൾ വിത്തിറക്കുന്നത്. വിത്തു വിതച്ചുതുടങ്ങിയതേയുള്ളൂ. നല്ല വിള ലഭിക്കുമെന്നാണു പ്രതീക്ഷ. കൃഷി വിജയിച്ചാൽ ഉളവയ്പ് ഗ്രാമത്തിനുതന്നെ നേട്ടമുണ്ടാകും’, പുതുസംരംഭത്തെക്കുറിച്ചു ഹോർമിസ് തരകന്റെ വാക്കുകൾ.

അഡാക് (ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ ഇൻ കേരള) ആണു കൃഷിയിൽ സഹായിക്കുന്നത്. ‘ഒരുനെല്ലും ഒരുമീനും’ രീതിയിലാണു കൃഷി. ഉപ്പുവെള്ളം നിറഞ്ഞ സ്ഥലത്തു പൊക്കാളിക്കൃഷിക്കാവശ്യമായ മേന്മയുള്ള വിത്തിനങ്ങൾ നൽകുന്നതു ശാന്തിഗിരി ആശ്രമമാണ്.

നാട്ടിലെ പഴയകർഷകരുടെ അറിവ്, ഐ.സി. ചാക്കോയെപ്പോലുള്ള പ്രമുഖർ എഴുതിയ ലേഖനങ്ങൾ, അനുഭവസമ്പത്ത് ഇതെല്ലാം കൂട്ടിയോജിപ്പിച്ചാണു തന്റെ പരിശ്രമമെന്നു പറയുന്ന ഹോർമിസ് തരകൻ അഡാക്കും സ്ഥലത്തെ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികളും നൽകുന്ന പിന്തുണയ്ക്കു നന്ദിയും പറയുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായി കണ്ടലുകൾ നടുക, പ്രതിസന്ധിയിലും തളരാതെ പിടിച്ചുനിൽക്കുന്ന വയോധികരായ കർഷകരെ ആദരിക്കുക, ചെറുപ്പക്കാരെ കൃഷിയിലേക്കു കൊണ്ടുവരിക എന്നിവയൊക്കെയാണു മനസ്സിലുള്ള ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഒരു മുന്നറിയിപ്പും തന്നു – ‘‘ഞാൻ വലിയ കൃഷിക്കാരനാണ് എന്നൊന്നും പ്രചരിപ്പിക്കരുത്. ഒരു ശ്രമം മാത്രമാണിത്. ഒരു പുതിയ ആഗ്രഹത്തിനു വിത്തെറിഞ്ഞുതുടങ്ങുന്നു, വിജയിക്കുമെന്ന പ്രതീക്ഷയിൽ.’’