Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മാസത്തെ കൃഷിപ്പണികൾ– സ്പൈസസ് ബോർഡ് നിർദേശിക്കുന്നത്

cardamom ഏലം

കാർഷിക കാലാവസ്ഥയ്ക്ക് അനുസൃതമായി കൃഷിപ്പണികൾ കൃത്യമായരീതിയിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്. ചുടൂം തണുപ്പും പ്രതിരോധിക്കാൻ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഏലം

ഏലത്തിന്റെ നഴ്സറി തടങ്ങളിലും പോളിബാഗുകളിലും തട്ടകളിലും നന ഉറപ്പാക്കണം. നഴ്സറികളി‍ൽ തണ്ടഴുകലിനും ചീയലിനുമെതിരെ 0.2 ശതമാനം കോപ്പർ ഓക്സി ക്ലോറൈഡ് അല്ലെങ്കിൽ 0.2 ശതമാനം മാങ്കോസെബ് തളിച്ചുകൊടുക്കുകയും മണ്ണിൽ ചേർത്തുകൊടുക്കുകയും ചെയ്യണം. ജൈവ നിയന്ത്രണമാർഗമെന്ന നിലയിൽ ട്രൈക്കോഡർമ, സ്യൂഡോമൊണസ്, ബാസിലസ് സ്പീഷ്യസ് ഇവയിലേതെങ്കിലുമൊന്നു മണ്ണിൽ ചേർത്തുകൊടുക്കാം. ഇല അഴുകൽ നിയന്ത്രിക്കുന്നതിനു കാർബൻഡാസിം 0.3 ശതമാനവും ഇലപ്പൊട്ട് രോഗം നിയന്ത്രിക്കുന്നതിനു കാർബൻഡാസിം 0.2 ശതമാനവും രോഗലക്ഷണം കണ്ടുതുടങ്ങുമ്പോൾത്തന്നെ തളിച്ചുകൊടുക്കണം. മരുന്നു തളിച്ചതിനുശേഷവും രോഗബാധ കാണുന്ന ഇലകൾ മുറിച്ചെടുത്തു നശിപ്പിക്കണം.

പ്രധാന കൃഷിയിടങ്ങളിൽ മഴക്കാലത്തു നന്നായി വെയിൽ ലഭിക്കുന്നരീതിയിൽ തണൽ ക്രമീകരണം നടത്തണം. 60 ശതമാനം വെയിൽ ചെടികൾക്കു ലഭിക്കുന്നവിധത്തിലാണു തലപ്പുകൾ വെട്ടിനീക്കേണ്ടത്. തുറസായ കൃഷിയിടങ്ങളിൽ പ്ലാവ് ഉൾപ്പെടെയുള്ള തണൽമരങ്ങളുടെ തൈകൾ നട്ടുകൊടുക്കണം. മഴയുള്ള പ്രദേശങ്ങളിൽ പുതയിടീൽ നടത്തിയിട്ടില്ലെങ്കിൽ ചെടിച്ചുവട്ടിൽ ഉണങ്ങിയ ഇലകളും കളകളും കൊണ്ടു പുതയിട്ടുകൊടുക്കണം.

ഈ മാസത്തിലോ, അടുത്തമാസത്തിന്റെ തുടക്കത്തിലോ മഴ ലഭിച്ചുതുടങ്ങുമ്പോൾ പുതിയ തൈകൾ നട്ടുതുടങ്ങാം. മേഘാവൃതമായ ദിവസങ്ങളിലോ ചെറുതായി മഴ ലഭിക്കുന്ന ദിവസങ്ങളിലോ തൈകൾ നടുന്നതാണു ഉചിതം. ചെടികൾ വാടിപ്പോകാതെ നന്നായി വേരുപിടിക്കാൻ ഇതു സഹായകമാണ്. ചെടികൾ നട്ടശേഷം കമ്പ് നാട്ടിക്കൊടുക്കണം. ഇതിനുശേഷം ചെടികളുടെ തടത്തിൽ നന്നായി പുതയിടാം. ഉണങ്ങിയ ഇലകളും കളകളുമാണു പുതയിടാൻ നല്ലത്.

തടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി തടങ്ങളിൽ ചാലുകൾ തീർത്തുകൊടുക്കണം. മഴക്കാലത്തിന്റെ ആരംഭത്തിനു തൊട്ടുമുൻപു കള നീക്കണം.

മഴക്കാലത്തിനു മുൻപേ കളകൾ വെട്ടിനീക്കുന്നതു പൂർത്തിയാക്കണം. മഴ കിട്ടിയ പ്രദേശങ്ങളിൽ ആദ്യവട്ടം വളപ്രയോഗം നടത്താം. മേയ് അവസാനമോ, ജൂൺ ആദ്യമോ രണ്ടോ മൂന്നോ നല്ല മഴ ലഭിച്ചശേഷം വേണം വളപ്രയോഗം നടത്താൻ. 90 കിലോ യൂറിയ, 207 കിലോ റോക്ക് ഫോസ്ഫേറ്റ്, 13.7 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയാണ് ഒരു ഹെക്ടർ കൃഷിയിടത്തിനു വേണ്ടത്. ഇതിൽ മൂന്നിലൊന്നു ഡോസ് 125:125:250 എന്ന തോതിൽ എൻപികെ ഹെക്ടറൊന്നിനു ചേർത്തുകൊടുക്കാം.

നന്നായി മഴ കിട്ടുന്ന പ്രദേശങ്ങളിൽ 81 കിലോ യൂറിയ, 18.7 കിലോ മസൂറിഫോസ്, 125 കിലോ ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ആദ്യ തവണയായി ചേർത്തുകൊടുക്കാം. ഇതിൽ പകുതി ഡോസ് 75:75:150 എന്ന തോതിൽ എൻപികെ ഹെക്ടറൊന്നിനു ചേർത്തുകൊടുക്കാം.

മണ്ണുപരിശോധനയിൽ മറ്റു നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലാണു മുകളിൽ പറഞ്ഞ വളപ്രയോഗം നടത്തേണ്ടത്. അല്ലെങ്കിൽ അതനുസരിച്ചു വേണം വളപ്രയോഗം നടത്താൻ.

രാസവളങ്ങൾക്കൊപ്പം കാലിവളമോ, അഞ്ചു കിലോ കംപോസ്റ്റോ ഒന്നു മുതൽ രണ്ടുവരെ കിലോ വേപ്പിൻപിണ്ണാക്കോ ചെടിയുടെ ചുവട്ടിൽനിന്നു 40 സെന്റിമീറ്റർ അകലത്തിലായി 20 സെന്റിമീറ്റർ വീതിയിൽ വൃത്താകൃതിയിൽ ചേർത്തുകൊടുക്കാം.

ചെറിയ തൈകളാണെങ്കിൽ ആദ്യഘട്ടമായി മൂന്നിലൊന്നുഭാഗവും രണ്ടാംഘട്ടമായി രണ്ടാംവർഷം മൂന്നിൽ രണ്ടുഭാഗവും ചേർത്തുകൊടുക്കണം.

കീടനിയന്ത്രണം

സംയോജിത കീടനിയന്ത്രണ മാർഗമെന്നനിലയിൽ ഉണങ്ങിയ ഇലകൾ അപ്പാടെ നീക്കം ചെയ്യാം. പച്ചനിറത്തിലുള്ള പോളകൾ നീക്കരുത്. ക്വീനാൽഫോസ് 200 മില്ലി, നൂറുലീറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കാം. തണ്ടുതുരപ്പൻ പുഴുക്കളുടെ ശലഭങ്ങൾ പുറത്തുവരുന്ന സമയത്തുവേണം സ്പ്രേ ചെയ്യാൻ.

രോഗനിയന്ത്രണം

ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതു കണ്ടാൽ വെള്ളം ഒലിച്ചുപോകാനുള്ള ചാലുകൾ തീർത്തുകൊടുക്കണം. അഴുകൽരോഗം നിയന്ത്രിക്കുന്നതിനു കൃഷിയിടം വൃത്തിയായി സൂക്ഷിക്കുകയും അതോടൊപ്പം കുമിൾനാശിനികൾ അല്ലെങ്കിൽ ജൈവ നിയന്ത്രണ ഉപാധികൾ ഉപയോഗിക്കുകയും ചെയ്യാം.

രണ്ടുശതമാനം സിഒസി മണ്ണിൽ ചേർത്തുകൊടുക്കുന്നതും ഒരു ശതമാനം ബോർഡോ മിശ്രിതം തളിച്ചുകൊടുക്കുന്നതും രോഗനിയന്ത്രണത്തിനു ഫലപ്രദമാണ്. 15 ദിവസത്തിനുശേഷം ട്രൈക്കോഡെർമ മാത്രമോ, സ്യൂഡോമൊണാസ് ഫ്ലൂറസൻസ് ചേർത്തോ ചെടിയുടെ തടത്തിൽ ഒഴിച്ചുകൊടുക്കണം. ബയോ ഏജന്റ് തളിക്കുന്നത‌് ആവർത്തിക്കണം. 0.4 ശതമാനം പൊട്ടാസ്യം ഫോസ്ഫണേറ്റ് തളിച്ചുകൊടുക്കാം.

ജൈവ നിയന്ത്രണ മാർഗമാണെങ്കിൽ ട്രൈക്കോഡെർമ ഹർസിയാനം മാത്രമോ സ്യൂഡോമൊണോസ് ഫ്ലൂറസൻസ് ചേർത്തോ ചെടിയുടെ തടത്തിൽ ഒഴിച്ചുകൊടുക്കാം. കറ്റെ രോഗബാധ കാണുകയാണെങ്കിൽ ചെടികൾ പിഴുതെടുത്തു നശിപ്പിക്കണം.

കുരുമുളക്

black-pepper കുരുമുളക്

വേനൽ മഴ ലഭിച്ചു തുടങ്ങിയാൽ നഴ്സറികളിൽ തണൽ കുറച്ചുകൊണ്ടുവരാം. മൺസൂൺ മഴ ലഭിച്ചുതുടങ്ങിയാൽ തണൽ കുറച്ചുകൊണ്ടുവരാവുന്നതാണ്. നല്ല മഴ ലഭിച്ചാൽ ഇളംവള്ളികൾക്കു കൊടുത്തിരിക്കുന്ന തണൽ നീക്കംചെയ്യാം. വള്ളികൾ ചുറ്റിവളരാനുള്ള പുതിയ താങ്ങുകാലുകൾ നട്ടുവളർത്താം. കാലിവളം അല്ലെങ്കിൽ കംപോസ്റ്റ് 10 കിലോ വീതം ഓരോതടത്തിലും ചേർത്തുകൊടുക്കണം. പുളിയുള്ള പ്രദേശങ്ങളിൽ മണ്ണിൽ കുമ്മായം ചേർക്കണം. ഫൈറ്റോഫ്തോറാ ചീയൽ നിയന്ത്രിക്കുന്നതിനു രോഗം ബാധിച്ചതും ചീഞ്ഞതുമായ വള്ളികൾ നീക്കംചെയ്തു കത്തിച്ചുകളയണം. ട്രൈക്കോ‍ഡെർമ ഹർസിയാനം, സ്യൂഡോമൊണോസ് ഫ്ലൂറസൻസ് എന്നിവ ചേർത്തുകൊടുക്കുന്നതു രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. ജൈവപുത, പിണ്ണാക്ക് എന്നിവ തടങ്ങളിൽ ചേർത്തുകൊടുക്കുന്നതു മണ്ണിന്റെ ഘടനയും സൂക്ഷ്മജീവികളുടെ വളർച്ചയും ത്വരിതപ്പെടുത്തും.

രാസനിയന്ത്രണ രീതിയാണു സ്വീകരിക്കുന്നതെങ്കിൽ താഴെ പറയുന്ന ഏതെങ്കിലുമൊരു മാർഗം അവലംബിക്കാം.

മൺസൂൺ ശക്തമായതിനുശേഷം എല്ലാ വള്ളികളുടെയും ചുവട്ടിൽ സിഒസി 0.2 ശതമാനം വീര്യത്തിൽ അഞ്ചുമുതൽ 10 ലീറ്റർ വരെ ചേർത്തുകൊടുക്കാം. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഇലകളിൽ തളിച്ചുകൊടുക്കാം. ഓരോ തടത്തിലും പൊട്ടാസ്യം ഫോസ്ഫണേറ്റ് 0.3 ശതമാനം വീര്യത്തിൽ അഞ്ചുമുതൽ 10 ലീറ്റർ വരെ ചേർത്തുകൊടുക്കാം. 0.3 ശതമാനം പൊട്ടാസ്യം ഫോസ്ഫണേറ്റ് ഇലകളിൽ തളിക്കാം. ഓരോതടത്തിലും മെറ്റാലെക്സിൽ മാങ്കോസെബ് 0.125 ശതമാനം വീര്യത്തിൽ അഞ്ചു മുതൽ 10 ലീറ്റർ വരെ ചേർത്തുകൊടുക്കാം. ഇതേവീര്യത്തിൽ ഇലകളിൽ തളിക്കുകയും ചെയ്യാം.

ജൈവ നിയന്ത്രണ മാർഗങ്ങൾ മണ്ണിൽ ചേർത്തിട്ടുണ്ടെങ്കിൽ മണ്ണിൽ രാസവസ്തുക്കൾ ചേർത്തുകൊടുക്കരുത്. ഇതിനു പകരം ഇലകളിൽ തളിച്ചുകൊടുക്കാം.

വനില

മൺസൂൺ മഴ താമസിക്കുകയാണെങ്കിൽ നന തുടരാം. മണ്ണിരകംപോസ്റ്റ് ഒരു കിലോ വീതം അല്ലെങ്കിൽ രണ്ടു കിലോ വീതം കാലിവളം–കംപോസ്റ്റ് ഓരോതടത്തിലും ചേർത്തുകൊടുക്കാം. അതിനുശേഷം തടങ്ങളിൽ കളകളോ കമ്പുകൾ കോതിയിറക്കിയതോ ഉപയോഗിച്ചു പുതയിടാം. ഇപ്പോഴും വനിലകൾ പൂവിടുന്നുണ്ടെങ്കിൽ രാവിലെ ആറു മുതൽ ഉച്ചയ്ക്കു 12 വരെയുള്ള സമയത്തു പരാഗണം നടത്താം.

ഒരു ശമതാനം വീര്യമുള്ള ബോർഡോ മിശ്രിതം അല്ലെങ്കിൽ രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോ മൊണാസ് സ്പീഷിസ് ടാൽക് മാധ്യമത്തിൽ 100 ലീറ്റർ വെള്ളത്തിൽ രണ്ടു കിലോഗ്രാം എന്ന തോതിൽ ചേർത്തു കൊടുക്കാം. അല്ലെങ്കിൽ ഒരു ശതമാനം സ്യൂഡോമൊണാസ് സ്പീഷിസ് ലായനി രൂപത്തിലുള്ള മാധ്യമത്തിൽ ചേർത്ത് ഉപയോഗിക്കാം.

ഇഞ്ചി–മഞ്ഞൾ

crop-ginger-spice ഇഞ്ചി

കളകൾ നീക്കം ചെയ്യണം. 40 ദിവസത്തിനുശേഷം തടം കോരി ഹെക്ടറൊന്നിന് 80 കിലോ യൂറിയ ഇഞ്ചിക്കൃഷിയിടത്തിലും 65 കിലോ യൂറിയ മഞ്ഞൾക്കൃഷിയിടത്തിലും ചേർത്തുകൊടുക്കാം. ഇതിനുശേഷം തടത്തിൽ നന്നായി മണ്ണു ചേർത്തുകൊടുക്കണം. ഇതിനുശേഷം പച്ചിലകൾ, കളകൾ എന്നിവ ഹെക്ടറൊന്നിന് അഞ്ചു ടൺ എന്ന തോതിൽ പുതയിട്ടു കൊടുക്കാം.

വറ്റൽ മുളക്

വിളവെടുപ്പിനുശേഷം അടുത്ത സീസണിൽ കൃഷിയിറക്കേണ്ട സ്ഥലങ്ങളിൽ പച്ചില വളങ്ങൾ ചേർത്തുകൊടുക്കുന്നതും പയർ വർഗ വിളകൾ കൃഷി ചെയ്യുന്നതും മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കും. മണ്ണു പരിശോധനയും നടത്താം.