Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മാസത്തെ കൃഷിപ്പണികൾ

cardamom ഏലം

സ്പൈസസ് ബോർഡ് നിർദേശം

കാർഷിക കാലാവസ്‌ഥയ്‌ക്ക് അനുസൃതമായി കൃഷിപ്പണികൾ കൃത്യമായ രീതിയിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്. ചുടൂം തണുപ്പും പ്രതിരോധിക്കാൻ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഏലം

ഏലത്തിന്റെ നഴ്‌സറികളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ചീയൽ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണം. തടങ്ങളിൽ കൂട്ടംകൂടി നിൽക്കുന്ന തൈകൾ പിഴുതു മാറ്റണം. പ്രധാന കൃഷിയിടത്തിൽ തണൽ ക്രമീകരണം നടത്തണം. തുറസായ സ്‌ഥലങ്ങളിൽ തണൽ മരങ്ങളുടെ തൈകൾ നടാം. ചതുപ്പു പോലെയുള്ള പ്രദേശങ്ങളിലും വെള്ളം ഒലിച്ചുപോകാൻ പ്രയാസമുള്ള പ്രദേശങ്ങളിലും ചാലുകൾ തീർക്കണം.

കാലാവസ്‌ഥയനുസരിച്ചു പുതിയ തൈകൾ നട്ടുപിടിപ്പിക്കുന്നതു തുടരാം. ഇതിനു ശേഷം നന്നായി പുതയിടണം. 0.8 X 0.5 X 0.6 മീറ്റർ വലുപ്പത്തിൽ നാലു ചെടികൾക്കു മധ്യത്തിലായി കുഴികൾ നിർമിക്കാം. കഴിഞ്ഞ മാസം വളപ്രയോഗം നടത്തിയിട്ടില്ലെങ്കിൽ ഹെക്‌ടറൊന്നിന് 90 കിലോ യൂറിയ, 207 കിലോ റോക്ക് ഫോസ്‌ഫേറ്റ്, 137 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഇപ്പോൾ ചേർത്തുകൊടുക്കാം. ജലസേചനം നടത്തുന്ന പ്രദേശങ്ങളിൽ എൻപികെ 125:125:250 എന്ന അനുപാതത്തിൽ ചേർത്തു കൊടുക്കാനുള്ള വളത്തിന്റെ മൂന്നിലൊന്നാണിത്.

മഴയെ ആശ്രയിക്കുന്ന പ്രദേശങ്ങളിൽ ആദ്യ ഘട്ടമായി 81 കിലോ യൂറിയ, 187 കിലോ മസൂറി ഫോസ്, 125 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർത്തു കൊടുക്കാം. എൻപികെ 75:75:150 എന്ന അനുപാതത്തിൽ ചേർത്തുകൊടുക്കാനുള്ള വളത്തിന്റെ പകുതിയാണിത്. രാസവളങ്ങൾക്കൊപ്പം കാലിവളമോ, മണ്ണിരവളമോ, വേപ്പിൻ പിണ്ണാക്കോ ഒന്നു മുതൽ രണ്ടു കിലോ വരെ ചെടിയുടെ ചുവട്ടിൽ നിന്നു 10–40 സെന്റീമീറ്റർ അകലത്തിലായി 20 സെന്റിമീറ്റർ വീതിയിൽ വൃത്താകൃതിയിൽ ചേർത്തു കൊടുക്കാം.

കീടനിയന്ത്രണം
സമഗ്ര കീടനിയന്ത്രണത്തിന്റെ ഭാഗമായി നനയ്‌ക്കാൻ സൗകര്യമുള്ള പ്രദേശങ്ങളിൽ നൂറു ലീറ്റർ ഫെൻതോയേറ്റ് ചേർത്ത് സ്‌പ്രേ ചെയ്യാം. തണ്ടുതുരപ്പൻ പുഴുവിന്റെ ശലഭങ്ങൾ പുറത്തുവരുന്ന സമയത്തു വേണം സ്‌പ്രേ ചെയ്യാൻ.

രോഗ നിയന്ത്രണം
നഴ്‌സറികളിൽ വാട്ടമോ തൈകൾക്ക് അഴുകലോ കാണുകയാണെങ്കിൽ 0.2 ശതമാനം കോപ്പർ ഓക്‌സിക്ലോറൈഡ് അല്ലെങ്കിൽ 0.2 ശതമാനം കാർബൻഡാസിം മണ്ണിൽ ചേർത്തു കൊടുക്കാം. ജൈവ നിയന്ത്രണ മാർഗമാണു സ്വീകരിക്കുന്നതെങ്കിൽ ട്രൈക്കോഡർമ അല്ലെങ്കിൽ സ്യൂഡോമൊണാസ് അല്ലെങ്കിൽ ബാസിലസ് സ്‌പീഷീസ് മണ്ണിൽ ചേർത്തു കൊടുക്കണം. ഇലക്കുത്തിനെതിരെ 0.3 ശതമാനം കാർബൻഡാസിം, ഇലപ്പുള്ളിക്കെതിരെ 0.2 ശതമാനം കാർബൻഡാസിം രോഗം കണ്ടുതുടങ്ങുമ്പോൾ തന്നെ സ്‌പ്രേ ചെയ്യണം. 

കഴിഞ്ഞ മാസങ്ങളിൽ പ്രയോഗിച്ചിട്ടില്ലെങ്കിൽ കുമിൾനാശിനികളും ജൈവനിയന്ത്രണ മാർഗങ്ങളും പ്രയോഗിക്കാം. 0.2 ശതമാനം കോപ്പർ ഓക്‌സിക്ലോറൈഡ് മണ്ണിൽ ചേർത്തു കൊടുക്കുന്നതും ഒരു ശതമാനം ബോർഡോ മിശ്രിതം സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്. 15 ദിവസത്തിനു ശേഷം ട്രൈക്കോഡർമ മാത്രമായോ സ്യൂഡോമൊണസ് ഫ്ലൂറസെൻസുമായി ചേർത്തോ ചെടികളുടെ ചുവട്ടിൽ ചേർത്തു കൊടുക്കാം. ബയോ ഏജന്റ് പ്രയോഗവും 0.4 ശതമാനം അകോമിൻ ഇലകളിൽ തളിക്കുന്നതും തുടരാം.

കുരുമുളക്

black-pepper കുരുമുളക്

മഴ ലഭിച്ചു തുടങ്ങിയാൽ നഴ്‌സറികളിലെ തണൽ ഭാഗികമായി മാറ്റി നൽകാം. അഴുകൽ രോഗം ഒഴിവാക്കുന്നതിന് ഒരു ശതമാനം ബോർഡോ മിശ്രിതമോ 0.2 ശതമാനം കോപ്പർ ഓക്‌സിക്ലോറൈഡോ (ഒരു ലീറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം) 0.1 ശതമാനം കാർബൻഡാസിമോ മണ്ണിൽ ചേർത്തു കൊടുക്കാം.

കംപോസ്‌റ്റ് അല്ലെങ്കിൽ കാലിവളവും ചേർത്തുകൊടുക്കുകയും പുതയിടുകയും ചെയ്യാം. താങ്ങുകാലുകളിൽ നിന്നു 30 സെന്റിമീറ്റർ അകലത്തിൽ വടക്ക്–പടിഞ്ഞാറു ഭാഗത്തായി രണ്ടോ അതിലധികമോ വേരുപിടിപ്പിച്ച തൈകൾ ചെറുകുഴികളിൽ നടാം.

കീടനിയന്ത്രണം
കീടനിയന്ത്രണത്തിനായി ക്വിനാൽഫോസ് 0.05 ശതമാനം, അതായത് 200 മില്ലി 100 ലീറ്റർ വെള്ളത്തിൽ ചേർത്ത് പ്രയോഗിച്ചാൽ പൊള്ളുവണ്ടുകളെ നിയന്ത്രിക്കാം. ഇലകളുടെ എല്ലാ ഭാഗത്തും വീഴത്തക്കവിധം വേണം സ്‌പ്രേ ചെയ്യാൻ.

രോഗ നിയന്ത്രണം
ഒരു കിലോ ട്രൈക്കോഡർമ 50 കിലോ ഉണക്കിപ്പൊടിച്ച ചാണകവുമായി ചേർത്ത് ഓരോ ചെടിയുടെയും ചുവട്ടിൽ മൂന്നു മുതൽ അഞ്ചു കിലോ എന്ന തോതിൽ പ്രയോഗിക്കാം.

വനില

നിലവിലുള്ള താങ്ങുകാലുകളിൽ പുതിയ വള്ളികൾ നട്ടുപിടിപ്പിക്കാം. 50 സെന്റിമീറ്ററെങ്കിലും നീളമുള്ള വള്ളികളാണു നടേണ്ടത്. പോളിബാഗുകളിൽ നട്ടു വേരുപിടിപ്പിച്ച വള്ളികളാണെങ്കിൽ ഏറെ നന്ന്. താങ്ങുകാലുകളുടെ കമ്പുകൾ കോതി നിർത്തണം. 50 ശതമാനം സൂര്യപ്രകാശം ലഭിക്കത്തക്കവിധം വേണം തണൽ ക്രമീകരിക്കാൻ. വമേയ് മാസത്തിലും ജൈവവളങ്ങൾ പ്രയോഗിച്ചിട്ടില്ലെങ്കിൽ വെർമി കംപോസ്‌റ്റ് വള്ളിയൊന്നിന് ഒരു കിലോ എന്ന തോതിൽ നൽകാം. കാലിവളം അല്ലെങ്കിൽ കംപോസ്‌റ്റ് രണ്ടു കിലോ വീതവും ചേർത്തു കൊടുക്കാവുന്നതാണ്.

രോഗ നിയന്ത്രണം
കഴിഞ്ഞ മാസം സ്യൂഡോമൊണാസ് നൽകിയില്ലെങ്കിൽ ടാൽക്കം ബേസിൽ ലഭിക്കുന്നവ രണ്ടു ശതമാനം വീര്യത്തിൽ (നൂറു ലീറ്റർ വെള്ളത്തിൽ രണ്ടു കിലോ) നൽകാം. അല്ലെങ്കിൽ നൂറു ലീറ്റർ വെള്ളത്തിൽ ഒരു ലീറ്റർ എന്ന തോതിൽ ഒരു ശതമാനം വീര്യത്തിൽ ചേർത്തു കൊടുക്കാം.

ഇഞ്ചി–മഞ്ഞൾ

കളകൾ പറിച്ചുമാറ്റിക്കഴിഞ്ഞിട്ടില്ലെങ്കിൽ അതു പൂർത്തിയാക്കണം. തടങ്ങളിൽ നിന്നു വെള്ളം ഒലിച്ചുപോകാൻ ചാലുകൾ തീർത്തുകൊടുക്കാം. ഇഞ്ചി വിത്തുകൾ നട്ട് 40 ദിവസമായാൽ രണ്ടാംവട്ടം ജൈവവളങ്ങൾ ചേർത്തു കൊടുക്കാം. വളം നൽകിയ ശേഷം ചെടികളുടെ ചുവട്ടിൽ മണ്ണു ചേർത്തുകൊടുക്കണം. രണ്ടാംവട്ടം പച്ചിലകൾ ഉപയോഗിച്ച് പുതയിടണം. മഞ്ഞളിന് രണ്ടാംവട്ടം വളം ചേർത്തുകൊടുക്കണം.

കടതുരപ്പനെതിരെ 0.05 ശതമാനം ഡൈമെതോയേറ്റ് (100 ലീറ്റർ വെള്ളത്തിൽ 167 ലീറ്റർ എന്ന തോതിൽ) സ്‌പ്രേ ചെയ്യണം. കട അഴുകൽ കാണുകയാണെങ്കിൽ ചെടികൾ പിഴുതെടുത്ത് 0.3 ശതമാനം മാങ്കോസെബ് തടങ്ങളിൽ ചേർത്തു കൊടുക്കാം.

വറ്റൽമുളക്

red-chilli

വിളവെടുപ്പിനു ശേഷം അടുത്ത സീസണിൽ കൃഷിയിറക്കേണ്ട സ്‌ഥലങ്ങളിൽ പച്ചിലവളങ്ങൾ ചേർത്തു കൊടുക്കുന്നതും പയർവർഗ വിളകൾ കൃഷി ചെയ്യുന്നതും മണ്ണിന്റെ ഫലപുഷ്‌ടി വർധിപ്പിക്കും. മണ്ണു പരിശോധന നടത്തിയിട്ടില്ലെങ്കിൽ ഈ മാസം നടത്താവുന്നതാണ്.