Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുള വിളയായപ്പോൾ വിളഞ്ഞത് വൈദ്യുതി

Beema-Bamboo-Energy-Planataion3

മുള വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനാവശ്യമായ സാങ്കേതികവിദ്യയും സവിശേഷ ഇനവുമായി കാർഷികഗവേഷകൻ. കാട്ടിലെ മുളയെ നാട്ടിലെ വിളയാക്കിയാൽ വൈദ്യുതി ഉൽപാദനം വർധിക്കുമോ? ടിഷ്യുകൾചർ ലാബിന് ഊർജമേഖലയിൽ എന്താണു കാര്യം? ‘ഗ്രോമോർ ബയോടെക്’ എന്ന സ്ഥാപനത്തിലൂെട ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഡോ. എൻ. ഭാരതി. വൻതോതിൽ മുള കൃഷി ചെയ്താൽ പരിസ്ഥിതി സൗഹൃദ ഊർജ ഉൽപാദനം സാധ്യമാകുമെന്നാണ് ആദ്യ ചോദ്യത്തിനുത്തരം. ഇങ്ങനെ മുള കൃഷി ചെയ്യാൻ ടിഷ്യുകൾച്ചറിന്റെ സഹായം േവണമെന്നതു രണ്ടാമത്തെ ചോദ്യത്തിനുത്തരം.

ടിഷ്യുകൾച്ചറിൽ പിഎച്ച്ഡി, കാർഷിക സർവകലാശാലയിലെ അധ്യാപകജോലി, ഒട്ടേറെ ടിഷ്യുകൾചർ ലാബുകളുെട സ്ഥാപകൻ, പിന്നീട് സ്വന്തമായി ഒരു സംരംഭം–‘ഗ്രോമോർ ബയോടെക്’. നിലവാരമുള്ളടിഷ്യൂകൾചർ നടീൽവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന സ്ഥാപനമായി ഗ്രോമോർ വളർന്നപ്പോഴും ഭാരതിക്ക് അടങ്ങിയിരിക്കാനായില്ല. പ്രത്യേക വിദ്യാഭ്യാസയോഗ്യതയൊന്നുമില്ലാത്തവരും ടിഷ്യൂകൾചർ ലാബ് നടത്തുന്ന നാടാണ് നമ്മുടേത്. കമ്പനി ആസ്ഥാനമായ ഹൊസൂരിൽ മാത്രം നാൽപതിലധികം ടിഷ്യുകൾചർ സംരംഭങ്ങളുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ കണക്ക്. തന്റെ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നവരും സഹായിയായി നിന്നവരും പത്താം ക്ലാസ് തോറ്റവരുമൊക്കെ ടിഷ്യൂകൾചർ സംരംഭം നടത്തുന്ന സാഹചര്യത്തിൽ വ്യത്യസ്തമായൊരു  സംരംഭമായി ഗ്രോമോർ ബയോടെക്കിനെ മാറ്റാനായി ഭാരതിയുെട ശ്രമം.

Beema-Bamboo-Energy-Planataion2

അങ്ങനെയാണ് അദ്ദേഹം മുളയിലെത്തിയത്. അസമിലെ കാടുകളിൽ സവിശേഷമായ ചില മുളകൾ അദ്ദേഹം കണ്ടെത്തി. അവയിലൊന്ന് ഭാരതിയെ ഏറെ ആകർഷിച്ചു. അസാധാരണ കനമുള്ള ഉൾഭിത്തി, പൂവിടാത്തതിനാൽ നശിച്ചുപോവാത്ത ചുവട് എന്നിങ്ങനെ പല സവിശേഷതകൾ അതിനുണ്ടായിരുന്നു. മറ്റ് ഇനം മുളകളുെട ഉള്ളിലെ പൊള്ളയായ ഭാഗത്തുകൂടി അഞ്ചു വിരലുകളും കടത്താനാവുമ്പോൾ ഈയിനത്തിന്റെ ഉള്ളിൽ ഒരു വിരൽ കടത്താനുള്ള ഇടം മാത്രം. കനമേറിയ ഉൾഭിത്തിമൂലം മുളങ്കാലിനു ബലവും ഭാരവും പല മടങ്ങ് കൂടുതൽ, മുള്ളില്ലാത്ത തണ്ടുകൾ, ദിവസം ഒന്നരയിഞ്ച് വളർച്ചയും!

പിന്നെ വൈകിയില്ല, തെരഞ്ഞെടുത്ത ഇനങ്ങളുമായി തിരികെ ഹൊസൂരിലെ ലാബിലെത്തി. വളർച്ചനിരക്ക് കൂടിയ മുളയ്ക്ക് ഭീമൻ മുളയെന്നു പേരിട്ടു. ടിഷ്യൂകൾച്ചറിലൂെട ഭീമന്റെ തനിപ്പകർപ്പുകളായ കു‍ഞ്ഞുമുളകളെ സൃഷ്ടിച്ചു. തുടർച്ചയായ നിരീക്ഷണത്തിൽ ഒരു കാര്യം വ്യക്തമായി. സൂര്യപ്രകാശവും വെള്ളവും വളവുമുപയോഗിച്ച് മറ്റിനങ്ങൾക്കില്ലാത്ത ഭാരം നേടാൻ ഈ ഭീമനു കഴിയും. ആവശ്യാനുസരണം വെള്ളവും വളവും മുടങ്ങാതെ കിട്ടണമെന്നു മാത്രം. അതിനുള്ള മാർഗമായിരുന്നു കൃത്യതാകൃഷി. തുള്ളിനനസംവിധാനത്തിലൂെട വെള്ളവും വളവും നൽകി ഭീമനെ വളർത്തി. പ്രതീക്ഷ തെറ്റിയില്ല. കേവലം 24 മാസം കൊണ്ട് ഒരു ചുവട്ടിൽ നിന്ന് ശരാശരി 40 കിലോ മുള കിട്ടി. ഒരു ഏക്കറിലെ ആയിരം ചുവട്ടിൽ നിന്ന് 40000 കിലോ മുള!

അതോടെ ആവേശമായി. ഇത്ര വേഗം ഇത്രയധികം ജൈവപിണ്ഡം ഉൽപാദിപ്പിക്കുന്ന മുളയ്ക്ക് വാണിജ്യസാധ്യതകൾ ഒട്ടേറെ. എന്നാൽ ജൈവപിണ്ഡം ( biomass) പ്രയോജനപ്പെടുത്തി ഊർജം ഉൽപാദിപ്പിക്കുന്ന സംരംഭമാണ് ഭാരതിയുെട മനം കവർന്നത്. മറ്റ് ജൈവവസ്തുക്കളും ഇത്തരം പ്ലാൻറുകളിൽ ഉപയോഗിക്കാം. എന്നാൽ ഭീമൻമുളയിൽനിന്നു മാത്രമാണ് തുല്യഅളവിൽ തുടർന്നുള്ള വർഷങ്ങളിലും ജൈവപിണ്ഡ‍ം ഉൽപാദിപ്പിക്കാനാവുക.  തുടർച്ചയായ മുളക്കൃഷിയിലൂെട ആവർത്തിച്ചുള്ള വൈദ്യുതി ഉൽപാദനം ‌സാധ്യമാണെന്നു വ്യക്തമായി.

മുള കത്തിച്ചുണ്ടാക്കുന്ന ചൂടുകൊണ്ട്നീരാവി ഉൽപാദിപ്പിച്ചു ജനറേറ്റർ പ്രവർത്തിപ്പിക്കാനാവും. എന്നാൽ മുളകത്തിക്കുമ്പോൾ അന്തരീക്ഷമലിനീകരണമുണ്ടാവും. എന്നാൽ മുള മിതമായി കത്തിച്ച ശേഷം ചൂടാക്കുമ്പോൾ കിട്ടുന്ന ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനാവും.

Beema-Bamboo-Energy-Planataion1

ഉപോൽപന്നമായി കിട്ടുന്നതാവട്ടെ ഏറെ വാണിജ്യപ്രാധാന്യമുള്ള ആക്ടിവേറ്റഡ് കാർബണും. മലിനീകരണമില്ലാത്ത ക്ലീൻ എനർജി നൽകുന്ന ഈ സാങ്കേതികവിദ്യയിലൂെട ൈവദ്യുതി ഉൽപാദിപ്പിക്കാൻ ഭീമൻ മുളയോളം യോജ്യമായ മറ്റൊരു വിളയില്ലെന്നു ഡോ. ഭാരതി ചൂണ്ടിക്കാട്ടി. ഒരു കിലോ മുളയിൽനിന്ന് ഒരു യൂണിറ്റ്വൈദ്യുതി കിട്ടുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. അതനുസരിച്ച് ഒരു ഏക്കറിൽ ഭീമൻമുള ശാസ്ത്രീയമായി കൃഷി ചെയ്താൽ കിട്ടുന്ന 40,000 കിലോ ജൈവവസ്തുക്കളിൽനിന്ന് അത്രയും യൂണിറ്റ് വൈദ്യുതി കിട്ടും. വെട്ടിയ ഭീമൻമുള  ഒരു വർഷത്തിനകം  വളർച്ചയെത്തുമെന്നതിനാൽ വീണ്ടും ഇതേ തോതിൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള മുള കിട്ടുമെന്ന്  ഭാരതി ചൂണ്ടിക്കാട്ടി. പൂവിടാത്തതിനാൽ മറ്റിനങ്ങളെപ്പോെല ഭീമൻമുളയുെട തോട്ടം നശിക്കില്ല. ഇപ്രകാരം ഇവ നട്ടുവളർത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്ന എനർജി പ്ലാന്റേഷൻസ് സൃഷ്ടിക്കാനാവും. ഈ ലക്ഷ്യത്തോടെ ഇന്ത്യയിലും വിദേശത്തും ഭീമൻമുളയുടെ തോട്ടങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഗ്രോമോർ കമ്പനി ഇപ്പോൾ. വൈദ്യുതി ഉൽപാദനത്തിന്റെ ഉപോൽപന്നമായി കിട്ടുന്ന ആക്ടിവേറ്റഡ് കാർബൺ ഏറെ വാണിജ്യപ്രാധാന്യമുള്ള ഉൽപന്നമാണ്. ഇത്തരമൊരു പ്ലാൻറിന്റെ പ്രവർത്തനച്ചെലവ് ആക്ടിവേറ്റഡ് കാർബണിൽനിന്നു തന്നെ ലഭിക്കുമത്രെ.

പ്രകാശസംശ്ലേഷണ നിരക്ക് കൂടുതലുള്ളതുകൊണ്ടാണ് മുളയ്ക്ക് കൂടുതൽ ജൈവപിണ്ഡം വേഗത്തിൽ ഉൽപാദിപ്പിക്കാനാവുന്നത്. അതുകൊണ്ടുതന്നെ ഇവ പുറന്തള്ളുന്ന പ്രാണവായുവിന്റെ അളവും കൂടുതലായിരിക്കും. മറ്റു മരങ്ങളെക്കാൾ നാലിരട്ടിയോളം ഓക്സിജൻ മുളയിൽ നിന്നു ലഭിക്കും. വളർച്ചയെത്തിയ മുള ഒരു വർഷം ഏകദേശം 400 കിലോ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്ത് അത്രത്തോളം ഓക്സിജൻ പുറത്തുവിടുന്നതായാണ് കണക്ക്. 

ഒരു മനുഷ്യൻ ഒരു വർഷം നിശ്വസിക്കുന്ന കാർബൺഡയോക്സൈഡിന്റെ അളവിലും കൂടുതലാണിത്. ആഗോളതാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി കാർബൺ ന്യൂട്രലാ (പുറന്തള്ളുന്നതിനു തുല്യതോതിൽ കാർബൺ ആഗിരണം ചെയ്യപ്പെടുന്ന സ്ഥിതി)വാനുള്ള ശ്രമത്തിലാണ് ലോകം. സ്വന്തമായി ഒരു ഭീമൻമുള നട്ടുവളർത്തുന്നയാൾക്ക് അതുവഴി കാർബൺ ന്യൂട്രലാവാൻ  സാധിക്കുമെന്ന് ഡോ.ഭാരതി ചൂണ്ടിക്കാട്ടി.

ഫോൺ: 9442200542