Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമുക്കും വിളയിക്കാം ഉഴുന്നും ചെറുപയറും

harvesting-of-black-gram

മാംസ്യത്തിന്റെ സമ്പന്ന സ്രോതസായ പയറുവർഗങ്ങൾ സമീകൃതാഹാരരീതിയിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. 25 ശതമാനത്തോളം മാംസ്യാംശം അടങ്ങിയ പയറുവർഗങ്ങളിൽ അന്നജം, ഇരുമ്പ്, ജീവകം സി, ഫോസ്ഫറസ്, റൈബോഫ്ളെയ്‌വിൻ, നിയാസിൻ തുടങ്ങിയ ഘടകങ്ങളും ഉണ്ട്. മനുഷ്യന് ആരോഗ്യ സംരക്ഷണത്തിനു സഹായകമായ പയർചെടികൾ മണ്ണിന്റെയും ചങ്ങാതിയാണ്. വേരുകളിൽ അന്തരീക്ഷ നൈട്രജനെ ശേഖരിച്ചുവയ്ക്കാനുള്ള കഴിവും അതുവഴി മണ്ണിനെ ഫലപുഷ്ടമാക്കാനുള്ള ശേഷിയും പയർച്ചെടികൾക്കുണ്ട്.

രാജ്യാന്തരതലത്തിൽ പയറുൽപാദനത്തിൽ‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഏകദേശം 158 ലക്ഷം ടൺ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും 28.5 ലക്ഷം ടൺ ഇറക്കുമതി ചെയ്യുന്നുമുണ്ട്. കേരളമാകട്ടെ, പയറുൽപാദനത്തിൽ ഏറെ പിന്നാക്കമാണ്. 2989 ഹെക്ടർ സ്ഥലത്തുനിന്ന് 3019 ടൺ മാത്രമാണ് കേരളത്തിന്റെ ആകെ ഉൽപാദനം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രായപൂർത്തിയായ ഒരാൾ ശരാശരി പ്രതിദിനം 50–60 ഗ്രാം പയറുവർഗങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടപ്പോൾ കേരളീയരുടെ ശരാശരി ഉപഭോഗം കേവലം മൂന്നു ഗ്രാം മാത്രമാണ്. അനുയോജ്യമായ വിത്തിനങ്ങളുടെ അഭാവം, പയർകൃഷിക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള ബുദ്ധിമുട്ട്,  പ്രോത്സാഹന പദ്ധതികളുടെ അഭാവം എന്നിവ കേരളത്തിലെ പയറുകൃഷിയെ പിന്നോട്ടടിക്കുന്നു.

ഈ സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം രാജ്യാന്തര പയറുവർഷത്തോടനുബന്ധിച്ച് 2016–17 ൽ  മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളിൽ ചെറുപയറിന്റെയും ഉഴുന്നിന്റെയും കൃഷിയിൽ മുൻനിര പ്രദർശന പരിപാടി നടത്തിയത്. അത്യുൽപാദനശേഷിയുള്ള ഉഴുന്നിനമായ എൽബിജി 752, ചെറുപയറിനമായ  സിഒ-8 എന്നിവ തിരഞ്ഞെടുക്കപ്പെട്ട 20 കർഷകരുടെ സഹായത്തോടെയാണ് കൃഷി ചെയ്തത്.

black-gram

കൃഷിരീതി: ആലപ്പുഴ ജില്ലയുടെ സാഹചര്യങ്ങളിൽ ഡിസംബർ, ജനുവരി മാസങ്ങളാണ് ചെറുപയറിന്റെയും ഉഴുന്നിന്റെയും കൃഷിക്ക് ഏറ്റവും യോജ്യം. ഒന്നാംവിള കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ തനിവിളയായും തെങ്ങിൻതോട്ടങ്ങളിൽ ഇടവിളയായും കൃഷി ചെയ്യാം. തനിവിളയൊരുക്കുമ്പോൾ ഏക്കറിന് എട്ടു കിലോയും ഇടവിളയായി കൃഷി ചെയ്യുമ്പോൾ 3–4 കിലോയും ഉഴുന്നുവിത്ത് വേണ്ടിവരും. ചെറുപയർ തനിവിളയായി 10–12 കിലോയും ഇടവിളയായി നാലു കിലോയും വിത്ത് ഏക്കറിന് ആവശ്യമാണ്. നിലം നന്നായി ഉഴുത് ഏക്കറിന് 100 കിലോ കുമ്മായം അല്ലെങ്കിൽ 160 കിലോ ഡോളമൈറ്റ് ചേർത്തു കൊടുക്കണം. 

പാടങ്ങളിൽ ഒന്നര മീറ്റർ വീതിയും ആവശ്യത്തിന് പൊക്കവുമുള്ള വാരങ്ങൾ എടുത്തും പയർ കൃഷി ചെയ്യാം. ഒന്നാംവിള കൊയ്ത്തുകഴിഞ്ഞ ഉടൻതന്നെ മണ്ണിലെ ഈർപ്പം ഉപയോഗപ്പെടുത്തി നിലം ഉഴാതെയും വിത്തു വിതയ്ക്കാം. വിത്തു വിതയ്ക്കുന്നതിനുമുമ്പ് റൈസോബിയം കൾച്ചർ പുരട്ടിക്കൊടുക്കുന്നത് വിളവു മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിനായി 5–10 കിലോ വിത്തിന് 500 ഗ്രാം റൈസോബിയം കൾച്ചർ ആവശ്യമായി വരും. റൈസോബിയം കൾച്ചർ കഞ്ഞിവെള്ളത്തിൽ കുഴമ്പുരൂപത്തിലാക്കിയ ശേഷം വിത്തിൽ നന്നായി തേച്ചുപിടിപ്പിക്കണം. ഇതിനുശേഷം 30 മിനിറ്റ് തണലിലുണക്കി വിത്ത് വിതയ്ക്കാവുന്നതാണ്.

നെൽപാടങ്ങളിൽ നെൽകൃഷിക്കുശേഷമുള്ള അവശിഷ്ട വളം പ്രയോജനപ്പെടുന്നതിനാൽ വളപ്രയോഗം ആവശ്യമായി വരില്ല. എന്നാൽ കരപ്രദേശങ്ങളിലെ കൃഷിക്ക് ഏക്കറിന് 10 കിലോ യൂറിയ, 100 കിലോ രാജ്ഫോസ്, 20 കിലോ പൊട്ടാഷ് എന്നിവ അടിവളമായി ചേർത്തുകൊടുക്കാം. വിതച്ച് 15–ാം ദിവസവും 30–ാം ദിവസവും 2% വീര്യമുള്ള യൂറിയാ ലായനി തളിച്ചു കൊടുക്കുന്നതും നല്ലതാണ്. മണ്ണ് പരിശോധനാടിസ്ഥാനത്തിൽ ആവശ്യാനുസരണം രാസവളങ്ങൾ നൽകുന്നതാണ് ഉത്തമം. ജൈവകൃഷി അനുവർത്തിക്കുന്ന കർഷകർക്ക് ചാണകപ്പൊടിയും ചാരവും അടിവളമായി നൽകാം. കൃഷിവിജ്ഞാനകേന്ദ്രം നടത്തിയ പ്രദർശനകൃഷിയിൽ കാര്യമായ രോഗ,കീടബാധ ഉണ്ടായിരുന്നില്ല. ഏകദേശം 75–80 ദിവസംകൊണ്ട് ചെറുപയറും ഉഴുന്നും വിളവെടുപ്പിന് തയാറായി. നന്നായി വിളഞ്ഞ പയർച്ചെടികൾ ചുവടോടെ മുറിച്ചു നീക്കി നല്ല വെയിലത്തിട്ട് വടികൊണ്ട് അടിച്ചാണ് വിത്ത് നീക്കം ചെയ്യുന്നത്. അതിനുശേഷം വിത്ത് നല്ല വെയിലത്ത് മൂന്നുനാലു ദിവസം ഉണക്കിയെടുത്തു. സിഒ-8 ഇനം ചെറുപയർ 928 കിലോയും എൽബിജി 752 ഉഴുന്ന് 807 കിലോയും ഹെക്ടറൊന്നിന് വിളവു ലഭിച്ചു.  

ഗുണമേന്മയുള്ള വിത്തിന്റെ ലഭ്യതയുംസർക്കാരിന്റെ ഇടപെടലുകളും ഉണ്ടായതിനാലാണ് ചെറുപയറിന്റെയും ഉഴുന്നിന്റെയും കൃഷി  ഫലപ്രദമായതെന്ന് പ്രദർശനകൃഷിയിലെ പങ്കാളിയും റിട്ട. തഹസിൽദാരുമായ ആർ.ഡി. സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തംഗം ജയമോഹൻ, വരുംവർഷങ്ങളിൽ പയർകൃഷിക്ക് പഞ്ചായത്ത് വിപുലമായ പദ്ധതി തയാറാക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ചെറുപയർ സിഒ–8 

തമിഴ്നാട് കാർഷിക സർവകലാശാലയുടെ കീഴിൽ രാമനാഥപുരത്തുള്ള  ‘കോസ്റ്റൽ സലൈൻ റിസർച്ച് സെന്റർ’ പുറത്തിറക്കിയ ഇനമാണ് സിഒ–8. ഹെക്ടറിന് 845 കിലോയ്ക്കു മേൽ വിളവ് നൽകാൻ ശേഷിയുള്ള ഈ ഇനം 55–60 ദിവസം മൂപ്പുള്ളതാണ്. ഇടത്തരം വലുപ്പമുള്ള ഉരുണ്ട മണികള്‍. ചെടികള്‍ ഒന്നിച്ചു വിളയുന്നതിനാൽ ഒറ്റത്തവണയായി വിളവെടുക്കാം. മൊസെയ്ക് രോഗത്തിനെതിരെ പ്രതിരോധമുള്ള സിഒ–8, വേരുചീയൽ, തണ്ട് ഉണക്കം, മുഞ്ഞ, തണ്ടീച്ച എന്നിവയെയും ചെറുക്കുന്നു.

green-gram

ഉഴുന്ന്–എൽബിജി-752 

ആന്ധ്രാപ്രദേശിലെ ആചാര്യ എന്‍.ജി. രംഗ കാർഷിക സർവകലാശാലയുടെ കീഴിൽ ലാമിലുള്ള പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ച ഉഴുന്നിനമാണ് എൽബിജി 752. മികച്ച വിളവും രോഗപ്രതിരോധശേഷിയുമുള്ളഇനം. വിത്തിനായി ബന്ധപ്പെടുക.

1. നാഷനൽ സീഡ്സ് കോർപറേഷൻ, തിരുവനന്തപുരം. ഫോൺ: 0471–2356124

2. നാമക്കൽ കൃഷിവിജ്ഞാനകേന്ദ്രം, തമിഴ്നാട്. ഫോൺ: 04286 266345

ലേഖകന്റെ വിലാസം: പ്രിൻസിപ്പൽ സയന്റിസ്റ്റ് & ഹെഡ്, സിപിസിആർഐ കൃഷിവിജ്ഞാനകേന്ദ്രം, കായംകുളം.

ഫോണ്‍: 04792449268, 

ഇ മെയില്‍: kvkalapuzha@gmail.com

പയറുകൃഷി പ്രദർശനത്തിന്റെ സാമ്പത്തിക വിശകലനം

ഇനങ്ങൾ                            ഉഴുന്ന്    ചെറുപയർ

വിളവ് (കിലോ/ഹെക്ടർ)        807        928

കൃഷിച്ചെലവ് (രൂപ/ഹെക്ടർ)  65685      69806

അറ്റാദായം (രൂപ /ഹെക്ടർ)      31107      20584

വരവുചെലവ് അനുപാതം      1.5          1.35