Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരള്‍ച്ച: കൃഷിനാശത്തിന് ഇൻഷുറൻസ്

വരൾച്ച കാരണമുള്ള കൃഷിനാശത്തിനും ഉൽപാദന നഷ്ടത്തിനും പരിഹാരം ലഭിക്കുന്നതിന്   വിളകൾ  ഇപ്പോൾ ഇൻഷുർ ചെയ്യാം.  നാമമാത്രമായ പ്രീമിയം അടച്ചാല്‍ മതി.  വരൾച്ചയും  മറ്റ് പ്രകൃതിക്ഷോഭങ്ങളും കാരണം  വിളകൾക്കുണ്ടാകുന്ന പൂർണ നാശത്തിനെതിരെയാണ് ഈ ഇൻഷുറൻസ്. താൽപര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം.മാവിനും ചെറുധാന്യങ്ങൾക്കും പുനരാവിഷ്കരിച്ച സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ചെറുധാന്യങ്ങളെയും മാവിനെയും  ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തി.

ചെറുധാന്യങ്ങളായ കൂവരക്, ചാമ, തിന, വരങ്ക്, പനവരങ്ക്, കുതിരവാലി എന്നിവ വിതച്ച് 45 ദിവസത്തിനകം നശിച്ചാൽ ഹെക്ടറിന് 10,000 രൂപയും 45 ദിവസത്തിനു ശേഷമാണെങ്കില്‍ ഹെക്ടറിന് 25,000 രൂപയും നഷ്ടപരിഹാരം നൽകും. 25 സെന്റിലെങ്കിലും കൃഷി ചെയ്യണം. വിതച്ച് 15 ദിവസം കഴിഞ്ഞ് 45 ദിവസം വരെയാണ്  ഇൻഷുർ ചെയ്യേണ്ടത്. 25 സെന്റിന് 25 രൂപയാണ് പ്രീമിയം.മാവ് 10 വർഷം വരെ പ്രായമുള്ളതിന് ഒരു മരത്തിന് 1000 രൂപയും 10 വർഷത്തിനുമേൽ പ്രായമുള്ളതിന് 2000 രൂപയുമാണ് നഷ്ടപരിഹാരം. കുറഞ്ഞത് അഞ്ചു മരങ്ങൾ  വേണം. ഒരു മരത്തിന് ഒരു വർഷത്തേക്ക് 10 രൂപയും മൂന്നു വർഷത്തേക്ക് ഒരുമിച്ച് അടച്ചാൽ 25 രൂപയുമാണ് പ്രീമിയം. കായ്ഫലമുള്ള മരങ്ങളാണ് ഇൻഷുർ ചെയ്യേണ്ടത്.

മാവ് ഗ്രാഫ്റ്റ് ഒന്നിന് 200 രൂപയാണ് നഷ്ടപരിഹാരം. കുറഞ്ഞത് അഞ്ചു ഗ്രാഫ്റ്റുകൾ വേണം. ഒന്നിന് ഒരു വർഷത്തേക്ക് രണ്ടു രൂപയും മൂന്നു വർഷത്തേക്ക് ഒരുമിച്ച് അടച്ചാൽ അഞ്ചു രൂപയുമാണ് പ്രീമിയം. നട്ട് ഒരു മാസം മുതൽ കായ്ഫലം തുടങ്ങുന്നതുവരെ ഇൻഷുർ ചെയ്യണം. അസംരക്ഷിത വനഭൂമിയിലെ കൃഷിവനഭൂമി വേർതിരിക്കുന്ന ജണ്ടയുടെ പുറത്തുള്ള അസംരക്ഷിത വനഭൂമിയിലെ കൃഷിയും വിള ഇൻഷുറൻസ് പദ്ധതിയിൽ‍ ഉൾപ്പെടുത്തി. ഹ്രസ്വകാല വിളകൾക്കും വാർഷികവിളകൾക്കും മാത്രമാണ് പരിരക്ഷ. അസംരക്ഷിത വനഭൂമിയിൽ കൃഷി ചെയ്യുന്നതിന് സീസൺ തുടങ്ങുന്നതിന് മുൻ‌പ് വനംവകുപ്പിന്റെ രേഖാമൂലമുള്ള  അനുമതി വാങ്ങണം. പദ്ധതി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രീമിയം അടച്ച് ഒരാഴ്ചയ്ക്കു ശേഷം മാത്രം കർഷകന് ഇൻഷുറൻസ് അംഗത്വം ലഭിക്കുകയും പ്രീമിയം തുക അടച്ച് രണ്ടാഴ്ച കഴിഞ്ഞുണ്ടാകുന്ന കൃഷിനാശത്തിന് പരിരക്ഷ ലഭിക്കുകയും ചെയ്യും.

നെല്ലും മീനും പദ്ധതി

കേരള സർക്കാർ ഫിഷറീസ് വകുപ്പ് ഏജൻസിയായ  അഡാക് തൃശൂർ, എറണാകുളം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 25 കോടിയുടെ സംയോജിത കൃഷിവികസന പദ്ധതി നടപ്പാക്കുന്നു. കൈപ്പാട്, പൊക്കാളി പ്രദേശങ്ങളിലെ കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അഞ്ചു ഹെക്ടറിന് പരമാവധി 16.55 ലക്ഷം രൂപ സബ്സിഡി ലഭിക്കും, വിവരങ്ങൾക്ക് 0471–2322410, 0484–2805479.

പരിശീലനം

ചക്കയുടെ മൂല്യവർധിത ഉൽപന്ന നിർമാണത്തിൽ പത്തനംതിട്ട കാർഡ് കൃഷിവിജ്ഞാനകേന്ദ്രം ഈ  മാസം പത്തിനുശേഷം ഏകദിന പരിശീലനം നൽകുന്നു. ഫോൺ : 0469–2662094

കശുമാങ്ങ ഉൽപന്നങ്ങൾ

കശുമാങ്ങയിൽനിന്നുള്ള സിറപ്പ്, അച്ചാർ, ജാം, കാൻഡി, സോഡ, ഡ്രിങ്ക് തുടങ്ങിയ ഉൽപന്നങ്ങൾ തൃശൂർ മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രം, മണ്ണുത്തിയിലെ കാര്‍ഷിക സർവകലാശാല വിപണനകേന്ദ്രം  എന്നിവിടങ്ങളിൽ ലഭ്യമാണ്. 

ഫോൺ: 0487–2370339

രാസവളം വിൽപന

യൂറിയ, മ്യൂറിയേറ്റ് ഒാഫ് പൊട്ടാഷ്, ഡൈ അമോണിയം ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ്, സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ്, 

സിറ്റി കംപോസ്റ്റ്, എൻ.പി.കെ  കോംപ്ളക്സ് വളങ്ങൾ എന്നിവ ചെറുകിട രാസവളവ്യാപാരികളിൽനിന്ന് പിഒഎസ് മെഷീൻ വഴി മാത്രമേ വാങ്ങാൻ കഴിയുകയുള്ളൂ. പാട്ടക്കൃഷി ചെയ്യുന്നവർക്കും സ്വന്തം ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, കിസാൻ ക്രെഡിറ്റ് കാർഡ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് വിരലടയാളം പതിച്ചു രാസവളങ്ങൾ വാങ്ങാം.

സൂക്ഷ്മ ജലസേചനം

പഴം, പച്ചക്കറി, സുഗന്ധവ്യഞ്ജനവിളകൾ എന്നിവയ്ക്ക് തുള്ളിനന, തളിനന സംവിധാനമൊരുക്കാൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ധനസഹായം നൽകുന്നു. വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.

കാഡ്സ് സൂപ്പര്‍ ബസാര്‍  

തൊടുപുഴയിലെ കാഡ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ എറണാകുളം ആലിൻചുവട്ടിൽ ‘അഗ്രി ഓർഗാനിക്’ എന്ന െജെവോല്‍പന്നശാല തുറന്നു.  പാലാരിവട്ടം – കാക്കനാട്  ഹൈവേയിൽ 7000 ചതുരശ്ര അടി വിസ്തീർണത്തിൽ വിപുലമായ പാർക്കിങ്  സൗകര്യത്തോടെയാണ് തുടക്കം. കേരളത്തിൽ മാത്രം ഉല്‍പാദിപ്പിക്കുന്ന ജൈവോൽപന്നങ്ങളും നാടൻ കാർഷികോൽപന്നങ്ങളും കൂടാതെ,  ഉന്നത ഗുണനിലവാരമുള്ള നാ‌ടൻ പാൽ, മാംസം, നാടൻ കോഴി, കാട, താറാവ്, മത്സ്യം, വയനാടൻ വനവിഭവങ്ങൾ, സീഡ് ബാങ്ക് എന്നിവയുടെ  പ്രത്യേക വിഭാഗങ്ങളും ഇവിടെയുണ്ട്. മൂന്നു വർഷത്തിനുള്ളിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രധാന നഗരങ്ങളിൽ സൂപ്പർ ബസാറുകൾ ആരംഭിക്കും. വിവരങ്ങൾക്ക് ഫോണ്‍: 9847413168.

കൃഷിശാസ്ത്ര സമീക്ഷ

കേരള കാർഷിക സർവകലാശാല വിജ്ഞാനവ്യാപന ഡയറക്ടറേറ്റ് നടത്തുന്ന കൃഷിശാസ്ത്ര സമീക്ഷയെന്ന പ്രഭാഷണ–സംവാദ പരമ്പര ഈ മാസം 3, 4 തീയതികളിൽ വെള്ളാനിക്കര കർഷക ഭവനിൽ നടക്കും. കൃഷി ശാസ്ത്രകുതുകികൾക്കും കർഷകർക്കും വേണ്ടിയുള്ള പരിപാടിയാണ് കൃഷിശാസ്ത്ര സമീക്ഷ. തപാൽ / ഫോൺ / ഇ മെയിൽ വഴി റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ മുപ്പതു പേർക്കാണ് പ്രവേശനം.  ബന്ധപ്പെടേണ്ട വിലാസം: പ്രഫസർ & ഹെഡ്, സെൻട്രൽ ട്രെയിനിങ്  ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി പി ഒ – 680651, തൃശൂർ, ഫോൺ: 0487 2371104 ഇ–മെയിൽ : cti@kau.in

ആടു വളര്‍ത്തല്‍

തൃശൂര്‍ രാമവര്‍മപുരം മില്‍മ ട്രെയിനിങ് സെന്ററില്‍ ഈ മാസം ഏഴു മുതല്‍ പത്തുവരെ ആടുവളര്‍ത്തലില്‍ പരിശീലനം. 

ഫോണ്‍: 0487 2695869

വീട്ടുവളപ്പിൽനിന്നു വിപണിയിലേക്ക്

വീട്ടുവളപ്പിലെ കൃഷിയിടങ്ങളിൽനിന്ന് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ സന്നദ്ധസേവകരുടെ സഹായം ലഭ്യമാക്കുന്ന ‘കർഷകമിത്ര’ പദ്ധതിയുമായി കൃഷിവകുപ്പ്. വീട്ടുവളപ്പിലും പുരയിടത്തിലും കൃഷിചെയ്യുന്ന ചെറുകിടക്കാർക്ക് ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ പദ്ധതി അവസരമൊരുക്കുന്നു. കൃഷിവകുപ്പ്, ചെറുകിട കർഷകർ, വിപണനകേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിക്കാനായി ഓരോ പഞ്ചായത്തിൽനിന്ന് ഒരു കർഷക പ്രതിനിധിയെ വീതം തിരഞ്ഞെടുക്കാം. ഇവർ വീട്ടുവളപ്പുകളും കൃഷിയിടങ്ങളും സന്ദർശിച്ച് ഉൽപന്നങ്ങളുടെ വിവരം കൃഷിവകുപ്പ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യും. കൂടാതെ, വീടുകളിൽ ഉൽപാദിപ്പിക്കുന്ന കാർഷികവിഭവങ്ങൾ എത്ര കുറവായാലും അത് വിപണിയിലെത്തിക്കാൻ അവർ സഹായിക്കും. ഹോർട്ടികോർപ് അല്ലെങ്കില്‍ വി എഫ്പിസികെ നിശ്ചയിക്കുന്ന വിലയ്ക്കാണ് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത്. ഉൽപന്നത്തിന്റെ 50% വില ആദ്യ ഉൽപന്നം വാങ്ങുമ്പോഴും ബാക്കി ഉൽപന്നങ്ങൾ വിറ്റഴിച്ച ശേഷവും കർഷകർക്കു നൽകും. കൃഷിയിടപ്രശ്നങ്ങളും  രോഗ, കീട ബാധകളും  ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താനും  ‘കർഷകമിത്ര’ങ്ങള്‍ സഹായിക്കും.  പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക കാർഷികമേഖലകളിലും പദ്ധതി ആരംഭിക്കും.