Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറ്റാർവാഴ തേടി വൻകിട കമ്പനികൾ; കൊയ്യാം ലക്ഷങ്ങൾ

kattarvazha

സ്വർഗത്തിലെ മുത്തെന്ന് അറിയപ്പെടുന്ന കറ്റാർവാഴ കൃഷി ചെയ്താൽ ലക്ഷങ്ങൾ കൊയ്യാം. വൻകിട മരുന്നു കമ്പനികൾ കറ്റാർവാഴ കർഷകരെ തേടി അലയുകയാണ്. സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്നതിനും രോഗപ്രതിരോധ മരുന്നുകൾക്കും പ്രയോജനപ്പെടുത്താവുന്നതും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്നതുമായ സസ്യമാണു കറ്റാർവാഴ. സൗന്ദര്യവർധക വസ്തുക്കൾക്കു പ്രിയമേറിയതോടെ കറ്റാർവാഴയ്ക്കും അതിന്റെ വ്യാവസായിക വിപണനത്തിനും സാധ്യതയേറി. ജില്ലയിലെ കാലാവസ്ഥയും കൃഷിക്ക് അനുയോജ്യം. 

മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ക്രീം, ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിൻ ടോണിക്, സൺ സ്‌ക്രീൻ ലോഷൻ എന്നിവയുണ്ടാക്കാൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്. വിദേശ രാജ്യങ്ങളിൽ കറ്റാർവാഴ കുഴമ്പിനു വൻ വിപണിയാണുള്ളത്. ഇതു തിരിച്ചറിഞ്ഞ് തമിഴ്‌നാട്ടിലെ കർഷകർ കറ്റാർവാഴ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. മാംസളമായ ഇലകളാണ് ഇതിന്റെ സവിശേഷത. ഒന്നരയടി പൊക്കത്തിൽ വളരുന്ന ചെടിയിൽ 10 മുതൽ 20 വരെ കട്ടിയുള്ള പോളകളുണ്ടാകും. പോളകളിലുള്ള അലോയിൻ എന്ന വസ്തുവാണ് കറ്റാർവാഴയ്ക്കു സവിശേഷഗുണം നൽകുന്നത്. 

ഈർപ്പസാന്നിധ്യമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിൽ കറ്റാർവാഴ നന്നായി വളരും. മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏതു കാലാവസ്ഥയിലും ഏതു തരത്തിലുള്ള ഭൂമിയിലും കറ്റാർവാഴ കൃഷി ചെയ്യാം. വളക്കൂറില്ലാത്ത തരിശുഭൂമിയിലും കല്ലും പാറകളും നിറഞ്ഞ വരണ്ട ഭൂമിയിലും മണൽ നിറഞ്ഞയിടത്തും ഏതു കൊടിയ വരൾച്ചയിലും ഇവ വളരും. പരിചരണത്തിനായി സമയം പാഴാക്കുകയും വേണ്ട. ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം.

ഒരു ചെടിയിൽനിന്ന് 10 കിലോ വിളവ് 

ചെടിച്ചട്ടികളിൽ പൊട്ടിവളരുന്ന കന്നുകൾ 45 സെന്റിമീറ്റർ അകലത്തിലൊരുക്കുന്ന വാരങ്ങളിൽ നടണം. തെങ്ങിൻതോപ്പിലും റബർത്തോട്ടത്തിലും ഇടവിളയായി കറ്റാർവാഴ വളർത്താം. ചാണകമാണു പ്രധാനവളമായി ഉപയോഗിക്കുന്നത്. ഇതു ഹെക്ടറിന് അഞ്ചു ടൺ എന്ന തോതിൽ പ്രയോഗിക്കണം. ആറു മാസത്തിനു ശേഷം പോളകൾ ചെടിയുടെ അടിഭാഗത്തുനിന്നു മുറിച്ചെടുക്കാം. ഒരു ചെടിയിൽനിന്നു 10 കിലോഗ്രാം വരെ വിളവു ലഭിക്കും. ഒരു കിലോയ്ക്കു 450 രൂപ വരെ ലഭിക്കും. ഒരേക്കർ സ്ഥലത്തുനിന്നു പ്രതിവർഷം പത്തു ടൺ വിളവു ലഭിക്കും. 

കറുത്ത മണ്ണാണു കൃഷിക്ക് അനുയോജ്യം. ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ ഏകദേശം 15,000 കന്നുകൾ വേണ്ടിവരും. തൈ നട്ട് 12 മാസം കഴിയുമ്പോൾ മുതൽ പോള മുറിച്ചെടുത്തു തുടങ്ങാം. ഒരു വർഷം മൂന്നു തവണ പോള മുറിച്ചെടുക്കാം. അഞ്ചു വർഷംവരെ ഒരേ ചെടിതന്നെ വിളവെടുപ്പിനായി ഉപയോഗിക്കാം. രോഗ–കീട ആക്രമണവും ഉണ്ടാകില്ല.

വാതം, പിത്തം, കഫം എന്നിവയുടെ ശമനത്തിനും പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ആയുർവേദ മരുന്നുകളിൽ കറ്റാർവാഴ ഉപയോഗിക്കുന്നു. 

ഔഷധക്കൂട്ട്

കറ്റാർവാഴയുടെ വിപണി പ്രധാനമായും മരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ടാണ്. നാട്ടുമരുന്നായും ആയുർവേദ ഔഷധങ്ങളുടെ കൂട്ടായും ഇവ ഉപയോഗിക്കുന്നുണ്ട്. കറ്റാർവാഴ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നവർക്ക് ആയുർവേദ ഫാർമസികളുമായി ബന്ധപ്പെട്ടു വരുമാനം നേടാനാകും. ആയുർവേദത്തിനു പുറമേ ഹോമിയോ മരുന്നുകൾ ഉണ്ടാക്കുന്നതിനും കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്. കറ്റാർവാഴയുടെ പോളയിൽ അടങ്ങിയിട്ടുള്ള 16 ഘടകങ്ങളാണ് മരുന്നുനിർമാണത്തിനായി വേർതിരിച്ച് ഉപയോഗിക്കുന്നത്.