Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഴക്കൃഷിയിലെ പുതുവിദ്യകൾ

banana

വാഴക്കൃഷിയിലെന്താണ് ഇത്ര പുതിയ കാര്യങ്ങളുള്ളതെന്നല്ലേ? ടിഷ്യുകൾച്ചർ തൈകൾ, തുള്ളിനന, വെള്ളത്തിനൊപ്പം വളം എന്നിവയ്ക്കു ശേഷം വാണിജ്യാടിസ്ഥാനത്തിലുള്ള വാഴക്കൃഷിയിൽ പ്രയോജനപ്പെടുത്താവുന്ന ചില പുത്തൻ വിദ്യകൾകൂടിയുണ്ട്. അവയെ പരിചയപ്പെടാം.

രണ്ടാഴ്ചയിൽ  ഒരു നന കാലാവസ്ഥാമാറ്റം ഇങ്ങെത്തിക്കഴിഞ്ഞു. ആഴ്ചയിൽ ഒന്നോ രണ്ടോ നനയ്ക്കുപോലും വെള്ളമില്ലാത്ത സാഹചര്യമാണ് പലയിടങ്ങളിലും. ഇത്തരം സാഹചര്യങ്ങളിൽ കൃഷി നശിക്കാതെ സംരക്ഷിക്കാനുള്ള ചില കൃത്രിമവസ്തുക്കൾ ഇപ്പോൾ വിപണിയിലെത്തിയിട്ടുണ്ട്. ഹൈഡ്രോജെൽ, പൊട്ടാസ്യം സിലിക്കേറ്റ് എന്നിവയാണ് പ്രധാനമായും വെള്ളക്കുറവ് മൂലം വിളകൾക്കുണ്ടാവുന്ന സമ്മർദം കുറയ്ക്കാനുപയോഗിക്കുന്നത്.

Banana-02

സ്വന്തം ഭാരത്തിന്റെ 400 മുതൽ1000 മടങ്ങ് വരെ ജലം ആഗിരണം ചെയ്തു സൂക്ഷിക്കുകയും നേരിയ തോതിൽ ചെടികൾക്കു ലഭ്യമാക്കുകയും ചെയ്യുന്ന സൂപ്പർ അബ്സൊർബന്റ് പോളിമറുകളാണ് ഹൈഡ്രോജെല്ലുകൾ. ഇവ വാഴയുെട തടത്തിൽ ചേർക്കുന്നതു വഴി നനയുടെ ഇടവേള ഗണ്യമായി വർധിപ്പിക്കാം. മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന പല രാജ്യങ്ങളിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രണ്ടാഴ്ച വരെ നന മുടങ്ങിയാലും ഹൈഡ്രോജെൽ ഉപയോഗിച്ച മണ്ണിലെ വാഴയ്ക്കു വാട്ടമുണ്ടാവില്ലത്രെ. ഇവ മണ്ണിൽ ചേർക്കുന്നതുമൂലം വിളകൾക്കോ മണ്ണിനോ ദോഷമുണ്ടാവില്ലെന്നാണ് അനുഭവം. 

നനയ്ക്കാനുള്ള വെള്ളത്തിൽ കലർത്തിയാണ് പൊട്ടാസ്യം സിലിക്കേറ്റ്  നൽകുക. ഇത് ആഗിരണം ചെയ്ത വാഴയുെട ഇലകളിൽനിന്നു ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം തീരെ കുറവായിരിക്കും. ഏതാനും ദിവസം നന മുടങ്ങിയാലും വാഴ വാടാതിരിക്കാൻ  ഇതു സഹായിക്കും.

banan-1jpg

തൃശൂരിലെ വാഴക്കർഷകനായ  കോനിക്കര സ്വദേശി കെ.എ. ജോബിയുെട വാഴകൾ വേനലിന്റെ കാഠിന്യം മറികടക്കുന്നത് പൊട്ടാസ്യം സിലിക്കേറ്റിന്റെ സഹായത്തോടെയാണ്. കൃത്യതാ രീതിയിലാണ് പത്തേക്കറിൽ ഇദ്ദേഹം സ്വർണമുഖി ഇനം നേന്ത്രവാഴ കൃഷി ചെയ്യുന്നത്. വെള്ളവും വളവുമൊക്കെ തുള്ളിനനയിലൂെട നൽ‍കുന്നതിനൊപ്പം പൊട്ടാസ്യം സിലിക്കേറ്റും ചേർക്കും. ഒരു തവണ നൽകിയാൽ  നാൽപതു ദിവസത്തേക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലെ നന  മൂന്നു ദിവസത്തിലൊരിക്കലാക്കി മാറ്റാമെന്നതിനു പുറമെ ഓരോ വാഴയ്ക്കും നൽകുന്ന ജലത്തിന്റെ അളവ് അഞ്ചിലൊന്നായി കുറയ്ക്കാനും ഇതു സഹായിക്കും. എത്ര നനച്ചാലും വേനൽക്കാലത്ത് വാഴകൾക്കു താപനിലയിലെ വർധനമൂലം ക്ഷീണമുണ്ടാവും. ഈ സമ്മർദം ഒഴിവാക്കാനും  പൊട്ടാസ്യം സിലിക്കേറ്റ് ഉത്തമമാണ്. നനയ്ക്കാൻ വേണ്ടത്ര വെള്ളമുള്ളതിനാൽ വാഴയുെട ക്ഷീണമകറ്റാൻ മാത്രമാണ് ജോബി പൊട്ടാസ്യം സിലിക്കേറ്റ് നൽകുന്നത്. ഇതിനു പുറമെ, ആദ്യത്തെ മൂന്നു മാസങ്ങളിൽ മാസംതോറും ഒരു ഗ്രാം വീതം   പൊട്ടാസ്യം ഹ്യൂമേറ്റും നൽകും. മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും കൂടുതൽ വേരുകളുണ്ടായി ജലാഗിരണശേഷി വർധിപ്പിക്കാനും ഇത് സഹായകമാണെന്ന് ജോബി പറയുന്നു.

(ഫോൺ–9746733490)

വാഴക്കുലകൾക്കു റോപ് വേ

വാട്സ് ആപ്പിൽ പ്രചരിച്ചിരുന്ന ഒരു വിഡിയോ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. വെട്ടിയെടുത്ത വാഴക്കുലകൾ  കൊളുത്തിൽ ബന്ധിച്ച് ഇരുമ്പുവടത്തിൽ  തൂക്കിയിടുന്നു. റോപ്് വേയിലെന്നപോലെ വടത്തിലൂെട നിരങ്ങിനീങ്ങുന്ന കുലകൾ തോട്ടത്തിന്റെ  ഇങ്ങേയറ്റത്തെ പാക്ക് ഹൗസിൽ എത്തുന്നു; കർഷകന്റെ ചുമലിനു ഭാരമില്ലാതെ, കുലയുടെ പടലയ്ക്കു പരുക്കില്ലാതെ. പതിനായിരക്കണക്കിനു വാഴകൾ വളരുന്ന തോട്ടങ്ങളിലാണ്  ഇത്തരം സംവിധാനങ്ങൾക്കു പ്രസക്തി. വിദേശത്തു മാത്രമല്ല, നമ്മുടെ നാട്ടിലും ഇത്തരമൊരു കൺവയർ ബെൽറ്റ് സംവിധാനം വന്നാൽ നേട്ടം ചില്ലറയല്ല. ഇന്ത്യയിൽ 41.000 കോടി രൂപയുെട പഴങ്ങളും പച്ചക്കറികളും വിളവെടുപ്പിനു ശേഷം  പാഴാകുന്നതായാണ് കണക്ക്. ശരിയായി കൈകാര്യം ചെയ്യാത്തതുമൂലമുണ്ടാകുന്ന ചതവുകളും മുറിവുകളുംതന്നെ കാരണം. ഇതൊഴിവാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് കൺവയർ സംവിധാനം. ഇതിലൂെട പാക്ക്ഹൗസിലെത്തുന്ന കുലകൾ പടല തിരിച്ച് പായ്ക്ക് ചെയ്തു പെട്ടികളിലാക്കുന്നതോെട സുരക്ഷിതമാവും. ഇവിടുത്തെ വാഴത്തോപ്പുകളിൽ ഉപയോഗിക്കാവുന്ന ഒരു കൺവയർ സംവിധാനത്തിനു രൂപം കൊടുത്തുവരികയാണ് കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവകലാശാല. തൃശിനാപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രവും ഒരു എൻജിനീയറിങ് കോളജുമായി ചേർന്നും ഇത്തരമൊരു സംവിധാനം രൂപപ്പെടുത്തുകയാണ്.

TY13BANANATIRUCHI

പിണ്ടിപ്പുഴുവിനെതിരെ കഡാവർ

വാഴയിലെ തണ്ടുതുരപ്പൻ പുഴു അഥവാ പിണ്ടിപ്പുഴുവിനെ തുരത്തുന്നത് എല്ലാ വാഴക്കൃഷിക്കാരുടെയും തലവേദനയാണ്.  മക്കൾക്ക്  നല്ല പഴം നൽകാനായി വളർത്തുന്ന വാഴയുടെ ചുവട്ടിലും  പിണ്ടിയിലുമൊക്കെ വിഷം പ്രയോഗിക്കുന്നതെങ്ങനെ?  ഇതിനു പരിഹാരമായി  ഒരു ജൈവനിയന്ത്രണരീതി കണ്ണാറയിലെ വാഴഗവേഷണകേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്. മിത്ര നിമാവിരകളെ ഉപയോഗിച്ച് പിണ്ടിപ്പുഴുവിനെ നശിപ്പിക്കുന്ന രീതിയാണിത്.  പിണ്ടിപ്പുഴുവിന്റെ ശരീരഭാഗങ്ങൾ കരണ്ടുതിന്നുന്ന മിത്രനിമാവിരകളെ ശൈശവദശയിൽതന്നെ മെഴുകുപുഴുക്കളുെട ശരീരത്തിലേക്കു കയറ്റിവിടുന്നു. മെഴുകുപുഴുക്കൾ ചത്താലും നിമാവിരകൾ ജഡത്തിനുള്ളിൽ വളരും.  പരാദജീവിയായ നിമാവിരകളെ വഹിക്കുന്ന മെഴുകുപുഴുക്കളുടെ ജഡത്തിനാണ് കഡാവർ എന്നു പറയുന്നത്.  

വാഴയ്ക്ക് അഞ്ചു മാസം പ്രായമാകുമ്പോൾ പുറംഭാഗത്തെ രണ്ടെണ്ണമൊഴികെയുള്ള എല്ലാ ഇലക്കവിളുകളിലും ഓരോ കഡാവർവീതം ഇട്ടുകൊടുത്താൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം പ്രതിരോധിക്കാം. തുടർന്നുള്ള രണ്ടു മാസങ്ങളിലും ഇതേ രീതിയിൽ കഡാവർ നിക്ഷേപം നടത്തണം.   പിണ്ടിപ്പുഴുവിന്റെ ആക്രമണം നടക്കുന്ന വാഴകളിലെ ദ്വാരത്തിലേക്ക് ശൈശവദശയിലുള്ള നിമാവിര അടങ്ങിയ ലായനി കുത്തിവയ്ക്കുകയും ചെയ്യാം. വാഴ നടുമ്പോഴും രണ്ടാം മാസത്തിലും അഞ്ചാം മാസത്തിലും മിത്രനിമാവിര അടങ്ങിയ നാല് കഡാവർ വീതം പ്രയോഗിച്ചാൽ മതി. കണ്ണാറ വാഴഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ഗവാസ് രാഗേഷ് കണ്ടുപിടിച്ച സാങ്കേതികവിദ്യയ്ക്ക് ദേശീയതലത്തിൽ അംഗീകാരം കിട്ടിയിട്ടുണ്ട്.

മികച്ച ടിഷ്യുകൾച്ചർ തൈകൾ

വൈറസ് രോഗങ്ങളെ ചെറുക്കാൻ സാധിക്കുന്നില്ലെന്നതായിരുന്നു ടിഷ്യുകൾച്ചർ വാഴത്തൈകളുെട ഒരു പോരായ്മ.  എന്നാൽ വൈറസ് ഇൻഡക്സിങ് എന്ന സാങ്കേതികവിദ്യയിലൂെട മാതൃകോശങ്ങളിലെ വൈറസ് സാന്നിധ്യം തിരിച്ചറിയാനും രോഗബാധയില്ലാത്ത തൈകൾ ഉൽപാദിപ്പിക്കാനുമുള്ള സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണ്.  തൈകളിൽ വൈറസ് സാന്നിധ്യമില്ലെന്ന് ഉറപ്പാക്കാനായി കൃഷിക്കാർക്ക് സ്വയം ഉപയോഗിക്കാവുന്നതും ചെലവു കുറഞ്ഞതുമായ പരിശോധനാകിറ്റ് ദേശീയ വാഴഗവേഷണകേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ടിഷ്യുകൾച്ചർ തൈകൾ ഉൽപാദിപ്പിക്കാൻ സഹായകമായ ബയോറിയാക്ടറാണ് ഈ രംഗത്തെ മറ്റൊരു മുന്നേറ്റം.

കപ്പലിലാണേ കുലകളിനി

കേരളത്തിൽനിന്നു ഗൾഫിലേക്ക് എത്രമാത്രം നേന്ത്രപ്പഴമാണ് ഓരോ വർഷവും കയറ്റി അയയ്ക്കുന്നത്. ഇവിടെനിന്നു ഗൾഫിലെത്തുമ്പോൾ േനന്ത്രപ്പഴത്തിന്റെ വിലയിലുണ്ടാകുന്ന അന്തരം വളരെ വലുതാണ്. എന്നാൽ ഇതിനു പിന്നിലെ കാരണം അന്വേഷിച്ചിട്ടുണ്ടോ? വിമാനടിക്കറ്റിന്റെ കാശാണത്. വിമാനത്തിൽ നേന്ത്രപ്പഴം കയറ്റി അയയ്ക്കുന്നതിനുള്ള ഉയർന്ന നിരക്കാണ് ഗൾഫിൽ നാടൻ പഴങ്ങളുെട വില അമിതമാകാൻ കാരണം.

ഇതിനു പരിഹാരമാണ് ദേശീയ വാഴഗവേഷണ കേന്ദ്രത്തിന്റെ പുതിയ സാങ്കേതികവിദ്യ.  വാഴപ്പഴം കപ്പലിൽ അയയ്ക്കാനുള്ള പ്രത്യേക സാങ്കേതികവിദ്യയാണിത്. ഇതിന്റെ ആവശ്യമെന്താണെന്ന് അറിയാമല്ലോ? വിമാനത്തിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് ഗൾഫിലെത്തുന്ന പഴങ്ങൾ കപ്പൽ കയറി അറബിക്കടൽ കടക്കാൻ ഒരാഴ്ചയിലധികം വേണ്ടിവരും. ഇക്കാലയളവിനുള്ളിൽ അവ പഴുത്ത് നശിക്കാതിരിക്കാൻ ചില പ്രത്യേക നടപടിക്രമങ്ങൾ പാലിക്കണം. അവ കൃത്യമായി കണ്ടെത്തി രേഖപ്പെടുത്താൻ ദേശീയ വാഴഗവേഷണകേന്ദ്രത്തിനു കഴിഞ്ഞിട്ടുണ്ട്. അങ്കമാലിയിലെ ഫെയർ എക്സ്പോർട്സ് എന്ന സ്ഥാപനം ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കയറ്റുമതി ആരംഭിച്ചതോെട കടത്തുകൂലി ഏഴിലൊന്നായി കുറഞ്ഞു. ദുബായ്, അബുദാബി എന്നിവിടങ്ങളിലെ ലുലു മാളിൽ നാടൻ േനന്ത്രപ്പഴം എത്തിക്കുന്ന കമ്പനി ഇനി ആഴ്ചതോറും  20 ടൺ  കയറ്റി അയയ്ക്കാനുള്ള തയാറെടുപ്പിലാണ്. ഒരു ടൺ വാഴപ്പഴത്തിന്റെ കടത്തുകൂലിയിൽ അര ലക്ഷം രൂപവരെ ഇപ്രകാരം ലാഭിക്കാം! ഈ നേട്ടം ഉൽപാദകരും ഉപഭോക്താക്കളുമായി പങ്കുവയ്ക്കുന്നതോെട കൃഷിക്കാർക്കു കൂടുതൽ വരുമാനമാകും. ഉപഭോക്താക്കൾക്കു  കുറഞ്ഞ വിലയ്ക്കു വാഴപ്പഴം കിട്ടും.

പഴം ഉണക്കൽ

ഏതു വാഴപ്പഴമായാലും ചില സമയത്ത് വില തീരെ താഴും. പത്തു രൂപ പോലും കിലോയ്ക്ക് വിലയില്ലാതെ വരുമ്പോൾ കൃഷിക്കാരന്റെ നിരാശ ചെറുതല്ല. കുടുംബാംഗങ്ങൾക്കു  കഴിച്ചു തീർക്കാവുന്നതിനു പരിധിയുണ്ടല്ലോ? വിലത്തകർച്ചയുെട അവസരങ്ങളിൽ പഴം ഉണക്കി സൂക്ഷിക്കുകയാണ് ഒരു പോംവഴി. പുരയിടക്കൃഷിയിലുണ്ടാകുന്ന ഒന്നോ രണ്ടോ കുലകൾ ഉണങ്ങുക പ്രയാസമുള്ള കാര്യമല്ല.  എന്നാൽ വാണിജ്യാടിസ്ഥാനത്തിൽവാഴക്കൃഷി ചെയ്യുന്നവരോ? അവർക്കു  ഡ്രയറിന്റെ സഹായത്തോെട പഴങ്ങൾ ഉണക്കി വിപണിയിലെത്തിക്കാം. ഉണങ്ങിയ പഴം വായുരഹിതമായി പായ്ക്ക് ചെയ്തും പഞ്ചസാര ലായനിയിലിട്ടും സൂക്ഷിക്കാം.     ഇപ്രകാരം വാഴപ്പഴം ഉണക്കി സംസ്കരിച്ചു വിപണിയിലെത്തിക്കുന്ന ഒരു യൂണിറ്റിനു വിഎഫ്പിസികെ തുടക്കം കുറിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കു സമീപം പാറത്തോട്ടിലാണ്  സംസ്കരണകേന്ദ്രം.  പ്രതിമാസം 250 കിലോ ഉണങ്ങിയ പഴങ്ങൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റിനു  മുതൽമുടക്ക് 25 ലക്ഷം രൂപയാണെന്ന് ഡപ്യൂട്ടി മാനേജർ ആർ. രമ്യ  പറഞ്ഞു. പൈനാപ്പിളും ഇവിടെ ജലാംശം നീക്കി സംസ്കരിക്കുന്നുണ്ട്. പഴങ്ങളിൽനിന്നുള്ള സിറപ്പാണ് മറ്റൊരു ഉൽപന്നം. പത്തു കിലോ നേന്ത്രപ്പഴം ഉണങ്ങിയാൽ ഒരു കിലോ ഉണങ്ങിയ പഴം കിട്ടുമെന്നാണ് കണക്ക്.  കിലോയ്ക്ക് 550 രൂപ നിരക്കിൽ ഇവ വാങ്ങി  ‘തളിർ’ ബ്രാൻഡിൽ വിഎഫ്പിസികെ വിപണിയിലെത്തിക്കും. നേന്ത്രപ്പഴത്തിനു കിലോയ്ക്ക് 40 രൂപ ഉറപ്പാക്കാൻ ഈ സംരംഭം സഹായിക്കുമെന്നു പാറത്തോട്ടിലെ സ്വാശ്രയസമിതി പ്രസിഡൻറ് എം.ജെ. തോമസ് പറഞ്ഞു. 

ഫോൺ: 9447279492