Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാറ്റുവേലയ്ക്കൊരുങ്ങി കർഷകർ, തൈകളൊരുക്കി ജോർജേട്ടനും

മുളന്തുരുത്തി ∙ ഒടിച്ചുകുത്തിയാലും പിടിച്ചു പോരുന്ന കാലമായ തിരുവാതിര ഞാറ്റുവേലയ്ക്കൊരുങ്ങി കർഷകർ. സൂര്യപ്രകാശം, പെയ്തൊഴിയാത്ത മഴ, ഏതുമരത്തെയും ഉലയ്ക്കുന്ന തെക്കുപടിഞ്ഞാറൻ കാറ്റ് എന്നിങ്ങനെ എല്ലാം ഒത്തുചേരുന്ന പ്രകൃതിയുടെ വരദാനമാണു തിരുവാതിര ഞാറ്റുവേല.

പരിചരണം കാര്യമായി നൽകാതെതന്നെ മികച്ച രീതിയിൽ കൃഷികൾ വളരുമെന്നതാണു ഞാറ്റുവേലയുടെ സവിശേഷത. ഇന്നു മുതൽ പതിനാലു ദിവസം കർഷകർക്കു ഞാറ്റുവേലയുടെ കാലമാണ്. ഓണ വിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറിക്കൃഷിയുടെ തുടക്കവും തിരുവാതിര ഞാറ്റുവേലയോടെയാണ്. ഞാറ്റുവേലയിൽ എല്ലാ വീടുകളിലും ഒരു തൈ എങ്കിലും നടുകയെന്നതു സംസ്കാരമായി മാറ്റുകയെന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള പരിശ്രമത്തിലാണു ഹരിതഗ്രാമമായ തുരുത്തിക്കരയിലെ കാഞ്ഞിരംകോലത്ത് ജോർജേട്ടൻ. 

ഞാറ്റുവേല എത്തിയതോടെ ജോർജേട്ടന്റെ വീട് നഴ്സറിയായി. സ്വന്തം കൃഷിക്കു പുറമേ, മുളന്തുരുത്തി പഞ്ചായത്ത് ക്ലസ്റ്റർ പ്രസിഡന്റ് കൂടിയായതിനാൽ പഞ്ചായത്തിലുള്ളവർക്കും ഞാറ്റുവേലക്കുള്ള തൈകൾ ഒരുക്കുന്ന തിരക്കിലാണു ജോർജേട്ടനും ക്ലസ്റ്റർ ഭാരവാഹികളും. ഇതിനോടകം ഞാറ്റുവേലയ്ക്കായി ജോർജേട്ടന്റെ വീടിനോടു ചേർന്നു നിർമിച്ച മഴമറയിൽ പതിനയ്യായിരം തൈകൾ ഒരുങ്ങി. വിവിധ തരം പയർ, തക്കാളി, വെണ്ട, വെള്ളരി, വഴുതന, മത്തൻ, കുമ്പളം, പീച്ചിൽ എന്നിവയുടെ തൈകളാണിവിടെയുള്ളത്.

ഗ്രാമവികസന വകുപ്പിൽ അസി. ഡവലപ്മെന്റ് കമ്മിഷണറായിരുന്ന ജോർജ് 2007 ൽ വിരമിച്ചതോടെയാണു മുഴുവൻ സമയ കർഷകൻ എന്ന നിലയിലേക്കു മാറിയത്. ഓരോ കൃഷിയെക്കുറിച്ചു പഠിച്ചും പുതിയ രീതികൾ കണ്ടുപിടിച്ചുമാണ് ഈ അറുപത്തഞ്ചുകാരൻ കൃഷിയിൽ നേട്ടം കൊയ്യുന്നത്. കപ്പ, വാഴ, നെല്ല്, ചേന, ചേമ്പ്, കുരുമുളക്, പച്ചക്കറി എന്നു വേണ്ട ജോർജേട്ടന്റെ പറമ്പിൽ ഇല്ലാത്ത കൃഷികളില്ല. 

മാതൃകാ രീതികൾ 

വാഴ കാറ്റിൽ ഒടിഞ്ഞു വീഴാതിരിക്കാൻ കോളർ മുതൽ ഗ്രോബാഗ് പച്ചക്കറിക്കൃഷി നനയ്ക്കുന്നതിനു വരെ ജോർജേട്ടനു തനതു രീതികളുണ്ട്. വാഴകൾ കുലയ്ക്കുമ്പോൾ താങ്ങു നൽകുന്നതിനു പകരം കുലയുടെ ഭാഗത്ത് ഇരുമ്പു കമ്പി വളച്ചു കോളർ ഇടുകയും എല്ലാ വാഴകളിലെയും കോളറുകൾ തമ്മിൽ ബന്ധിപ്പിച്ചു കെട്ടുന്നതുമാണു രീതി. 

ഇങ്ങനെ ചെയ്താൽ കാറ്റിൽ ഒരു വാഴപോലും ഒടിഞ്ഞു വീഴില്ലെന്നാണു ജോർജേട്ടൻ പറയുന്നത്. ഇതു വെറും പറച്ചിലല്ല, പ്രയോഗികമായി നടപ്പാക്കിയും കാണിച്ചുതരും ഈ കർഷകൻ. കമ്പി വളച്ച് ഒരു കോളർ നിർമിക്കുന്നതിന് ഇരുപതു രൂപയോളം ചെലവു വരുമെങ്കിലും വർഷങ്ങളോളം ഉപയോഗിക്കാമെന്നതാണു ഗുണം. കപ്പയ്ക്കു വിളവു കൂടാനും ഡബിൾ ലയർ വിദ്യയുണ്ട്.    

കപ്പ കുത്തുമ്പോൾ മണ്ണിനടിയിൽ പോകുന്ന ഭാഗത്തു കപ്പക്കോലിൽ മുർച്ചയുള്ള കത്തിയോ ബ്ലേഡോ ഉപയോഗിച്ചു വളയം പോലെ തൊലി എടുത്തു മാറ്റണം. ഇങ്ങനെ ചെയ്താൽ അവിടെയും വേരു പൊട്ടി രണ്ടു ലയറുകളിലായി കപ്പയുണ്ടാകുന്നതാണു വിളവു കൂട്ടുന്നത്. ടെറസിൽ ഗ്രോബാഗ് കൃഷി ചെയ്യുന്നവർക്കു പരീക്ഷിക്കാവുന്നതാണു ജോർജേട്ടന്റെ തിരിനന. 

നാലിഞ്ച് പിവിസി പൈപ്പ് ഇരുവശവും അടച്ചശേഷം ഗ്രോബാഗിലും പൈപ്പിലും ദ്വാരമുണ്ടാക്കി ബാഗിൽ നിന്നു കോട്ടൻ തിരി പൈപ്പിലേക്കിടുന്നതാണു രീതി. ശേഷം പൈപ്പിൽ വെള്ളം ഒഴിച്ചാൽ തിരിയിലൂടെ വിളയ്ക്കാവശ്യമായ വെള്ളം ഗ്രോബാഗിലെത്തും.    ആഴ്ച്ചയിൽ ഒരിക്കൽ പൈപ്പിൽ വെള്ളം ഒഴിച്ചാൽ മതിയെന്നതാണ് ഇതിന്റെ നേട്ടമായി ജോർജേട്ടൻ പറയുന്നത്. കൃഷി ചെയ്യുമ്പോളും ടെറസ് വൃത്തിയായി സൂക്ഷിക്കാനും ഇതിലൂടെ കഴിയും. 

കെണികളുടെ തോഴൻ 

ജോർജേട്ടന്റെ കൃഷിയിടത്തിലൂടെ നടന്നാൽ പലതരത്തിലുള്ള കെണികൾ കാണാം. വിളകൾ നശിപ്പിക്കുന്ന ഈച്ചകൾക്കായി പലതരത്തിലുള്ള കെണികളാണുള്ളത്. മഞ്ഞക്കെണി, ഫിറമോൺ കെണി, മഞ്ഞലൈറ്റ് കെണി എന്നിങ്ങനെ നീളുന്നു കെണികളുടെ എണ്ണം. കാ ഈച്ചകളെയും വെള്ളീച്ചകളെയും തുരത്താനാണു കെണികളെല്ലാം. കൃഷി തുരക്കുന്ന എലികൾക്കുമുണ്ടു പലതരം കെണികൾ.