Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുമുളകിന്റെ ദ്രുതവാട്ടം: കാരണം, പ്രതിവിധി

എനിക്കു പതിന്നാലു ചുവട് കുരുമുളകുചെടിയുണ്ട്. സാമാന്യം കരുത്തോടെ വളരുന്നു, മോശമല്ലാത്ത വിളവും ലഭിക്കുന്നുണ്ട്. ഇവയിലൊന്നിന്റെ തണ്ട് ഉണങ്ങുന്നു. കാരണമെന്ത് പ്രതിവിധിയെന്ത്.

ദ്രുതവാട്ടമാണിത്. രോഗഹേതു ഒരിനം കുമിളാണ്. കാല വർഷാരംഭത്തോടെയാണ് രോഗം കണ്ടുവരുന്നത് . തണ്ട് ഉണങ്ങി, ഇലകൾ പൊഴിഞ്ഞ് പൂർണമായും നശിക്കുന്നതാണ് രോഗം.

നിയന്ത്രണമാർഗങ്ങൾ: ചെടിക്ക് ചുറ്റും 50 സെ.മ‍‍‍ീ വിസ്താരത്തിൽ തടമെടുത്ത് അതിൽ ഒരു ശതമാനം വീര്യമുള്ള ബോൾഡോമിശ്രിതം ഒഴിക്കുക. ചുവട് നല്ലതുപോലെ നനയാൻ ചെടിയൊന്നിന് 5–10 ലീറ്റർ ലായനി വേണ്ടിവരും. വള്ളിച്ചുവട്ടിൽ നിന്നു മുകളിലേക്ക് 40 സെ.മീ. ഉയരം വരെ ബോർഡോ കുഴമ്പ് പുരട്ടുക. ബോർഡോമിശ്രിതം ഒരു ശതമാനം, വള്ളി മുഴുവൻ നനയത്തക്കവിധം തളിക്കുകയും വേണം മേൽക്കൊടുത്തതെല്ലാം തുലാവർഷാരംഭത്തിനുമുമ്പ് ആവർത്തിക്കണം കേടുവന്നവ ചുവടെ പിഴുത് നശിപ്പിക്കുക.

മറ്റു മുൻകരുതലുകൾ: തോട്ടത്തിൽ വെള്ളം കെട്ടിനിൽക്കാൻ ഇടയാകരുത്. മഴത്തുള്ളി വീണു മണ്ണ് വള്ളിയിൽ പതിക്കുന്നതു തടയാൻ ആവരണവിളകൾ നട്ടുപിടിപ്പിക്കുക. കാലവർഷാരംഭത്തിൽ കൊടിയൊന്നിന് ഒരു കിലോ കുമ്മായവും രണ്ടുകിലോവേപ്പിൻപിണ്ണാക്കും ചേർക്കുക. ചാണകം –വേപ്പിൻ പിണ്ണാക്കു മിശ്രിതത്തിൽ ട്രൈക്കാഡർമ കൾച്ചർ വളർത്തിയെടുത്ത് ചെടിയൊന്നിന് അഞ്ചു കിലോ തോതിൽ ജൂൺ – ജൂലൈ മാസങ്ങളിൽ മഴ ലഭിക്കുന്നതോടെ മണ്ണിൽ ചേർക്കുകയും വേണം.

മുഹമ്മദ് ഇബ്രാഹിം

മേലേക്കാവിൽ, പെരിന്തൽമണ്ണ