മഴമറ നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തതുമൂലവും, വിളകളിൽ മഴനേരിട്ടു പതിക്കുമ്പോൾ ഉണ്ടാകുന്ന പൂകൊഴിച്ചിൽ, മറ്റ് അഴുകൽ രോഗങ്ങൾ,  മുരടിപ്പ് എന്നിവ മൂലവും മഴക്കാലത്ത് പച്ചക്കറിക്കൃഷി ഏറക്കുറെ അസാധ്യമാണ്.  മഴമറയിലുള്ള കൃഷി ആണ് ഇതിനു പരിഹാരം. മഴയെ ചെറുക്കുന്നതിനൊപ്പം ശുദ്ധവായു കയറിയിറങ്ങാൻ അവസരം നൽകുന്ന സംരക്ഷിത കൃഷിരീതിയാണിത്. ഇതിലുപയോഗിക്കുന്ന യുവി ഷീറ്റ് അൾട്രാവയലറ്റ് കിരണങ്ങളെ ചെറുത്തു കൃഷിക്കാവശ്യമായുള്ള സൂര്യപ്രകാശം മാത്രം  ഉള്ളിലേക്കു കയറ്റിവിടുന്നു. നിഴൽ വീഴാത്ത, ചിതറിയ പ്രകാശം മൂലം വിളയുടെ എല്ലാ ഇലകളിലും തുല്യമായി സൗരോർജം ലഭിക്കുകയും പ്രകാശസംശ്ലേഷണം  കാര്യക്ഷമമായി നടക്കുകയും ചെയ്യുന്നു എന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത.

രണ്ട്, ഒന്നര  ഇഞ്ച് ജി ഐ  പൈപ്പ് ഉപയോഗിച്ചും  മുള, കമുക് , ചൂള മരം മുതലായവ ഉപയോഗിച്ചും മഴമറകൾ നിർമിക്കാം.  മുള, കമുക്, ചൂള എന്നിവ ഉപയോഗിക്കുമ്പോൾ ചട്ടക്കൂടിനു  ത്രികോണാകൃതിയാണ് നല്ലത്. ജി  ഐ പൈപ്പ് ഉപയോഗിക്കുമ്പോൾ മുകളിൽ ആർച്ച് ആകൃതി സ്വീകരിക്കാം. പായൽ പിടിച്ച ഷീറ്റ് കഴുകാനും വൃത്തിയാക്കാനും ആർച്ച് ആകൃതിയിലുള്ള നിർമാണമാണ് നല്ലത്. മരക്കാലുകൾ ഉപയോഗിക്കുമ്പോൾ മണ്ണിനടിയിൽ പോകുന്ന ഭാഗങ്ങൾ  ടാറിൽ മുക്കി ഉണക്കിയശേഷം പ്ലാസ്റ്റിക്  പൊതിഞ്ഞു മണ്ണിനടിയിൽവച്ച് ഉറപ്പിച്ചാൽ കൂടുതൽ കാലം നിൽക്കും.

  ചട്ടക്കൂടിന്റെ മുകളിൽ ആവരണം ചെയ്യാനായി 200 മൈക്രോൺ കനമുള്ള യു വി സ്റ്റെബിലൈസ്ഡ് പോളിത്തീൻ ഷീറ്റുകൾ ആണ് ഉപയോഗിക്കേണ്ടത്. ഇവയ്ക്കു ചതുരശ്ര മീറ്ററിന് 60 – 75 രൂപ വരെ വില വരും. 4.5, 7, 9  മീറ്റർ വീതിയിലുള്ള യു വി സ്റ്റെബിലൈസ്ഡ് പോളിത്തീൻഷീറ്റുകൾ വിപണിയിൽ ലഭ്യമാണ്. എട്ടു മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള (ഒരു സെന്റ്) മഴമറ നിർമിക്കാൻ ഏഴ് മീറ്റർ വീതിയുള്ള ഷീറ്റുകളാണ് നല്ലത്. രണ്ടു സെന്റിലുള്ള മഴമറ നിർമിക്കുമ്പോൾ ഒമ്പതുമീറ്റർ വീതിയുള്ള ഷീറ്റ് ഉപയോഗിക്കണം. 

ശീതകാല പച്ചക്കറികളായ കാബേജ്,കോളിഫ്‌ളവർ, സവാള, കാരറ്റ്, ക്യാപ്സിക്കം മുതലായവയും തക്കാളി, മുളക്, സാലഡ് വെള്ളരി എന്നിവയുമാണ് മഴമറക്കൃഷിക്കു യോജിച്ച വിളകൾ. ചീരപോലെയുള്ള ഇലക്കറിവർഗങ്ങൾ മഴക്കാലത്ത് മഴമറയിൽ കൃഷി ചെയ്‌താൽ കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കും. സീസണ് മുൻപായി പച്ചക്കറികൾ തയാറാകുമ്പോൾ കൂടുതൽ വില കിട്ടുന്നു.‌

പോട്ടിങ് മിശ്രിതമായി മണ്ണ്, ചാണകപ്പൊടി, മണൽ അല്ലെങ്കിൽ ചകിരിച്ചോർ എന്നിവ 2:1:1 അനുപാതത്തിൽ കൂട്ടിച്ചേർക്കണം. ഇതിനായി ഉപയോഗിക്കുന്ന മേൽമണ്ണിൽ മിശ്രിതം ഉണ്ടാക്കുന്നതിന് ഒരാഴ്‌ച മുൻപ് കുമ്മായപ്രയോഗം നടത്തണം. 100 കിലോ മണ്ണിനു രണ്ടു കിലോ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ഇതിനായി ഉപയോഗിക്കാം. ഒരു വിള തീരാറാകുമ്പോൾതന്നെ അടുത്ത വിളയുടെ തൈകൾ പ്രോട്രേകളിൽ മഴമറയുെട ഒരു ഭാഗത്തു തയാറാക്കണം.

സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് മഴമറ നിർമിക്കാൻ അനുയോജ്യം.  മഴക്കാലത്ത് ലഭ്യമായ സൂര്യപ്രകാശത്തിന്റെ പൂർണ ഉപയോഗത്തിനായി തെക്കു വടക്കു ദിശയിൽ മഴമറ നിർമിക്കുന്നതാണ് നല്ലത്.   തണലുള്ള സ്ഥലങ്ങളിൽ മഴമറ നിർമിച്ചാൽ അതിനുള്ളിലെ വിളകളുടെ ഉയരം ക്രമാതീതമായി വർധിക്കും.മൃഗങ്ങളിൽനിന്നും വളർത്തുപക്ഷികളിൽനിന്നും വിളയെ സംരക്ഷിക്കാൻ മഴമറയുടെ നാലു വശവും ഒരു മീറ്റർ ഉയരത്തിൽ തണൽവല വലിച്ചു കെട്ടണം.

രോഗനിയന്ത്രണത്തിനായി ട്രൈക്കോഡർമയും സ്യൂഡോമോണാസും ഉപയോഗിക്കാം. രണ്ടു ഗ്രാം സ്യൂഡോമോണാസ്  ഒരു ലീറ്റർ വെള്ളത്തിൽ നേർപ്പിച്ചു 10 ദിവസത്തിലൊരിക്കൽ തളിച്ച് കൊടുക്കണം. ഇത് കൂടാതെ ട്രൈക്കോഡെർമ ഒരു തടത്തിൽ 100 ഗ്രാം  ഇളക്കി ചേർക്കണം. കുമിൾബാധയെ ചെറുക്കാൻ ഇവ ഏറെ സഹായിക്കും.\മഴമറയുെട മേൽക്കൂരയിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിൽ പായൽ പിടിക്കുന്നതുമൂലം സൂര്യപ്രകാശം അകത്തേക്കു കടക്കാത്ത സ്ഥിതിയുണ്ടാവാറുണ്ട്. മിനുസമുള്ള പ്ലാസ്റ്റിക് കുഴൽ കൂരയ്ക്കു മീതേ ഇരുവശങ്ങളിലേക്കുമിട്ട് രണ്ടറ്റത്തും പിടിച്ചു  വലിക്കുകയാണെങ്കിൽ ഷീറ്റ് കീറാതെ പായൽ ഉരച്ചുകളയാനാവും.

ഫോൺ: 9746469404