ഇലക്കാലൻ വരും; തടയണമവനെ

കുരുമുളകു വള്ളി നടാൻ പറ്റിയ സമയം

ഓണവിപണിയെ ലക്ഷ്യമാക്കി കൃഷി ആരംഭിച്ച പച്ചക്കറി വിളകളും പൂക്കൃഷിയും പാതി വഴിയിലാണ്. മികച്ച വിളവിനു നല്ല കരുതൽ ആവശ്യമാണ്. പച്ചക്കറികളിൽ കളനിയന്ത്രണം പ്രധാനപ്പെട്ട കാര്യമാണ്. പാവൽ, പയർ, പടവലം, വെള്ളരി, മത്തൻ, കുമ്പളം എന്നിവയ്ക്കു വള്ളി വീശി തുടങ്ങുമ്പോഴേക്കും മേൽവളം നൽകണം. ജൈവ വളമാണു നൽകുന്നതെങ്കിൽ കപ്പലണ്ടിപ്പിണ്ണാക്ക് ചെടിയൊന്നിന് 100 ഗ്രാം എന്ന അളവി‌‌‌‌ൽ നൽകാം. കൂടാതെ വെർമിവാഷ് നാല് മില്ലി / ഒരു ലീറ്റർ എന്ന തോതിലെടുത്ത് ഇലകളിൽ തളിച്ചുകൊടുക്കണം.

കുരുമുളക്

വേരുപിടിപ്പിച്ച കുരുമുളകു വള്ളികൾ നടാൻ പറ്റിയ സമയമാണ്. നടുന്ന സ്ഥലങ്ങളിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. നടുന്നതിനോടൊപ്പം ട്രൈക്കോണ്ഡർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ഒരു കിലോഗ്രാം ഒരു കടയ്ക്ക് എന്ന രീതിയിൽ നൽകുന്നത് ദ്രുതവാട്ടം തടയും.

ചെണ്ടുമല്ലി / പുഷ്പവിളകൾ

ചെണ്ടുമല്ലി നട്ട കർഷകർ നട്ട് ഒരു മാസമാകുമ്പോഴേക്കും തലപ്പു നുള്ളിക്കൊടുക്കണം. തലപ്പു നുള്ളിക്കളയുന്നതുവഴി ചെടിയിൽ ധാരാളം ശാഖകൾ ഉണ്ടാകുന്നതിനു കാരണമാകും. കൂടാതെ വാട്ടരോഗമുണ്ടെങ്കിൽ ജൈവ കുമിൾ നാശിനികൾ ഉപയോഗിച്ചു തടം കുതിർക്കണം. ഓർക്കിഡ്, ആന്തൂറിയം, മറ്റു പുഷ്പവിളകൾ എന്നിവയിൽ എല്ലാംതന്നെ മഴക്കാലത്ത് ഇലപ്പുള്ളിരോഗം, ഇലക്കരിച്ചിൽ എന്നീ കുമിൾ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. സ്യൂഡോമോണാസ് എന്ന ജീവാണു കുമിൾനാശിനി – 5 മില്ലി ഒരു ലീറ്റർ എന്ന തോതിലെടുത്ത് ഇലകളിൽ തളിക്കണം.

ചാഴിശല്യം

പച്ചക്കറികളിൽ പുഴു, ഇലക്കാലൻ ചാഴി എന്നിവയുടെ ആക്രമണം കണ്ടുവരുന്നു. ഇലക്കാലൻ ചാഴിയുടെ ആക്രമണം പ്രധാനമായും പാവൽ, പയർ എന്നീ വിളകളിലാണ് കാണുന്നത്. ഇത്തരം ചാഴികളുടെ കാലുകൾ ഇലകളുടേതിനു സമാനമാണ്. കായ്കളിൽ പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റി കുടിക്കുന്നതോടെ കായ്കൾ മഞ്ഞനിറമാകുന്നു.

മുൻകാലങ്ങളിൽ വളരെ ചെറിയ തോതിൽ മാത്രം ആക്രമിച്ചിരുന്ന ഇലക്കാലൻ ചാഴികൾ ഇപ്പോൾ ഒരു സുപ്രധാന കീടമായിരിക്കുകയാണ്. ചാഴി പെരുകുന്നതു തടയുവാനായി ബ്യൂവേറിയ ബാസിയാന എന്ന  ജൈവ കീടനാശിനി 20 ഗ്രാം ഒരു ലീറ്റർ എന്ന തോതിൽ ഉപയോഗിക്കാം. കൂടാതെ ഫിഷ് അമിനോ ആസിഡ്    അഞ്ചു മില്ലി ഒരു ലീറ്റർ എന്ന തോതിലെടുത്ത് ഇലകളിലും കായ്കളിലും തളിച്ചുകൊടുക്കാം.

തയാറാക്കിയത്

ജോസഫ് ജോൺ‌ തേറാട്ടിൽ,

കൃഷി ഓഫിസർ, പഴയന്നൂർ‌.

johntj139@gmail.com