വഴുതന, കുമ്പളം കൃഷി ഇങ്ങനെ

ഇനം: സിഒ–2, വിത്തിന്റെ അളവ്: ഒരു സെന്റിന് ഒന്നര – രണ്ടു ഗ്രാം, അകലം: 90 x 60 സെ.മീ.കാലാവധി  എട്ടു മാസം, വിളവ് 100 കിലോ / സെന്റ്.തണ്ടുകളിലും ഇലകളിലും മുള്ളുകളില്ല.ഇളം വയലറ്റ്  പൂവുകൾ, വെളുപ്പും വയലറ്റും വരകളോടു കൂടിയ ഉരുണ്ട കായ്കൾ, അടുക്കളത്തോട്ടത്തിന് യോജിച്ച ഇനം.

നഴ്സറി: പറിച്ചു നടുന്ന   വിളയാണ്. വിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം.  

തുറസ്സായ, നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടങ്ങളിൽ വളക്കൂറുള്ള മേൽമണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേർത്താണ് നഴ്സറി ഒരുക്കേണ്ടത്. വിത്തു പാകിയശേഷം വാരങ്ങളിൽ പുതയിടുക. മുളച്ചു തുടങ്ങിയാൽ പുത മാറ്റുക. നിശ്ചിത ഇടവേളകളിൽ രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി തളിച്ചു കൊടുക്കണം. തൈകളുടെ പുഷ്ടി വർധിപ്പിക്കുന്നതിനു വേണ്ടി ചാണകപ്പാലോ നേർപ്പിച്ച ഗോമൂത്രമോ (പത്തിരട്ടി വെള്ളം ചേർത്ത്) തളിക്കുക.

നടീല്‍, വളപ്രയോഗം

കൃഷിസ്ഥലം നന്നായി കിളച്ച് നിരപ്പാക്കുക. അമ്ലതയുള്ള മണ്ണാണെങ്കിൽ സെന്റൊന്നിന് രണ്ടു കിലോ കുമ്മായം ചേർത്ത് കൊടുക്കണം. സെന്റിന് 100 കിലോ ജൈവവളം ചേർക്കുക. മേൽവളമായി 8–10 ദിവസം ഇടവേളയിൽ താഴെ പറയുന്ന ഏതെങ്കിലും ജൈവവളം ചേർത്തു കൊടുക്കണം.

∙ ചാണകപ്പാൽ അല്ലെങ്കിൽ ബയോഗ്യാസ് സ്ലറി 200 ഗ്രാം നാലു ലീറ്റർ വെള്ളത്തിൽ ചേർത്തത്. 

∙ ഗോമൂത്രം അല്ലെങ്കിൽ വെർമിവാഷ് രണ്ടു ലീറ്റർ എട്ടിരട്ടി വെള്ളവുമായി ചേർത്തത്. 

∙ നാലു കിലോ മണ്ണിരക്കമ്പോസ്റ്റ്, കോഴിവളം അല്ലെങ്കിൽ ആട്ടിൻകാഷ്ഠം. 

∙ കടലപ്പിണ്ണാക്ക് 200 ഗ്രാം നാലു ലീറ്റർ വെള്ളത്തിൽ കുതിർത്തത്.

സസ്യസംരക്ഷണം

തണ്ട്/കായ്തുരപ്പൻ പുഴു, എപിലാക്നവണ്ട്, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ എന്നിവയാണ് പ്രധാന കീടങ്ങൾ.മണ്ണിൽ വേപ്പിൻപിണ്ണാക്ക് ഇടുക, ചെടിയുടെ കേടുവന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി നശിപ്പിക്കുക, വേപ്പിൻകുരുസത്ത് (5%) തളിക്കുക, വേപ്പെണ്ണ + വെളുത്തുള്ളി 2% മിശ്രിതം അല്ലെങ്കിൽ വേപ്പെണ്ണ 3% എമൽഷൻ തളിക്കുക.

കുറ്റിലയാണ് പ്രധാന രോഗം. ചെടിയുടെ ഇലകൾ കുറ്റികളായി മാറുകയും മൊട്ടുകൾ തമ്മിലുള്ള ഇടയകലം കുറയുകയും ചെടികളുടെ വളർച്ച മുരടിച്ചു പോവുകയും കായ്പിടിത്തം നിലയ്ക്കുകയും ചെയ്യുന്നു. രോഗം വന്ന ചെടികൾ പിഴുതു നശിപ്പിക്കുക. രോഗവാഹകരായ ജാസിഡ‍ുകളെ വെളുത്തുള്ളി–വേപ്പെണ്ണ മിശ്രിതം (2%) തളിച്ച് അകറ്റി രോഗം നിയന്ത്രിക്കാം.

ഇനം:  കെഎയു ലോക്കൽ, വിത്തിന്റെ അളവ്: ഏക്കറിന് 400 – 500 ഗ്രാം, അകലം : 4.5 x 2 മീറ്റർ. കാലാവധി : 140 –150 ദിവസം. വിളവ് 10–12 ടൺ/ഏക്കർ.

അത്യുൽപാദനശേഷിയുള്ള ഇനം, ഇടത്തരം വലുപ്പമുള്ള കായ്കൾ, ശരാശരി തൂക്കം അഞ്ചു കിലോ.  ഇളംപ്രായത്തിൽ കായ്കൾക്കു പച്ചനിറം, മൂക്കുമ്പോൾ ചാരനിറം.

നടീൽ, വളപ്രയോഗം

രണ്ടടി വലുപ്പവും ഒരടി ആഴവുമുള്ള കുഴിയെടുക്കുക. 50 കിലോ ചാണകം / കമ്പോസ്റ്റ് മേൽമണ്ണുമായി ചേർത്ത് കുഴികളിലിടുക. നാലഞ്ചു വിത്ത് വീതം ഒരു കുഴിയിൽ പാകുക. മുളച്ച് രണ്ടാഴ്ചയ്ക്കു ശേഷം ഒരു തടത്തിൽ നല്ല മൂന്നു തൈകൾ വീതം നിർത്തിയാൽ മതി. മേൽവളമായി ചാണകമോ കമ്പോസ്റ്റോ 30 കിലോ  വീതം  അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് 15 കിലോ രണ്ടു തവണയായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കൊടുക്കുക. രണ്ടാഴ്ചയിലൊരിക്കൽ ഒരു കിലോ  ചാണകം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പൂവിടുമ്പോൾ കൊടുക്കുക. വള്ളി വീശുമ്പോൾ തറയിൽ പടരുന്നതിനു സൗകര്യമൊരുക്കുക.

സസ്യസംരക്ഷണം(കീടങ്ങൾ)

കായീച്ച : കീടബാധയേറ്റ കായ്കൾ ശേഖരിച്ചു നശിപ്പിക്കുക. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിക്ക് 100 ഗ്രാം  എന്ന തോതിൽ വേപ്പിൻപിണ്ണാക്ക് ഇടുക. കെണികളൊരുക്കി കായീച്ചകളെ നശിപ്പിക്കാം.

നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ:  മഞ്ഞക്കെണി ഒരു സെന്റിന് ഒന്ന് എന്ന തോതിൽ കെട്ടുക,വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം തളിക്കുക. മഞ്ഞളിപ്പിനെ അതിജീവിക്കാൻ 10 ഗ്രാം മഗ്നീഷ്യം  സൾഫേറ്റ് /ഒരു ലീറ്റർ വെള്ളം എന്ന തോതിൽ തളിക്കുക.

ഇലതീനിപ്പുഴുക്കൾ: പുഴുക്കളെ ശേഖരിച്ചു നശിപ്പിക്കുക, അഞ്ചു ശതമാനം വേപ്പിൻകുരുസത്ത് (50 ഗ്രാം ഉണക്കിപ്പൊടിച്ച വേപ്പിൻകുരു ഒരു ലീറ്റർ വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്ത സത്ത്) തളിക്കുക, ഗോമൂത്രം ഒരു ലീറ്റർ + കാന്താരി 10 ഗ്രാം മിശ്രിതം തയാറാക്കി ഒൻപതു ലീറ്റർ വെള്ളം ചേർത്തു തളിക്കുക, ബിവേറിയ ബാസിയാന എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുക.

എപ്പിലാക്ന വണ്ട്: തവിട്ടുനിറത്തിൽ കറുത്ത പുള്ളികളുള്ള, അർധവൃത്താകൃതിയിലുള്ള വണ്ടുകളും മഞ്ഞനിറത്തിലുള്ള പുഴുക്കളും ഇലയിലെ ഹരിതകം കാർന്നു  തിന്ന് ഇലകൾ ഉണങ്ങിക്കരിയുന്നു. വേപ്പിൻകുരു അഞ്ചു ശതമാനം, വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം  എന്നിവയിൽ ഏതെങ്കിലും ഒന്നു തളിച്ച്  ഇവയെ നിയന്ത്രിക്കുക.

രോഗങ്ങൾ

മൊസേക്ക് രോഗം: ഇലകളിൽ പച്ചയും മഞ്ഞയും കലർന്ന നിറങ്ങൾ കാണുന്നു, ഇലകൾ മുരടിക്കുന്നു. പുതുതായി വരുന്ന ഇലകൾ ചെറുതാകുകയും മുരടിക്കുകയും ചെയ്യുന്നു, കായ്പിടിത്തം തീരെ കുറയുന്നു.നിയന്ത്രണം: രോഗം ബാധിച്ച ചെടികൾ നശിപ്പിച്ചു കളയുക, രോഗവാഹകരായ കീടങ്ങളെ നശിപ്പിക്കാൻ വേപ്പെണ്ണ, ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽരണ്ടു ശതമാനം വീര്യമുള്ള വേപ്പധിഷ്ഠിത കീടനാശിനി എന്നിവ ഉപയോഗിക്കുക.

ഇലപ്പുള്ളിരോഗം: ഇലയുടെ അടിഭാഗത്തു വെള്ളം വീണു നനഞ്ഞതുപോലുള്ള പാടുകൾ ഉണ്ടാവുകയും തുടർന്ന് ഇലയുടെ മുകൾഭാഗത്ത് മഞ്ഞപ്പുള്ളികൾ കാണുകയും ചെയ്യുന്നു. ക്രമേണ പുള്ളികൾ വലുതായി ഒന്നിച്ചു ചേർന്ന് ഇലകൾ കരിഞ്ഞുണങ്ങുന്നു.

നിയന്ത്രണം: രോഗലക്ഷണമുള്ള ഇലകൾ നശിപ്പിക്കുക, സ്യൂഡോമോണാസ് ലായനി രണ്ടു ശതമാനം (20 ഗ്രാം – ഒരു ലീറ്റർ വെള്ളം എന്ന തോതിൽ) ഇലയുടെ ഇരുവശങ്ങളിലും വീഴത്തക്കവിധം തളിക്കുക.

വിലാസം: ഡപ്യൂട്ടി മാനേജർ (വിത്തുൽ

പാദനം) വിഎഫ്പിസികെ, എസ്.പി.പി., ആലത്തൂർ. ഫോണ്‍: 9446400119