പ്രളയജലമെടുക്കാത്ത കൃഷി സംരക്ഷിക്കാൻ ചില നിർദേശങ്ങൾ

പ്രളയം ബാക്കിവച്ച കൃഷിയെങ്കിലും സംരക്ഷിക്കണ്ടേ?ഓണത്തിനായി കൃഷി ചെയ്തവിളകളിൽ പ്രളയജലമെടുക്കാത്തവ സംരക്ഷിക്കാൻ ചില നിർദേശങ്ങൾ...

കഴിഞ്ഞയാഴ്ചത്തെ അതിവർഷം താഴ്‌ന്ന പ്രദേശങ്ങളിലെ കൃഷി വെള്ളത്തിൽ മുക്കി. പുരയിടങ്ങളിലെ പച്ചക്കറിക്കൃഷിയുടെ വളർച്ച മുരടിച്ചു. പാടത്തെ പച്ചക്കറി, മരച്ചീനി, വാഴ എന്നിവ നാശത്തിന്റെ വക്കിലും. ദിവസങ്ങൾ നീണ്ട മഴയ്ക്കുശേഷം വെയിൽ ഇടവിട്ടു തെളിയുന്നുണ്ടെങ്കിലും ഉൽപാദനം ഗണ്യമായി കുറയുമെന്നാണു കൃഷിമേഖലയിലെ ആശങ്ക. ഈ  സാഹചര്യത്തെ വളരെ കരുതലോടെ നേരിടേണ്ടതുണ്ട്.  

വാഴ

വെള്ളക്കെട്ട് ഏറ്റവും അധികം ബാധിക്കുന്ന വിളകളിൽ ഒന്ന് വാഴയാണ്. വാഴത്തോട്ടങ്ങളിൽ പരമാവധി നീർവാർച്ച ഉറപ്പുവരുത്താൻ ശ്രമിക്കണം. ഊന്നു നൽകാത്ത ഇടങ്ങളിൽ അതു നിർബന്ധമായും നൽകണം. വേരുചീയൽ രോഗത്തെ പ്രതിരോധിക്കാൻ വെള്ളം വാർന്നതിനുശേഷം വാഴയൊന്നിന് ബ്ലീച്ചിങ് പൗഡർ നാല് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കലക്കി ചുവട്ടിൽ  ഒഴിച്ചു കൊടുക്കണം. കുമിൾ രോഗമായ ഇലപ്പുള്ളി രോഗത്തിന് മുൻകരുതലായി 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു കുളിർക്കെ തളിക്കാം.  രോഗബാധ രൂക്ഷമാണെങ്കിൽ ഒരു ഗ്രാം ബാവിസ്റ്റിൻ ഒരു ലീറ്റർ വെള്ളത്തിൽ പശ ചേർത്ത് ഇലയുടെ ഇരു വശങ്ങളിലും പതിയത്തക്കവിധം തളിച്ചു കൊടുക്കണം. 

നിലവിലെ സാഹചര്യത്തിൽ നിമാ വിരശല്യം കൂടാൻ സാധ്യതയുള്ളതിനാൽ  ബസീലിയോമൈസെറ്റ്‌സ് ലൈലാസിനസ് എന്ന മിത്ര കുമിൾ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. മൂലകങ്ങളുടെ അഭാവം ഉണ്ടാകാൻ സാധ്യതയുള്ളതു കൊണ്ട് വാഴയൊന്നിന് 250 ഗ്രാം കുമ്മായം നൽകി 10 ദിവസം കഴിഞ്ഞ്  50 ഗ്രാമും  15 ദിവസം കഴിഞ്ഞ്  മറ്റൊരു 50 ഗ്രാമും പൊട്ടാഷ് വളം നൽകണം. 

നെല്ല്

വെളളത്തിന്റെ നിരപ്പ്  അഞ്ചു സെന്റിമീറ്ററിൽ കൂടാതെ നോക്കണം. മേൽ വളമായി ഏക്കർ ഒന്നിന് 20 കിലോഗ്രം യൂറിയ നൽകണം. അല്ലെങ്കിൽ രണ്ട് ശതമാനം യൂറിയ തളിച്ചു കൊടുക്കാം. (20 ഗ്രാം യൂറിയ ഒരു ലീറ്റർ വെള്ളത്തിൽ). പോളരോഗം വരാൻ സാധ്യതയുള്ളതിനാൽ മുൻകരുതലായി ചാണകത്തെളിയിൽ (20 ഗ്രാം ചാണകം ഒരു ലീറ്റർ വെള്ളത്തിൽ) 20 ഗ്രാം സ്യൂഡോമൊണാസ് /ട്രൈക്കോഡെർമ കലർത്തി  തളിച്ചു കൊടുക്കാം. 

തെങ്ങ്

നീർവാർച്ച കുറവുള്ള  താഴ്‌ന്ന പ്രദേശങ്ങളിലെ  തെങ്ങിൻ തോപ്പിൽ ഒരു മീറ്റർ ആഴത്തിൽ ചാല് കീറി  കൊടുക്കണം. ചാലുകൾ വൃത്തിയാക്കണം. കൂമ്പുചീയൽ രോഗത്തിന് മുൻകരുതലായി സുഷിരങ്ങളിട്ട മാങ്കോസെബ് സാഷെ (അഞ്ച് ഗ്രാം) മൂന്നു പായ്ക്കറ്റ് വീതം കൂമ്പിനു ചുറ്റും  വച്ചുകൊടുക്കാം. ആദ്യവളം നൽകാത്ത തെങ്ങിൻ തോപ്പുകളിൽ വളം കൊടുക്കണം. 

കുരുമുളക്, ജാതി

കുരുമുളകിലും ജാതിയിലും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചു കൊടുക്കുന്നത് കുമിൾരോഗങ്ങളെ ചെറുക്കും. 

പച്ചക്കറി

പച്ചക്കറി വിളകളിൽ വളം ചേർത്ത് മണ്ണ് കയറ്റികൊടുക്കണം. താങ്ങ് ആവശ്യമായുള്ള വഴുതന, വെണ്ട വിളകൾക്കു കമ്പു കെട്ടി താങ്ങ് കൊടുക്കണം. വെള്ളരിവർഗ വിളകളിൽ  കായ നിലത്തു മുട്ടാതിരിക്കാൻ ശ്രദ്ധിക്കണം. കമ്പുകൾ വെട്ടിയിട്ടു  കൊടുത്ത് വള്ളി അതിൽ പടരാൻ  അനുവദിക്കണം.  രോഗങ്ങൾക്കു മുൻകരുതലായി ട്രൈക്കോഡെർമ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ 15 ദിവസം ഇടവിട്ട് തളിച്ചു കൊടുക്കാം. വേരുചീയൽ പോലുള്ള രോഗങ്ങൾക്കു മുൻകരുതലായി ചാണകപ്പൊടി–ട്രൈക്കോഡെർമ മിശ്രിതം നൽകാം.  രോഗം തീവ്രമായാൽ  സാഫ് എന്ന കുമിൾനാശിനി രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിന് എന്ന നിരക്കിൽ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ദ്വിതീയ സൂക്ഷ്‌മമൂലകക്കൂട്ടായ കെഎയു സമ്പൂർണ വെജിറ്റബിൾ മിശ്രിതം അഞ്ചു ഗ്രാം ഒരു ലീറ്റർ വെള്ളത്തിന് എന്ന തോതിൽ തളിച്ചു കൊടുക്കുന്നതു ചെടികൾക്കു കരുത്തു നൽകും.

തയാറാക്കിയത്: 

അഖിൽ ടി.തോമസ്, കെവികെ, തൃശൂർ 

ഫോൺ: 81579 34012