Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോഷകസമ്പന്നം പയർവിളകൾ

കേരളത്തിൽ കൃഷിക്കു പറ്റിയ ഇനങ്ങൾ, കൃഷിരീത‍ി

നമ്മുടെ ആഹാരത്തിൽ വർധിച്ച അളവിൽ ഉൾപ്പെടുത്തേണ്ട പോഷക ഘടകമാണ് മാംസ്യം (പ്രോട്ട‍ീൻ). മലയാളികൾ ധാന്യങ്ങൾ കഴിഞ്ഞാൽ അധികതോതിൽ കഴിക്കുന്നത് പയർവർഗങ്ങളാണ്. മാംസ്യലഭ്യതയ്ക്കു ചെലവ് കുറഞ്ഞ സ്രോതസാണ് പയർവർഗങ്ങൾ 17–25 ശതമാനം മാംസ്യാംശമുണ്ട്. പുറമേ കാത്സ്യം, ഫോസ്ഫറസ്, വിറ്റമിനുകൾ എന്നീ പോഷകങ്ങളും. ഭക്ഷ്യയോഗ്യമായത് പയറിന്റെ കായ്കളും ഇലകളുമാണ്. പയർമണികൾ പച്ചയായും ഉണക്കിയും ഉപയോഗിക്കുന്നു. മറ്റു സസ്യഭാഗങ്ങൾ നല്ല കാലിത്തീറ്റയാണ്.

പയർച്ചെടികൾക്ക് മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്താനാകും. ഈയിനം ചെടികൾ അന്തരീക്ഷ നൈട്രജൻ വലിച്ചെടുത്ത് വേരുകളിലെ മുഴകളിൽ സംഭരിക്കുന്നു. ഇത് മണ്ണിൽ നൈട്രജന്റെ അളവ് കൂട്ടുന്നതിന് ഉതകുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്കും മൺതരങ്ങൾക്കും യോജ്യമാണ് വൻപയർ, ചെറുപയർ, ഉഴുന്ന്, മുതിര, തുവര, കടല, നിലക്കടല തുടങ്ങിയ പയറിനങ്ങളെല്ലാം. എന്നാൽ അടുക്കളത്തോട്ടത്തിൽ ഏതാനും ചെടികളായി പയർകൃഷി ഇവിടെ പരിമിതപ്പെട്ടിരിക്കുന്നു. ഈ സ്ഥിതി മാറ്റി പറമ്പുകളിലും പാടങ്ങളിലും തനിവിളയായും ഇടവിളയായും പയർകൃഷി ചെയ്യണം. കെയ്ത്തു കഴിഞ്ഞ പാടങ്ങളിൽ പയർകൃഷി പണ്ടു സാധാരണമായിരുന്നു. ഇത് തുടര‍ാനും നമുക്കു കഴിയണം.

വൻപയർ

വർഷം മുഴുവൻ കൃഷി ചെയ്യാം. തോട്ടങ്ങളിൽ ഇടവിളയായും കപ്പക്കാലാകളിൽ സഹവിളയായും മുണ്ടകൻ പുഞ്ചപ്പാടങ്ങളിൽ കൊയ്ത്തു കഴിഞ്ഞാൽ തനിവിളയായും അടുക്കളത്ത‍ോട്ടങ്ങളിലേക്കും നന്ന് കുറ്റിച്ചെടിയായും പടർന്നും വളരുന്നു.

ഇനങ്ങൾ: കുറ്റിപ്പയർ –ഭാഗ്യലക്ഷ്മി, പൂസകോമൾ, പൂസബർസാത്തി. ഭാഗികമായി പടരുന്നവ– ശാരിക, മാലിക, ലോല, വൈജയന്തി.

പടർന്നു വളരുന്നവ– കൈരളി, വരുൺ, അനശ്വര, കനകമണി, അർക്കഗരിമ.

പയർമണികൾക്കുവേണ്ടി വിതപ്പയറായി കൃഷി െചയ്യാൻ പറ്റിയ ഇനങ്ങൾ–പൂസഫൽഗുനി, കൃഷ്ണമണി, അംബ, പൗർണമി, ശുഭ്ര.

ഒാണാട്ടുകര മേഖലയിൽ വേനൽക്കാലവിളയാക്കാൻ: ശ്രേയ, ഹൃദ്യ

വിത്തും വിതയും: പച്ചക്കറിയാവശ്യത്തിന് കുറ്റിപ്പയർ 20–25 കിലോ/ഹെക്ടർ ചെടികൾ തമ്മിൽ അകലം:30*15 സെ.മ‍ീ.

പടരുന്നയിനങ്ങൾ: 4–5 കിലോ/െഹക്ടർ, പടർന്നു വളരുന്നവ 2*2 മീ. പന്തലിട്ട് അല്ലെങ്കിൽ ഞെടികുത്തി വളർത്തുന്നു പന്തലിനടിയിൽ തടമെടുത്ത് ഒാരോന്നിലും മൂന്നു വിത്ത് വീത് പാകുന്നു.

പയർമണികൾക്കും പച്ചക്കറിയായും വിതറിവിതയ്ക്കാൻ: 60–65 കിലോ/ഹെക്ടർ

നുരിയിടാൻ: 50–60 കിലോ/ ഹെക്ടർ,ചെടികൾ തമ്മിൽ അകലം 25915 സെ.മീ.

വിത്തുപചാരം

വിത്തുകളിൽ റൈസോബിയം കൾച്ചർ പുരട്ടി വിതയ്ക്കുന്നതു വിളയ്ക്കും മണ്ണിനും പ്രയോജനകരം. ഒരു ഹെക്ടർ സ്ഥലത്തു വിതയ്ക്കുന്നതിനുള്ള വിത്തിനായി 250–375 ഗ്രാം റൈസോബിയം കൾച്ചർ വേണ്ടിവരുന്നു തുടർന്നു വിത്ത് കുമ്മായപ്പെ‍ാടിയുമായി 1–3 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുന്നതും നന്ന്. കുമ്മായം താഴെക്കൊടുക്കുന്ന അളവിൽ.

വലുപ്പം കുറഞ്ഞ വിത്തുകൾ– ഒരു കിലോ കുമ്മായം/ 10 കിലോ വിത്ത്

ഇടത്തരം വലുപ്പമുള്ളവ – 0.6 കിലോ / 10 കിലോ

വലുപ്പം കൂടിയത് –0.5 കിലോ /10 കിലോ

വളപ്രയോഗം

കാലിവളം/കമ്പോസ്റ്റ്–20 ടൺ/ ഹെക്ടർ, കുമ്മായം –250 കിലോ/ ഹെക്ടർ, യൂറിയ –40 കിലോ / ഹെക്ടർ, രാജ്ഫോസ് –150 കിലോ / ഹെക്ടർ, പൊട്ടാഷ്‍വളം –20 കിലോ / ഹെക്ടർ.

ചേർക്കേണ്ട സമയം : കുമ്മായം മണ്ണ് ഒരുക്കുന്നതിനൊപ്പവും പകുതി യൂറിയയും മുഴുവൻ അളവ് രാജ്ഫോസും പൊട്ടാഷ് വളവും വിതയ്ക്കും തൊട്ടുമുമ്പും അവസാന ഉഴവിനൊപ്പവും. ബാക്കി യൂറിയ വിതച്ചു മൂന്നാഴ്ചയാകുമ്പോൾ. വിതച്ച് 15 ദിവസവും പൂവിടുന്ന സമയത്തും നനയ്ക്കുന്നതും വിളവ് മെച്ചപ്പെടുത്തും.

സസ്യസംരക്ഷണം

ക‍ീട, രോഗ ശല്യം ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ധോപദേശം വാങ്ങി പ്രതിവിധികൊക്കൊള്ളണം. ജൈവനിയന്ത്രണോ പാധികൾ വളരെ ഫലപ്രദമാണ്.

ഉഴുന്ന്

നെല്ല് ഒന്നാം വിളയും രണ്ടാം വിളയും കൊയ്തുകഴിഞ്ഞാൽ പാടം തരിശെങ്കിൽ മിതമായ അളവിൽ ഊർപ്പം ലഭിക്കുമെന്നത് ഉറപ്പാക്കി. ഉഴുന്ന് കൃഷി ചെയ്യാം. മഴക്കാലത്ത് തനിവിളയായോ ഇടവിളയായോ കൃഷി ചെയ്യുന്ന പതിവുമുണ്ട്.

ഇനങ്ങൾ: Co-2 TAU-1.TMV-1,KM-2,ശ്യാമ,സുഞ്ജന.

TMV-1,KM-2എന്നിവ ഒാണാട്ടുകര മേഖലയിൽ വർഷകാലാവസാനത്തിലും ശ്യാമയിനം ഒാണാട്ടുകര കൃഷിയിറക്കാൻ യോജ്യം. തിരുവനന്തപുരം ജില്ലയിൽ തരിശുപാടങ്ങളിൽ വേനൽക്കാലത്ത് കൃഷിക്കു യോജിച്ചതും മൂപ്പു കുറഞ്ഞതും മികച്ച വിളവുശേഷിയുള്ളതുമായ ഇനമാണ് സുമഞ്ജന.

വിത്തും വിതയും: തനിവിള 20 കിലോ/ ഹെക്ടർ. മിശ്രവിള: 6 കിലോ/ ഹെക്ടർ

അകലം: ചെടികൾ തമ്മിൽ 25 സെമി*15 സെ.മീ.

ഉഴുത് ഒരുക്കിയ സ്ഥലത്ത് റൈസോബി. കൾച്ചർ പുരട്ടിയ വിത്ത് വിതയ്ക്കുക.

വളങ്ങൾ: അടിസ്ഥാനവളമായി ഹെക്ടറൊന്നിന് 20 ടൺ ജൈവവളം സ്ഥലമെരുക്കുമ്പോൾ ചേർക്കുക.

കുമ്മായം 250 കിലോ അല്ലെങ്കിൽ ഡോളമൈറ്റ് 400 കിലോ അവസാനം ഉഴവിനൊപ്പരം മണ്ണിൽ വിതറിച്ചേർക്കുക.

ഹെക്ടറിനു യൂറിയ 40 കിലോ, റോക് ഫോസ്ഫേറ്റ് 150 കിലോ , പൊട്ടാഷ് 60 കിലോ എന്ന തോതിൽ ചേർക്കുക കീടശല്യം താരതമ്യേന കുറവ്.

ചെറുപയർ

നെൽപ്പാടങ്ങളിൽ മുണ്ടകൻ, വിരിപ്പുവിളകളുടെ കൊയ്ത്തു കഴ‍ിഞ്ഞാൽ തനിവിളയായി ചെറുപയർ കൃഷി ചെയ്യാം. ക‍ിഴങ്ങു വിളകൾ, വാഴ, തെങ്ങ് എന്നിവയുടെ ഇടവിളയായോ സഹവിളയായോ കൃഷിയിറക്കാം.

ഇനങ്ങൾ: ഫിലിപ്പൈൻസ്, മദീര, പൂസ ബൈശാഖി പൂസ 8973 (ഒാ‍ണാട്ടുകര പ്രദേശങ്ങളിൽ വേനൽക്കാലത്ത് തരിശുപാടങ്ങളിൽ കൃഷിചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നു. കായ്തുരപ്പൻ ശല്യത്തെ അതിജീവിക്കാൻ പോന്നത്, മൂപ്പ് 66 ദിവസം)

വിത്തും വിതയും: തനിവിള : 20–25 കിലോയ/ഹെക്ടർ

മിശ്രവിള: 6 കിലോ/ ഹെക്ടർ കിളച്ചൊരുക്കിയ സ്ഥലത്ത് വിത്ത് വിതറി വിതയ്ക്കുക.

വളങ്ങൾ: മറ്റിനങ്ങൾക്കെന്നതുപോലെ

മുതിര

ഒൗഷധഗുണമേറിയ പയറിനം. വരൾച്ചാ പ്രദേശങ്ങളിൽ കൃഷിക്കു യോജിച്ചത്. എല്ലാത്തരം മണ്ണിലും കൃഷി ചെയ്യാം. എന്നാൽ ക്ഷാരാംശം ക‍ൂടിയ മണ്ണ് ഒഴിവാക്കുക. ജൂലൈയിൽ വിതച്ച് ഒക്ടോബർ– ഡിസംബറിൽ വിളവെടുക്കാം. രണ്ടാംവിള ഞാറ്റടിതീർന്നശേഷം അവിടെ മുതിര വിതയ്ക്കാറുണ്ട്. കൊയ്തെടുത്ത് വെയിലിൽ നിരത്തി, വടികൊണ്ട് അടിച്ചു വിത്ത് വേർപെടുത്താം.

കേരളത്തിൽ കൃഷിക്കു ശുപാർശ ചെയ്തിട്ടുള്ള ഇനമാണ് എസ്എ–1.

തുവര

എല്ലാത്തരം മണ്ണിലും വളരും. കാത്സ്യം കുറവും നീർവാർച്ചാസൗകര്യം ഇല്ലാത്ത മണ്ണും കൃഷിക്ക് പര്യാപ്തമല്ല. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം.

നടീൽകാലം: മുണ്ടകൻവിള കൊയ്തെടുത്തശേഷം തനിവിളയായോ മറ്റിടങ്ങളിൽ മിശ്രവിളയായോ ജൂൺ–ജൂലൈ മാസങ്ങളിൽ കൃഷിയിറക്കാം.

വിത്തും വിതയും: തനിവിള:15–20 കിലോ/ ഹെക്ടർ, ചെടികൾ 3.5 മീറ്റർ അകലം വരത്തക്കവിധം വിത്തിടുക.

വളപ്രയോഗം (കിലോ/ഹെക്ടർ): കുമ്മായം –500 കിലോ കാലിവളം –3000 കിലോ, യൂറിയ –75 കിലോ, ഫോസ്ഫറസ് വളം –400 കിലോ. കളയെടുപ്പ് ആവശ്യമെങ്കിൽ മാത്രം മണ്ണ് അടുപ്പിക്കൽ യഥാസമയം നടത്തിയാൽ എളുപ്പം വിളവെടുക്കാം.

സോയാബീൻ

കേരളത്തിലെ പരമ്പരാഗത പയർവിളകളിൽ ഉൾപ്പെടുന്നില്ലെങ്കിലും സോയാബീൻകൃഷി വ്യാപകമാകുന്നു. വ‍ിട്ടുപരിസരങ്ങളിൽ പന്തലിട്ടു പടർത്തിയും വേലികളിൽ കയറ്റിവിട്ടും സോയാബീൻ കൃഷി ചെയ്യാം. ഇളം കായ്കൾ പച്ചക്കറിയായി ഉപയോഗിക്കുന്നതാണ് ഇവിടെ പതിവ്.

നിരകൾ തമ്മിൽ 45 സെ.മീറ്ററും വിത്തുകൾ തമ്മിൽ 10 സെ.മീറ്ററും അകലം നൽകി വിത്തിടുക. മണ്ണിൽ അധിക ഈർപ്പം ദോഷകരമാണ്. ആയതിനാൽ മഴക്കാലത്തു വാരങ്ങളെടുത്ത് അവിടെ കൃഷിചെയ്യുക.

മണ്ണിന്റെ വളക്കൂറ് അനുസരിച്ച് ജൈവവളങ്ങൾ ചേർക്കണം.

നാലുമാസം മതി വിളവെടുപ്പിന് വിത്ത് വേർപെടുത്തി ഉണക്കി സൂക്ഷിക്കാം. സോയാപാൽ പ്രിയമേറിയ മൂല്യവർധിക ഉൽപന്നമാണ്.