അറേബ്യൻ നാട്ടിലെ പൊന്നുംവിലയുള്ള അരി

മരുപ്പച്ചയിൽനിന്നു പൊന്നുംവിലയുള്ള അരി. ലോകത്തിലെ ഏറ്റവും വില കൂടിയ അരി ഇനങ്ങളിൽ ഒന്നാണ് സൗദിയിൽ വിളയുന്ന ഹസാവി നെല്ലിനത്തിന്റെ ചുവന്ന അരി. ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും ഏഷ്യയിലെ ചിലയിടങ്ങളിലും വളരെ ചെറിയ തോതിൽ  കൃഷി ചെയ്യുന്ന ഹസാവി, സൗദിയുടെ ഭക്ഷണത്തളിക എന്നറിയപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ (അൽ ഹസ) യെന്ന മരുപ്പച്ചയിലാണ് വൻതോതിൽ ഉൽപാദിപ്പിക്കുന്നത്. അൽ ഹസയിൽ വിളയുന്നതിനാലാണ് ഹസാവിയെന്നു പേരു ലഭിച്ചതും.

അൻപത് സൗദി റിയാലിനു (ഏകദേശം 850 രൂപ) മുകളിലാണ് ഈ അരി കിലോയ്ക്കു വില. ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയും പതിനായിരം ഹെക്ടറിലേറെ വിസ്തൃതിയുള്ള  കാർഷിക മേഖലയുമായ അൽ അഹ്സയുടെ തനതു നെല്ലിനം. മുപ്പത് ലക്ഷത്തിലേറെ ഈന്തപ്പനകളാണ് അൽ അഹ്സയിലുള്ളത്, ഈ ഈന്തപ്പനത്തണലിലാണ് ഹസാവി നെല്ല് വിളയുന്നത്.

അൽ ഹസയിലെയും ഹുഫൂഫിലെയും ഈന്തപ്പനത്തോട്ടങ്ങളിലും അവയ്ക്കു സമീപത്തുമാണ് ഹസാവി പാടങ്ങൾ കൂടുതലും. വേനൽ പോകുന്നതോടെയാണ് കൃഷിയിറക്കുക. സാധാരണ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ. അതിനു മുമ്പു കർഷകർ നിലം ഉഴുതു പാകമാക്കി വയ്ക്കും. മുളപ്പിച്ച ഞാറുകൾ പൂർണമായും വെള്ളത്തിൽ മുക്കിയിടുകയാണ് ആദ്യഘട്ടം. മാറ്റി നട്ടുകഴിഞ്ഞാൽ ആഴ്ചയിൽ അഞ്ചുദിവസം വീതം കൃത്യമായി നന. നാലുമാസം കൊണ്ടു വിളവെടുക്കാം. പൊതുവെ ചൂടുകൂടിയ ഇടങ്ങളിലാണ് ഹസാവി നന്നായി വളരുന്നത്. താപനില 48 ഡിഗ്രിയിൽ എങ്കിലും എത്തിയാലേ മികച്ച വിളവും രുചിയും ‍ലഭിക്കുകയുള്ളൂ. ചൂടു കുറഞ്ഞാൽ ഗുണവും കുറയും. ഒരേസമയം ചൂടും കൃത്യമായ നനയുമാണ് ഹസാവിയുടെ ഗുണമേന്മ നിർണയിക്കുന്നത്. അൽ അഹ്സയിലെ പരമ്പരാഗത ഭക്ഷണം ഹസാവി അരി കൊണ്ടുണ്ടാക്കിയ ഐഷ (റൊട്ടി) ആണ്. ഹസാവി അരിയിൽ ധാരാളം കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫൈബറും മറ്റു പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.