മത്സ്യക്കര്‍ഷകർക്ക് വന്‍നഷ്ടം; ഇനി എന്ത്?

പ്രളയത്തിൽ പുഴകളിലും കായലുകളിലും സ്ഥാപിച്ചിരുന്ന 500 മത്സ്യക്കൂടുകൾ തകർന്നതിനെത്തുടർന്ന് ഒട്ടേറെ കർഷകരാണ് പ്രതിസന്ധിയിലായത്. രണ്ടരക്കോടി രൂപയുടെ കൂടുകള്‍ നഷ്ടമായി. അഞ്ചുകോടി രൂപ മൂല്യം വരുന്ന പത്തു ലക്ഷത്തോളം കാളാഞ്ചി, മൂന്നു ലക്ഷത്തോളം കരിമീൻ, അഞ്ചു ലക്ഷത്തോളം തിലാപ്പിയ എന്നിവയാണ് ചത്തുപൊങ്ങിയത്. 

കൃത്രിമക്കുളങ്ങൾ നിർമിച്ച് മൽസ്യക്കൃഷി ചെയ്യുന്ന അറുനൂറോളം  കർഷകരുടെ മുഴുവൻ മത്സ്യവും കുളങ്ങളും പ്രളയം കൊണ്ടുപോയി. ഈ മേഖലയിൽമാത്രം എട്ടു കോടി രൂപയുടെ നഷ്ടമാണുള്ളത്. 250 ഹെക്ടറില്‍ പൊക്കാളിക്കൃഷി  പൂർണമായും നശിച്ചു. തീരമേഖലയിലുള്ള കെട്ടുകളിൽ ചെമ്മീനും മീനും കൃഷി ചെയ്യുന്ന 500 ഹെക്ടർ കൃഷിയിടം നശിച്ചു.  പൂമീൻ, തിരുത, കരിമീൻ, തിലാപ്പിയ മൽസ്യങ്ങളാണ് ഇങ്ങനെ നശിച്ചത്.

ക്രിസ്മസിന് വിളവെടുക്കേണ്ട ശുദ്ധജല മത്സ്യക്കൃഷിയിടങ്ങൾ  നിറഞ്ഞു കവിഞ്ഞ്  കാർപ്്, വാള, തിലാപ്പിയ മൽസ്യങ്ങൾ  ഒഴുകിപ്പോയി. ഈ സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞത് അഞ്ചു ലക്ഷം കിലോ മൽസ്യമാണ് നഷ്ടമായത്.

ഇനി എന്ത്?

കൂടുകൾ പൂർണമായും മാറ്റി പുതിയതായി സ്ഥാപിക്കണം. കേന്ദ്രീകൃതരീതിയിൽ കാളാഞ്ചി മൽസ്യക്കുഞ്ഞുങ്ങളെ കേരളത്തിൽ എത്തിച്ചു വിതരണം നടത്തണം. ഇതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണം തേടണം. കുറഞ്ഞത് 25 ലക്ഷം വിരൽ വലുപ്പമെത്തിയ കാളാഞ്ചി മൽസ്യങ്ങളെ സൗജന്യമായി നൽകണം. ഇതിന് ഒരു കോടി രൂപയെങ്കിലും വകയിരുത്തണം.

കരിമീൻവിത്തിനായി കർഷകരുടെ കൃഷിയിടത്തിൽതന്നെ ആവശ്യമായത്ര കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കണം. 50 ലക്ഷം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാൻ കഴിയുന്ന 100 യൂണിറ്റുകൾ തുടങ്ങണം. ഇതിന് ഒരു കോടി രൂപ വകയിരുത്തണം. നഷ്ടപ്പെട്ടു പോയ കൃത്രിമ മൽസ്യക്കുളങ്ങൾ പൂർവസ്ഥിതിയിലാക്കണം. ഇവിടെയുണ്ടായിരുന്ന ‘റാസ്’ എന്ന െഹെടെക് സംവിധാനം  പുനഃസ്ഥാപിക്കാൻ 10 കോടി രൂപ വകയിരുത്തണം. ഈ യൂണിറ്റുകളിൽ കൃഷി ചെയ്യാൻ 12 ലക്ഷം കുഞ്ഞുങ്ങൾ വേണം. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറില്‍നിന്നു  ഗിഫ്റ്റ് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ എത്തിക്കണം.  ഇതിനും ഒരു കോടി രൂപ വകയിരുത്തണം.  

പി.എ. വികാസ്

സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ്, കെവികെ, എറണാകുളം.