Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുണ്ടകൻ വിത, നടീൽ; നല്ല വിളവു ലഭിക്കാൻ നുരിയകലം പ്രധാനം

മുണ്ടകൻ കൃഷിയുടെ നടീലോ വിതയോ ഈ മാസം 15–നു മുൻപ് തീരണം. വിരിപ്പിനുശേഷമുള്ള കൃഷിയാണെങ്കിൽ വൈക്കോലും ജൈവാവശിഷ്ടങ്ങളും അഴുകാൻ രണ്ടാഴ്ച ഇടവേള നൽകാം. അവസാനത്തെ ഉഴവിനു മുൻപ് അടിവളം ചേർക്കുക. ഇതു വളത്തിന്റെ കാര്യക്ഷമത കൂട്ടും. പിന്നീട് അവസാന ഉഴവും നിരപ്പാക്കലും കഴിഞ്ഞാൽ പാടത്തെ വെള്ളം തുറന്നുവിടരുത്. മുണ്ടകന് ഒരേക്കറിനു വേണ്ട അടിവളത്തിന്റെ അളവ് ഇങ്ങനെ:

List

കുട്ടനാട്ടിലും കോളിലും വിതച്ച് പാടം ഉണക്കി വിള്ളൽ വീഴ്ത്തി വെള്ളം കയറ്റുന്ന സമയത്താണ് അടിവളം നൽകുക. കഴിഞ്ഞ മാസം വിതയോ നടീലോ കഴിഞ്ഞ പാടങ്ങളിൽ ഈ മാസം മേൽവളം ചേർക്കുക. മൂപ്പു കുറഞ്ഞ, ഉൽപാദനശേഷി കൂടിയ ഇനങ്ങൾക്ക് ഏക്കറിന് 20 കിലോ  യൂറിയയും 12 കിലോ  പൊട്ടാഷ് വളവും നട്ട് മൂന്നാഴ്ച കഴിഞ്ഞോ വിതച്ച് നാലാഴ്ച കഴിഞ്ഞോ മേൽവളം ചേർക്കുക. ഉൽപാദനശേഷി കൂടിയ, ഇടത്തരം മൂപ്പുള്ളയിനങ്ങൾക്ക് ഏക്കറിന് 39 കിലോ  യൂറിയയും 15 കിലോ  പൊട്ടാഷ് വളവും നട്ട് 28 ദിവസം കഴിഞ്ഞോ വിതച്ച് 35 ദിവസം കഴിഞ്ഞോ ചേർക്കാം. മഷൂരിക്ക് നട്ട് 40 ദിവസം കഴിഞ്ഞ് 11 കിലോ  യൂറിയയും 8.5 കിലോ  പൊട്ടാഷ് വളവും ഒരേക്കറിന്. നാടൻ ഇനങ്ങൾക്ക് മൂപ്പു കുറവാണെങ്കിൽ നട്ട് മൂന്നാഴ്ച കഴിഞ്ഞ് ഏക്കറിന് 15 കിലോ യൂറിയയും ഏഴു കിലോ  പൊട്ടാഷ് വളവും. ഇടത്തരം മൂപ്പാണെങ്കിൽ നട്ട് 28 ദിവസം കഴിഞ്ഞ് വളം ചേർക്കാം.

മുണ്ടകൻ നടുന്ന പാടങ്ങളിൽ നുരിയകലം പ്രധാനം. നല്ല വിളവു ലഭിക്കാൻ ച.മീറ്ററിന് 300–350 കതിരുകൾ വിളയണം. മൂപ്പു കുറഞ്ഞയിനങ്ങൾക്ക് ഒരു ച.മീറ്ററിന് 60–65 നുരികളും ഇടത്തരം മൂപ്പുള്ളവയ്ക്ക് 50 നുരികളും വേണം. ഞാറു നടേണ്ടത് നാലിലപ്രായത്തിലാണ്. അപ്പോൾ മുതലാണ് പുതിയ വേരുകളും ചിനപ്പുകളും ഉണ്ടാകുക. മൂപ്പു കുറഞ്ഞവ 18–20 ദിവസത്തിലും ഇടത്തരം മൂപ്പുള്ളവ 22 ദിവസം പ്രായത്തിലും നടണം. നടുന്ന ആഴം മൂന്ന്– നാലു സെ.മീ. നടുന്നതിനു മുൻപ് പാടത്ത് ട്രൈക്കോഡെർമ കൾച്ചർ ചേർക്കുക. 10 കിലോ വേപ്പിൻപിണ്ണാക്ക് പൊടിച്ചതും 90 കിലോ  ചാണകപ്പൊടിയും ചേർത്ത് അതിലേക്ക് രണ്ട് കിലോ ട്രൈക്കോഡെർമ കൾച്ചർ ചേർക്കുക. മിശ്രിതത്തിന് പാകത്തിന് നനവുണ്ടാകണം. തുടർന്നു പ്ലാസ്റ്റിക് ഷീറ്റ്കൊണ്ട് മൂടുക. ഷീറ്റിൽ സുഷിരങ്ങൾ ഉണ്ടാകണം. തണലിലാണ് ഇതു ചെയ്യേണ്ടത്. 

നാലഞ്ചു ദിവസം കഴിഞ്ഞു ഷീറ്റ് മാറ്റി മിശ്രിതം ഇളക്കിമറിച്ച് വീണ്ടും മൂടുക. വീണ്ടും മൂന്നു ദിവസത്തേക്കുകൂടി മൂടിയശേഷം മിശ്രിതം പാടത്തു വിതറാം.

നടുന്നതിനു മുൻപ് ഞാറിന്റെ ചുവടറ്റം സ്യൂഡോമോണാസ് കൾച്ചറിന്റെ ലായനിയിൽ അര മണിക്കൂർ കുതിർക്കുക. ഇതിന് 10–15 ഗ്രാം കൾച്ചർ ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനുള്ള ലായനി മതി. നട്ട് ഒരു മാസം കഴിഞ്ഞും സ്യൂഡോമോണാസ് കൾച്ചർ 10–15 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. കുമിൾ, ബാക്ടീരിയ രോഗങ്ങൾ നെല്ലിനെ ഉപദ്രവിക്കില്ല.