Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മാസം ശ്രദ്ധിക്കേണ്ട കൃഷിക്കാര്യങ്ങൾ

കമുക്

കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കണം. കൊത്തുകിള വേണം. ചാലുകളിൽ ചുവന്ന പാട കെട്ടുന്നെങ്കിൽ ഓരോ കമുകിനും 500 ഗ്രാം വീതം കുമ്മായം തടത്തിൽ വിതറുക. കുമ്മായം ചേർത്ത് 10 ദിവസം കഴിഞ്ഞുമതി രാസവളം ചേർക്കൽ.

കുരുമുളക്

തോട്ടം വൃത്തിയായി സൂക്ഷിക്കുക. സ്യൂഡോമോണാസ് കൾച്ചർ 10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ചുവട്ടിൽ ഒഴിക്കുകയും ചെടിയിൽ തളിക്കുകയും വേണം. കുമിൾ, ബാക്ടീരിയൽ രോഗങ്ങളെ ഇതു തടയും. കായ് തുരക്കുന്ന പൊള്ളുവണ്ട് ഉപദ്രവകാരിയാവാം. ഉപദ്രവം കാര്യമായുണ്ടെങ്കിൽ മാത്രം ഇക്കാലക്സ് രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കാം. പകരം നീം ഗോൾഡ് ആറു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്യുക. കൊടിയുടെ ചുവട്ടിൽ കൊത്തും കിളയും പാടില്ല. വേരു മുറിഞ്ഞാൽ വാട്ടരോഗം പിടിപെ ടാൻ സാധ്യത ഏറും.

ജാതി

കായ മൂപ്പെത്താതെ വിണ്ടുകീറി ജാതിപത്രിയും വിത്തും അഴുകുക, ഇലകളിൽ പൊട്ടുവന്ന് അഴുകി സുഷിരം വീഴുക, ചില്ലകൾ കരിയുക എന്നീ കുമിൾരോഗങ്ങളെ നിയന്ത്രിക്കാൻ ബോർഡോമിശ്രിതം മതി. പകരം കൊസൈഡ് എന്ന കുമിൾനാശിനി ഒന്നര ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു സ്പ്രേ ചെയ്യുക.

ഇഞ്ചി   

മൂടുചീയൽ, നരപ്പൻ, തണ്ടുതുരപ്പൻ എന്നീ പ്രശ്നങ്ങൾ കാണാം. അഴുകുന്ന മൂടുകൾ‌ പിഴുതെടുത്തു ചുടുക. അവ നിന്ന ഭാഗം ബോർഡോമിശ്രിതംകൊണ്ട് കുതിർക്കുക. ഇങ്ങനെ പകർച്ച തടയാം. മൂടുചീയൽ രോഗത്തിനെതിരെ സാഫ് എന്ന കുമിൾനാശിനി രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ലായനിയുണ്ടാക്കി കേടുവന്ന സ്ഥലം കുതിർക്കുക. ഇലയിലുണ്ടാകുന്ന തുരപ്പൻ രോഗത്തിനെതിരെ തൈറാം രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കുക.

ഗ്രാമ്പൂ

ഇലകളിൽ പൊട്ടുവന്നു കരിയുക. ഇല കൊഴിയുക, തുടർന്ന് ചില്ല ഉണങ്ങുക എന്നീ ലക്ഷണങ്ങൾ ഈ സമയത്തു കാണാം. ബോർഡോമിശ്രിതം തളിക്കാം. തോട്ടത്തിലെ കളകൾ നിയന്ത്രിക്കുക.

ഏലം

വിളവെടുപ്പു തുടരാം. തോട്ടത്തിൽ മണ്ണൊലിപ്പ് പൂർണമായും തടയുക. ഏലപ്പേനിനെതിരെ ഒരു തവണ കീടനാശിനി തളിച്ചശേഷം 45 ദിവസം കഴിഞ്ഞ് ഒന്നുകൂടി തളിക്കണം.

കരിമ്പ്

വിളവെടുപ്പ് തുടരുന്നു. പുതുകൃഷി തുടങ്ങാം. നിലം ഉഴുത ചാലുകളിലാണ് കരിമ്പ് നടുക. ചാലിന് 25 സെ.മീ. ആഴം ചാലുകൾ തമ്മിൽ രണ്ടരയടി അകലം. നടുന്ന തലയ്ക്ക് മൂന്നു മുട്ടുകളുണ്ടാകണം. കരിമ്പുകൃഷിയെപ്പറ്റിയുള്ള സംശയം തീർക്കാൻ തിരുവല്ലയിലെ കരിമ്പു ഗവേഷണകേന്ദ്രവുമായി ബന്ധപ്പെടുക. 

ഫോൺ: 0469–2604181.

മാവ്

കൊത്തും കിളയും നടത്തുന്നത് കളകളെ നിയന്ത്രിക്കാനും തുലാവർഷത്തിലെ വെള്ളം മണ്ണിലിറങ്ങാനും സഹായിക്കും. കുമിൾബാധമൂലം ഉണങ്ങുന്ന കമ്പുകൾ കേടുവന്ന ഭാഗത്തിനു താഴെവച്ചു മുറിച്ചു കത്തിക്കുക. മുറിപ്പാടിൽ കുമിൾനാശിനി തേക്കുന്നതു കൊള്ളാം. തളിരിലകൾ വെട്ടിക്കളയുന്ന കീടത്തെ നിയന്ത്രിക്കാം. ഇക്കാലക്സ് രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക.

പൈനാപ്പിൾ 

രണ്ടു കാനികൾ ഒന്നിച്ചു കായ്ക്കാൻ ഹോർമോൺ ചികിത്സ നടത്താം. ഈ ലായനി 100 ലീ. ഉണ്ടാക്കാൻ രണ്ടു കിലോ യൂറിയ, 40 ഗ്രാം കാത്സ്യം കാർബണേറ്റ്, രണ്ടര മി.ലീ. എത്തിഫോൺ എന്നിവ ആവശ്യമാണ്. ഒരു കാനിയുടെ കൂമ്പിൽ 50 മി.ലീ. ലായനി ഒഴിക്കണം. പൈനാപ്പിൾ കൃഷിയെക്കുറിച്ച് അറിയുന്നതിന്: പൈനാപ്പിൾ ഗവേഷണ കേന്ദ്രം, വാഴക്കുളം (0485–2260832), പൈനാപ്പിൾ ഗവേഷണ കേന്ദ്രം, വെള്ളാനിക്കര. ഫോൺ: 0487–2373242

മരച്ചീനി

തുലാക്കപ്പ നടീലും കേടുപോക്കലും. കുംഭക്കപ്പയെ കള, എലി എന്നിവയിൽനിന്നു സംരക്ഷിക്കുക. കിഴങ്ങുവിളകളെപ്പറ്റി കൂടുതൽ അറിയുന്നതിന്: തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗ ഗവേഷണസ്ഥാപനം. ഫോൺ: 0471–2598551