Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഗ്രത വേണം; പയർ രോഗങ്ങളും നിയന്ത്രണമാർഗങ്ങളും

Pix-2

കേരളത്തിന്റെ തനതു കാലാവസ്ഥയിൽ വർഷം മുഴുവൻ  കൃഷി ചെയ്യാവുന്ന വിളയാണ് പയർ. പ്രധാന വിളയ്ക്കു ശേഷം  തനിവിളയായും  ഇടവിളയായും പയർകൃഷി ചെയ്യാറുണ്ട്. നെൽപാടങ്ങളിൽ തനിവിളയായി പയർകൃഷി സജീവം. വേരിൽ കാണുന്ന മുഴകൾക്കുള്ളിൽ നൈട്രജൻ സംഭരിച്ചു മണ്ണിന്റെ ഫലഭൂയിഷ്‌ഠത വർധിപ്പിക്കുന്നതിനാൽ തരിശുഭൂമിയില്‍പോലും ഈ വിള യോജ്യമാണ്. വയലേലകളിലും, പറമ്പിലും, വീട്ടുവളപ്പിലും, പോളിഹൗസുകളിലും എന്നു വേണ്ട, പട്ടണങ്ങളിൽ വീടിന്റെ മട്ടുപ്പാവിൽവരെ വിജയകരമായി നട്ടുവളർത്താൻ കഴിയുന്ന പയർ എന്നും മലയാളിയുടെ തീന്മേശയിലെ ഒഴിച്ചുകൂടാനാവാത്ത  വിഭവമാണ്.

കാലാവസ്ഥ: ഏതു കാലാവസ്ഥയും പയർകൃഷിക്കു യോജ്യം.  മേയ്–സെപ്‌റ്റംബർ, സെപ്റ്റംബർ–ഡിസംബർ കാലയളവില്‍ നടാം. വേനലിൽ തരിശായി കിടക്കുന്ന വയലിലും പയർ വിളയിക്കാം.പ്രധാനമായും  രണ്ടു തരമുണ്ട്, വള്ളിവീശി പടരുന്നതും, കുറ്റിയായി നില്‍ക്കുന്നതും. ഇനി  പയറിനെ വലയ്ക്കുന്ന പ്രധാന രോഗങ്ങളെ പരിചയപ്പെടാം.കടചീയലും ഇലകരിച്ചിലും: മണ്ണിലൂടെയാണ് ഈ രോഗം വ്യാപിക്കുന്നത്. വിത്തു പാകുന്നതു മുതൽ വിളവെടുക്കുന്നതു വരെ, വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഈ രോഗം പയറിൽ സജീവമാണ്. രോഗാരംഭത്തിൽ പയർചെടിയുടെ കടഭാഗത്ത് ആഴമേറിയ പാടുകൾ കാണുന്നു. ക്രമേണ പൊട്ടുകൾ തവിട്ടുനിറത്തിലാവുകയും അതിൽ കുമിളിന്റെ വെളുത്ത തന്തുക്കൾ വളരുകയും ചെയ്യുന്നു. തന്തുക്കൾ ഉരുണ്ടു കൂടി കടുകുമണിപോലെ ആകുന്നു. ഈ കടുകുമണികളാണ് മണ്ണിലൂടെയുള്ള കുമിൾ‌വ്യാപനത്തിനു സഹായിക്കുന്നത്.

ഇലകളിൽ കാണുന്ന നനഞ്ഞ പാടുകൾ ക്രമേണ തിളച്ച വെള്ളം വീണു പൊള്ളിയതുപോലെ  കാണുന്നു. അവ ക്രമേണ വൈക്കോൽനിറമാവുകയും, ഇലകൾ ഉണങ്ങിക്കരിഞ്ഞ് വീഴുകയും ചെയ്യുന്നു. ചി ലന്തിവലപോലുള്ള കുമിളിന്റെ തന്തുക്കൾ ഇലകളെ തമ്മിൽ ബന്ധിപ്പിച്ച്‌ കൂട്‌ കൂട്ടുകയും ഇലകൾ  ചീഞ്ഞുപോവുകയും ചെയ്യുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.

നിയന്ത്രണം: നീർവാർച്ചയുള്ള  ഉയർന്നതടങ്ങളിൽ വിത്തിടുക, അസുഖം ബാധിച്ച ചെടികള്‍ പറിച്ചുമാറ്റി കോപ്പർ ഓക്സിക്ലോറൈഡ് (രണ്ട്– നാല് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ കാർബെൻഡാസിം (ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) മണ്ണിൽ കുതിർത്തു കൊടുക്കുക. കാർബെൻഡാസിം (ഒരു ഗ്രാം  ഒരു ലീറ്റർ വെള്ളത്തിൽ) ഉപയോഗിച്ചുള്ള വിത്തു പരിചരണവും ഫലപ്രദം. കരിവള്ളിരോഗം: ഈ രോഗം മണ്ണിലൂടെയും കാറ്റിലൂടെയും വിത്തുകൾ വഴിയും പടരുന്നു. വൈക്കോൽ നിറത്തിലുള്ള വൃത്താകൃതിയായ ചെറിയ പുള്ളിക്കുത്തുകൾ ഇലകളിലും, കറുത്ത ആഴത്തിലുള്ള പുള്ളികൾ കായ്കളിലും കാണുന്നു. ഇലപ്പൊട്ടുകൾ ക്രമേണ വലുതായി മധ്യഭാഗം കുഴിഞ്ഞ രീതിയിലായിത്തീരുന്നു.

നിയന്ത്രണം: സ്യൂഡോമോണാസ് ലായനി(20 ഗ്രാം സ്യൂഡോമോണാസ് ഒരു  ലീറ്റർ വെള്ളത്തിൽ) ഉപയോഗിച്ച്‌ വിത്തുപരിചരണം നടത്തുക. അല്ലെങ്കിൽ കാർബെൻഡാസിം എന്ന കുമിൾനാശിനി രണ്ടു ഗ്രാം ഒരു കിലോ വിത്തിന് എന്ന തോതിൽ ഉപയോഗിക്കാം. രണ്ടു ശതമാനം  വീര്യമുള്ള സ്യൂഡോമോണാസ്(20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ) ഇലകളിൽ തളിച്ചു കൊടുക്കുന്നതു  രോഗം ശമിപ്പിക്കും. രോഗം തീവ്രമാണെങ്കിൽ ടെബുകൊണസോൾ + ട്രൈഫ്‌ളോക്സിസ്‌ട്രോ ബിൻ(0.5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) ഇലകളിൽ തളിച്ചു കൊടുക്കാം. 

തൈചീയൽ രോഗം: പിത്തിയം, ഫൈറ്റോഫ്‌തോറ മണ്ണിലൂടെ വ്യാപനം. പുതുതായി മുളച്ച, നാലു മുതൽ അഞ്ചു  ദിവസംവരെ പ്രായമുള്ള തൈകളുടെ തണ്ടിൽ അങ്ങിങ്ങായി നനഞ്ഞ പാടുകൾ കാണപ്പെടുന്നു. അതിൽ രോഗകാരിയായ കുമിൾ ക്രമേണ(പഞ്ഞിപോലെ) വളരുന്നു. കടഭാഗം അഴുകി തൈകൾ കൂട്ടത്തോടെ നശിക്കുന്നു.

നിയന്ത്രണം: വിത്തു പാകുന്നതിനു മുൻപായി ചപ്പുചവറുകൾ കൂട്ടിയിട്ട്‌ കത്തിച്ച്‌ തടം അണുവിമുക്തമാക്കുക. രോഗമില്ലാത്ത ചെടികളിൽനിന്നു വിത്തു ശേഖരിച്ച് കാർബെൻഡാസിം (രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) എന്ന കുമിൾനാശിനി പുരട്ടി അണുവിമുക്തമാക്കിയശേഷം നടാം. പൊട്ടാസ്യം ഫോസ്‌ഫോണേറ്റ്(മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) തളിക്കുകയും മണ്ണിൽ കുതിർത്തു കൊടുക്കുകയും ചെയ്യാം.

ഇലപ്പുള്ളി: കാറ്റിലൂടെയാണ്  വ്യാപനം. പയറിൽ സാധാരണയായി രണ്ടു തരം സെർക്കോസ്‌പോറ പൊട്ടുകൾ ഉണ്ടാകാറുണ്ട്. ഒന്നിൽ, ഇലയിൽ കടുംചുവപ്പു പുള്ളിക്കുത്തുകൾ രൂപപ്പെടുമ്പോൾ മറ്റൊന്നിൽ പ്ര ത്യേക ആകൃതിയൊന്നും ഇല്ലാത്ത ഇളം തവിട്ടുനിറത്തിൽ പരന്നുകിടക്കുന്ന പുള്ളികൾ കാണപ്പെടുന്നു. ധാരാളമായി ഇല പൊഴിഞ്ഞുവീഴുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.

നിയന്ത്രണം: നടുന്നതിനു മുൻപ്‌ വിത്തുകൾ രണ്ടു ശതമാനം  വീര്യമുള്ള സ്യൂഡോമോണാസ് ഫ്ളൂറസെൻസ് ലായനിയിൽ(20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ) 20 മിനിറ്റ് നേരം മുക്കി വയ്ക്കുക. വളർന്നുവരുന്ന തൈകളിൽ തളിക്കുകയും ചെയ്യാം. രോഗം തീവ്രമാണെങ്കിൽ ടെബുകോണസോൾ 0.1 ശതമാനം  വീര്യത്തിലോ (ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ), ട്രൈഫ്‌ളോക്സിസ്‌ട്രോബിൻ+ ടെബുകോണസോൾ 0.05% വീര്യത്തിലോ (0.5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) തളിക്കാം. രണ്ടാഴ്‌ച കഴിയുമ്പോൾ ഇത് ആവർത്തിക്കുക.

വിലാസം: കാർഷിക കോളജ്, വെള്ളായണി