Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൂ, വാങ്ങൂ പെടയ്ക്കണ മീന്‍

Fish-Net

മത്സ്യക്കർഷക കൂട്ടായ്മയുടെ വിപണനശാലയില്‍ മത്സ്യങ്ങള്‍ ജീവനോടെ വില്‍പനയ്ക്ക്

വളര്‍ത്തുമീനുകള്‍ ജീവനോടെ അവയെ വളർത്തുന്ന ടാങ്കുകളിൽനിന്ന് നേരിട്ട് ഉപഭോക്താക്കളുടെ െകെകളിലേക്ക്. എറണാകുളം ജില്ലയിലെ വരാപ്പുഴയ്ക്കു സമീപം ചേരാനെല്ലൂർ ഫിഷ് ഫാർമേഴ്‌സ് ഡെവലപ്മെന്റ് സൊസൈറ്റി (FFDS)യുടെ വിപണനശാലയിലാണ് ‘പെടയ്ക്കണ’ മീന്‍ ലഭ്യമാകുന്നത്.  ഉപഭോക്താക്കൾക്കു നല്ല ഫ്രഷ് മീൻ  ലഭ്യമാക്കുന്നതോടൊപ്പം ഇടനിലക്കാരുടെ ചൂഷണമില്ലാതെ മത്സ്യക്കർഷകർക്കു   ന്യായവില  ഉറപ്പാക്കുകയും ചെയ്യുന്ന ഈ സംരംഭത്തിനു പിന്നില്‍  അറുനൂറോളം  മത്സ്യക്കർഷകരുടെ കൂട്ടായ്മയാണ്.  

1H4A1113

കേടാകാതെ സൂക്ഷിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത, തീര്‍ത്തും വിഷരഹിതമായ മത്സ്യങ്ങളാണ് ഇവിടെ വില്‍ക്കുന്നതെന്നു സൊസൈറ്റി സെക്രട്ടറി ഷാജി ജോസ്, ട്രഷറർ ഡിന്റോ അഗസ്റ്റിന്‍ എന്നിവർ പറയുന്നു. ‘‘മത്സ്യവിപണനമേഖലയിൽ കാലങ്ങളായി ചൂഷണമാണ് നടക്കുന്നത്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ഉൽപന്നങ്ങൾക്ക് വില നിശ്ചയിക്കാനാവുന്നില്ല. മത്സ്യക്കർഷകരും ഈ അവസ്ഥയിലാണ്. ഉദാഹരണത്തിന് വിപണിയില്‍ 200 രൂപ വിലയുള്ള മത്സ്യത്തിന് ഉല്‍പാദകന് 60 രൂപ മാത്രമാണ് ലഭിക്കുന്നത്. ശേഷിച്ചത് ഇടനിലക്കാരായ കച്ചവടക്കാർ കൊണ്ടുപോകുകയാണ്. രാസവസ്തുക്കളും ഐസുമിട്ട് അവർ ലാഭം കൊയ്യുന്നു. ഇതിന് അറുതി വരുത്തുന്നതിന്റെ തുടക്കം മാത്രമാണ് ഈ സംരംഭമെന്ന് എഫ്എഫ്ഡിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം റെക്‌സി പറയുന്നു. 

എഫ്എഫ്ഡിഎസ് മത്സ്യക്കർഷകരുടെ വാട്ട്സപ്പ്, ഫേസ്ബുക് കൂട്ടായ്മകളില്‍ മത്സ്യക്കൃഷിരീതികളെയും വിപണിവിലയെയും കുറിച്ചു നിരന്തരം ചർച്ച ചെയ്തു തീരുമാനത്തിലെത്തുന്നു. നിലവിൽ ഓരോ മത്സ്യ ഇനത്തിന്റെയും ശരാശരി വിലനിലവാരം കിലോയ്ക്ക് കരിമീൻ-450  -600 രൂപ, വാള -250, സിലോപ്പിയ -250 , ചെമ്മീൻ -380 നു മുകളിൽ എന്നിങ്ങനെയാണ്. കൃഷിയിടങ്ങളിൽ സൊസൈറ്റി ഭാരവാഹികൾ നേരിട്ടെത്തി ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷമേ  വാങ്ങുകയുള്ളൂ. 

ഉപഭോക്താക്കൾക്കും മത്സ്യഫാമുകൾ നേരിട്ടു കണ്ട്  ഗുണനിലവാരം ഉറപ്പു വരുത്താം.  എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, കോതമംഗലം, ചെല്ലാനം, പറവൂർ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കു പുറമെ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവരും ഈ സംരംഭത്തിൽ പങ്കാളികളാണ്.

കരിമീൻ, തിലാപ്പിയ,  കാളാഞ്ചി, കട്‌ല, ചെമ്മീൻ, രോഹു  തുടങ്ങിയ മീനുകളാണ് ശുദ്ധജല ടാങ്കുകളിലും പാടത്തും അക്വാപോണിക്സ് രീതികളിലും ഉൽപാദിപ്പിക്കുന്നത്. സൊസൈറ്റി അധികൃതര്‍  വാനിൽ എയ്റേറ്റഡ്(aerated) ടാങ്കുമായിട്ടാണ് കർഷകരുടെ അടുത്തെത്തുന്നത്. ദിനംപ്രതി 100 കിലോ മത്സ്യം സൊസൈറ്റി കർഷകരിൽനിന്നു സംഭരിക്കുന്നു. മുൻകൂട്ടി അറിയിച്ച ശേഷം  ഫാമില്‍ ചെന്ന് കർഷകർ കാണ്‍കെ മത്സ്യങ്ങളെ ജീവനോടെ പിടിച്ചു ഭാരം തൂക്കി വാഹനത്തിലെ  ശുദ്ധജല ടാങ്കിൽ കയറ്റുന്നതാണ് രീതി. 

IMG_1668

മത്സ്യത്തീറ്റയുടെ കൂടിയ വിലയാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം.  ഇക്കാര്യത്തിൽ സർക്കാർ ഇടപെടാമെന്നു സൊസൈറ്റി ഉദ്ഘാടനവേളയില്‍  ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്സിക്കുട്ടിയമ്മ  അറി യിച്ചിരുന്നു. ആറു മുതൽ എട്ടു മാസം വരെയാണ് ശുദ്ധജല മത്സ്യത്തിന്റെ വളർച്ചക്കാലാവധി. മത്സ്യത്തീറ്റ കിലോയ്ക്ക് 60 രൂപ മുതൽ 110 രൂപ വരെ ചെലവ് വരും. മത്സ്യക്കുഞ്ഞുങ്ങളുടെ ആദ്യ ദിനങ്ങളിൽ പ്രോട്ടീൻ കൂടിയ തീറ്റയ്ക്ക് 100 രൂപ ചെലവാകുമെങ്കിൽ വളർച്ചയെത്തുമ്പോൾ 60 രൂപയുടെ തീറ്റ വേണ്ടിവരും.

കുളം കുഴിച്ച് അതില്‍ മീനുകളെ തീറ്റ കൊടുത്തു വളർത്തിയെടുക്കണമെങ്കിൽ കര്‍ഷകന് 150 രൂപ ഒരു കിലോയ്ക്കു  ചെലവ് വരും. എന്നാല്‍ വിപണിയില്‍ അവനു ലഭിക്കുക വെറും 80 രൂപയാണ്. ഈ ചൂഷണത്തിനു തടയിടുകയാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്നു ഷാജി ജോസ് പറഞ്ഞു.    

ഒരു സെന്റ് കുളത്തിൽ 40 മീനുകളെവരെ വളർത്താനാകും. സർക്കാർ അംഗീകരിച്ച ഏജൻസികളിൽനിന്നു മാത്രമേ എഫ്എഫ്ഡിഎസ് കൂട്ടായ്മയിലെ കർഷകർ മത്സ്യത്തീറ്റ വാങ്ങുകയുള്ളൂ. കോഴിക്കുടലോ മറ്റു മാലിന്യങ്ങളോ ഇവര്‍ മീനുകൾക്ക് തീറ്റയായി കൊടുക്കാറുമില്ല. 

ചേരാനെല്ലൂർ  സൊസൈറ്റിയുടെ വിപണനശാലയിൽ മത്സ്യാവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനമുണ്ട്. കൃഷി വിജ്ഞാനകേന്ദ്ര (KVK) ത്തിന്റെ നിർദേശപ്രകാരമാണ് ഇത് ഒരുക്കിയിട്ടുള്ളത്. മത്സ്യം വൃത്തിയാക്കുന്നതിനും ടാങ്കിലെ മത്സ്യങ്ങളെ പരിപാലിക്കുന്നതിനും മറ്റും നാലഞ്ചു ജീവനക്കാര്‍ സൊസൈറ്റി അംഗങ്ങളെ സഹായിക്കുന്നു.  മീൻ സാമ്പിൾ പരിശോധിക്കാനുള്ള  കിറ്റ് ഇവിടെ ലഭ്യമാണ്. ചെല്ലാനം ഭാഗത്തുള്ള വഞ്ചിക്കാരുടെ പക്കൽനിന്ന് കായൽമീനുകളെ വാങ്ങിയും  സൊസൈറ്റി  വിൽക്കുന്നുണ്ട്.പൂമീൻ, തിരുത, പൊടിമത്സ്യങ്ങൾ എന്നിവയാണ് ഇവയില്‍ നല്ല പങ്കും. നേരിട്ടും 

ഫോണിലൂടെയും മുന്‍കൂട്ടി ഓർഡർ ചെയ്യാം. ദിവസവും വൈകിട്ട് വരാപ്പുഴ പാലത്തിന് അരികിൽ വാഹനം പാർക്ക് ചെയ്തു  മീന്‍ വിൽക്കുന്ന രീതിയുമുണ്ട്. കിലോയ്ക്ക് 200 രൂപയ്ക്കു വാങ്ങുന്ന മത്സ്യം െസാെസെറ്റി 250 രൂപയ്ക്കാണ് ഉപഭോക്താക്കൾക്കു നൽകുന്നത്.  നിലവിൽ കരിമീനിനു കിലോയ്ക്ക് 450 -600 രൂപവരെയാണ് വില്‍പന വില. വാളയ്ക്ക് 250 രൂപയും.

‘‘കൊച്ചിക്കാർക്ക് മറ്റു പ്രദേശക്കാരെ അപേക്ഷിച്ച്  മീന്‍ സുലഭമാണെങ്കിലും  രാസവസ്തുക്കൾ ചേർക്കാത്ത വിഷരഹിത മത്സ്യം കിട്ടാറില്ല. ഇതിന് ഒരു പരിധിവരെ പരിഹാരമാണ് ഈ വിപണി,’’ ചേരാ നെല്ലൂർ നിവാസിയും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എം.ആർ. ആന്റണി  ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ പ്രളയകാലത്ത് ഈ മത്സ്യക്കര്‍ഷകർക്ക് വൻ തിരിച്ചടി നേരിടുകയുണ്ടായി. പാടശേഖരങ്ങളിൽ കൃഷി ചെയ്തിരുന്നവരുടെ വളർച്ചയെത്തിയതും, എത്താത്തതുമായ മീനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി. എഫ്എഫ്ഡിഎസിന്റെ ചേരാനെല്ലൂരിലുള്ള  ആസ്ഥാനത്തു വെള്ളം കയറി ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഉപകരണങ്ങൾ പലതും കേടായി.   കർഷകർക്കു സ്വന്തം കൃഷിയിടങ്ങളിലുണ്ടായ നഷ്ടങ്ങൾ ഇതിനു പുറമെയാണ്. കൂടുതൽ കർഷകരെയും, ഇതുവരെ കൃഷി ചെയ്യാത്ത മത്സ്യ ഇനങ്ങളെയും ഉൾപ്പെടുത്തി സൊസൈറ്റി ശൃംഖല വിപുലീകരിക്കാൻ പദ്ധതിയുണ്ട്.  തൃക്കാക്കര മുനിസിപ്പൽ പ്രദേശത്തു രണ്ടിടങ്ങളിൽ കൂടി ഇത്തരം വിപണനശാലകൾ ആരംഭിച്ചിട്ടുണ്ട്.  ഓൺലൈൻ വില്‍പന ഉടൻ ആരംഭിക്കും. കേരളത്തിലുടനീളം ശാഖകൾ തുറക്കാനാണ് തീരുമാനമെന്നു ഷാജി ജോസും ഡിന്റോ അഗസ്റ്റിനും പറഞ്ഞു. 

ഫോൺ  9048749156, 9847039757.