Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമര, വേണമെങ്കിൽ വേലിയിലും വിളയും

amara

നമ്മുടെ വീട്ടുപറമ്പുകളുടെയും കൃഷിയിടങ്ങളുടെയും അതിരുകള്‍ പണ്ടൊക്കെ മുള്ളുവേലിയോ കമ്പിവേലിയോ കെട്ടിയാണ് തിരിക്കാറുള്ളത്. എന്നാൽ ഇന്നിപ്പോൾ മിക്കവാറും വീടുകളുടെ ചുറ്റും ‘സ്ളാബ്’ മതിലുകളാണുള്ളത്.  ഈയിടെയുണ്ടായ പ്രളയക്കെടുതിയിൽ ഇത്തരം മതിലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാകുന്നതുംതകര്‍ന്നുവീഴുന്നതുമൊക്കെ നാം കണ്ടു. ഈ സാഹചര്യത്തിലാണ്  ജൈവ വേലി (Bio fence ) എന്ന ആശയം പ്രസക്തമാകുന്നത്.

അതിരുകളില്‍ കൊന്ന, മുരിക്ക്, ചെമ്പരത്തി, മൈലാഞ്ചി, ഔഷധച്ചെടികൾ എന്നിവയൊക്കെ കുത്തിക്കൊടു ക്കാം. കൃഷിക്കു വേണ്ട  പച്ചിലവളം ഇത്തരം വേലികളിൽ നിന്നു ലഭിക്കാറുമുണ്ട്.  വീടിന്റെ മുൻഭാഗത്തു പൂന്തോട്ടത്തിനോടു ചേർന്നുള്ള വേലികളിൽ പടർന്നു കയറുന്ന ഭംഗിയുള്ള പൂച്ചെടികൾ നടാം.  വശങ്ങളിലും പിന്നിലുമുള്ള അതിർത്തികളിൽ പച്ചക്കറികൾ നട്ടാൽ അലങ്കാരത്തിനു പുറമെ ഉപയോഗവും ചെറിയ  ആദാ യവുമായി.  ഇതിനായി ചെക്കുർമാനിസ്, അമര, ചതുരപ്പയർ, കോവൽ എന്നിവ മാറി മാറി നടാം. 

മധ്യ കേരളത്തിൽ വീട്ടുമുറ്റത്ത് പന്തലിട്ടു കൃഷി ചെയ്യുന്ന വിളയാണ് അമര. മാംസ്യവും നാരും ധാരാളം അടങ്ങിയതിനാൽ ആരോഗ്യസംരക്ഷണത്തിനും ദഹനത്തിനും അമരപ്പയര്‍ നന്ന്.  മുറ്റത്തൊരു അമരപ്പന്തലുണ്ടായാൽ തണലുമാകും. വേലികളിലും, ടെറസിലും  പടർത്തിവളര്‍ത്താം. 

കുറ്റിയമര ഇനങ്ങളും പടർന്നു കയറി വളരുന്ന ഇനങ്ങളും ലഭ്യമാണെങ്കിലും കേരളത്തിലെ കാലാവസ്ഥയിൽ പടരുന്ന ഇനങ്ങളാണ് നന്നായി വിളവു നൽകുന്നത്. കായയുടെ നിറത്തിലും ആകൃതിയിലും വൈവിധ്യമുള്ള നിരവധി ഇനങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്.  പരന്ന ഇളം പച്ചനിറത്തിലുള്ള ഹിമ, വീതി കുറഞ്ഞ് അല്‍പം വയലറ്റ് നിറത്തിലുള്ള ഗ്രേസ് എന്നീ ഇനങ്ങൾ നമ്മുടെ വീടുകളിൽ കൃഷി ചെയ്യാൻ യോജിച്ചവയാണ്. വർഷകാലത്തിനു മുൻപുതന്നെ അമര നടാൻ തയാറെടുക്കണം.  45 -60 സെ.മീ.  വ്യാസവും 45 സെ.മീ. താഴ്ചയുമുള്ള കുഴിയെടുത്ത് ഉണങ്ങിയ ഇലകളിട്ടു കത്തിച്ച് കുഴി തയാറാക്കണം.  പിന്നീട് 250- 500 ഗ്രാം കുമ്മായം കുഴിയിലിട്ട് ഇളക്കുക.  മഴക്കാലത്തോടെ കുഴി നിറയെ പച്ചിലയിട്ട് അതിനു മുകളിൽ 10- 15 കിലോ പച്ചച്ചാണകം ചേർത്ത് ഇലകൾ അഴുകാൻ അനുവദിക്കുക.  തിരുവാതിര ഞാറ്റുവേല (ജൂലൈ മാസം)യാണ് അമരവിത്ത് പാകാൻ യോജിച്ച സമയം. അപ്പോള്‍ നേരത്തേ തയാറാക്കിയ കുഴിയില്‍  അര കിലോ എല്ലുപൊടി ചേർത്ത്, വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ കുഴി മേൽമണ്ണിട്ടു മൂടുക.

വിത്ത് മുളച്ചു നാമ്പ് നീട്ടുമ്പോൾ രണ്ടോ മൂന്നോ നല്ല തൈകൾ മാത്രം നിലനിർത്തി ബാക്കിയുള്ളവ നീക്കണം.  അഞ്ചാറ് അടി നീളമുള്ള ഒന്നോ രണ്ടോ കമ്പ് കുത്തി ചെടികൾ അവയിൽ ചുറ്റിക്കയറാൻ അനുവദിക്കുക.  അതിനു ശേഷം  അവ വേലിയിൽ പടർത്തിവിടുക. 

നവംബർ- ഡിസംബർ മാസത്തോടെ ചെടികൾ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യും. പുഷ്പിച്ചു തുടങ്ങിയാൽ രണ്ടാഴ്ചയിടവിട്ട് കടലപ്പിണ്ണാക്കും ചാരവും തടത്തിൽ ചേർത്തു കൊടുക്കുക. കായ് പിടിത്തം കുറയുന്ന കാലത്ത്  ചാണകപ്പാൽ നേർപ്പിച്ച് ചെടികളിൽ തളിക്കുന്നതും തടത്തിൽ ഒഴിക്കുന്നതും കൊള്ളാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വിളവെടുക്കാം. വിലാസം പച്ചക്കറി ശാസ്ത്ര വിഭാഗം, ഹോർട്ടികൾച്ചർ കോളജ്, വെള്ളാനിക്കര, തൃശൂർ- 680656. ഫോണ്‍: 9048247184