കാബേജിന് കഷ്ടകാലം

Idukki News
കാന്തല്ലൂർ പുത്തൂരിൽ അജ്ഞാത രോഗബാധ മൂലം നശിച്ച കാബേജ്
SHARE

മറയൂർ ∙ ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലെ കാബേജ് കൃഷിക്ക് വെല്ലുവിളിയായി അജ്ഞാത രോഗബാധ. കീടനാശിനി പ്രയോഗിച്ചിട്ടും ഫലം കാണാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. 

മറ്റു തോട്ടങ്ങളിലേക്ക് രോഗബാധ പടരുന്നതിനു മുൻപ് പ്രതിവിധി കണ്ടെത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പുത്തൂർ സ്വദേശി ബാലചന്ദ്രന്റെ കാബേജ് കൃഷിയാണ് രോഗബാധ മൂലം ചീഞ്ഞ് നശിച്ചത്.  കാബേജ് രൂപപ്പെട്ട് തുടങ്ങുമ്പോൾ ഇലകളിൽ സുഷിരങ്ങൾ, ചാര നിറത്തിലുള്ള ചെറു പ്രാണികൾ എന്നിവ കാണപ്പെടുകയും ക്രമേണ വളരുന്നതിനു അനുസരിച്ച് ചീഞ്ഞു നശിക്കുകയുമാണ് ചെയ്യുന്നത്. 

തുടക്കത്തിൽ ചുരുക്കം ചില കാബേജുകളിൽ കാണപ്പെട്ട രോഗബാധ പിന്നീട് തോട്ടം മുഴുവൻ വ്യാപിച്ചതായും കീടനാശിനി പ്രയോഗം നടത്തിയിട്ടും ഫലം കണ്ടില്ലെന്നും ബാലചന്ദ്രൻ പറയുന്നു.  സമാനമായ രീതിയിൽ പ്രദേശത്ത് അശ്വനി എന്നറിയപ്പെടുന്ന രോഗബാധ കാബേജിന് ഉണ്ടാകാറുണ്ടെങ്കിലും ഇന്റഫിലം-45, എക്കാലക്‌സ് എന്നീ കീടനാശിനികളിലൂടെ നിയന്ത്രിക്കാൻ കഴിയുമായിരുന്നു.

ഇപ്പോൾ 50 സെന്റോളം കൃഷിയിടത്തിൽ ചെയ്തിരുന്ന കാബേജാണ് ഇലകളിൽ തുളകൾ വീണും ചീഞ്ഞും നശിച്ചത്.  പുതുതായി പ്രദേശത്ത് കാണപ്പെട്ട രോഗബാധ മേഖലയിലെ മറ്റു തോട്ടങ്ങളിലേക്കു വ്യാപിക്കുന്നതിനു മുൻപ് അധികൃതർ ഇടപെട്ട് നിയന്ത്രണവിധേയമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA