sections
MORE

സുഗന്ധമുള്ള പഴം അർസാബോയ്

arsaboy1
SHARE

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന പഴവർഗവിളയാണ് അർസാബോയ്. ബ്രസീൽ, കൊളംബിയ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിലെ മഴക്കാടുകളാണ് സ്വദേശം. Eugenia Stipitata എന്ന ശാസ്ത്രനാമമുള്ള ഈ ഫലത്തിന് വ്യത്യസ്തവും ആകർഷകവുമായ സുഗന്ധവും ആസ്വാദ്യകരമായ രുചിയുമുണ്ട്. തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഐസ്ക്രീമിന് സുഗന്ധവും രുചിയും നൽകാൻ ഈ പഴം ഉപയോഗിക്കുന്നു. 

ധാരാളം ശിഖരങ്ങളുണ്ടാകുന്ന ഈ മരം 5–7 അടി ഉയരത്തിൽ വളരും. മരത്തിന് തവിട്ട് അല്ലെങ്കിൽ ചുവപ്പുകലർന്ന തവിട്ടു നിറമാണ്. ഇളം ശിഖരങ്ങളിൽ ചെറിയ തവിട്ടുനിറത്തിൽ മിനുസമുള്ള രോമങ്ങൾ കാണാം. മൂപ്പെത്തുമ്പോൾ രോമങ്ങൾ അപ്രത്യക്ഷമാകും. വിത്തുകൾ വഴിയാണ് പ്രജനനം. വിത്തുകൾ അധികം ഉണക്കിയാലോ തണുപ്പിച്ചാലോ കിളിർപ്പുശേഷി നഷ്ടമാകും. അതിനാൽ വിത്തുകൾ ലഭിച്ചാൽ വൈകാതെതന്നെ പാകണം. മുളപ്പിച്ച തൈകൾ ഒന്നുരണ്ടു മാസം പ്രായമാകുമ്പോൾ നടാം. രണ്ടടി താഴ്ചയിൽ‌ കുഴികൾ എടുത്ത് മേൽ മണ്ണ്, ട്രൈക്കോ‍ഡെർമ സമ്പുഷ്ട ചാണകം, വേപ്പിൻപിണ്ണാക്ക്, വാം (Vam) എന്നിവ ചേർ‌ത്ത് കുഴികൾ നിറച്ച് തൈകൾ നടാം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ‌ വെള്ളത്തിൽ കലക്കി ഒഴിക്കണം. 3 മീ. X 3 മീ. അകലത്തിൽ തൈകൾ നടുക. നല്ല നീർവാർച്ചയുള്ള മണ്ണിൽ വേണ്ടത്ര വെള്ളവും വളവും നൽകിയാൽ വേഗത്തിൽ വളരുകയും പൂക്കുകയും കായ്ക്കുകയും ചെയ്യും. രണ്ടു മാസംവരെ വരൾച്ചയെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. 

തൈകൾ നട്ട് രണ്ടുവർഷത്തിനുള്ളിൽ കായ്ക്കും. വർ‌ഷത്തിൽ കുറഞ്ഞത് രണ്ടു തവണ വിളവെടുക്കാം. ക്രിക്കറ്റ് ബോളിന്റെ വലുപ്പമുള്ള ഉരുണ്ട പഴങ്ങൾക്ക് 50–500 ഗ്രാം വരെ തൂക്കമുണ്ടാകും. പഴുക്കുമ്പോൾ ഓറഞ്ച് കലർന്ന മഞ്ഞനിറമാകും. മാംസ്യം, നാരുകൾ, അന്നജം തുടങ്ങിയവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. കൂടാതെ കാൽസ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, സി, ബി 1 എന്നിവ പഴത്തിലുണ്ട്. പഴങ്ങൾ ഭക്ഷ്യയോഗ്യമെങ്കിലും ഉയർന്ന അമ്ലത മൂലം നേരിട്ട് കഴിക്കുമ്പോൾ പുളിരസം മുന്നിട്ടുനിൽക്കും. തൊലി നീക്കം ചെയ്ത പഴം മൂന്നു ഗ്ലാസ് വെള്ളത്തിൽ പ ഞ്ചസാരയോ തേനോ ചേർത്ത് യോജിപ്പിച്ചാൽ സുഗന്ധമുള്ള പാനീയമായി. മാമ്പഴം, പപ്പായപ്പഴം എന്നിവയുമായി ചേർത്ത് പാനീയമായി ഉപയോഗിക്കാം. പഴത്തിലും വിത്തിലുംനിന്നു ജെല്ലി ഉണ്ടാക്കാം.

വിലാസം: അസി. ഡയറക്ടര്‍, ഫാം ഇന്‍ഫർ മേഷന്‍ ബ്യൂറോ, 

കൊച്ചി. ഫോണ്‍: 9633040030

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA