sections
MORE

പാടത്ത് ഒതുങ്ങാത്ത കീടങ്ങൾ; ധാന്യസംഭരണികളിലെ കീടശല്യവും നിയന്ത്രണമാര്‍ഗങ്ങളും

Rice-weevil
SHARE

ശത്രുപ്രാണികളുടെ ഉപദ്രവം വിളകളിൽ പാടത്തും പറമ്പിലും മാത്രം ഒതുങ്ങിനിൽക്കാറില്ല. കലവറകളും പത്തായപ്പുരകളും ധാന്യസംഭരണികളും ഗോഡൗണുകളും ഒക്കെ ഇവയുടെ വിഹാര രംഗങ്ങളാണ്. പാടത്തുണ്ടാക്കുന്നതിനെക്കാൾ നഷ്ടമാണ് ഇവ സംഭരണശാലകളിൽ ഉണ്ടാക്കുന്നത്. ഭക്ഷ്യപദാർഥങ്ങൾ തിന്നു നശിപ്പിക്കുന്നതിനെക്കാൾ നഷ്ടമാണ് ഇവയുടെ വിസർജ്യങ്ങളും മറ്റും ഭക്ഷ്യവസ്തുക്കളില്‍ കലരുന്നതു മൂലമുണ്ടാകുന്നത്. ആകെ ഉൽപാദനത്തിന്റെ 10 ശതമാനമെങ്കിലും കലവറക്കീടങ്ങളുടെ ഉപദ്രവത്തിൽ ഉപയോഗശൂന്യമാകുന്നു വെന്നാണ് ഏകദേശ കണക്ക്.

അരിച്ചെള്ള്: ധാന്യപ്പുരയിലെ നെല്ലിന്റെ പ്രധാന ശത്രു. ഇവ ധാന്യങ്ങളുടെ പരിപ്പാണു തിന്നുന്നത്. തവിട്ടു നിറമുള്ള പെൺ വണ്ട് ധാന്യം തുരന്നു നിക്ഷേപിക്കുന്ന മുട്ടകൾ വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ധാന്യത്തിന്റെ ഉൾഭാഗം തിന്നു നശിപ്പിച്ച് അതിനുള്ളിൽ സമാധിയാകും. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ധാരാളം കാണുന്ന ഈ ചെള്ള് ഗോതമ്പും ചോളവും ഒക്കെ തിന്നു നശിപ്പിക്കും.

Saw-toothed-grain-beetle

നെല്ലുതുരപ്പൻ വണ്ട്: ഇരുണ്ട തവിട്ടു നിറമുള്ള ഇതിന്റെ തല താഴേക്കു വളഞ്ഞിരിക്കും. ധാന്യം തുരന്ന് പുഴു ഉള്ളിൽ കടക്കും. നെല്ലിനു പുറമെ, അരിയും ഗോതമ്പും ചോളവുമെല്ലാം ഇഷ്ടവിഭവങ്ങൾ.

Red-flour-beetle

മാവുവണ്ട്: ധാന്യമാവുകളോടാണു പ്രിയം. വിശേഷിച്ചും ഗോതമ്പുമാവിനോട്. അരിമാവും കടലമാവും ഇഷ്ടമാണ്. പിണ്ണാക്കും പഴവർഗങ്ങളും താൽപര്യമുള്ള വിഭവങ്ങള്‍. വണ്ടിനു ചുവന്ന തവിട്ടുനിറം.പുഴു ഉപദ്രവകാരി.

Pulse-beetle

പയർവണ്ട്: മാംസ്യ പ്രധാനമായ പയർവർഗങ്ങളിൽ തൽപരൻ. ഇരുണ്ട നിറമുള്ള വണ്ടിന്റെ പുഴു പയർമണികൾ തുരന്നു തിന്നും. കലവറയ്ക്കു പുറത്തും പയർവണ്ടിന്റെ ഉപദ്രവമുണ്ടാകാം. 

മരച്ചീനിവണ്ട്: വാട്ടുകപ്പയുടെ ആരാധകൻ. പുഴുവും ഉപദ്രവകാരി. ചുക്കും കൊട്ടപ്പാക്കും ഒക്കെ തിന്നു നശിപ്പിക്കും.

bee

ഖപ്ര വണ്ട്: അതിശല്യക്കാരനാണ് ഖപ്രയുടെ പുഴു. ഉത്തരേന്ത്യൻ‌ പ്രദേശങ്ങളിൽ ഉപദ്രവം കൂടുതൽ. നെല്ല്, ഗോതമ്പ്, ചോളം, പയർമണികൾ ഒക്കെ നശിപ്പിക്കും. 

പുകയില വണ്ട്: ഉണക്കി സൂക്ഷിക്കുന്ന പുകയിലയോടാണ് താൽപര്യമേറെയെങ്കിലും നിലക്കടല, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ ബീൻസ്, എല്ലാം ഇതിനു പ്രിയങ്കരം തന്നെ. തുരന്നു തിന്ന് എന്തും ഉള്ളു പൊള്ളയാക്കും. ക്രമേണ എല്ലാം പൊടിഞ്ഞുതീരും.

ബഹുമുഖ നിയന്ത്രണം 

∙ സംഭരിക്കുന്ന ധാന്യമേതായാലും 3 ദിവസം തുടർച്ചയായി വെയിലത്തുണക്കി ഈർപ്പാംശം 12 ശതമാനത്തിനു താഴെ എത്തിക്കുക. 

∙ പെൺപ്രാണിയുടെ ഹോർമോൺ പുരട്ടിയ കെണികൾവച്ച് `ആൺശലഭങ്ങളെ കുടുക്കി നശിപ്പിക്കുക.

∙ പയർമണികൾ കറുത്ത ടാർപോളിനോ പോളിത്തീൻ ഷീറ്റോ വിരിച്ചു നല്ല വെയിലത്തുണക്കിയാൽ പയർമണികളുടെ ഊഷ്മാവ് 52 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഇതു കീടത്തിന്റെ സർവദശകളെയും നശിപ്പിക്കും. 

∙ ധാന്യങ്ങൾ സംഭരിക്കുമ്പോൾ അവയ്ക്കു മീതെ നേരിയ ഒരു പാളി വിരിക്കുന്നത് കീടങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടയും. ഒരു വർഷം വരെ ഇങ്ങനെ ഇതു കേടാകാതെ സൂക്ഷിക്കാം. ആവശ്യം വരുമ്പോൾ ധാന്യം എടുത്തിട്ട് വീണ്ടും 3 സെ.മീ. കനത്തിൽ മണൽ നിരത്തിയാൽ മതി. 

∙ സംഭരിച്ച ധാന്യത്തിൽനിന്നു കീടങ്ങളെ അകറ്റാനുള്ള യന്ത്ര സംവിധാനം കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവകലാശാലയുടെ കീടശാസ്ത്ര വിഭാഗം തയാറാക്കിയിട്ടുണ്ട്. അഞ്ചു മിനിറ്റ് പ്രവർത്തിപ്പിച്ചാൽ ഇതു മിക്ക കീടങ്ങളെയും സംഭരണിയിൽനിന്നു വേർതിരിക്കും. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഇതിൽ ഒരു മണിക്കൂറിൽ 200–250 കിലോ വരെ ധാന്യം വൃത്തിയാക്കാം. കര്‍ഷകസമിതികൾക്കും വലിയ സംഭരണശാലകൾ ക്കും ഇത് പ്രയോജനപ്പെടും. വില 2 ല ക്ഷം രൂപ. (ഫോൺ: 09488458006, പ്രഫ സർ, എന്റമോളജി വിഭാഗം) 

∙ അട്ടിയിടുന്ന ചാക്കുകൾക്കിടയിൽ വച്ചും നൊച്ചി, വേപ്പ് എന്നിവയുടെ ഇല കൾ കീടനിയന്ത്രണം നടത്താം. ഗോഡൗണിൽ വയമ്പിന്റെ നീരു തളിക്കുന്നത് മിക്ക കീടങ്ങളെയും അകറ്റും. 

∙ 5% വീര്യത്തിൽ വേപ്പിൻകുരുസത്ത് ധാന്യസംഭരണിയിൽ 15 ദിവസം മുൻപു തന്നെ തളിച്ചാൽ കീടങ്ങളുടെ വരവ് ഗണ്യമായി കുറയും. 

∙ ധാന്യം സംഭരിക്കുന്ന ചണച്ചാക്കുകൾ കാട്ടാവണക്ക്, നൊച്ചി, വേപ്പ് എന്നിവയുടെ ഇലസത്ത് വേർതിരിച്ചെടുത്ത ലായനിയിൽ 12 മണിക്കൂർ നേരം മുക്കിവച്ച് ഉണക്കി ഉപയോഗിച്ചാൽ കീടബാധ തടയാം. 

∙ പുതിനയിലയുടെ പൊടി ദ്രുതഗതിയിൽ ചെള്ളുകളെ നശിപ്പിക്കുമെന്നു കണ്ടിരിക്കുന്നു. 

∙ പരമ്പരാഗത സംഭരണികൾക്കു പകരം പൂസ ബിൻ, പൂസ ക്യൂബിക്കിൾ എന്നിവപോലെ കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഉപയോഗിക്കുക.

ഇതിനു പുറമെ അലുമിനിയം ഫോസ്ഫൈഡ് 3 ഗ്രാം ഗുളികകൾ (സെൽഫോസ്) സംഭരണിയിൽ പുകയ്ക്കുന്ന പതിവുണ്ട്. ഒരു ടൺ ധാന്യത്തിന് 3 ഗുളിക എന്നതാണു തോത്. ഭക്ഷ്യ ധാന്യ സംഭരണികളിൽ രാസകീടനാശിനികളുടെ പ്രയോഗം കുറയ്ക്കുകയാണു നന്ന്.

വിലാസം: പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ (റിട്ട.),

ഫാം ഇൻഫർമേഷൻ ബ്യൂറോ. ഫോൺ: 9446306909

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA