sections
MORE

നടാം ഇനി നടുതലകൾ

HIGHLIGHTS
  • ധനു, മകരം, കുംഭം മാസങ്ങൾ കിഴങ്ങുവിളകളുടെ നടീൽകാലം
tuberes
SHARE

ചേനയും ചേമ്പും കാച്ചിലും കിഴങ്ങും പിന്നെ മരച്ചീനിയും മധുരക്കിഴങ്ങും കൂവയും കൂർക്കയും ഒക്കെയാണ് നമ്മുടെ നടുതലകൾ. ഇവ എല്ലാംകൂടിയോ ചിലതു മാത്രമായോ എല്ലാ പറമ്പുകളിലും കുറേശ്ശെ കൃഷി ചെയ്തുപോന്നിരുന്നു പൂർവികർ. സമ്മിശ്രക്കൃഷിരീതിയായിരുന്നു അവരുടേത്.

നടുതലകളാൽ സമ്പന്നമായിരുന്നു നാട്ടിൻപുറങ്ങൾ. കുറഞ്ഞ സ്ഥലത്തുനിന്നു കൂടുതൽ ഉൽപാദനം കിട്ടുന്ന നടുത ലകൾ ഊർജദായക പോഷകവസ്തുക്കൾ ആണ്. പുഴുക്കായും അസ്ത്രമായും നയും ചേമ്പും കാച്ചിലും കിഴങ്ങും പിന്നെ മരച്ചീനിയും മധുരക്കിഴങ്ങും കൂവയും കൂർക്കയും ഒക്കെയാണ് നമ്മുടെ നടുതലകൾ. ഇവ എല്ലാം കൂടിയോ ചിലതു മാത്രമായോ എല്ലാ പറമ്പുകളിലും കുറേശ്ശെകൃഷി ചെയ്തുപോന്നിരുന്നു പൂർവികർ. സമ്മിശ്രക്കൃഷിരീതിയായിരുന്നു അവരുടേത്. നടുതലകളാൽ സമ്പന്നമായിരുന്നു നാട്ടിൻപുറങ്ങൾ. കുറഞ്ഞ സ്ഥലത്തുനിന്നു കൂടുതൽ ഉൽപാദനം കിട്ടുന്ന നടുതലകൾ ഊർജദായക പോഷകവസ്തുക്കൾ ആണ്. പുഴുക്കായും അസ്ത്രമായും മറ്റു കൂട്ടുകറികളായും ധാരാളമായി ഇവ നമ്മുടെ നിത്യഭക്ഷണത്തിൽ ഉണ്ടായിരുന്നു. ചേനത്തണ്ടും ചെറുപയറും ചേമ്പിൻതാൾ കറിയും തുടങ്ങി എത്രയെത്ര വിഭവങ്ങൾ. തിരുവാതിര കൂട്ടുപുഴുക്ക് ഏറെ പ്രസിദ്ധമായ കേരളീയ വിഭവമാണ് ഇപ്പോഴും. എന്നാൽ ‘എട്ടങ്ങാടി’ എന്ന സവിശേഷ വിഭവത്തെക്കുറിച്ച് പുതുതലമുറയിലെ എത്ര പേർക്ക് അറിയാം. ഏതു പുതുതലമുറ ഭക്ഷണത്തെക്കാളും പോഷകസമൃദ്ധമാണ് ഈ നാടൻ വിഭവങ്ങളെന്ന് ആധുനിക ശാസ്ത്രവും ശരിവയ്ക്കുന്നു. നിത്യേന ശരീരത്തിന് ആവശ്യമായ മിക്ക ജീവകങ്ങളും മൂലകങ്ങളും അന്നജവുമൊക്കെ ഈ ഭക്ഷ്യവസ്തുക്കളിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഷം തീണ്ടാത്തതാണെന്നതും നടുതലകളുടെമെച്ചമാണ്. ചേനയ്ക്കും ചേമ്പിനും കാച്ചിലിനും കിഴങ്ങിനും മധുരക്കിഴങ്ങിനും മരച്ചീനിക്കും കൂവയ്ക്കുമൊന്നും ആരും വിഷപ്രയോഗം ഇതുവരെ തുടങ്ങിയിട്ടില്ല. അതിനാൽ നടുതലകളെ നമുക്ക് നമ്മുടെ തൊടികളിലേക്ക് മടക്കി കൊണ്ടുവരാം. ഇവയെല്ലാംതന്നെ ആദായവിളകളുമാണ്.

ചേന 

മകരത്തിലെ തൈപ്പൂയത്തിൽ തുടങ്ങുന്നതാണ് ചേനയുടെ ആദ്യ നടീല്‍ക്കാലം. കുംഭമാസത്തിലെ പൗർണമിയിൽ തുടങ്ങുന്നു രണ്ടാം ചേനക്കാലം. ‘കുംഭത്തിലെ ചേന കുടം പോലെ’ എന്നൊരു ചൊല്ലുതന്നെയുണ്ട്.‌ 

ചേന നടീലിനു ചില പരമ്പരാഗത ശീലങ്ങളുണ്ട്. ചേന ആഴത്തിൽ നടാൻ പാടില്ല. രണ്ടര അടി ചുറ്റളവിലുള്ള തടത്തിന് മുക്കാൽ അടിയിൽ‌ കൂടുതൽ‌ ആഴമുണ്ടാവരുത്. ഒന്ന് – ഒന്നേകാൽ കിലോ തൂക്കമുള്ള ചേനപ്പൂളുകളാണ് നടീൽവസ്തു. ഇടത്തരം ഭാരമുള്ള ചേന മൂന്നോ നാലോ പൂളുകളാക്കി ചാണകപ്പാലിൽ മുക്കി നാല ഞ്ചു ദിവസം ഉണക്കിയ ശേഷമാണ് നടേണ്ടത്. ചേനയുടെ പൂളുഭാഗം നടുന്ന ആളിന്റെ വലതുവശത്തു വരത്തക്കവിധം തടത്തിൽ വച്ചിട്ട് മണ്ണടുപ്പിച്ചു ചവിട്ടി ഉറപ്പിക്കണം. ഉണങ്ങി പൊടിഞ്ഞ ചാണകം ഒരു കുട്ട അപ്പോൾ തന്നെ ഇട്ട് കരിയിലകൊണ്ട് പുതയിടണം. 10 ദിവസത്തിലൊരിക്കൽ ഒരുകുടം വെള്ളംകൊണ്ട് തടം നനയ്ക്കണം. ഇരുപതാം ദിവസം ഇട കിളയ്ക്കണം. മുപ്പതാം പക്കം മുള വന്നിരിക്കും. അപ്പോൾ തടത്തിന്റെ വശങ്ങളിലേക്ക് മണ്ണുമാറ്റി പുതനീക്കിയതിനുശേഷം അഞ്ചുകിലോ ചാണ കപ്പൊടിയും 250 ഗ്രാം എല്ലുപൊടിയും കൂട്ടിക്കലർ‌ത്തി ഇട്ട് വീണ്ടും കരിയിലകൊണ്ട് പുതയിട്ട് മണ്ണ് ചുരണ്ടി അടുപ്പിക്കുന്നു. കാലവർഷാരംഭത്തിൽ വീണ്ടും തടം തുറ ന്ന് ചാരം (വെണ്ണീർ‌), ചവർ‌ (വട്ട, ശീമക്കൊ ന്ന, പൂവരശ് തുടങ്ങിയവയുടെ പച്ചിലകൾ) അതിനു മീതേ 10 കിലോ പച്ചച്ചാണകം എന്നിവ ഇട്ട് മണ്ണ് ചുരണ്ടി അടുപ്പിക്കും. മകരത്തില്‍ നട്ടാല്‍ കർക്കടകത്തിൽ വിളവെടുക്കാം. ഓണക്കാലമായതിനാൽ നല്ല വില കിട്ടും. കുംഭച്ചേന തുലാമാസത്തിലാണ് വിളവെടുക്കുക. വൃശ്ചികത്തിലെ നോമ്പുകാലമായതിനാൽ അപ്പോഴും നല്ല ഡിമാന്‍ഡ് ഉണ്ടാവും. വിത്തിനുള്ള ചേന പത്തു ദിവസം കമഴ്ത്തി വച്ച് പുക കൊള്ളിച്ചതിനുശേഷം എടുത്ത് ചണച്ചാക്ക് /പലക / മുളപ്പാളിയിൽ മുക്കണ്ണിച്ച് അടുക്കിയാണ് സൂക്ഷിക്കുന്നത്. 

ചേനയുടെ പരമ്പരാഗത ഇനങ്ങൾക്ക് പുറമെ താഴെപ്പറയുന്ന ഇനങ്ങളും ഇപ്പോൾ പ്രചാരത്തിലുണ്ട്. ആന്ധ്രപ്രദേശിൽ നിന്നുള്ള, ഒൻപതു മാസം മൂപ്പും നല്ല വലുപ്പവും രുചിയുമുള്ള ‘ഗജേന്ദ്ര’ കർഷകർക്കു പ്രിയപ്പെട്ട ഇനമാണ്. ശ്രീപത്മ ഇനം ഇടത്തരം വലുപ്പമുള്ളതും എട്ട് – ഒൻപതു മാസത്തെ മൂപ്പുള്ളതും ഹെക്ടറിൽ‌ 42 മെട്രിക് ടൺ വിളവു തരുന്നതുമാണ്. ‘ശ്രീ ആതിര’ ഒൻപതു മാസത്തെ മൂപ്പും ഹെക്ടറിന് 40 ടൺ വിളവും നല്ല രുചിയുമുള്ള ഇനമാണ്. തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുഗവേഷണകേ ന്ദ്രത്തിൽ ഉരുത്തിരിച്ചതാണ് ഇവ രണ്ടും.

ചേമ്പ് 

രണ്ടു തരമുണ്ട്– ചെറുചേമ്പും വെട്ടുചേമ്പും. മീനം ഒടുവിലും മേടം ആദ്യവുമാണ് വെട്ടു ചേമ്പ് കൃഷിയിറക്കുന്നത്. ഒന്നൊന്നര അടി ആഴത്തിലും ചുറ്റളവിലും ഉള്ള കുഴിയിലാണ് വെട്ടുചേമ്പ് (പാൽച്ചേമ്പ്) നടുക. തടയും വിത്തുമാണ് നടീൽവസ്തുക്കൾ. ത ടയാണെങ്കിൽ 100 ഗ്രാം തൂക്കമുള്ള പൂളുക ളാക്കുന്നു. ഈ പൂളുകൾ പാകി കിളിർപ്പിച്ചാണ് നടുന്നത്. പാകാനുള്ള സ്ഥലം കിളച്ചൊരുക്കി അധികം ആഴത്തിലല്ലാതെ നീളത്തിലുള്ള ചാലു കീറി തേങ്ങ പാകുംപോലെ മണ്ണ് മുകളിലാക്കി കമഴ്ത്തി നട്ട് മണ്ണിട്ട് മൂടുന്നു. രണ്ടു ദിവസം നനച്ചതിനുശേഷം തണലിടും. പത്താം നാൾ മുളച്ചിട്ടുണ്ടാവും. മുള വന്ന പൂളുകൾ മണ്ണിൽനിന്ന് ഇളക്കിയെടുത്ത് കരുത്തുള്ള ഒരു മുള മാത്രം നിർത്തി ബാക്കിയുള്ളവ ചെറുകത്തികൊണ്ട് കുത്തിയെടുത്തു കളയണം. അതിനുശേഷം നടാം.

tuberes2

വിത്തുകളാണെങ്കിൽ നേരിട്ട് നടാം. നട്ട ഉടൻ ഉണങ്ങിപ്പൊടിഞ്ഞ ഒരു കിലോ ചാണകവും അൻപതു ഗ്രാം എല്ലുപൊടി യും കൂടി തടത്തിലിട്ട് മീതേ കരിയിലകൊണ്ടു പുതയിടണം. നടുതലകൾക്കൊക്കെ പുതയിടൽ അത്യാവശ്യമാണ്. പുതയിടാൻ ആഞ്ഞിലി (അയനി), മഹാഗണി എന്നി വയുടെ കരിയില ഒഴിവാക്കണം. ഇവ പൊടിഞ്ഞു കിട്ടാൻ‌ താമസമുണ്ടാകുമെന്നു മാത്രമല്ല, ഈർപ്പം പിടിച്ചുനിർത്തുകയില്ല എന്ന പോരായ്മയുമുണ്ട്. 

നട്ട് പതിനഞ്ചാം നാൾ ഇട കിളയ്ക്കണം. തടകൾ നട്ട കു ഴികളിൽ പുറകോട്ട് മണ്ണ് വലിച്ചു മാറ്റി കരിയില ഉടച്ചിട്ട് അര കിലോ ചാണകപ്പൊടി വിതറിയിടണം. വെട്ടുചേമ്പ് തടത്തിൽ തഴക്കൈത ഓല വെട്ടിയിടുന്ന പതിവുണ്ടായിരുന്നു. ഇതു വഴി വിളവു കൂടുകമാത്രമല്ല, എലിശല്യം കുറയുകയും ചെയ്യുമായിരുന്നത്രെ. കാലവർഷാരംഭത്തിൽ പച്ചച്ചാണകവും ചാരവും ഇട്ട് മണ്ണടുപ്പിച്ചു കൊടുക്കാം. കർക്കടകത്തിൽ വീണ്ടും കുറച്ചു ചവറും ചാണകവും ചാരവും ഇട്ട് മണ്ണ് അടുപ്പിച്ച് കൂനകളാക്കി നിർത്തണം. ധനു ഒടുവിലും മകരം ആദ്യത്തിലുമായി വെട്ടുചേമ്പ് വിളവെടുക്കാം. നീലച്ചേമ്പ്, വെള്ളച്ചേമ്പ് എന്നിവയാണ് നാടൻ‌ ഇനങ്ങൾ. ചേമ്പിൻതണ്ടും മാണവും കിഴങ്ങുകളും ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, ജീവകം എ, സി എന്നിവയുടെ മികച്ച ഉറവിടമാണ് ചേമ്പിന്റെ കിഴങ്ങുകൾ. 

വലുപ്പം കുറഞ്ഞ ചേമ്പുകളെ ചെറുചേമ്പ് എന്നു പറയുന്നു. മേടം പത്തിനാണ് ചെറുചേമ്പ് കാലം തുടങ്ങുക. ചെറുചേമ്പിനെ തുലാച്ചേമ്പ് എന്നും പറയാറുണ്ട്. ഒരടി താഴ്ചയിലും മുക്കാൽ അടി വ്യാസത്തിലും ഒറ്റത്തടം വെട്ടി വിത്തുകളാണ് നടുന്നത്. നട്ടതിനുശേഷം ഒരു ചിരട്ട അളവ് ചാ ണകപ്പൊടി ഇട്ട് കരിയിലകൊണ്ട് പുത യിടണം. പതിനഞ്ചാം പക്കം മുളപൊട്ടും. നട്ട് 20–25 ദിവസത്തിനുശേഷം ഇടയിളക്കി കളനീക്കി ചെറു തൂമ്പായ്ക്ക് തടം വലിച്ച് എല്ലുപൊടി 25 ഗ്രാം, ഒരു ചിരട്ട ചാണകപ്പൊടി എന്നിവ ഇട്ട് കരിയിലകൊണ്ട് പുതയിട്ട് മണ്ണ് ചുരണ്ടി അടുപ്പിക്കണം. 

കാലവർഷാരംഭത്തിൽ തടത്തിൽ കുറച്ച് പച്ചച്ചാണകവും ചവറും ഇട്ട് മണ്ണ് ചു രണ്ടി അടുപ്പിക്കണം. കന്നി–തുലാമാസത്തിൽ വിളവെടുക്കുന്നതിനാലാണ് തുലാച്ചേമ്പ് എന്നു പറയുന്നത്. കണ്ണൻ, താമരക്കണ്ണൻ, വെളുത്ത കണ്ണൻ, കറുത്ത കണ്ണൻ, കറുത്ത ചേമ്പ്, ചക്കച്ചേമ്പ്, വയൽച്ചേമ്പ് എന്നിങ്ങനെ പ്രാദേശി കമായി പല പേരുകളിൽ ലഭ്യമാണ്. ശ്രീരശ്മി, ശ്രീപല്ലവി, മുത്ത കേശി, പനിസാരു 1, പനിസാരു 2 എന്നിങ്ങനെ സങ്കര ഇനങ്ങളും പ്രചാരത്തിലുണ്ട്.

കാച്ചിൽ

ധനുമാസത്തിൽ തുടങ്ങുന്നു കാച്ചിൽകാലം. ഒരു മുഴം കാച്ചിലിന് ഒൻപതു മുഴം ഏറ്റം എന്നാണ് പ്രമാണം. ഒരു മീറ്റർ‌ ആഴത്തിലും അര മീറ്റർ‌ വീതിയിലും കാച്ചിലിന് കുഴികൾ എടുക്കണം. കുഴിയിൽ കരിയില, പച്ചില ചവർ, ചാണകം, ഗോമൂത്രം എന്നിവ നിറച്ച് കുംഭമാസം വരെ സൂക്ഷിക്കുന്നു. കുംഭത്തിൽ കുഴിവെട്ടി കൂമ്പലാക്കും. 200 ഗ്രാം മുതൽ മുകളിലേക്ക് തൂക്കമുള്ള കാച്ചിൽ പൂളുകൾ ചാണകപ്പാലിൽ മുക്കി തണലിൽ 4–5 ദിവസം ഉണക്കും. ഉണങ്ങിയ പൂളിന്റെ മുറിവായ് നടുന്ന ആളിന്റെ ഇട തുവശം വരത്തക്കവിധമാണു നടുന്നത്. നട്ടയുടൻ നന്നായി നനയ്ക്കും. നൂറു ഗ്രാം എല്ലുപൊടിയും കുഴിയിലിട്ടു കൊടുക്കും. മുകളിൽ കരിയിലകൊണ്ടു പുതയിട്ട് എക്കൽ മണ്ണുകൊണ്ട് പൊതിയും. പത്തു ദിവസത്തിലൊരിക്കൽ നനയ്ക്കണം. 20–25 ദിവസത്തിനുള്ളിൽ ഇടകിളച്ച് കോലുകുത്തി ഏറ്റം കെട്ടണം. മുപ്പതാം ദിവസം പടർ‌ന്നു കയറും. പാഴ്മരത്തിൽ പടർ‌ത്തിയും വിടാം. എത്ര ഉയര ത്തിലേക്ക് പടർ‌ത്തുന്നുവോ അത്രയും വലുപ്പമുള്ള കാച്ചിൽ കിട്ടുമെന്നാണ് പഴമക്കാർ പറയുന്നത്. കാല വർഷാരംഭത്തിൽ തടം തുറന്ന് പച്ചച്ചാണകവും ചവറുമിട്ട് തടം ചുരണ്ടി അടുപ്പിക്കും. മിഥുനത്തിൽ ഒന്നുകൂടി ചുരണ്ടി മണ്ണ് അടുപ്പിക്കണം. വൃശ്ചികത്തിൽ വിളവെടുക്കാം. ഇനമനുസരിച്ച് വിളവും തൂക്കവും വ്യത്യസ്തമായിരിക്കും. നാടൻ‌ ഇനങ്ങളായ വാഴവടക്കൻ, മുറംചാരി, വെള്ളക്കാച്ചിൽ, നീലക്കാച്ചിൽ, എലിവാലൻ എന്നിവയ്ക്ക് പുറമെ പലതരം മികച്ച പുതിയ ഇനങ്ങളും കൃഷി ചെയ്തു വരുന്നുണ്ട്. ശ്രീകീർത്തി, ശ്രീരൂപ, ശ്രീശിൽപ, ശ്രീ കാർത്തിക, ഒറീല എലൈറ്റ് എന്നിങ്ങനെയുള്ള മേൽത്തരം ഇനങ്ങളും ലഭ്യമാണ്.

ആദിവാസികളുടെ പ്രധാന ആഹാരം കാച്ചിൽ കിഴങ്ങുകളായിരുന്നു. കാട്ടുകാ ച്ചിൽ തേടിപ്പിടിച്ച് കുഴിച്ചെടുത്തു ചുട്ടുതി ന്നുന്ന പതിവുരീതി ഇപ്പോഴും തുടരുന്നുണ്ട് അവർ.

കിഴങ്ങ്

രണ്ടു തരം കിഴങ്ങുകളുണ്ട്. നനകിഴങ്ങും ചെറുകിഴങ്ങും. മകരമാസത്തിലാണ് കിഴങ്ങു നടീൽ. ഒരടി താഴ്ചയിലും മുക്കാൽ അടി ചതുരത്തിലും തടം വെട്ടി അതിനു നടുവിൽ വിരൽ പൊക്കത്തിൽ മണ്ണ് കൂനയാക്കി തടം വരകി ഒരു കിഴങ്ങ് കുത്തനെ എന്ന ക്രമത്തിലാണ് കിഴങ്ങു നടുന്നത്. തടത്തിൽ ഒരു കിലോ ചാണകപ്പൊടിയും അതിനു മീതേ കരിയിലയും ഇട്ട് മണ്ണിട്ട് മൂടി അപ്പോൾ തന്നെ നന്നായി നനച്ചുകൊടുക്കണം. 

നനകിഴങ്ങായാലും ചെറുകിഴങ്ങായാലും നാലു തടങ്ങൾ ചതുരത്തിൽ എന്ന ക്രമത്തിലാണ് നടേണ്ടത്. പതിനഞ്ചാം ദിവസം ഇടകിളച്ച് മുക്കണ്ണിച്ച് കോൽ കുത്തി ഏറ്റം ഒരുക്കുകയോ അടുത്ത മരത്തിലേക്ക് പടർത്തി വിടുകയോ ചെയ്യണം. ഇരുപതാം ദിവസം മുളച്ചു തുടങ്ങും. പടർ‌ന്നു തുടങ്ങുമ്പോൾ തടം വലിച്ച് 50 ഗ്രാം എല്ലുപൊ ടിയും ഒരു കിലോ ചാണകപ്പൊടിയും ഇട്ട് മണ്ണ് ചുരണ്ടി അടുപ്പിക്കണം. 

കാലവർഷാരംഭത്തിൽ പച്ചച്ചാണകവും ചവറുമിട്ട് മണ്ണ് ചുരണ്ടി അടുപ്പിക്കണം. കന്നിയിൽ വിളവെടുക്കാം. ഒരു മൂട്ടിൽ 4 മുതൽ 6 കിലോ വരെ വിളവു പ്രതീക്ഷിക്കാം. നാടൻ‌ ഇനങ്ങൾക്കു പുറമെ മേൽ ത്തരം ഇനങ്ങളും ഇപ്പോൾ ലഭ്യമാണ്. ശ്രീലത, ശ്രീകല, ശ്രീപ്രിയ, ശ്രീധന്യ എന്നിവ ശ്രീകാര്യത്തുള്ള സിടിസിആർഐയുടെ ഇനങ്ങളാണ്. ശ്രീധന്യ കുറ്റിച്ചെടിപോലെ വളരുന്ന വിശേഷപ്പെട്ട ഇനമാണ്. 

വിലാസം: കൃഷി ഓഫിസർ‌,

ചെറിയനാട്, നെടുവരംകോട് പി.ഒ., 

ചെങ്ങന്നൂർ 

ഫോൺ: 80755 57146.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA