ADVERTISEMENT

തെങ്ങ് നനച്ചാൽ വിളവ് ഇരട്ടിക്കും. തുള്ളിനനയാണെങ്കിൽ ഒരു ദിവസം 60 – 70 ലീറ്റര്‍ നൽകുക. തടത്തിൽ വെള്ളം തുറന്നുവിടുകയാണെങ്കിൽ ഒരു തവണ 400–700 ലീറ്റർ‌. ഇടവേള 5– 8 ദിവസം. മണലിന്റെ അംശം കൂടിയ മണ്ണിൽ ചെറിയ അളവും ചെറിയ ഇടവേളയും. കളിമണ്ണിന്റെ അംശം കൂടിയ മണ്ണിൽ കൂടുതൽ അളവും കൂടിയ ഇടവേളയും. മണലിന്റെ അംശം കൂടിയ തടങ്ങളിൽ ചേറും കളിമണ്ണിന്റെ അംശം കൂടിയ തടങ്ങളിൽ മണലും ചേർ‌ക്കുന്നതു കൊള്ളാം. ചെറുതൈകൾക്ക് തെക്കുപടിഞ്ഞാറൻ വെയിലിൽനിന്നു സംരക്ഷണം നൽകണം. തൈകൾ നനച്ചാൽ 4 – 5 വർഷംകൊണ്ട് കായ്ക്കും. നനയ്ക്കാൻ സൗകര്യമില്ലാത്ത തെങ്ങുകളുടെ തടത്തിൽ പുതയിടുക. 

 

വിത്തുതേങ്ങ ഈ മാസവും ശേഖരിക്കാം. കുറ്റ്യാടി, കോമാടൻ എന്നിവയാണ് നല്ല നാടൻ ഇനങ്ങൾ. നനയ്ക്കാതെതന്നെ ആണ്ടിൽ‌ 80 നാളികേരം വിളയുന്ന തെങ്ങുകളിൽനിന്നാണ് വിത്തു തേങ്ങ എടുക്കേണ്ടത്.ചെറുതെങ്ങുകളിൽ ചെമ്പൻചെല്ലിയുടെ ശല്യമുണ്ടാകും. തടിയിൽ സുഷിരങ്ങളും അതിലൂടെ ചണ്ടി പുറത്തേക്കു വരുന്നതുമാണ് ലക്ഷണം. മുകളിലത്തേതൊഴികെ മറ്റെല്ലാസുഷിരങ്ങളും കളിമണ്ണുകൊണ്ട് അടയ്ക്കുക. രണ്ടു ലീറ്റർ‌ വെള്ളത്തിൽ ഇക്കാലക്സ് നാലു മി.ലീ. കലക്കി മുകളിലത്തെ സുഷിരത്തിലൂടെ ഒഴിക്കുക. തുടർന്ന് ആ സുഷിരവും അടയ്ക്കുക. കൊമ്പൻചെല്ലികളെ നിയന്ത്രിക്കാൻ ഒരു കിലോ ആവണക്കിൻപിണ്ണാക്ക് 5 ലീറ്റർ വെള്ളത്തിൽ കുതിർത്ത് മൺകുടങ്ങളിൽ തോട്ടത്തിൽ സൂക്ഷിക്കുക. അവയിൽ വീഴുന്ന ചെല്ലികളെ നശിപ്പിക്കുക. തീരപ്രദേശങ്ങളിൽ ഈ മാസം ഓലയുടെ പച്ചനിറം കാർന്നു തിന്നുന്ന തെങ്ങോലപ്പുഴുവിന്റെ ശല്യമുണ്ടാകാം. ഇതിനെ നിയന്ത്രിക്കാൻ എതിർ‌പ്രാണികളെ വിടുന്നതിന് കൃഷിഭവനുമായി ബന്ധപ്പെടുക. ചില തെങ്ങുകളിൽ ചാഴിയുടെ ഉപദ്രവം കാണാം. കുത്തേറ്റ മച്ചിങ്ങകളും വെള്ളയ്ക്കയും വീഴും. കുത്തേറ്റ ഭാഗത്ത് തവിട്ടുനിറത്തിൽ കണ്ണിന്റെ ആകൃതിയിൽ ചെറിയ വിള്ളലുകളുണ്ടാകും. ഇക്കാലക്സ് രണ്ടു മി.ലീ. ഒരു ലീറ്റർ‌ വെള്ളത്തിൽ എന്ന കണക്കിന് തളിക്കാം. പരാഗണം നടക്കുന്ന കുലകളിൽ കീടനാശിനി വീഴാതിരിക്കാൻ ശ്രദ്ധിക്കണം. ചില തെങ്ങുകളുടെ പൂങ്കുലകളിൽ പഞ്ഞിപോലെ വെളുത്ത മീലിമൂട്ടകൾ കാണാം. ഇളംഭാഗത്തുനിന്നു നീരൂറ്റി കുടിക്കുന്നതിനാൽ മച്ചിങ്ങ കൊഴിയാനിടയുണ്ട്. ഇക്കാലക്സ് 2. മി.ലീ. ഒരു ലീറ്റർ‌ വെള്ളത്തിൽ എന്ന കണക്കിന് തളിക്കണം.

 

തെങ്ങിൻതൈകളിൽ വിടരാത്ത കൂമ്പോലകൾ മുരടിക്കുക, തുറക്കാതിരിക്കുക, ഞൊറിവ് വീഴുക എന്നിവയും ഇതിന്റെ ഉപദ്രവം മൂലമാണ്. കൂമ്പോലക്കാതുകൾ വിടർത്തിയാൽ ഈ കീടത്തെ കാണാം. വെള്ളീച്ചയും മീലി മൂട്ടകളും ഒന്നിച്ച് ഉപദ്രവിക്കുന്നതായി കണ്ടിട്ടുണ്ട്. ലെക്കാനിസീലിയം ലെക്കാനി 20 ഗ്രാം + ശർക്കര ഉരുക്കിയെടുത്തത് 10 മി.ലീ. എന്നിവ ഒരു ലീറ്റർ‌ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുന്നതാണ് ജൈവ രീതിയിലുള്ള നിയന്ത്രണം.

 

മാരക കുമിൾരോഗമാണ് ചെന്നീരൊലിപ്പ്. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി കത്തിച്ചുകളയുക. തുടർന്ന് ആ ഭാഗത്ത് കോണ്ടാഫ് 5 മി.ലീ. 100 മി.ലീ. വെള്ളത്തിൽ കലക്കി പുരട്ടുക. ഒരു ദിവസം കഴിഞ്ഞ് കുമിൾനാശിനി പുരട്ടിയതിനു മേൽ റബർ‌ കോട്ട് തേക്കുക. കൂടാതെ 50 മി.ലീ. കോണ്ടാഫ്, 25 ലീറ്റർ വെള്ളത്തിൽ കലക്കി നനവുള്ള തടത്തിൽ ഒഴിക്കുക. ഇത്തരം തെങ്ങുകൾക്ക് ജൂൺ മാസത്തിൽ അഞ്ചു കിലോ വേപ്പിൻപിണ്ണാക്കും 50 ഗ്രാം ട്രൈക്കോഡെർ‌മകൾച്ചറും ചേർ‌ക്കുന്നത് നന്ന്. കറ ഒലിക്കുന്ന ഭാഗത്ത് ട്രൈക്കോഡെർമ കൾച്ചർ‌ വെള്ളത്തിൽ ചേർത്ത് പേസ്റ്റാക്കി തേക്കുന്നതും നിയന്ത്രണമാർഗമാണ്.

 

മാവ്

തൈകൾക്ക് ആഴ്ചയിൽ രണ്ടു നന. മുതിർന്നവയ്ക്ക് ഒന്നും. ഉണ്ണി മാങ്ങ പിടിച്ചുകഴിഞ്ഞാൽ മാവിനു നനയ്ക്കാം. ഉണ്ണിമാങ്ങാപ്രായത്തിൽ മാലത്തയോൺ രണ്ടു മി. ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിച്ചാൽ കായീച്ചയടക്കം പല കീടങ്ങളും നശിക്കും. ലായനിയിൽ‌ അൽപം പഞ്ചസാര (20 ഗ്രാം / ലീ) കൂടി ചേർ‌ത്ത് തളിക്കുക, തുളസിക്കെണിയോ ഫിറമോൺ കെണിയോ ഉപയോഗിച്ചും കായീച്ചയെ നിയന്ത്രിക്കാം. 

 

റബർ‌

തൈകൾക്ക് തെക്കുപടിഞ്ഞാറൻ വെയിലിൽനിന്നു സംരക്ഷണം നൽകണം. ചെറുമരങ്ങളുടെ തടിയിൽ‌ കുമ്മായം പൂശിയാൽ മതി. പുതുപ്പട്ടയിലും വെള്ളയടിക്കുക. നഴ്സറിയിൽ രാവിലെയും വൈകിട്ടും നനയ്ക്കുക. പ്യൂറേറിയ എന്ന തോട്ടപ്പയറിന്റെ വിത്തു ശേഖരിക്കുന്ന മാസമാണിത്. ബഡ്തൈകളുടെ തായ്ത്തണ്ടിൽനിന്ന് വശങ്ങളിലേക്കു മുളയ്ക്കുന്ന ചിനപ്പുകൾ മൂർച്ചയുള്ള കത്തി കൊണ്ടു മുറിച്ച് മാറ്റുക. മരങ്ങളിൽ പിന്നീട് ടാപ്പിങ് നടത്തേണ്ട ഭാഗത്തു ശാഖകൾ ഉണ്ടാകാതിരിക്കാനാണിത്. ഒച്ചുകൾ ചെറു തൈകളുടെ കൂമ്പ് തിന്നു നശിപ്പിക്കും. രാത്രിയിൽ‌ ടോർ‌ച്ച് വെട്ട ത്തിൽ അവയെ പെറുക്കിയെടുത്ത് നശിപ്പിക്കുക. 

 

ഇഞ്ചി

പുതുമഴ കിട്ടുന്നതോടെ ഇഞ്ചി നടാൻ സ്ഥലം ഒരുക്കുക. വിത്തി ഞ്ചി തയാറാക്കിയിട്ടില്ലെങ്കിൽ വാങ്ങിക്കുക. മുളപ്പിക്കുന്നതിനു പുക കൊള്ളിക്കുക. ആവശ്യത്തിന് കാലിവളം, പുതയിടാനുള്ള വസ്തുക്കൾ എന്നിവ കരുതുക. നടുമ്പോൾ ചാണകപ്പൊടിയോടൊപ്പം ട്രൈക്കോഡെർ‌മ കൾച്ചർ‌ കൂടി ഉപയോഗിക്കുക. കോഴിക്കോട്ടുള്ള ഇന്ത്യൻ സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഫോൺ: 0495–2371410) വികസിപ്പിച്ചെടുത്ത ‌വരദ, രജത, മഹിമ എന്നിവ മുന്തിയ ഇനങ്ങളാണ്. 

 

കമുക്

നന തുടരുക. ഒരു നനയ്ക്ക് 150 – 175 ലീറ്റർ‌ വെള്ളം, ഇടവേള 4 – 5 ദിവസം. നനയ്ക്കുന്ന കമുകിന് കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ‌ ഈ മാസം ചേർക്കണം. വെള്ളക്കെട്ടുകൊണ്ടോ മൂലകങ്ങളുടെ (നൈട്രജൻ, മഗ്നീഷ്യം) കുറവു മൂലമോ മഞ്ഞളിപ്പുണ്ടാകാം. നീർ‌വാർച്ച നന്നാക്കിയും ചിട്ടയായി വളം ചേർ‌ത്തും ഇതു മാറ്റാം. എന്നാൽ മഞ്ഞളിപ്പ് സ്ഥിരമാണെങ്കിൽ അതു ഫൈറ്റോപ്ലാസ്മ എന്ന സൂക്ഷ്മജീവികാരണമാണ്. പുതിയ വേരുകൾ ഉണ്ടാകില്ല. സാവധാനം ഓലകളും മണ്ടയും ഉണങ്ങിവീഴും. കമുകിനെ നന്നായി പരിചരിച്ചാൽ ഈ രോഗത്തെ ചെറുക്കാം.

 

കശുമാവ്

കശുമാവിന്റെ ചുവട്ടിൽ തടിതുരപ്പൻപുഴുവിന്റെ ഉപദ്രവം ശ്രദ്ധിക്കുക. പുറമെ കാണുന്ന വേരിലും തടിയുടെ ചുവട്ടിലുമാണ് ഉപദ്രവം. തടിയുടെ പുറമെയുള്ള മാംസളഭാഗങ്ങൾ പുഴു തിന്നുപോയതിനാൽ വെള്ളവും വളവും മുകളിലേക്ക് കയറുകയില്ല. ഓഗസ്റ്റ്– സെപ്റ്റംബർ കാലയളവില്‍ ഈ മരങ്ങൾ ഉണങ്ങും. ഒരു വർഷം 10 – 15 മരങ്ങൾ ഈ കീടത്തിന്റെ ഉപദ്രവംമൂലം നശിക്കും. സുഷിരത്തിലൂടെ ചണ്ടി പുറത്തേക്കു വരുന്നതാണ് ആദ്യലക്ഷണം. മൂർ‌ച്ചയുള്ള ഉളികൊണ്ട് സുഷിരം വൃത്തിയാക്കി പുഴുതിന്നുപോയ വഴി പിന്തുടരുക. പുഴുവിനെ പുറത്തെടുത്ത് കൊല്ലുക.

 

ഗ്രാമ്പൂ 

വിളവെടുപ്പ് തുടരുന്നു. ഇളം ചുവപ്പുനിറമാകുന്നതോടെ പൂമൊട്ടുകൾ പറിച്ചെടുത്ത് വെയിലത്ത് ഉണക്കുക. ഇരുണ്ട തവിട്ടു നിറമാകുന്നതുവരെ ഉണക്കണം. അ‍ഞ്ചു ദിവസത്തിൽ ഒരു നന. ചുവട്ടിൽ പുതയിടുക. കനത്ത വെയിലുണ്ടെങ്കിൽ തണൽ നൽകണം. 

 

കുരുമുളക് 

ചുറ്റിവച്ച കൊടിത്തലകൾ മുറിച്ചെടുത്ത് കഷണങ്ങളാക്കി വേരുപിടിക്കാൻ ഉറകളിൽ നടുക. ചെന്തലകളുടെ നടുഭാഗമാണ് സാധാരണ നടുക. പോട്ടിങ് മിശ്രിതത്തിൽ ട്രൈക്കോഡെർ‌മ, വാം എന്നിവ ചേർക്കുന്നത് തൈകൾ അഴുകുന്നതു തടയും.

 

വാഴ 

നേന്ത്രന് മൂന്നു നാലു ദിവസം ഇടവിട്ട് നനയ്ക്കുക, ഒരു നന യ്ക്ക് 40 ലീറ്റർ വെള്ളം, തടത്തിൽ പുതയിടാമെങ്കിൽ നനയുടെ ഇടവേള കൂട്ടാം. നട്ട് നാലു മാസം പ്രായമായ നേന്ത്രന് 65 ഗ്രാം യൂറിയയും 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകുക. തടപ്പുഴുവിനെതിരെ ഇക്കാലക്സ് 2 മി.ലീ. ഒരു ലീറ്റർ‌ വെള്ളത്തിൽ എന്ന കണക്കിന് തടയിലും കവിളിലും ചുവട്ടിലും വീഴത്തക്കവിധം തളിക്കുക. തടയിൽ തളിക്കുമ്പോൾ സുഷിരങ്ങളിലൂടെ ലായനി ഉള്ളിൽ കടക്കത്തക്കവിധം നോസിൽ പിടിക്കണം. ജൈവരീതിയിൽ നീമസാൾ (TS 1%) 2 മി.ലീ. / ലീറ്റർ‌ അല്ലെങ്കിൽ ബ്യൂവേറിയ ബാസ്സിയാന എന്ന മിത്രകുമിൾ 20 ഗ്രാം / ലീറ്റർ‌ എന്ന കണക്കിന് നട്ട് 5, 6, 7 മാസങ്ങളിൽ സ്പ്രേ ചെയ്യുക.

 

ജാതി 

തണൽ കൂടിയാൽ കായ്പിടിത്തം കുറയും. രാസവളം കൂടിയാൽ‍ കായ്പിടിത്തം കൂടി ചില്ലകൾ ഒടിയും. അഞ്ചു ദിവസത്തിൽ ഒരു നന. ചുവട്ടിൽ പുതയിടുക. ഒട്ടുതൈകളുടെ ഒട്ടിനു താഴെ മുളയ്ക്കുന്ന ചിനപ്പുകൾ മൂർച്ചയുള്ള കത്തി ഉപയോഗിച്ചു നീക്കണം. 

 

ഏലം 

വിളവെടുപ്പ് തീരുന്നു. പോളിബാഗ് നഴ്സറികളിൽ ആവശ്യാനുസരണം നനയ്ക്കുക. നിലവിലുള്ള തോട്ടങ്ങളിൽ നന, പുതയിടീൽ, മണ്ണിടീൽ, നീർച്ചാലുകൾ വൃത്തിയാക്കൽ. കറ്റെ രോഗമുള്ള ചുവടുകൾ നശിപ്പിച്ചാൽ പകർച്ച തടയാം. പുതിയ തോട്ടങ്ങൾക്ക് സ്ഥലം ഒരുക്കി അകലം കണക്കാക്കി കുറ്റി അടിക്കുക.

 

മഞ്ഞൾ 

പുതുമഴ കിട്ടിയാൽ മഞ്ഞൾ നടാൻ സ്ഥലമൊരുക്കുക. പുതിയ ഇനങ്ങളുടെ വിത്ത് ശേഖരിക്കുക. സുവർണ, സുഗുണ, സുദർ‌ ശന, പ്രഭ, പ്രതിഭ, കാന്തി, ശോഭ, സോണ, വർണ എന്നിവയാണ് നല്ലയിനങ്ങൾ. ഇവയുടെ വിത്തിനും മറ്റു വിവരങ്ങൾക്കും കോഴി ക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (0495–2371410) തോട്ടവിള വിഭാഗം, കോളജ് ഓഫ് ഹോർട്ടികൾച്ചർ, വെള്ളാനിക്കര, തൃശൂർ (0487–2370822 എക്സ്റ്റൻഷൻ 8358) എന്നിവിടങ്ങളുമായി ബന്ധപ്പെടുക.

 

കൊക്കോ 

അഞ്ചു ദിവസത്തിൽ ഒരു നന. കഴിഞ്ഞ മാസം വളം ചേർത്തില്ലെ ങ്കിൽ ഈ മാസം ചേർക്കണം. മുളച്ചു പൊന്തുന്ന തൈകൾ പോളിത്തീൻ ഉറകളിൽ നടുക. തൈകൾ തണലിൽ വച്ച് ആവശ്യാനുസരണം നനയ്ക്കുക. പുതിയ തോട്ടം പിടിപ്പിക്കണമെങ്കിൽ സ്ഥലം ഒരുക്കുക. ഉയർന്ന ഉൽപാദനശേഷിയുള്ള ബഡ് തൈകൾ തൃശൂർ‌ വെള്ളാനിക്കരയിലുള്ള കൊക്കോ ഗവേഷണപദ്ധതിയിൽ ലഭ്യമാണ്. (ഫോൺ: 0487–2371582) 

 

മധുരക്കിഴങ്ങ് 

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നട്ട മധുരക്കിഴങ്ങ് നനയ്ക്കുക. ആദ്യത്തെ 10 ദിവസം ഒന്നിടവിട്ട് നനയ്ക്കുക. തുടർന്ന് ആഴ്ചയിൽ ഒന്നുവീതം. വിളവെടുപ്പിന് മൂന്നാഴ്ച മുമ്പ് നന നിർത്തണം. മധുരക്കിഴങ്ങിന് 4–5 ആഴ്ച പ്രായമായാൽ ഏക്കറിന് 33 കിലോ യൂറിയ മേൽവളമായി ചേർത്ത് മണ്ണു വിതറുക.

 

മരച്ചീനി 

ഫെബ്രുവരിയിൽ പുതുമഴ കിട്ടിയശേഷം നട്ട മരച്ചീനിക്ക് ഈ മാസം മഴ കിട്ടുന്നില്ലെങ്കിൽ ഇരുപതു ദിവസം ഇടവിട്ട് രണ്ടു ത വണ നനയ്ക്കുക. തുലാക്കപ്പയ്ക്കും രണ്ടാഴ്ചയിൽ ഒരു നന. ഇ ലകളിൽ കറുത്ത പൊട്ടുവന്ന് കരിച്ചിലിനു സാധ്യതയുണ്ട്. ഡൈത്തേൻ എം–45 എന്ന കുമിൾനാശിനി രണ്ടു ഗ്രാം ഒരു ലീറ്റർ‌ വെള്ളത്തിൽ എന്ന കണക്കിന് തളിക്കുക. കഴി‍ഞ്ഞ മാസം നട്ട കപ്പയുടെ ഇലകൾ കുരുടിക്കുക, മുരടിക്കുക, കപ്പു മാതിരി അരികു വളയുക, മാർദവം നഷ്ടപ്പെടുക എന്നിവയ്ക്കു കാരണം വെള്ളീച്ചയും പച്ചത്തുള്ളനുമാണ്. വെള്ളം നല്ല മർദത്തിൽ സ്പ്രേ ചെയ്താൽ തന്നെ ഈ ചെറുകീടങ്ങൾ നശിക്കും. 

 

ചേന 

കഴിഞ്ഞ മാസം നട്ട ചേനയ്ക്കു മഴ കിട്ടുന്നില്ലെങ്കിൽ ഈ മാസം 2–3 തവണ നനയ്ക്കുക. കാച്ചിൽ, ചേമ്പ്, കിഴങ്ങ് എന്നിവ നടാനുള്ള സ്ഥലം മഴ കിട്ടുന്നതോടെ ഒരുക്കുക. നല്ലയിനങ്ങളുടെ നടീൽ വസ്തുക്കൾക്കു ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടുക. ഫോൺ: 0471–2598551 മുതൽ 2598555 വരെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT