sections
MORE

വെറ്റിലകൃഷിക്ക് ഇത് അനുയോജ്യകാലം

HIGHLIGHTS
  • വെറ്റിലയുടെ നടീൽവസ്തു അതിന്റെ തണ്ടുകൾ മുറിച്ചുളള കഷ്ണങ്ങളാണ്
betel
SHARE

കേരളത്തിൽ തനിവിളയായും ഇടവിളയായും വെറ്റില കൃഷി ചെയ്തുവരുന്നു. ഇവിടെ കൃഷിചെയ്തുവരുന്ന ഇനങ്ങളാണ് അരിക്കൊടി, പെരുംകൊടി, അമരവിള, കൽക്കൊടി, കരിലേഞ്ചികർപ്പൂരം , തുളസി, വെൺമണി, പ്രാമുട്ടൻ എന്നിവ. നടീൽ കാലത്തെ കണക്കിലെടുത്ത് മെയ്–ജൂൺ മാസങ്ങളിൽ കൃഷിയിറക്കുന്നത് ഇടവക്കൊടിയെന്നും ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലേത് തുലാക്കൊടി എന്ന പേരിലും അറിയപ്പെടുന്നു. കിളച്ചൊരുക്കിയ സ്ഥലത്ത് പത്ത് പതിനഞ്ച് മീറ്റർ നീളവും 75 സെ.മീ വീതം വീതിയും താഴ്ചയുമുളള ചാലുകൾ ഒരു മീറ്റർ അകലത്തിലെടുത്തതിൽ, ചാരം, പച്ചിലവളം. ജൈവവളങ്ങൾ എന്നിവ ചേർത്ത് നല്ലയിനം വെറ്റില ചെടിയുടെ തണ്ടുകൾ മുറിച്ചെടുത്ത് നടുക.

വെറ്റില – നടീൽ വസ്തുവും നടുന്ന രീതിയും

വെറ്റിലയുടെ നടീൽവസ്തു അതിന്റെ തണ്ടുകൾ മുറിച്ചുളള കഷ്ണങ്ങളാണ്. ഇതിനായി രണ്ടുമൂന്നു വര്‍ഷം പ്രായമായതും നല്ലതുപോലെ ഇലപിടുത്തമുളളതുമായ കൊടികള്‍ തിരഞ്ഞെടുക്കണം. ഇതിന്റെ ശിഖരങ്ങളാണ് നടാൻ ഉപയോഗിക്കുക. നല്ല കരുത്തോടെ കാണുന്ന മൂന്നുമുകുളങ്ങൾ അതായത് മൂന്നു മുട്ടകളോടെയുളള വള്ളിത്തണ്ടുകളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനു ഉദ്ദേശം 1 മീറ്റർ നീളം വരും. ഇപ്രകാരമുളള 80 മുതൽ 100 വള്ളിത്തലകൾ ഒരു സെന്റ് സ്ഥലത്തെ കൃഷിക്ക് വേണ്ടി വരുന്നു. നല്ല നനവുളള മണ്ണിൽ 20 സെ.മീ അകലത്തിൽ വള്ളികൾ നടണം. ഒരു മുട്ടു മണ്ണിനടിയിലാക്കി വേണം നടാൻ. നട്ട് മണ്ണ് അടുപ്പിക്കുക. തുടർന്നു ക്രമമായി നനക്കുകയും ചെയ്യുക. 

വെറ്റില–വളമിടീലും പരിചരണവും

വെറ്റിലക്കു അടിസ്ഥാനവളമായി ജൈവവളങ്ങള്‍ സെന്റ് ഒന്നിനു 100 കിലോഗ്രാം എന്ന തോതിൽ ചേർക്കുക. ഇവക്കു പുറമെ യൂറിയ 500 ഗ്രാം റോക്ഫോസ്ഫേറ്റ് വളം 400 ഗ്രാം എന്നിവയും ശുപാർശ ചെയ്തിരിക്കുന്നു. ഇവയിൽ പകുതി അടിവളമായും ബാക്കി നാലു മാസത്തിനുശേഷവും ഇടേണ്ടതാണ്.

രണ്ടാഴ്ച ഇടവിട്ടു ചാരം ചേർത്ത് കരിയിലകൾ കൊണ്ടു പുതയിടാവുന്നതുമാണ്. ചാണകവെള്ളം തളിച്ചുകൊടുക്കുന്നതും നന്ന്. ആദ്യ വിളവെടുപ്പിനു നട്ടു നാലുമാസം വേണ്ടിവരുന്നു അതേവരെ രണ്ടാഴ്ച ഇടവിട്ടു ചാണകവെള്ളം തളിക്കുക ഉണങ്ങിയ ഇലകൾ ചേർത്ത് കൊടുക്കുക എന്നിവ നടത്താവുന്നതാണ്.

വെറ്റിലക്കൃഷിയിൽ നടീലിനു ശേഷമുളള പരിചരണങ്ങൾ

വെറ്റിലക്കൃഷിയിൽ തൈകള്‍ നട്ടതിനുശേഷമുളള പ്രധാന പരിചരണങ്ങളാണു ക്രമമായ നനയും തൈകൾ പിടിച്ചുകിട്ടായാൽ നീളം വെക്കുന്നതോടെ താങ്ങുകാലുകളിലേക്കു പടർന്നു കയറാൻ സഹായമാംവിധം കെട്ടിക്കൊടുക്കുകയും ചെയ്യുക എന്നത്. നന രാവിലെയും വൈകുന്നേരവും നടത്തണം. വെറ്റില വളരുന്നിടത്ത് എല്ലായ്പ്പോഴും മതിയായ അളവില്‍ ഈർപ്പം നിലനിർത്തേണ്ടതുണ്ട്. എന്നാൽ വെള്ളം കെട്ടികിടക്കാൻ ഇടയാക്കുകയുമരുത്. 

നട്ടു ഒരുമാസമാകുന്നതോടെ കൊടി പടർത്താൻ തുടങ്ങാം. ഇതിനായി മുളങ്കാലുകൾ നാട്ടിയുളളതിനാൽ 15–20 സെ.മീറ്റർ വ്യത്യാസത്തിൽ വാഴനാരുകൊണ്ട് അയച്ച് ബന്ധിപ്പിക്കണം. ഒരു വർഷത്തിനുളളിൽ കൊടിക്കു മൂന്നുമീറ്റര്‍ വരെ നീളം വെയ്ക്കും. അതിനുശേഷം ഉണ്ടാകുന്ന ഇലകൾക്കു വലിപ്പം കുറവായിരിക്കും.

വെറ്റിലയിൽ ഇലനുളളല്‍ അഥവാ വിളവെടുപ്പ് 

വെറ്റിലച്ചെടിയുടെ സാമ്പത്തിക പ്രാധാന്യമുളള ഘടകമാണ് അതിന്റെ ഇലകൾ. ചെടി നട്ടു മൂന്നു മുതല്‍ ആറുമാസം കൊണ്ട് 150–180 സെ.മീ ഉയരത്തിൽ വളർന്നിട്ടുണ്ടാകും. ഇതോടെ വള്ളികളിൽ ശിഖരങ്ങൾ പൊട്ടിതുടങ്ങുന്നു. ഈ അവസരത്തില്‍ വിളവെടുപ്പ് തുടങ്ങാം. ഇലഞെട്ട് ഉൾപ്പെടെ നുളളിയെടുക്കുക എന്നതാണു വിളവെടുപ്പുരീതി. ഒരിക്കല്‍ ഇലകൾ ശേഖരിക്കാൻ തുടങ്ങിയാൽ നിത്യേന അല്ലെങ്കില്‍ നിശ്ചിത ദിവസങ്ങൾ ഇടവിട്ടു വിളവെടുത്തുകൊണ്ടിരിക്കാം. ഒാരോ വിളവെടുപ്പിനുശഷവും ജൈവവളങ്ങള്‍ ചേർക്കുന്നത് വളർച്ചക്കൊപ്പം വിളവുവർധനക്കും സഹായകമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA