ADVERTISEMENT

മാവിലെ കായികപ്രവർത്തനരീതിയാണ് ഒട്ടിക്കൽ അഥവാ ഗ്രാഫ്റ്റിങ്. രണ്ട് രീതികളിൽ ഇത് ചെയ്യാം. വശം ചേർത്തൊട്ടിക്കൽ, സ്റ്റോൺ ഗ്രാഫ്റ്റിങ്(ഇളം തൈയിലൊട്ടിക്കൽ) എന്നിങ്ങനെ.

ഒട്ടു തൈക്ക് രണ്ടു ഘടകങ്ങളാവശ്യമാണ്. നല്ല മാങ്ങയണ്ടി മുളപ്പിച്ചുളള തൈയും മാതൃവൃക്ഷത്തിൽ വളരുന്നൊരു ശിഖരവും. മാങ്ങയണ്ടി മുളപ്പിച്ച തൈ (സ്റ്റോക്ക് തൈ) മാതൃവൃക്ഷത്തിന്റെ(സയോൺ) അടുത്തുവെച്ച് യോജിപ്പിച്ചൊരു പ്രത്യേക ചെടിയാക്കി എടുക്കുക എന്നതാണ് ഒട്ടിക്കലില്‍ സംഭവിക്കുന്നത്. 

വശം ചേർത്തൊട്ടിക്കൽ: ഇതിന് ഇനാർച്ചിങ് എന്നും പറയും.സ്റ്റോക്കുതൈ സയോണ്‍ മരത്തിനടുത്തെത്തിച്ചു തിരഞ്ഞെടുത്ത കമ്പുമായി ഒട്ടിക്കുകയാണ് ചെയ്യുന്നത്. പെൻസിൽ വണ്ണമുളള സ്റ്റോക്കുതൈയും അതേവലിപ്പമുളള സയോൺ കമ്പുമായി ഒട്ടിക്കണം. മരക്കൊമ്പ് തറയോടു ചേർന്നുളളതെങ്കില്‍ ചട്ടികളിൽ വളരുന്ന സ്റ്റോക്കുതൈ നിലത്തുവെച്ചുതന്നെ ഒട്ടിക്കാം. മുകളിലുളള കമ്പുകളുമായിട്ടാണ് ഒട്ടിക്കണ്ടതെങ്കില്‍ തട്ടുകൾ നിർമിച്ച് അതിന്മേൽ തൈകൾ വെക്കേണ്ടിവരും.

ഒട്ടിക്കുന്നവിധം ഇപ്രകാരം. സ്റ്റോക്കു തൈയിൽ മൺനിരപ്പില്‍ നിന്നു  10–15 സെ.മീ മുകളില്‍ 6–7 സെ.മീറ്റര്‍ നീളത്തിൽ തൊലി അൽപം തടിയോടുകൂടി ചെത്തിമാറ്റുക. ഇതേ നീളത്തിലും താഴ്ചയിലും സയോൺ കമ്പിന്റെ മുകളറ്റത്തുനിന്നും 15–20 സെ.മീറ്റർ താഴെ തണ്ട് ചെത്തി എടുക്കുക. ഇനി മുറിവുകൾ രണ്ടും വിടവുകളില്ലാത്തവിധം ചേർത്ത് ചണച്ചരടുകൊണ്ടു നന്നായി ചുറ്റികെട്ടുക. ഇതിനുപുറമെ മെഴുകുതുണിയോ പ്ലാസ്റ്റിക് റിബണോ കൊണ്ടു വിടവുകളില്ലാത്ത വിധം ചേർത്ത് ചണച്ചരടുകൊണ്ടു നന്നായി ചുറ്റികെട്ടുക. ഇതിനുപുറമെ മെഴുകുതുണിയോ പ്ലാസ്റ്റിക് റിബണോ കൊണ്ടു പൊതിയണം. ചട്ടിയില്‍ നനവു നിലനിർത്താൻ മറക്കരുത്. ഒട്ടിച്ചു മൂന്നുമാസമാകുന്നതോടെ മാതൃവൃക്ഷവുമായുളള ബന്ധം മുറിക്കാം. ഇതിനുമുന്നോടിയായി ഒട്ടിച്ചഭാഗത്തിനു താഴെയായി സയോണ്‍ കമ്പിലും മുകളിലായി സ്റ്റോക്കുതൈയിലും V ആകൃതിയിൽ മുറിവുണ്ടാക്കണം. ഒരുമാസം കഴിഞ്ഞ് ഈ മുറിവിന് ആഴം കൂട്ടണം. ഇതുകൊണ്ടൊന്നും തൈക്കു വാട്ടം ഉണ്ടാകുന്നില്ലായെങ്കിൽ ഒട്ടിക്കൽ വിജയിച്ചു. പൂർണമായും മുറിച്ചെടുക്കുക. ഇനി നടുന്നതുവരെ നനയും തണലും നൽകി സംരക്ഷിക്കണം. ഈ സമയവും ചിലതൈകൾ ഉണങ്ങിപോകാം. നല്ല തളിർപ്പും വളർച്ചയുമുളളത് നടാനുപയോഗിക്കുക. 

സ്റ്റോൺ ഗ്രാഫ്റ്റിങ്: ഈ രീതിക്ക് ഇപ്പോൾ വളരെ പ്രചാരം ലഭിച്ചിരിക്കുന്നു. മാങ്ങയണ്ടി മുളപ്പിച്ച് രണ്ടോ മൂന്നോ ആഴ്ച പ്രായമായ തൈകളിലാണ് ഒട്ടിക്കുന്നത്. സ്റ്റോക്കുതൈയുടെ തലപ്പ് ഏകദേശം 10 സെ.മീ മുകളിൽ വച്ചു മുറിച്ചുമാറ്റുക. ഈ ഭാഗത്തുനിന്നു നേരെ താഴോട്ടു മധ്യത്തിലൂടെ 3–4 സെ.മീ നീളത്തിലൊരു പിളർപ്പുണ്ടാക്കുക. ഇതേ കനത്തിലുളള സയോൺ കമ്പ് മാതൃവൃക്ഷത്തിൽ നിന്നു മുറിച്ചെടുക്കണം. ഇതിന്റെ മുകളറ്റത്തുളള ഞെട്ടു നിർത്തി താഴേക്കുളള ഇലകൾ മുറിച്ചുനീക്കുക. ഈ കമ്പിന്റെ കീഴറ്റത്ത് 3–4 സെ.മീ നീളത്തില്‍ ചെത്തി ആപ്പിന്റെ ആകൃതിയിലാക്കണം, ഈ ഭാഗം സ്റ്റോക്കുതൈയുടെ പിളർപ്പിലേക്ക് ഇറക്കിവച്ച് പോളിത്തീന്‍ നാടകൊണ്ട് വരിഞ്ഞുകെട്ടണം. ഇനി തണലിൽ വച്ചു നനയ്ക്കുക. ഒട്ടിക്കൽ ശരിയായെങ്കിൽ സയോണ്‍ കമ്പിൽ മൂന്നാഴ്ചകൊണ്ടു തളിരുകൾ കിളിർക്കും. അഞ്ചാറുമാസത്തെ വളർച്ചയിൽ മാറ്റിനടുകയും ചെയ്യാം. വശം ചേർത്തൊട്ടിക്കുമ്പോള്‍ സ്റ്റോക്കുതൈക്ക് ഒരു വർഷം പ്രായം വേണം. എന്നാൽ സ്റ്റോൺഗ്രാഫ്റ്റിങ് ആകുമ്പോൾ മൂന്ന് ആഴ്ച വളർച്ച മതിയാകും. സയോൺ കമ്പിനു വേണ്ടിയുളള മാതൃവൃക്ഷം കായ്ച്ചു തുടങ്ങി വിളവുമേന്മ വ്യക്തമാകുന്നതോടെ ഒട്ടിക്കലിനു തിരഞ്ഞെടുക്കാവുന്നതുമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT