sections
MORE

കുടമ്പുളിക്കൃഷി എങ്ങനെ

garcinia-gummi-gutta
SHARE

കുടമ്പുളിയിൽ ഒട്ടുതൈകൾ ചുരുങ്ങിയ കാലംകൊണ്ടു വിളവു തരുന്നു. തന്നെയുമല്ല, മാതൃവൃക്ഷത്തിന്റെ മേന്മകൾ മുഴുവൻ ഇതിനുണ്ടായിരിക്കും. ഇവ അധികം ഉയരത്തിൽ വളരാത്തതിനാൽ വിളവെടുപ്പ് അനായാസമാകും. രണ്ടു രീതികളിൽ ഒട്ടിച്ച് തൈയുണ്ടാക്കാം, വശം ചേർത്തൊട്ടിക്കൽ, ഇളംതൈ ഗ്രാഫ്റ്റിങ്. സ്ഥിരമായി നല്ല വിളവു തരുന്നതും, കായ്ക്ക് 200–275 ഗ്രാം തൂക്കം വരുന്നതുമായ മരങ്ങൾ മാതൃവൃക്ഷമായി തിരഞ്ഞെടുക്കണം. ഇപ്രകാരം തയാറാക്കിയിട്ടുള്ള തൈകൾ കേരള കാർഷിക സർവകലാശാല ഉൽപാദിപ്പിച്ചു വിതരണം നടത്തിവരുന്നു.

കുടമ്പുളി തനിവിളയായും ഇടവിളയായും കൃഷി ചെയ്തുപോരുന്നു. ആറ്റുതീരങ്ങളിൽ 50X50X50 സെ.മീറ്ററും കൽപുരയിടങ്ങളിൽ 75X75X75 സെ.മീ വലുപ്പത്തിലും കുഴികളെടുത്താകണം നടീൽ. ഒട്ടുതൈകൾ നടുമ്പോൾ ചെടികൾ തമ്മിൽ 4X4 മീറ്റർ അകലം വേണം. മഴക്കാലാരംഭത്തോടെ (മേയ്–ജൂൺ) തൈകൾ നടുക. തെങ്ങ്, കമുകു തോട്ടങ്ങളിൽ ഇടവിളയാകുമ്പോൾ തണൽ ഒഴിവാക്കി തുറസ്സായ സ്ഥലങ്ങളിൽ വേണം നടാൻ.

നടുന്നതിന് കുഴിയൊന്നിന് 2 കി.ഗ്രാം കമ്പോസ്റ്റ് മേൽമണ്ണുമായി കലർത്തി നിറയ്ക്കണം. തൈയുടെ ഒട്ടുഭാഗം മണ്ണിനു മുകളിൽ നിൽക്കത്തക്കവിധം വേണം നടാൻ. നട്ട് ഒരു മാസമാകുന്നതോടെ ഒട്ടുഭാഗത്തുള്ള പോളിത്തീൻ ടേപ്പ് സൂക്ഷ്മതയോടെ മുറിച്ചുമാറ്റുക. ആദ്യകാലത്തു തടത്തിൽ വളരുന്ന കളകൾ പറിച്ചുനീക്കണം. തടത്തിൽനിന്ന് ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ പുതയിടുകയും ചെയ്യാം.

വളപ്രയോഗം നടുന്ന വർഷം മുതൽ ആരംഭിക്കണം.

കാലിവളം– ചെടിയൊന്നിനു വർഷംതോറും 10 കി.ഗ്രാം. 15 വർഷം പ്രായമായാല്‍ അളവ് 50 കി.ഗ്രാമായി വർധിപ്പിക്കുക. ഇതിനു പുറമെ രാസവളങ്ങളും ശുപാർശ ചെയ്തിരിക്കുന്നു.

content

ഒട്ടുതൈ നട്ടാൽ രണ്ടാം വർഷം മുതൽ വളർച്ച ത്വരിതപ്പെടും. അതുകൊണ്ടു താങ്ങുകൊടുക്കേണ്ടിവരും. പുറമെ ചില ശിഖരങ്ങൾ മുറിച്ചു നീക്കുകയും വേണം. വളർച്ച ആറു വർഷമാകുന്നതോടെ ഉയരം 3.5–4 മീ ആയും ഏഴു വർഷമാകുമ്പോൾ 4–4.5 മീറ്ററായും നിയന്ത്രിക്കുക.

ഒട്ടു തൈകള്‍ മൂന്നാം വർഷം മുതൽ കായ്ക്കും. 12–15 വർഷംകൊണ്ടു പൂർണതോതിൽ സ്ഥിരമായി വിളവു തന്നുതുടങ്ങുകയും ചെയ്യും. പൂവിടുന്നതു ജനുവരി–മാർച്ച് മാസങ്ങളിലും വിളവെത്തുന്നത് ജൂലൈ മാസത്തിലും. വിളവെടുക്കാൻ പാകമായ കായ്കൾക്കു മഞ്ഞനിറമായിരിക്കും. പറിച്ചെടുക്കുകയോ നിലത്തു വീഴുമ്പോൾ പെറുക്കിയെടുക്കുകയോ ചെയ്യുക.

കുടമ്പുളിയുടെ പുറന്തോടാണ് ഉപയോഗിക്കുന്നത്. കായ്കളുടെ ഉള്ളിലെ വിത്തും മാംസളഭാഗവും നീക്കി പുറന്തോട് വെയിലിലോ പുക കൊള്ളിച്ചോ ഓവനിൽ വച്ചോ ഉണക്കണം. സൂക്ഷിച്ചുവയ്ക്കുന്നതിനു വെളിച്ചെണ്ണയും ഉപ്പും ചേർത്തിളക്കാറുണ്ട്. ഒരു കിലോഗ്രാം പുളിക്ക് ഉപ്പ് 50 ഗ്രാം, വെളിച്ചെണ്ണ 150 മി.ലീ എന്ന തോതിലാവശ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA