നെല്ലിനു രണ്ടാം മേൽവളം

India Agriculture
SHARE

ഏപ്രിൽ മാസത്തിൽ വിതച്ച നെല്ലിന് കതിരുണ്ടാകുന്ന പ്രായത്തിൽ രണ്ടാമത്തെ മേൽവളം ചേർക്കാം. നാടൻ ഇനത്തിന് ഏക്കറിന് യൂറിയ ഒമ്പതു കിലോ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ഏഴു കിലോ, ഉൽപാദന ശേഷി കൂടിയ മൂപ്പു കുറഞ്ഞ ഇനത്തിന് യൂറിയ 15 കിലോ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 12 കിലോ, ഇടത്തരം മൂപ്പുള്ളവയ്ക്ക് യൂറിയ 18 കിലോ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 15 കിലോ. മേയ് ആദ്യം പൊടിവിത നടത്തിയ പാടങ്ങളിൽ ഒന്നാം മേൽവളം ചേർക്കുക, ചിനപ്പു പൊട്ടുന്ന പ്രായത്തിൽ യൂറിയ, നാടൻ ഇനങ്ങൾക്ക് ഏക്കറിന് 9 കിലോ ഉൽപാദനശേഷി കൂടിയ മൂപ്പു കുറഞ്ഞ ഇനത്തിന് ഏക്കറിന് 15 കിലോ, ഇടത്തരം മൂപ്പുള്ളതിന് 18 കിലോ. നടാനുള്ള നിലങ്ങൾ ഉഴുതു ശരിയാക്കുക, ഏക്കറിന് 140 കിലോ കുമ്മായം ചേർക്കണം. കൂടാതെ ഏക്കറിന് രണ്ടു ടൺ ജൈവവളം വിതറി ഉഴുതു മറിക്കുക. പച്ചിലവളമാണ് ചേർത്തതെങ്കിൽ അവ അഴുകുന്നതിന് രണ്ടാഴ്ച ഇടവേള വിടണം. അവസാന ഉഴലിനു മുമ്പ് വെള്ളം വാർന്നുകളഞ്ഞ് താഴെ പട്ടികയിൽ കാണുന്ന അളവിൽ അടിവളം ചേർക്കുക.

ഞാറിനു നാലില വന്നാൽ പറിച്ചുനടാം. ഈ പ്രായത്തിലാണ് ചിനപ്പു പൊട്ടുക. പുതിയ വേരുപടലങ്ങളും ഉണ്ടാകുന്നു. നാലു തൊട്ട് ഏഴു വരെയുള്ള ഇലകളുടെ കവിളുകളിൽനിന്നുള്ള ചിനപ്പുകൾ വലിയ കതിരുകളായി മാറും. അതിനാൽ ഞാറ് 4–5 ഇല പ്രായത്തിൽ നടണം. മൂപ്പു കുറഞ്ഞയിനങ്ങൾ 18 ദിവസത്തിലും ഇടത്തരം മൂപ്പുള്ളവ 22 ദിവസം പ്രായത്തിലും നടണം.

സ്യൂഡോമോണാസ് കൾച്ചറിന്റെ ലായനിയിൽ വേര് അര മണിക്കൂർ കുതിർത്തിട്ടു നട്ടാൽ പോളരോഗം, പോള അഴുകൽ, ഇലപ്പുള്ളി രോഗങ്ങൾ ഉണ്ടാകുകയില്ല. ഇതിന് 20 ഗ്രാം കൾച്ചർ ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ലായനിയുണ്ടാക്കി ഞാറിന്റെ ചുവടുഭാഗം അതിൽ 30 മിനിറ്റ് മുക്കിവയ്ക്കുക. തുടർന്ന് ഞാറുനടാം. മൂപ്പു കുറഞ്ഞയിനങ്ങൾ 15 x 10 സെ. മീ. അകലത്തിലും ഇടത്തരം മൂപ്പുള്ളവ 20 x 15 സെ. മീ. അകലത്തിലും നടണം. ഓരോ മൂന്നു മീറ്റർ കഴിയുമ്പോഴും ഒരടി വീതിയിൽ നടവഴി വിടണം. വളം വിതറാനും മരുന്നു തളിക്കുന്നതിനുമുള്ള സൗകര്യത്തിനാണിത്.

തെങ്ങ്

തെങ്ങിന് ഈ മാസം കൊത്തുകിള പതിവുണ്ട്. കളകൾ നശിക്കാനും ജൈവാംശങ്ങൾ അഴുകി മൂലകങ്ങൾ ലഭ്യമാക്കാനും മണ്ണൊലിപ്പു തടയാനും ഇതു സഹായിക്കും. ചെരിവുള്ള തോട്ടങ്ങളിൽ കോണ്ടൂർ ബണ്ടുകൾ, കയ്യാലകൾ, മഴക്കുഴികൾ എന്നിവയും മണ്ണൊലിപ്പ് തടയും. കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കണം. കീടനിയന്ത്രണത്തിന് ഓലക്കവിളുകളിൽ കീടനാശിനിയും മണലും ചേർത്തിടുന്നതു നന്നല്ല. കൊമ്പൻ ചെല്ലിയെ ചെല്ലിക്കോൽ ഉപയോഗിച്ചും ചെമ്പൻചെല്ലിയെ ഫിറമോൺ കെണി ഉപയോഗിച്ചും നശിപ്പിക്കുക. ചെന്നീരൊലിപ്പിന് 50 മി.ലീ. കോണ്ടാഫ് 25 ലീറ്റർ വെ ള്ളത്തിൽ കലക്കി നനവുള്ള തടത്തിൽ ഒരു വർഷം മൂന്നു തവണ ഒഴിച്ചുകൊടുക്കുക. ചെന്നീരൊലിപ്പുള്ള തെങ്ങുകൾക്ക് അഞ്ചു കിലോ വീതം വേപ്പിൻപിണ്ണാക്കും ചേർക്കാം. കൂടാതെ കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി കോണ്ടാഫ് 5 മി.ലീ, 100 മി. ലീ. വെള്ളത്തിൽ കലക്കി തേക്കണം. അല്ലെങ്കിൽ കറ ഒലിക്കുന്ന ഭാഗത്ത് ട്രൈക്കോഡെർമ കൾച്ചർ പുരട്ടുക.

തണലത്തു നിൽക്കുന്ന തെങ്ങുകൾ കായ്ക്കാറില്ല. തെങ്ങിനു മുകളിൽ നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റണം. പ്രത്യേക ഗുണമില്ലാത്ത മരങ്ങളും തെങ്ങിൻ തോപ്പിൽനിന്നു വെട്ടിമാറ്റുക. ഇടവിളയായി ഇഞ്ചി, മഞ്ഞൾ, ചേന, വാഴ, തീറ്റപ്പുല്ല്, കുരുമുളക്, ജാതി, പച്ചക്കറി, മരുന്നുചെടികൾ, കൊക്കോ, മൾബറി എന്നിവയാകാം. ഇടവിളകൾക്കു പ്രത്യേകം വളം ചേർക്കണം.

റബർ

ബഡ് തൈകൾ ഈ മാസം നടുക. മഴ കനക്കുന്നതിനു മുമ്പ് നടീൽ തീരണം. കുഴിയുടെ വലുപ്പം 75 x 75 x75 സെ. മീ. തുടർന്ന് കുഴി 55 സെ.മീ. ഉയരത്തിൽ മേൽമണ്ണിട്ടു മൂടുക. ബാക്കി 20 സെ.മീ. ഉയരം മേൽമണ്ണുമായി 13 കിലോ കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ്, 175 ഗ്രാം റോക്ക് ഫോസ്ഫേറ്റ് എന്നിവ കൂട്ടിച്ചേർത്ത് മൂടുക. വളഞ്ഞു പിരിഞ്ഞതോ ഒന്നിൽ കൂടുതൽ തായ്‌വേരുള്ളതോ ആയ തൈകൾ ഒഴിവാക്കുക. തായ്‌വേര് മുഴുവൻ മണ്ണിൽ ഇറങ്ങത്തക്കവിധം അലവാങ്കുകൊണ്ട് കുഴിയെടുത്ത് തൈ നടുക. അലവാങ്കു കൊണ്ടുതന്നെ മണ്ണ് വേരിനോട് അടുപ്പിച്ച് ഉറപ്പിക്കുക, തൈകൾ നടുമ്പോൾത്തന്നെ പ്ലാറ്റ്ഫോം വെട്ടുക. മണ്ണൊലിപ്പ് തടയുന്നതിന് കോണ്ടൂർ ബണ്ടുകളുമാകാം. ആവരണവിളകളും നടാം. ഇതിനു കൂ ടുകളിൽ മുളപ്പിച്ച മ്യൂക്കണ എന്ന തോട്ടപ്പയറിന്റെ തൈകൾ നടാം. ഇട വിളയായി ഇഞ്ചി, മഞ്ഞൾ, പൈനാപ്പിൾ, വാഴ എന്നിവയാകാം.

കോണ്ടൂർ ബണ്ടുകൾ എടുക്കാത്ത സാഹചര്യത്തിൽ മഴക്കുഴികൾ നിർബന്ധം. നിരന്ന തോട്ടങ്ങളിൽ നീർ വാർച്ച ഉറപ്പാക്കണം. റെയിൻ ഗാർഡ് ഉണ്ടെങ്കിലും കനത്ത മഴയുള്ള ദിവസങ്ങളിൽ ടാപ്പിങ് ഒഴിവാക്കുക. ചീക്കു രോഗവും പട്ടചീയൽ രോഗവും ശ്രദ്ധിക്കുക. പട്ടചീയലിനെതിരെ ആഴ്ചയിലൊരിക്കൽ കുമിൾനാശിനിയുടെ ലായനികൊണ്ടു പട്ട കഴുകുക. ചീക്കുരോഗം ബാധിച്ച ഭാഗത്തെ തൊലി പ്രത്യേകതരം കത്തികൊണ്ട് ചുരണ്ടി വൃത്തിയാക്കി കൊസൈഡ് നേർപ്പിച്ചു പുരട്ടുകയും ഉണങ്ങുന്നതോടെ റബർകോട്ട് തേക്കുകയും വേണം. പകരം ബോർഡോ കുഴമ്പും തേക്കാം.

ഏലം

പുതിയ കൃഷിക്കു തയാറാക്കിയ കുഴികൾ മൂടി പോളിബാഗ് തൈകൾ നടുക. ചെറു തൈകൾക്കു പുതവയ്ക്കുക, താങ്ങും നൽകുക. നിലവിലുള്ള തോട്ടങ്ങളിൽ നിന്നു പഴകിയതും ഉണങ്ങിയതുമായ തണ്ടുകൾ, പൂങ്കുലകൾ എന്നിവ പൂർണമായും മാറ്റുക, രോഗവ്യാപ്തി പുറമെ കാണുന്നതിനും തേനീച്ചകൾക്കു സൗകര്യംപോലെ വരുന്നതിനും പരാഗണം നടത്തുന്നതിനും ഇതു സഹായിക്കും. മണ്ണൊലിപ്പു തടയാൻ ബണ്ടുകളും ചാലുകളും തയാറാക്കുക. വളം ചേർക്കുന്നതിനു സമയമായി, ഏക്കറിന് 33 കിലോ യൂറിയ, 75 കിലോ റോക്ക് ഫോസ്ഫേറ്റ്, 50 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് വളം ചെടികൾക്കു ചുറ്റും വിതറി മുപ്പല്ലികൊണ്ട് കൊത്തി ച്ചേർക്കുക. തുടർന്നു പുതയിടാം.

കുരുമുളക്

കാലവർഷം കനക്കുന്നതിനു മുമ്പ് തയാറാക്കിയ കുഴികളിൽ വള്ളികൾ നടാം. വേരുപിടിപ്പിച്ച വള്ളി കളാണെങ്കിൽ രണ്ടെണ്ണവും വേരുപിടിപ്പിക്കാത്തതാണെങ്കിൽ 3–5 എണ്ണവും നടുക. ദ്രുതവാട്ടത്തിനു സാധ്യതയുണ്ടെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് നാലു ഗ്രാം ഒരു ലീ റ്റർ വെള്ളത്തിൽ എന്ന കണക്കിനു തയാറാക്കി അതൊഴിച്ചു തടം കുതിർക്കുക. തുടർന്നു രണ്ടാഴ്ച കഴിഞ്ഞു ട്രൈക്കോഡെർമ കൾച്ചർ തടത്തിൽ ചേർക്കാം. വേപ്പിൻപിണ്ണാക്കിലോ വേപ്പിൻ പിണ്ണാക്കും കാലിവളവും കൂട്ടിക്കലർത്തിയ മിശ്രിതത്തിലോ കൾച്ചർ വളർത്തിയെടുത്തു തടത്തിൽ ചേർക്കുന്നതാണു നല്ലത്. ഈ മിശ്രിതത്തിന്റെ 250 ഗ്രാം ഒരു ചുവട്ടിൽ ചേർക്കുന്നതു കൊള്ളാം. തടത്തിൽ ധാരാളം ജൈവ വളങ്ങളും ഉണ്ടാകണം. കൂടാതെ, ചുവട്ടിൽ പുതയിടണം. മണ്ണിലാണു ദ്രുതവാട്ടത്തിന്റെ കുമിൾ ഉണ്ടാകുക. മണ്ണു തെറിച്ചു കൊടിയുടെ തണ്ടിൽ വീഴുന്നത് പുത തടയും. ഇതു തണ്ടിൽ ദ്രുതവാട്ടം വരാതെ കാക്കും.

ജാതി

കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കുക. വെള്ളക്കെ ട്ടു തടയാൻ നീർച്ചാലുകൾ വൃത്തിയാക്കുക. തോട്ടം വൃത്തിയായി സൂക്ഷിക്കുക.

കരിമ്പ്

മറിഞ്ഞു വീഴാതിരിക്കാൻ പിടിച്ചുകെട്ടുന്നതു കൊള്ളാം. ചെഞ്ചീയൽ കാണുന്ന ചുവടുകൾ പിഴുതെടുത്തു ചുടുക. അടുത്ത തവണ നടുമ്പോൾ ചെഞ്ചീയലിനെ ചെറുക്കുന്ന ഇനങ്ങൾ നടുക. തുടർച്ചയായി ഒരേ സ്ഥലത്തു കരിമ്പു മാത്രം നടുന്ന രീതിക്കു പകരം ഇടയ്ക്കു മറ്റൊരു വിള യാകട്ടെ. ഇതു കീട– രോഗനിയന്ത്രണത്തിന് ഉപകരിക്കും. കൂടുതൽ അറിയാൻ– കരിമ്പു ഗവേഷണകേന്ദ്രം, തിരുവല്ല. ഫോൺ: 0469–2604181.

വാഴ

നേന്ത്രൻ കുലച്ച ഉടനെ ചുവടൊന്നിന് 65 ഗ്രാം വീ തം യൂറിയ ചേർക്കാം. ഈ സമയം മറ്റു വളങ്ങൾ ചേർക്കേണ്ടതില്ല. നേന്ത്രൻ നട്ട് അഞ്ചു മാസത്തിനുശേഷം രാസകീടനാശിനി പ്രയോഗിക്കുന്നതുനന്നല്ല. എന്നാൽ ഈ സമയത്തിനു ശേഷമാണ് പിണ്ടിപ്പുഴുവിന്റെ ഉപദ്രവം കാണുക.

കമുക്

ഇടച്ചാലുകൾ വൃത്തിയാക്കി നീർവാർച്ച സുഗമമാക്കുക. കനത്ത മഴയ്ക്കു മുമ്പ് ഈ മാസവും തൈ നടാം. മൊഹിത് നഗർ, ശ്രീ മംഗള, സുമംഗള, സൗത്ത് കാനറ, സൈഗോൺ എന്നിവ മികച്ച ഇനങ്ങൾ. ഇടവിളയായി ഇഞ്ചി, വനില, കുരുമുളക്, ഒട്ടുജാതി, വാഴ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, തീറ്റപ്പുല്ല് എന്നിവ നടാം. ഇട വിളകൾക്കു പ്രത്യേക പരിചരണം വേണം.

കശുമാവ്

തോട്ടത്തിലെ മണ്ണിളക്കരുത്. മണ്ണൊലിപ്പ് തടയുക, കോണ്ടൂർ ബണ്ടുകൾ, നീർ ക്കുഴികൾ എന്നിവ എടുക്കാം. കഴി‍ഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കണം. പുതിയ തോട്ടം പിടിപ്പിക്കുമ്പോൾ ഒരേയിനം നടുക. പൂവിടലും സസ്യ സംരക്ഷണവും വിളവെടുപ്പും ഒരേസമയം തീരും.

പൈനാപ്പിൾ

പുതുക്കൃഷിക്കു നടീൽ ഈ മാസം. കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കണം. 70 കിലോ യൂറിയയും 54 കിലോ പൊട്ടാ ഷ് വളവും.

മഴ കനക്കും മുമ്പേ വളമിടീൽ

കാലവർഷം തുടങ്ങുന്നതോടെ എല്ലാത്തരം വിളകളും സമൃദ്ധമായി വളർന്നുതുടങ്ങും. വളർച്ചയ്ക്ക് അനുസരിച്ചു സസ്യമൂലകങ്ങൾ മണ്ണിൽ ലഭ്യമാക്കണം. ജൂൺ മധ്യത്തോടെ കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ ഈ മാസം ആദ്യവാരം തന്നെ വളം ചേർക്കൽ തീരണം. ജൈവവളങ്ങൾ, രാസവളങ്ങൾ, സൂക്ഷ്മജീവി വളങ്ങൾ എന്നിവയുടെ സങ്കലനമാണ് വിളകൾ ഇഷ്ടപ്പെടുക. മണ്ണിന്റെ ആരോഗ്യത്തിന് അടിസ്ഥാനം ജൈവവളമാണ്. ഇവയാണു മണ്ണിനു ശരിയായ ഭൗതിക, രാസ, ജൈ വ സവിശേഷതകൾ നൽകുന്നത്. ഇവ മൺതരികൾ യോജിപ്പിച്ചു മണ്ണ​ിൽ വായുസഞ്ചാരം, ജലലഭ്യത എന്നിവ വർധിപ്പിക്കുന്നു. കൂടാതെ മണ്ണിൽ ഹൂമസ് വർധിപ്പിച്ച് സസ്യമൂലകങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നു. വിളകളെ ഉപദ്രവിക്കുന്ന കുമിൾ, ബാക്ടീരിയ മുതലായവയെ കൊല്ലുന്ന ഉപകാരപ്രദമായ സൂക്ഷ്മജീവികളെ സംരക്ഷിച്ച് വർധിപ്പിക്കുന്നു. ഉപകാരപ്രദമായ മണ്ണിരപോലുള്ള ജീവികൾക്കു സംരക്ഷണം നൽകുന്നു. കാലിവളം, കോഴിവളം, ആട്ടിൻകാഷ്ഠം, വിവിധതരം കമ്പോസ്റ്റുകൾ, പിണ്ണാക്കുകൾ, പച്ചിലവളങ്ങൾ, പയർവർഗച്ചെടികൾ എന്നിവയാണ് പ്രധാന ജൈവവളങ്ങൾ. പയർവർഗ പച്ചിലവളങ്ങളായ വൻപയർ, ഡെയിഞ്ച, കൊഴിഞ്ഞിൽ എന്നിവ അവയുടെ വേരിലുള്ള ബാക്ടീരിയവഴി മണ്ണിൽ ധാരാളം പാക്യജനകം നിക്ഷേപിക്കും. മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തുന്നതിന് ഇടയ്ക്കിടെ പയറുവർഗച്ചെടികൾ വളർത്തി അവ പുഷ്പിക്കുമ്പോൾ മണ്ണിൽ ഉഴുതുചേർക്കണം.

ജൈവവളങ്ങളിൽ പ്രധാന മൂലകങ്ങൾ കുറവാണ്. പക്ഷേ, വിളകൾക്കു വേണ്ട എല്ലാ മൂലകങ്ങളും ഉണ്ട്. വിളകളുടെ വളർച്ചയുടെ പ്രധാന ഘട്ടങ്ങളിൽ പ്രധാന മൂലകങ്ങൾ കൂടുതലായി ആവശ്യമുള്ളതിനാൽ രാസവളങ്ങളെക്കൂടി ആശ്രയിക്കണം. എന്നാൽ അമിതമായി രാസവളം പാടില്ല. മണ്ണ് ജൈവവളസമ്പന്ന മാണെങ്കിൽ രാസവളം നേരിയ അളവിൽ മതി. ജൈവവളം ഒഴിവാക്കി ധാരാളം രാസവളം ചേർക്കരുത്. ഇത് മണ്ണിന്റെ ആരോഗ്യം ക്ഷയിപ്പിക്കും. രാസവളങ്ങൾ മൂന്നു തരമു‌ണ്ട്. ഒരു മൂലകം മാത്രമുള്ളത്– യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ. രണ്ടു മൂലകങ്ങൾ കോംപ്ലക്സ് രൂപത്തിൽ – ഫാക്ടംഫോസ്, ഡൈ അമോണിയം ഫോസ്ഫേറ്റ് എന്നിവ. മൂന്നാമതായി എൻപികെ മിക്സ്ചർ. ഇവ ഏകമൂലക വളങ്ങൾ തമ്മിൽ ഒന്നിച്ചോ, കോംപ്ലക്സ് വളങ്ങളുമായി ചേര്‍ത്തോ ഉണ്ടാക്കാം. വിദഗ്ധ സഹായത്തോടെ ഇങ്ങനെ ചെയ്താല്‍ ഗുണനിലവാരം ഉറപ്പാക്കാം. 

സൂക്ഷ്മജീവി വളങ്ങൾ: പയർവർഗങ്ങളുടെ വേരിലെ മുഴകളിൽ ജീവിച്ച് അന്തരീക്ഷത്തിലെ െനെട്രജനെ വലിച്ചെടുക്കുന്ന റൈസോബിയ, വിളകളുടെ വേരിനോട് അടുത്തു മണ്ണിൽ ജീവിച്ച് വായുവിലെ െനെട്രജന്‍ വലിച്ചെടുത്തു ചെടികൾക്കു ലഭ്യമാക്കുന്ന അസറ്റോബാക്ടർ, അസോസ്പിറില്ലം, മണ്ണിലുള്ള അലേയ ഫോസ്ഫറസിനെ അലിയുന്ന രൂപത്തിലാക്കുന്ന ഫോസ്ഫറസ് സൊല്യുബിലൈസിങ് ബാക്ടീരിയ, കളിമണ്ണിന്റെ പാളികൾക്കു ള്ളിൽ പിടിച്ചുവച്ചിട്ടുള്ള പൊട്ടാഷിനെ സ്വതന്ത്രമാക്കുന്ന പൊട്ടാഷ് മൊബിലൈസർ, നാകം, സിലിക്ക എന്നിവയെ അലിയിക്കുന്ന സൂക്ഷ്മജീവികൾ എന്നിവയാണു സൂക്ഷ്മജീവി വളങ്ങൾ. ഇവ വിത്തിൽ പുരട്ടുകയോ റൈസോബിയ ഒഴികെയുള്ളവ ജൈവവളത്തിൽ കലർത്തി മണ്ണിൽ ചേർക്കുകയോ ചെയ്യാം. ഇവ രാസവളങ്ങളുമായി ചേർത്ത് ഉപയോഗിക്കരുത്. ജൈവവളങ്ങളുമായി ചേർക്കാം. ഇവ കാര്യക്ഷമമായി പ്രവർത്തിക്കണമെങ്കിൽ മണ്ണിൽ ധാരാളം ജൈവവളങ്ങളും ആവശ്യത്തിന് ഈർപ്പവും വേണം. പുളി രസം ഉണ്ടാവാനും പാടില്ല. വേനൽ മാസങ്ങളിൽ ചൂട് ക്രമാതീതമായാൽ ഇവ ചത്തുപോകും. അതിനാൽ വേനലിൽ വിളകൾക്ക് പുത നൽകി സംരക്ഷിക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA