ADVERTISEMENT

കേരളത്തിൽ അടുത്തിടെ എത്തി ഫലം തന്നു തുടങ്ങിയ മലേഷ്യൻ സസ്യമാണ് ‘നങ്കഡാക്ക്.’ പ്ലാവും, ചെമ്പടാക്കും തമ്മിൽ സ്വാഭാവിക പരാഗണത്തിലൂടെ ഉരുത്തിരിഞ്ഞ സസ്യമാണിത്. മലേഷ്യയിലെ ചെമ്പടാക്ക് പഴങ്ങളുടെ ഹൃദ്യമധുരവും നനുത്ത മണവും വരിക്കച്ചക്കയുടെ ചുള വലുപ്പവും ഉറപ്പും ചേർന്ന നങ്കഡാക്ക് ചുളകൾക്കു റോസ് നിറമാണ്. ചകിണി കുറഞ്ഞ പ്രകൃതം. പുറംമടലിന് കനം കുറവായതിനാൽ കത്തി ഉപയോഗിച്ച് പൊളിച്ചു കളയാം. മൂന്നടിയോളം നീളമുള്ള വണ്ണം കുറഞ്ഞ ചക്കയ്ക്ക് അഞ്ച് - ആറ് കിലോയോളം ഭാരം വരും. എൺപതോളം ചുളകളുമുണ്ടാകും. പഴത്തിനായാണ് കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും ഭക്ഷ്യവിഭവങ്ങളുണ്ടാക്കാനും നന്ന്. ഇതിന്റെ ചെറിയ ചക്കക്കുരുവും കറികളിൽ ചേർക്കാം.

ചെറുവൃക്ഷമായി ശിഖരങ്ങളോടെയാണ് നങ്കഡാക്കിന്റെ വളർച്ച. കനമുള്ള തായ്ത്തടി, ചെറിയ ഇലകൾ എന്നിവയും ചില്ലകളിൽ ചെറുരോമങ്ങളും ഇവയിൽ കാണുന്നു. ചെമ്പടാക്ക് സസ്യങ്ങൾക്ക് മഴക്കാലത്തു ബാധിക്കുന്ന ചീക്കൽ രോഗം നങ്കഡാക്ക്പ്ലാവിൽ കാണാറില്ല. കരുത്തോടെയാണ് വളർച്ച. പരിചരണവും കുറച്ചു മതി. സമൃദ്ധമായി ഫലമുണ്ടാകുന്ന പ്രകൃതം. വർഷത്തിൽ പല തവണ കായ്ക്കും. ഒരു ഞെട്ടിൽ മൂന്നു നാലു ചക്കകൾ ഉണ്ടാകും. ഇവ പാകമാകാൻ അഞ്ചു മാസത്തോളം വേണം. പാകമായ ചക്കകളുടെ മുള്ളുകൾ നന്നായി പരക്കുകയും അവയ്ക്കു മഞ്ഞ നിറ ഭാവമുണ്ടാകുകയും ചെയ്യും. പാകമായ ചക്കകൾ പറിച്ച് തറയിൽ വച്ചാൽ നാലു ദിവസം കൊണ്ടു പഴുക്കും. പഴുത്ത ശേഷം അഞ്ചു ദിവസംകൂടി സാധാരണ അവസ്ഥയിൽ കേടാകാതെ സൂക്ഷിക്കാം.

നങ്കഡാക്കിന്റെ വിത്തു മുളപ്പിച്ച് തൈകൾ വളർത്താമെങ്കിലും ഒട്ടുതൈകൾ നട്ടുവളർത്തിയാല്‍ മാതൃവൃക്ഷത്തിന്റെ സ്വഭാവം ലഭിക്കുകയും മൂന്നാലു വർഷംകൊണ്ട് ഫലമണിയുകയും ചെയ്യും. വെള്ളക്കെട്ടില്ലാത്ത, ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം നടാൻ. അര മീറ്ററോളം താഴ്ചയുള്ള കുഴിയൊരുക്കി അടിസ്ഥാനവളമായി ഉണങ്ങിപ്പൊടിഞ്ഞ ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ മേൽമണ്ണുമായി കലർത്തി കുഴി മൂടി തടമൊരുക്കി മുകളിൽ പിള്ളക്കുഴി എടുത്ത് കൂട നീക്കം ചെയ്ത് ബഡ്തൈ നടാം. ബഡ്സന്ധിയുടെ മുകളിലേക്ക് മണ്ണ് വീഴാതിരിക്കാൻ ശ്രദ്ധിക്കണം. മഴ ലഭിക്കുന്നില്ലെങ്കിൽ നനയ്ക്കണം. മഴക്കാലത്ത് ചുവട്ടിൽ വെള്ളക്കെട്ടൊഴിവാക്കണം.

രാജേഷ് കാരാപ്പള്ളിൽ
ഫോൺ - 9495234232.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT