ADVERTISEMENT

കാലാവസ്ഥ, കൃഷിയിറക്കുന്ന കാലം, നെല്ലിനം, കൃഷിരീതികൾ, വളപ്രയോഗം എന്നിവയെല്ലാം കീടരോഗ ബാധയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നെൽക്കൃഷി മേഖലകൾ വൈവിധ്യമേറിയതാണ്. കുട്ടനാട്ടിലെയും കോൾ നിലങ്ങളിലെയും കൃഷിരീതികൾ വ്യത്യസ്തമാണ്. ഓണാട്ടുകരയിലെയും പാലക്കാടൻ പാടങ്ങളിലെയും രീതികളും വ്യത്യസ്തമാണ്. എന്നാൽ, രോഗങ്ങളും കീടങ്ങളും  എല്ലായിടത്തും ഏകദേശം ഒരുപോലെയാണ്.

നെല്ലിന്റെ ശത്രുക്കൾ

∙കീടം : തണ്ടുതുരപ്പൻ, ഓലചുരുട്ടി, ഗാളീച്ച, മുഞ്ഞ, ചാഴി, കുഴൽപുഴു, ഇലപ്പേൻ, നീലവണ്ട്, പട്ടാളപ്പുഴു
∙രോഗം: ഓലകരിച്ചിൽ, ബ്ലാസ്റ്റ് അഥവാ കുലവാട്ടം, പോളരോഗം, തവിട്ടുപുള്ളിക്കുത്ത്, ലക്ഷ്മീരോഗം അഥവാ വാരിപ്പൂവ്, നെന്മണികളിലെ നിറവ്യത്യാസം.

സംയോജിത നീക്കം

കീടരോഗ നിയന്ത്രണത്തിനു സംയോജിത രീതിയാണ് അനുയോജ്യം. കാർഷിക നിയന്ത്രണം, ജൈവിക നിയന്ത്രണം, ജൈവ കുമിൾനാശിനികളുടെയും കീടനാശിനികളുടെയും പ്രയോഗം എന്നിവയ്ക്കാണ് പ്രാമുഖ്യം നൽകേണ്ടത്. ആവശ്യമായി വന്നാൽ മാത്രം സുരക്ഷിത കീടനാശിനികൾ, കുമിൾ നാശിനികൾ എന്നിവ ഉപയോഗിക്കാം.

AGRI-installation-of-trichogramma-egg-cards-2
ട്രൈക്കോഗ്രമ മുട്ടകാർഡ് സ്ഥാപിക്കുന്നു

വിത്തുഗുണം പത്തുഗുണം

രോഗ കീടങ്ങളെ ചെറുക്കുന്ന നെല്ലിനങ്ങൾ മാത്രം തിരെഞ്ഞെടുക്കുക എന്നതു പ്രാവർത്തികമല്ല. പ്രധാന കീടങ്ങൾക്കും രോഗങ്ങൾക്കുമെല്ലാം പ്രതിരോധശേഷിയുള്ള ഇനങ്ങളും ലഭ്യമല്ല.‌

പ്രധാന നെല്ലിനങ്ങൾ: ജ്യോതി, ഉമ കാഞ്ചന, കരുണ, ഐശ്വര്യ, മട്ടത്രിവേണി, ജയ, പൊന്മണി

പ്രതിരോധശേഷിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും ഇവയിലെല്ലാം തന്നെ കീടങ്ങളും രോഗങ്ങളും കാണാറുണ്ട്. കാഞ്ചനയിൽ ബ്ലാസ്റ്റ് രോഗം. ഐശ്വര്യയിൽ ഇതു വളരെ കുറവാണ്. ഉമ, ജ്യോതി എന്നിവയിൽ ഓലകരിച്ചിലും ലക്ഷ്മീ രോഗവും തവിട്ടു പുള്ളിക്കുത്തും കാണുന്നു.

∙ വിത്ത് ശരിയായ അളവിൽ ഉപയോഗിക്കണം
∙കൃതൃമായ അകലത്തിൽ നടണം
∙പറിച്ചു നടുമ്പോൾ ഓരോ മൂന്ന് മീറ്ററിനു ശേഷവും ഒരു അടി സ്ഥലം ഒഴിച്ചിടണം.

ജലസേചനവും ജലനിയന്ത്രണവും

ഇലപ്പേൻ, കുഴൽപ്പുഴു എന്നിവയെ നിയന്ത്രിക്കാൻ. ജലസേചനവും ജലനിയന്ത്രണവും വഴി സാധ്യമാകും. വെള്ളം വാർക്കുന്നത് കുഴൽപ്പുഴുവിനെ നിയന്ത്രിക്കും. ഒരു ദിവസത്തേക്കു ചെടികൾ മൂടുന്ന വിധത്തിൽ വെള്ളം കയറ്റി നിർത്തുന്നത് ഇലപ്പേൻ നിയന്ത്രിക്കും.

മുഞ്ഞ ബാധ വരുമ്പോൾ ഇടവിട്ട് വെള്ളം വാർക്കുന്നതും കയറ്റുന്നതും കീട ബാധ കുറയ്ക്കും. വെള്ളം കെട്ടിനിൽക്കുന്നത് ബാക്ടീരിയ മൂലമുണ്ടാകുന്ന ഓലകരിച്ചിൽ, പോളകരിച്ചിൽ എന്നീ രോഗങ്ങൾ അധികരിക്കാൻ കാരണമാകും.

കള നിയന്ത്രണം

കളകളാണ് പല കീടങ്ങളുടെയും രോഗാണുക്കളുടെയും താവളം. കള നിയന്ത്രണം  ശാസ്ത്രീയമായി നടത്തണം.

രോഗ നിയന്ത്രണം

ജൈവിക രോഗ നിയന്ത്രണത്തിന് ഉപയോഗിക്കുന്ന മിത്ര ബാക്ടീരിയ ആണ് സ്യൂഡോമോണാസ് ഫ്ലൂറസൻസ. കൃഷിയുടെ ആരംഭം മുതൽക്കുതന്നെ ഇത് ഉപയോഗിക്കുകയാണെങ്കിൽ ഒരു പരിധിവരെ ബാക്ടീരിയ മൂലമുണ്ടാകുന്ന ഓല കരിച്ചിലും കുമിൾ രോഗങ്ങളും നിയന്ത്രിക്കാൻ സഹായിക്കും. ഒരു വിളയിൽ ഒരു മാസം  ഇടവിട്ട് മൂന്നു തവണയെങ്കിലും പ്രയോഗിക്കണം.

ഏത് കൃഷിരീതിയാണെങ്കിലും സ്യൂഡോമൊണാസ് വിത്തിൽ പുരട്ടാം. നടുന്നതിനു മുൻപ് ഞാറിന്റെ വേരുകൾ സ്യൂഡോമൊണാസ് ലായിനിയിൽ മുക്കിയതിനു ശേഷം വേണം നടാൻ. അതല്ലെങ്കിൽ നട്ട് ഒരാഴ്ച കഴിഞ്ഞു പാടത്ത് ഇട്ടുകൊടുക്കാം. വിതച്ച് ഒരു മാസം കഴിഞ്ഞ് ഏക്കറിന് ഒരു കിലോ എന്ന തോതിൽ പാടത്ത് ഇട്ടുകൊടുക്കാം. അതിനു ശേഷം ഒരു മാസം കഴിഞ്ഞ് അതേ തോതിൽ തന്നെ വീണ്ടും പാടത്ത് ഇടുകയോ ലീറ്ററിന് 10 ഗ്രാം എന്ന തോതിൽ കലക്കി തളിക്കുകയോ ചെയ്യാം.

AGRI-pheromone-trap2
ഫെറമോൺ െകണി പാടത്ത് സ്ഥാപിക്കുന്ന കർഷകൻ

കീടനിയന്ത്രണം

ശത്രുകീടങ്ങളെ തിന്നു നശിപ്പിക്കുന്ന മിത്ര കീടങ്ങളായ തുമ്പികൾ, എട്ടുകാലികൾ, പുൽച്ചാടികൾ, ലേഡി ബേഡ് വണ്ടുകൾ, മിറിഡ് ബഗുകൾ തുടങ്ങിയവ നെൽപാടങ്ങളിൽ തന്നെയുണ്ട്. ശത്രു കീടങ്ങളുടെ മുട്ട, പുഴു എന്നിവയെ ആക്രമിച്ച് നശിപ്പിക്കുന്ന പരാദങ്ങളുമുണ്ട്. രാസകീടനാശിനിയുടെ ഉപയോഗം കുറച്ചാൽ ശത്രു കീടങ്ങളെ തിന്നു നശിപ്പിക്കുന്ന ഈ മിത്ര കീടങ്ങളെ സംരക്ഷിക്കാനാകും.

ജൈവിക കീട നിയന്ത്രണം

തണ്ടുതുരപ്പൻ ഓലചുരുട്ടി എന്നിവക്കെതിരെ ഫലപ്രദമായ മിത്ര പരാദമാണ് ട്രൈക്കോഗ്രമ. തണ്ടുതുരപ്പന്റെയും ഓലചുരുട്ടിയുടെയും മുട്ടകളെ ഇതു നശിപ്പിക്കുന്നു. ഈ പരാദങ്ങളുടെ 1 സി.സി മുട്ടകളുള്ള ഒരു കാർഡ് പത്ത് കഷ്ണമാക്കി 5 സെന്റിന് ഒരു കഷ്ണം എന്ന തോതിൽ പാടത്ത് നെല്ലോലകളിൽ സ്റ്റേപ്പിൾ ചെയ്ത് വയ്ക്കാം. ഒരേക്കറിന് 2 സി.സി കാർഡ് വേണം. തണ്ടുതുരപ്പനെതിരെയുള്ള മുട്ടക്കാർഡ്, നട്ട് ഒരാഴ്ച മുതൽ ആറാഴ്ച വരെയും ഓലചുരുട്ടിക്കെതിരെയുള്ളത് നട്ട് 20 ദിവസം മുതൽ 6 ആഴ്ച വരെയുമാണ് വയ്ക്കേണ്ടത്.  

വിളക്കു കെണി

വിളക്കു കെണികൾ വച്ച് തണ്ടുതുരപ്പൻ, ഓലചുരുട്ടി, കുഴൽപുഴു, മുഞ്ഞ, ഗാളീച്ച എന്നിവയുടെ ശലഭങ്ങളെയും വണ്ടുകളെയും ആകർഷിച്ചു നശിപ്പിക്കാം.

ഫെറമോൺ കെണി

തണ്ടുതുരപ്പന്റെ പെൺ ശലഭങ്ങൾ ഉൽപാദിപ്പിക്കുന്ന ഫെറമോൺ കൃത്രിമമായി ഉണ്ടാക്കി അവ കെണികളിലാക്കി പാടത്ത് വയ്ക്കാം. ഏക്കറിന് എട്ട് കെണികളാണ് വയ്ക്കുന്നത്. ആൺ ശലഭങ്ങൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നു. ഇവ കെണിയിലുള്ള പശയിൽ ഒട്ടിപ്പിടിച്ച് ചത്തുപോകുന്നു. ഇതുവഴി ഈ കീടത്തിന്റെ വംശ വർധനവ് കുറയുന്നു.

 ജൈവ കീടനാശിനികൾ

വേപ്പിൻകുരുവിൽ നിന്നു വേർതിരിച്ചെടുക്കുന്ന വിവിധ ഘടകങ്ങൾ അടങ്ങിയ ജൈവ കീടനാശിനികൾ ലഭ്യമാണ്. കീടങ്ങൾ വരുന്നതിന് മുൻപ് പ്രതിരോധമെന്ന രീതിയിൽ ഇവ തളിക്കാം.

തയാറാക്കിയത്:
ഡോ. പി രാജി,  പ്രഫസർ
(പ്ലാന്റ് പതോളജി),
 ഡോ. കെ കാർത്തികേയൻ
പ്രഫസർ  (അഗ്രി. എന്റമോളജി),
പ്രാദേശിക കാർഷിക
ഗവേഷണ കേന്ദ്രം, പട്ടാമ്പി.
ഫോൺ:    9447880208

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT