sections
MORE

തെങ്ങിനു നൽകാം രാസ, ജൈവവളങ്ങൾ

raw-coconut-tree
SHARE

കഴിഞ്ഞ‍ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കണം. നന്നായി വളം ചേർക്കാമെങ്കിൽ തെങ്ങൊന്നിനു ശരാശരി 90–100 നാളി കേരം കിട്ടും. നൈട്രജനും പൊട്ടാഷും വേണ്ടത്ര കിട്ടത്തക്ക അളവിൽ ജൈവ വളം ചേർക്കാനാവില്ല. ആയാൽ തന്നെ ചെലവു കൂടും. അതിനാൽ തെങ്ങൊന്നിന് 25–50 കി‍ലോ ജൈവവളവും ശുപാർശയനുസരിച്ചു രാസവളവും ചേർക്കുക. നൈട്രജന്റെ അഭാവത്തിൽ വളർച്ച മോശമാകുകയും മച്ചിങ്ങയുടെ എണ്ണം കുറയുകയും ചെയ്യും. കട്ടികൂടിയ കാമ്പ്, കൂടുതൽ‍ കൊപ്ര, കൂടുതൽ മച്ചിങ്ങ പിടിത്തം, മികച്ച രോഗപ്രതിരോധശക്തി, വരൾച്ച ചെറുക്കാൻ കഴിവ് എന്നിവ നൽകുന്നത് പൊട്ടാഷാണ്. ആണ്ടിൽ 95 തേങ്ങ കായ്ക്കുന്ന തെങ്ങ് പ്രധാന മൂലകങ്ങൾ ഉപയോഗിക്കുന്നത് 750 ഗ്രാം നൈട്രജൻ, 330 ഗ്രാം ഫോസ്ഫറസ്, 1100 ഗ്രാം പൊട്ടാഷ്, 170 ഗ്രാം കാത്സ്യം, 280 ഗ്രാം മഗ്നീഷ്യം എന്ന തോതിലാണ്. മഴക്കാലത്തു തെങ്ങിനു മാഹാളി രോഗം വരാം. ഈ കുമിൾരോഗം വന്നാൽ മച്ചിങ്ങ ഒന്നാകെ കൊഴിയും. ബോർഡോമിശ്രിതമോ ബ്ലിട്ടോക്സോ (നാലു ഗ്രാം/ ലീറ്റർ) തളിച്ച് ഇതിനെ നിയന്ത്രിക്കാം. തോട്ടത്തിൽ വെള്ളം കെട്ടിനിന്നാൽ വിളവു കുറയും. തെങ്ങിനു മുകളിൽ വളരുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുകയും ഇടവിളയ്ക്കു പ്രത്യേകം വളമിടുകയും ചെയ്തില്ലെങ്കിൽ തെങ്ങിന്റെ വിളവു കുറയും. ഇടവിളകൾക്കു വളവും വെള്ളവും കൊടുക്കാമെങ്കിൽ തെങ്ങിന്റെ വിളവ് 60% വരെ കൂട്ടാം.

നെല്ല്

നെൽകൃഷിയിൽ വളപ്രയോഗം, സസ്യസംരക്ഷണം, ജലനിയന്ത്രണം എന്നിവ പ്രത്യേകം ശ്രദ്ധിക്കുക. മേയ് മാസത്തിൽ പൊടിവിത നടത്തിയ പാടങ്ങളിൽ ഈ മാസം മധ്യത്തോടെ രണ്ടാം മേൽവളം വിതറുക. ഒരേക്കറിനുള്ള അളവ് താഴെ പട്ടികയിൽ.

മണലിന്റെ അംശം കൂടിയ മണ്ണിൽ വളം ചെറിയ അളവിൽ പല തവണ യായി ചേർക്കുന്നതാണു മെച്ചം. വളം വിതറുന്നതിനു തലേന്ന് പാടത്തെ വെ ള്ളം വാർന്നു കളയുകയും വളം വിതറി 12 മണിക്കൂർ കഴിഞ്ഞ് വെള്ളം കയറ്റു കയും ചെയ്യാം. വളം വിതറി ഉടനെ വെള്ളം തുറന്നുവിട്ടാൽ യൂറിയയുടെ 60 ശതമാനം വരെ നഷ്ടപ്പെടും. വെ ള്ളക്കെട്ടുള്ള നിലങ്ങളിൽ വളം വിത റാൻ പറ്റില്ല. ഇത്തരം നിലങ്ങളിൽ യൂ റിയ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കാം. പത്തു ലീറ്റർ വെള്ളത്തിൽ ഒന്നര കിലോ യൂറിയ കലക്കി പവർ സ്പ്രേയർകൊണ്ടു തളിക്കാം. സാ ധാരണ സ്പ്രേയർ ആണെങ്കിൽ 10 ലീറ്ററിൽ 500 ഗ്രാം യൂറിയ മതി. ഏക്ക റിന് ഒരു തവണ ആറു കിലോ യൂറിയ ഇങ്ങനെ ഇലകളിൽ തളിക്കാം.

നട്ട പാടങ്ങളിൽ വിശേഷിച്ച് വൈകി നട്ട പാടങ്ങളിൽ ഗാളീച്ച ശല്യമുണ്ടാകാം. പ്രതിരോധശക്തിയില്ലാത്ത ഇനമാണു നട്ടതെങ്കിൽ കീടനാശിനി പ്രയോഗം വേണ്ടിവരും. നട്ട് 10–15 ദിവസം കഴിയുമ്പോൾ ഇക്കാലക്സ് രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു ചേർത്തു തളിക്കണം. നട്ട പാടങ്ങളിൽ പോള കരിച്ചിൽ രോഗം കാണാം. ചിനപ്പു പൊട്ടൽ മുതൽ അടിക്കണപ്രായം വരെയാണ് ഈ കുമിൾരോഗം വരിക. ഇലകളിലും പോളകളിലും തിളച്ച വെള്ളം വീണു പൊള്ളിയ മാതിരിയുള്ള പാടുകളാണ് ലക്ഷണം. പ്രതിരോധശക്തിയില്ലാത്ത ഇനങ്ങൾ, ജൈവവളത്തിന്റെയും പൊട്ടാഷിന്റെയും കുറവ്, അമിത രാസവളപ്രയോഗം എന്നിവ ഈ രോഗത്തിന്റെ കാഠിന്യം കൂട്ടും. നടുന്ന സമയത്ത് ട്രൈക്കോഡെർമ കൾച്ചർ ചേർക്കുക, സ്യൂഡോമോണാസ് ലായനിയിൽ വേര് അര മണിക്കൂർ കുതിർത്ത ശേഷം നടുക, നട്ട് 30 ദിവസം കഴിഞ്ഞ് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക എന്നിവയിലൂടെ ഈ കുമിളിനെ നിയന്ത്രിക്കാം. കുമിൾനാശിനി തളിക്കേണ്ടതുണ്ടെങ്കിൽ ടിൽറ്റ് 150 മി. ലീ., 200 ലീറ്റർ വെള്ളത്തിൽ ഒരേക്കറിനു തളിക്കുക. ഈ രോഗം പതിവുള്ള നിലങ്ങളിൽ പ്രതിരോധശക്തിയുള്ള ഗൗരി പോലുള്ള ഇനങ്ങൾ നടുന്നതാണു നല്ലത്.

അധികവിളവെടുക്കുന്ന കുട്ടനാടൻ നിലങ്ങളിൽ ഈ മാസം രണ്ടാം വാരം രണ്ടാമത്തെ കളയെടുക്കാം. മൂന്നാം വാരം അതായത്, വിതച്ചു രണ്ടു മാസമാകുന്നതോടെ മൂന്നാം തവണ മേൽവളമായി ഏക്കറിന് 20 കിലോ യൂറിയയും 15 കിലോ പൊട്ടാഷ് വളവും ചേർക്കാം. പൊക്കാളി നിലങ്ങളിൽ ഏക്കറിന് 200 കിലോ കുമ്മായം വിതറണം. 17.5 കിലോ യൂറിയയും 80 കിലോ റോക്ക് ഫോസ്ഫേറ്റും ചേർത്ത് രണ്ടാം വാരം വെട്ടിത്തീർപ്പു നടത്തുന്നു.

കമുക്

ഇടച്ചാലുകൾ വൃത്തിയാക്കി ആഴം രണ്ടടിയാക്കുക. മരമൊന്നിന് 500 ഗ്രാം വീതം കുമ്മായം തടത്തിൽ വിതറി കൊത്തിച്ചേർക്കുക. മണ്ണിന്റെ പുളിരസം, വെള്ളക്കെട്ട് എന്നിവ തടയുകയും ചിട്ടയായി വളം ചേർക്കുകയും ചെയ്താൽ കമുകിന് ആരോഗ്യം കൂടുകയും മഞ്ഞളിപ്പു കുറയുകയും ചെയ്യും. ചുവന്ന ചാഴികൾ തളിരിലകളിൽനിന്നു നീരൂറ്റിക്കുടിച്ചും മഞ്ഞളിപ്പുണ്ടാകാം. ചുവന്ന ചാഴികൾ ഇലകളിൽ കാണുന്നെങ്കിൽ ഇക്കാലക്സ് രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക.

റബർ

തൈ നടീൽ തുടരാമെങ്കിലും കനത്ത മഴയിൽ ഒഴിവാക്കുക. നടുന്നതിനു മുമ്പ് ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും ഫോസ്ഫറസ് വളവും ചേർക്കുക. തൈ നട്ട് ചുറ്റും മണ്ണിട്ട് ഉറപ്പിക്കണം. ആവശ്യമെങ്കിൽ താങ്ങും നൽകണം. നട്ട ഉടനെ പ്ലാറ്റ്ഫോം വെട്ടി മണ്ണൊലിപ്പും തൈയുടെ ചുവട്ടിൽ വെള്ളം കെട്ടുന്നതും ഒഴിവാക്കുക. റെയിൻ ഗാർഡ് ഇട്ട് വെട്ടുന്ന മരങ്ങളുടെ പുതുപ്പട്ടയും വെട്ടുചാലും കുമിൾനാശിനി കൊണ്ട് ആഴ്ചയിൽ രണ്ടു തവണ കഴുകണം.

വാഴ

നേന്ത്രന് ഊന്നു കൊടുക്കൽ ഈ മാസം തീരണം. മഴ തുടങ്ങുന്നതോടെ നീർ വാർച്ചയുള്ള ചാലുകൾ തീർക്കണം. നട്ടു രണ്ടു മാസമായ പാളയൻകോടന് ചുവടൊന്നിന് 110, 500, 335 ഗ്രാം വീതം യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കാം. തുടർന്നു കളകൾ ചെത്തി ചുവട്ടിൽ കൂട്ടി മണ്ണിട്ടുമൂടുക. ഫലപുഷ്ടിയുള്ള മണ്ണിൽ റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങൾ കുറയ്ക്കാം. ഇലകളിൽ കണ്ണിന്റെ ആകൃതിയിലുള്ള വലിയ പൊട്ടുകളുണ്ടാകുകയും പിന്നീട് അവ ഒന്നിച്ചു ചേർന്ന് ഇലകൾ കരിയുകയും ചെയ്യുന്ന സിഗാട്ടോക്ക രോഗം മഴ തുടങ്ങുന്നതോടെ വ്യാപകമാകും. രോഗം രൂക്ഷമായ ഇലകൾ മുറിച്ചു കത്തിക്കണം. രോഗം കാണുന്നതോടെ ബോർഡോമിശ്രിതം ഒരു ശതമാനം, ബാവിസ്റ്റിൻ ഒരു ഗ്രാം, കാലിക്സിൻ അര മി. ലീ., ഡൈ ത്തേൻ എം–45 രണ്ടു ഗ്രാം എന്നിവ യിലൊന്ന് ഒരു ലീറ്റർ വെള്ളത്തിൽ എ ന്ന കണക്കിനു മാറി മാറി തളിക്കുക. പകരം സ്യൂഡോമോണാസ് കൾച്ചർ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് രണ്ടു മൂന്നു തവണ തളി ക്കുക.

തടതുരപ്പൻ പുഴുവിന്റെ ഉപദ്രവം കഠിനമായുണ്ടായ വാഴകളും അവശിഷ്ടങ്ങളും കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യുക. ഒരു ചുവട്ടിൽ രണ്ടിൽ കൂടുതൽ വാഴകൾ കട്ടപിടിച്ച് വളരാൻ അനുവദിക്കരുത്. വാഴയുടെ ഉണങ്ങിയ ഇലകൾ മുറിച്ചു കളഞ്ഞ് തോട്ടം വൃത്തിയാക്കി സൂക്ഷിക്കുക. ഇക്കാലക്സ് രണ്ടു മി.ലീ., ഡർസ്ബാൻ (20%) 1.5 മി.ലീ. എന്നിവയിലൊന്ന് ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. ലായനി ഓലക്കവിളുകളിലും ചുവട്ടിലും വീഴണം. ഉപദ്രവം തുടരുന്നെങ്കിൽ മൂന്നാഴ്ച കഴിഞ്ഞ് ഒരു തവണകൂടി കീടനാശിനി തളിക്കുക. 

കുരുമുളക്

ഇളകി വീഴുന്ന കൊടിത്തലകൾ പിടിച്ചുകെട്ടണം. താങ്ങുമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റി കഴിയുന്നത്ര സൂര്യപ്രകാശം കൊടിയിൽ വീഴാൻ അനുവദിക്കുക. തണൽ കൂടിയാൽ പൊള്ളുവണ്ടും കുമിൾരോഗങ്ങളും കൂടും. കായ്പിടിത്തം കുറയും. സ്യൂഡോമോണാസ് കൾച്ചർ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു ചേർത്തു തളിക്കുക. തോട്ടം വൃത്തിയാക്കി സൂക്ഷിക്കുക. മണ്ണിൽ കൂടുതൽ ജൈവവളം ചേർക്കുകയും നേരിയ തോതിൽ രാസവളമിടുകയും നീർവാർച്ച ഉറപ്പാക്കുകയും ചെയ്യുക. ചെടിച്ചുവട്ടിൽ ട്രൈക്കോഡെർമ പ്രയോഗിക്കുക. ചെടികളിൽ സ്യൂഡോമോണാസ് തളിക്കുക. ചുവട്ടിൽ മണ്ണിളക്കം ഒഴിവാക്കി പുതയിടുക എന്നിവകൂടി ചെയ്താൽ നല്ല വിളവ് ഉറപ്പാക്കാം.

മാവ്

തോട്ടങ്ങളിൽ മണ്ണൊലിപ്പും വെള്ളക്കെട്ടും ഉണ്ടാകരുത്. ചില്ലയുണക്കം ചെറുമാവുകളുടെ പ്രധാന കുമിൾരോഗമാണ്. കേടുവന്ന ഭാഗത്തു നിറവ്യത്യാസം കാണും. അതിനു താഴെവച്ചു കേടുവന്ന കമ്പ് മുറിച്ചു ചുടുക. മുറിപ്പാടിൽ ബോർഡോ കുഴമ്പോ കോപ്പർ ഓക്സിക്ലോറൈഡോ തേക്കുക. ഒട്ടുതൈകളുടെ ഒട്ടിച്ച ഭാഗത്തിനു താഴെ മുളയ്ക്കുന്ന ചിനപ്പുകൾ നീക്കണം.

ഏലം

പുതിയ തോട്ടങ്ങളിൽ തണൽ മരത്തൈകൾ നടാം. പുതിയ തൈകൾ നടുക, താങ്ങു കൊടുക്കുക എന്നിവയാണ് പുതിയ തോട്ടങ്ങളിലെ മറ്റു പണികൾ. നിലവിലുള്ള തോട്ടങ്ങളിൽ ഇടപോക്കുക, ഉണങ്ങിക്കരിഞ്ഞു നിൽക്കുന്ന തണ്ടും പൂങ്കുലകളും നീക്കുക. ഈ മാസം വളമിടീൽ തീരണം. അഴുകൽ രോഗത്തെ ശ്രദ്ധിക്കുക. രോഗമുള്ള മൂടുകൾ പിഴുതെടുത്തു നശിപ്പിക്കണം. അവ നിന്ന ഭാഗം കുമിൾനാശിനികൊണ്ടു കുതിർക്കണം. തുടർന്നു ബോർഡോമിശ്രിതം ഏലച്ചെടികളിൽ തളിക്കുക. ട്രൈക്കോഡെർമ കൾച്ചർ അഴുകിപ്പൊടിഞ്ഞ കാലിവളത്തിൽ കലർത്തി ചേർക്കുന്നത് ഇത്തരം രോഗങ്ങളെ ചെറുക്കും. സ്യൂ ഡോമോണാസ് കൾച്ചർ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു മഴ വിട്ടുനിൽക്കുന്ന സമയത്തു തളിക്കുന്നതു കുമിൾരോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

ഗ്രാമ്പൂ, ജാതി

കളകൾ നീക്കി തോട്ടം വൃത്തിയാക്കിയിടുക. തോട്ടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാതെ കാനകൾ താഴ്ത്തിയിടുക. കുമിൾ രോഗങ്ങൾ കണ്ടാൽ ബോർഡോമിശ്രിതം പ്രയോഗിക്കുക. ജാതിയിൽ ചില ഭാഗത്ത് ഇലകളും കൊമ്പും കൂട്ടത്തോടെ കരിയുന്നതു കാണുന്നെങ്കിൽ കമ്പു മുറിച്ചു കത്തിക്കുകയും ബോർഡോമിശ്രിതം തളിക്കുകയും വേണം.

പൈനാപ്പിൾ

വെള്ളക്കെട്ട് ഒഴിവാക്കുക. കളയെടുക്കുക. ഇലകളിൽ കറുത്ത പൊട്ട് വന്ന് അഴുകുന്ന രോഗം കണ്ടാൽ ബോർഡോമിശ്രിതം തളിക്കുക.

മരച്ചീനി

നല്ല നീർവാർച്ചയില്ലെങ്കിൽ കപ്പ വാടും. രണ്ടു മാസം പ്രായമായ കപ്പയ്ക്കു കളകൾ നീക്കി വളം ചേർത്തു മണ്ണു കൂനകളിൽ കൂട്ടാം. ഏക്കറിന് 22 കിലോ യൂറിയയും 17 കിലോ പൊട്ടാഷ് വളവും മതി. മൂന്നു മാസം പ്രായമാകുമ്പോഴും ഇതേ അളവിൽ വളം ചേർക്കുക. കപ്പത്തടങ്ങളിൽ അൽപം കറിയുപ്പു ചേർത്ത് മണ്ണിൽ കൊത്തിച്ചേർക്കുന്നപക്ഷം വിളവു കൂടുകയും കിഴങ്ങുകൾക്കു കൂടുതൽ വലുപ്പവും തുടവും കിട്ടുകയും ചെയ്യും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA