sections
MORE

പ്രളയാന്തരം നിങ്ങളുടെ വിളരക്ഷയ്ക്കുള്ള വഴികൾ

Cardamom
SHARE

ഏലം

ഏലച്ചെടികൾക്ക് അഴുകൽ രോഗം വ്യാപകമാകാൻ സാധ്യതയുണ്ട്. 300 ഗ്രാം കോപ്പർ ഓക്‌സി ക്ലോറൈഡിന് ഒപ്പം 100 മില്ലി ഹെക്‌സാ കോണാസോൾ 100 ലീറ്റർ വെള്ളത്തിൽ കലക്കി ഏലത്തിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുക്കണം. 

അല്ലെങ്കിൽ 300 ഗ്രാം കോപ്പർ ഓക്‌സി ക്ലോറൈഡിനൊപ്പം 100 ഗ്രാം മെറ്റലാക്‌സിൻ 100 ലീറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കണം. മണ്ണു സംരക്ഷണത്തിനായും പ്രത്യേക ശ്രദ്ധ വേണം. വേരുകൾക്ക് വായു സഞ്ചാരം ലഭിക്കാൻ മണ്ണ് ഇളക്കി നൽകണം. മണ്ണിലെ പുളിപ്പ് ക്രമീകരിക്കാൻ മേയ്, ജൂൺ മാസങ്ങളിൽ കുമ്മായം/ഡോളമൈറ്റ് പ്രയോഗിക്കുന്നതും ഗുണകരമായിരുന്നു. വേരുകൾ നശിച്ച വിളകൾക്ക് പോഷണം ഇലകളിലൂടെ നൽകണം. ഇലകളിലൂടെ നൽകുന്ന മരുന്നുകൾ ഫലപ്രദമാണ്. 

തേയില

tea-plant

തീവ്രമഴയും  മഞ്ഞു വീഴ്ചയും തേയില ക്കൃഷിക്കു ദോഷമായി.  പൊള്ളൽ രോഗത്തിനു സാധ്യത വർധിച്ചു. വെള്ളീച്ച ആക്രമണത്തിനും സാധ്യതയേറി. പൊള്ളൽ പ്രതിരോധിക്കാൻ 210 ഗ്രാം സിഒസിയും 200 മില്ലി ഹെക്‌സകോനസോൾ എന്നിവ ചേർത്ത് ഒരു ഹെക്ടറിൽ ഉപയോഗിക്കാം. 125 മില്ലി പ്രോപികോനസോളും 210 ഗ്രാം സിഒസിയും ചേർത്ത് ഒരു ഹെക്ടറിൽ ഉപയോഗിക്കാം.

കുരുമുളക്

black-pepper

തുടർച്ചയായ മഴ കുരുമുളക് കൃഷിക്കും ദോഷമായേക്കും. ദ്രുതവാട്ടം ഉൾപ്പെടെ രോഗങ്ങൾ വ്യാപിക്കാൻ സാധ്യത ഉള്ളതിനാൽ മുൻകരുതൽ വേണം. ബോർഡോ മിശ്രിതം ചെടികളിൽ തളിക്കണം. 

300 ഗ്രാം കോപ്പർ ഓക്‌സി ക്ലോറൈഡ് 1 ലീറ്റർ വെള്ളത്തിൽ കലക്കി കുരുമുളക് ചെടികളുടെ ചുവട്ടിൽ ഒഴിക്കണം. സൂക്ഷ്മാണുക്കളുടെ അളവ് വർധിക്കാൻ ട്രൈക്കോഡെർമ, സ്യൂഡോമോണ എന്നിവ ഉപയോഗിക്കാം.

പച്ചക്കറി

vegetables

തടത്തിലെ നീർവാഴ്ച ഉറപ്പാക്കുകയാണ് ഒന്നാമത്തെ മാർഗം. കൃഷിസ്ഥലത്തിനു ചുറ്റും തോടുകളെടുത്തു വെള്ളം ഒഴുക്കിക്കളയാം. കൃഷിയിടത്തിലേക്കു വെള്ളം  ഒഴുകിയെത്താതെ നോക്കാം. 

പച്ചക്കറിപ്പന്തൽ മഴയിൽ നശിച്ചുപോകുക സാധാരണം. പന്തൽ ബലപ്പെടുത്തി കൃഷി സംരക്ഷിക്കാം. 

വെള്ളം കയറിയ സ്ഥലത്തു കൃഷി ഇറക്കും മുൻപു ഒരു സെന്റ് സ്ഥലത്ത് ഒരു കിലോഗ്രാം കുമ്മായം എന്ന നിലയിൽ മണ്ണിൽ കൊത്തി ഇളക്കണം. ജൈവ കുമിൾ നാശിനിയായ സ്യൂഡോമൊണാസ് മണ്ണിൽ കലർത്തണം. അല്ലെങ്കിൽ ട്രൈക്കോർഡമ സമ്പൂഷ്ടീകരിച്ച ചാണകം മണ്ണിൽ കലർത്തണം. വിത്തുകൾ സ്യൂഡോമൊണാസ് ലായനിയിൽ മുക്കിയ ശേഷം നടണം. തൈകളാണു നടുന്നതെങ്കിൽ അതും സ്യൂഡോമൊണാസ് ലായനിയിൽ മുക്കണം. 

തെങ്ങ്

504858793

പ്രളയമേഖലകളിൽ ഉയരമേറിയ തെങ്ങും കമുകും മാത്രമാണ് അതിജീവിച്ചത്. ഉയരം കുറഞ്ഞ ഇനങ്ങളിലും രണ്ടോ മൂന്നോ വർഷം മാത്രം പ്രായമായവയിലും ചെളി കയറി കൂമ്പടഞ്ഞു പോയി. വേരു ചീഞ്ഞു പോകുന്നതും വലിയ ഭീഷണിയാണ്. 

അതിവർഷം ഉയരമേറിയ തെങ്ങുകളിലും കൂമ്പുചീയലിനു കാരണമായി. കോഴിക്കോട് കുറ്റ്യാടി മേഖലയിൽ നൂറുകണക്കിനു  തെങ്ങുകളാണ് നശിച്ചത്. വെള്ളമിറങ്ങി ആഴ്ചകളോളം പ്രശ്നമില്ലാതെ നിന്ന തെങ്ങുകൾ പിന്നീട് നശിക്കുകയായിരുന്നു കഴിഞ്ഞ വർഷം. ഇത്തവണയും ഇതേ ഭീതിയുണ്ട്. 

ബോർഡോ മിശ്രിതം, കോപ്പർ ഓക്സി ക്ലോറൈഡ്,മാങ്കോസെബ് തുടങ്ങിയവയാണു കൂമ്പുചീയൽ പ്രതിരോധത്തിനു  പ്രധാനമായും ഉപയോഗിക്കുന്നത്. മഴക്കാലം തുടങ്ങുന്നതിനു മുൻപേ പ്ലാസ്റ്റിക് കവറിൽ കെട്ടി, ചെറിയ ദ്വാരമിട്ട് തെങ്ങിൻമുകളിൽ വച്ചുകൊടുക്കാം. രണ്ടാഴ്ചയ്ക്കകം കുമിൾനാശിനി പ്രയോഗിക്കുന്നതും ഫലം ചെയ്തേക്കാം.  

ചെന്നീരൊലിപ്പ്

തെങ്ങിന്റെ കടയിൽ ചുവന്ന കറപോലെ വരുന്നതാണ് ലക്ഷണം. പതിയെ തടി നശിച്ചു തുടങ്ങുന്നു. ഒരു വർഷംകൊണ്ട് തെങ്ങ് ഉണങ്ങിപ്പോകും. തുടക്കത്തിലേ കണ്ടെത്തിയാൽ ജൈവ കുമിൾനാശിനിയായ ട്രൈക്കോഡെർമ ഉപയോഗിക്കുന്നത് ഫലം ചെയ്യും. 

തഞ്ചാവൂർ വാട്ടം 

പൊടിപോലെയുള്ള അതിസൂക്ഷ്മ കുമിൾ ആണ് രോഗം വരുത്തുന്നത്. തെങ്ങിൻതലപ്പിൽ ഉൾഭാഗത്തായുള്ള അഞ്ചോ ആറോ ഓല മഞ്ഞളിച്ച് ഒടിഞ്ഞു തൂങ്ങുന്നതാണ് ലക്ഷണം. പിന്നീട് പാളിപാളിയായി തെങ്ങിൻതടി അടർന്നു പോകും.  രാസ, ജൈവ കുമിൾ നാശിനികൾ ലഭ്യമാണ്. 

എങ്കിലും കുമിൾ വളർന്ന് കൂൺ പോലെയാകുന്ന അവസാന ഘട്ടത്തിൽ രാസ കുമിൾനാശിനിതന്നെ ഉപയോഗിക്കണം. ഹെക്സാകോണസോൾ തുടങ്ങിയവ ഫലം ചെയ്യും. തടി ചെറുതായി ചെത്തി തേച്ചു കൊടുക്കുകയോ വെള്ളത്തിൽ കലർത്തി തെങ്ങിൻചുവട്ടിൽ ഒഴിച്ചു കൊടുക്കുകയോ ചെയ്യാം.

വാഴ

വെള്ളക്കെട്ടൊഴിയാത്തതു വാഴക്കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വെള്ളത്തെ അതിജീവിച്ചേക്കാവുന്ന വാഴകൾക്ക് ഇളമണ്ണിട്ടു കൊടുത്താൽ വേരു പിടിക്കാൻ ഗുണകരമാകും.

ദിവസങ്ങളോളം വെള്ളത്തിൽ നിന്ന വാഴകൾ മഞ്ഞച്ചു നശിച്ചു തുടങ്ങി. ഓണം വിപണിക്കായി ഒരുങ്ങിയ കുലകൾ മൂപ്പെത്താൻ രണ്ടോ മൂന്നോ ആഴ്ച മാത്രം ബാക്കി നിൽക്കെ വെട്ടിമാറ്റേണ്ട സ്ഥിതി. കൃഷി ഓഫിസിൽ ഇൻഷുർ ചെയ്തവർക്ക് കുലച്ച നേന്ത്രവാഴയൊന്നിന് 300 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. കുലയ്ക്കാത്ത വാഴയ്ക്ക് 150 രൂപ കിട്ടും. 

വെള്ളക്കെട്ടിൽ നശിച്ച വാഴ വെട്ടി മണ്ണിര കമ്പോസ്റ്റാക്കുകയോ പുതിയ കൃഷിയിറക്കുമ്പോൾ പുതയായി ഉപയോഗിക്കുകയോ ചെയ്യാം. ഞാലിപ്പൂവൻ ഇനങ്ങൾക്ക് കൂടുതൽ അതിജീവന ശേഷിയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA