മൂന്നു മാസമായ തെങ്ങിനു വളം

raw-coconut-tree
SHARE

നട്ട് മൂന്നു മാസമായാൽ മേൽ വളം ചേർക്കാം. തൈ ഒന്നിന് അഞ്ചു കിലോ അഴുകിപ്പൊടിഞ്ഞ കാലിവളവും 250 ഗ്രാം തെങ്ങുമിശ്രിതവും ചുറ്റും വിതറി കൊത്തിച്ചേർക്കുക. കുഴിയുടെ വശങ്ങൾ നേരിയ കനത്തിൽ അരിഞ്ഞിറക്കുകയും വേണം. തെങ്ങൊന്നിന് 500 ഗ്രാം വീതം മഗ്നീഷ്യം സൾഫേറ്റ് ചേർക്കുക. വെള്ളക്കെട്ടുള്ള തോട്ടങ്ങളിൽ ചാലുകീറി നീർവാർച്ച മെച്ചമാക്കുക. തറനിരപ്പിൽനിന്നു ചുരുങ്ങിയത് ഒരു മീറ്റർ താഴെയാകണം ജലനിരപ്പ്. കൂമ്പുചീയൽ രോഗത്തിനു സാധ്യത. കൂമ്പു ചീഞ്ഞ് മണ്ട മറിയുന്നതാണ് ലക്ഷണം. കൂമ്പോല മഞ്ഞയ്ക്കുന്നതു കണ്ടാൽ അവ വെട്ടിമാറ്റി മണ്ടയുടെ ചീഞ്ഞ ഭാഗം ചെത്തി വൃത്തിയാക്കി ബോർഡോക്കുഴമ്പ് തേയ്ക്കുകയും തുടർന്നു വിസ്താരമുള്ള ചട്ടി കമഴ്ത്തിവയ്ക്കുകയും ചെയ്യണം. ചെന്നീരൊലിപ്പ് കാണുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി ബോർഡോ കുഴമ്പ് പുരട്ടുക. തുടർന്ന് കോൺടാഫ് 50 മി. ലീ. 25 ലീറ്റർ വെള്ളത്തിൽ കലർത്തി നനവുള്ള തടത്തിൽ ഒഴിക്കുക. ഒരു വർഷം മൂന്നു നാലു തവണ ഇതാവർത്തിച്ചാൽ ചെന്നീരൊലിപ്പു മാറും. ട്രൈക്കോഡെർമ കൾച്ചർ 50 ഗ്രാം 25 മി. ലീ. വെള്ളവുമായി ചേർത്ത് കറ ഒലിക്കുന്നിടത്ത് തേയ്ക്കുന്നതുവഴിയും ചെന്നീരൊലിപ്പ് നിയന്ത്രിക്കാം.

കമുക് 

വെള്ളക്കെട്ടുള്ള തോട്ടങ്ങളിൽ ചാലു വൃത്തിയാക്കി നീർവാർച്ച മെച്ചപ്പെടുത്തണം. തറനിരപ്പിൽനിന്ന് ചുരുങ്ങിയത് രണ്ടടി താഴെ ജലം നിർത്തണം. രോഗം ബാധിച്ചു വീണ അടയ്ക്ക ശേഖരിച്ച് ചുടുക. കാലവർഷം നീളുകയാണെങ്കിൽ ഒരു തവണകൂടി ബോർഡോമിശ്രിതം തളിക്കണം. പൂങ്കുലച്ചാഴിയെ കാണുന്നെങ്കിൽ മാത്രം ഇക്കാലക്സ് രണ്ടു മി. ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. 

റബർ

ഈ മാസവും തൈ നടാം. കൂടത്തൈകളുടെ വേര് പുറത്തേക്കു വന്നിട്ടുണ്ടെങ്കിൽ അവ മുറിച്ചുകളയണം. റബർക്കുരു ലഭ്യമെങ്കിൽ ഈ മാസം വിത്തുപാകി മുളപ്പിക്കുക. നിരപ്പുള്ള സ്ഥലത്ത് ആറിഞ്ച് ഉയരത്തിൽ വാരം കോരി തവാരണ ഒരുക്കുക. തുടർന്ന് മണൽ വിരിച്ച് വിത്തു പാകണം. ടാപ്പ് ചെയ്യുന്ന വെട്ടുപട്ടയും പുതുപ്പട്ടയും ആഴ്ചയിൽ ഒരിക്കൽ വീതം കുമിൾനാശിനികൊണ്ട് കഴുകുക. തൈകൾക്കു താങ്ങ്, നഴ്സറിയിൽ വളം ചേർക്കൽ, ആവരണവിള നടീൽ, കളനിയന്ത്രണം എന്നിവ ഈ മാസം ചെയ്യണം.

കശുമാവ് 

ചെറുതൈകളുടെ ചുവട്ടിൽനിന്ന് ഒരു മീറ്റർ ഉയരത്തിൽവരെ പ്രധാന തണ്ടിലുണ്ടാകുന്ന ചിനപ്പുകൾ മുറിച്ചുമാറ്റണം. മുറിപ്പാടിൽ ബോർഡോ കുഴമ്പ് തേയ്ക്കണം. മരത്തിന് തുറന്നുവച്ച കുടയുടെ ആകൃതിയാണ് വേണ്ടത്. എങ്കിലേ എല്ലാ ചില്ലകളിലും സൂര്യപ്രകാശം വീഴുകയും നല്ല കായ്ഫലം കിട്ടുകയുമുള്ളൂ. മരത്തിന്റെ ചുവട്ടിലും പുറമെ കാണുന്ന വേരിലും തടിതുരപ്പന്റെ ഉപദ്രവം ശ്രദ്ധിക്കുക.

നെല്ല് 

വിരിപ്പിൽ നട്ട പാടങ്ങളിൽ ഈ മാസം പോളരോഗവും പോള അഴുകൽ രോഗവും കാണാം. അടിക്കണ പ്രായം വരെ ഇലകളിലും പോളകളിലും തിളച്ച വെള്ളം വീണു പൊള്ളിയതുപോലുള്ള പാടുകളും കരിച്ചിലുമാണ് രോഗലക്ഷണം. കൊടിയോലയിലും അതിന്റെ പോളയിലും കാണുന്ന പാടുകളും അഴുകലുമാണ് പോള അഴുകൽ രോഗം. ഇതുമൂലം കതിരുകൾ പുറത്തേക്കു വരുന്നതു തടസ്സപ്പെടും. വന്നാൽതന്നെ അധികവും പതിരായി മാറും. നട്ട് ഒരു മാസം കഴിയുമ്പോൾ സ്യൂഡോമോണാസ് കൾച്ചർ 15–20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുന്നത് ഈ രോഗങ്ങളെ നിയന്ത്രിക്കും. ബാവിസ്റ്റിനും ടിൽറ്റും പ്രയോഗിക്കുന്നതും ഫലപ്രദം. ബാവിസ്റ്റി‍ൻ 200 ഗ്രാം, ടിൽറ്റ് 150 മി.ലീ. എന്നിവയിലൊന്ന് 200 ലീറ്റർ വെള്ളത്തിൽ കലക്കി ഒരേക്കറിന് തളിക്കാം.

ഏപ്രിൽ മാസത്തിൽ പൊടിവിത നടത്തിയ പാടങ്ങളിൽ ഈ മാസം കൊയ്ത്തിനു പാകമാകും. വിത്തെടുക്കുന്നുണ്ടെങ്കിൽ കള്ളക്കതിരുകൾ നീക്കുക. കീടങ്ങളുടെ ഉപദ്രവം ഈ മാസം ഉണ്ടായേക്കാം. വിശേഷിച്ച്, തണലുള്ളിടത്ത് ഇലചുരുട്ടിയുടെ ശല്യം ഉണ്ടായേക്കാം. മടങ്ങിയ ഓലകൾ മുള്ളുവടികൊണ്ട് വലിച്ച് മടക്കു നിവർത്തി ഇക്കാലക്സ് രണ്ടു മി. ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. കീടനാശിനിക്കു പകരം ട്രൈക്കോഗ്രമ്മ ചിലോണീസ് എന്ന മിത്രപ്രാണികളെക്കൊണ്ടും ഈ കീടത്തെ നിയന്ത്രിക്കാം. ഇതിന്റെ കാർഡുകൾ അഞ്ചു സെന്റിന് ഒരു കഷണം എന്ന കണക്കിനു നെല്ലോലകളിൽ ഉറപ്പിക്കുക.

ചാഴിയാണ് മറ്റൊരു പ്രധാന കീടം. ദുർഗന്ധംവമിക്കുന്ന ചീഞ്ഞ ചാള മാതിരിയുള്ള വസ്തുക്കൾ വരമ്പത്തു വച്ചാൽ ചാഴിയെ തുരത്താം. പണ്ട് ഈന്തിൻചക്ക ഇതിന് ഉപയോഗിച്ചിരുന്നു. ഉപദ്രവം കഠിനമാണെങ്കിൽ മാലത്തയോൺ 400 മി. ലീ. 200 ലീറ്റർ വെള്ളത്തിൽ കലക്കി ഒരേക്കറിൽ തളിക്കുക. കീടനാശിനി ചുറ്റുംതളിച്ച് ഉള്ളിലേക്ക് വരുക. ഫിഷ് അമിനോ ആസിഡും ചാഴിക്കെതിരെ ഒരു പരിധിവരെ ഫലപ്രദമാണ്.

വിരിപ്പിന് വൈകി നട്ട പാടങ്ങളിൽ രണ്ടാം തവണ മേൽവളം പട്ടികയിൽ കാണുംവിധം ഈ മാസം ആദ്യം ചേർക്കണം.

ഇനം                                             യൂറിയ(കിലോ)‌                മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (കിലോ)‌

നാടൻ                                                   9 .                              ...

ഉൽപാദനശേഷി കൂടിയ,

മൂപ്പു കുറ ഞ്ഞ ഇനങ്ങൾ

 (നട്ട് 28 ദിവസം)                                   20                                  ... 

ഉൽപാദനശേഷി കൂടിയ, 

ഇടത്തരം മൂപ്പുള്ള ഇനങ്ങൾ 

(നട്ട് 32–35 ദിവസം)                                  40                                    15

ഗ്രാമ്പൂ 

രണ്ടാം തവണ വളം ചേർക്കാം. ഒരു വർഷം പ്രായമായ തൈയ്ക്ക് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 25, 45, 45 ഗ്രാം വീതം. മൂന്നാം വർഷം മുതൽ വളത്തിന്റെ അളവ് ക്രമമായി ഉയർത്തുക. 15 വർഷം പ്രായമായതിന് 325, 625, 625 ഗ്രാം വീതം ചേർക്കാം. മുതിർന്ന മരങ്ങൾക്കു ചുവട്ടിൽനിന്ന് ഒരു മീറ്റർ അകലെ വൃത്താകൃതിയിൽ ആഴം കുറഞ്ഞ ചാലുകളെടുത്തു വളമിടുക. 

ഇഞ്ചി 

കഴിയുമെങ്കിൽ ഒരു തവണകൂടി ചവറു വയ്ക്കുക, ഏക്കറിന് മൂന്നു ടൺ എന്ന തോതിൽ. ചവർ അവിയുന്നതോടെ 33 കിലോ യൂറിയയും 17കിലോ പൊട്ടാഷ് വളവും ഒരേക്കറിൽ വിതറി നേരിയ കനത്തിൽ മണ്ണ് തൂവിക്കൊടുക്കുക. മൂട് അഴുകൽരോഗം കണ്ടാൽ രോഗമുള്ള ചുവടുകൾ പിഴുതെടുത്ത് കത്തിക്കുക. അവ നിന്ന ഭാഗം ബോർഡോ മിശ്രിതംകൊണ്ട് കുതിർത്താൽ പകർച്ച തടയാം. സ്യൂ‍ഡോമോണാസ് കൾച്ചർ 15– 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് തളിക്കുക. ട്രൈക്കോ കാ ർഡുകളും പരീക്ഷിക്കാം.

ജാതി

ഒരു വർഷം പ്രായമായ തൈയ്ക്ക് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 25, 45, 45 ഗ്രാം വീതം ചേർക്കാം. രണ്ടു വർഷം പ്രായമായതിന് 50, 90, 90 ഗ്രാം വീതം. മൂന്നാം വർഷം മുതൽ വളത്തിന്റെ അളവ് ക്രമമായി കൂട്ടുക. 15 വർഷം മുതൽ 540, 625, 825 ഗ്രാം വീതം ചേർക്കാം. നല്ല വളക്കൂറുള്ള മണ്ണിലും ധാരാളം ജൈവവളം ചേർക്കുന്ന തോട്ടത്തിലും രാസവളത്തിന്റെ അളവ് കുറയ്ക്കണം. കൂടിയാല്‍ കായ്ക്കുന്ന ചില്ലകള്‍ ഒടിയാനിടയുണ്ട്. കുമിൾരോഗം കാണുന്നെങ്കിൽ ബോർ‌ഡോമിശ്രിതം സ്പ്രേ ചെയ്യുക. കൊസൈഡ് എന്ന കുമിൾനാശിനി 1.5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യാം. ഈ മാസം കായ് പിടിച്ചു തുടങ്ങുന്നതിനാല്‍ ബോര്‍ഡോമിശ്രിതത്തെക്കാള്‍ നല്ലത് ഒരു ലീറ്റര്‍ പച്ചച്ചാണകം കലക്കി അരിച്ചെടുത്ത വെള്ളത്തില്‍ സ്യൂഡോമോണാസ് കള്‍ച്ചര്‍ 20 മി.ലീ. ചേര്‍ത്ത് തളിക്കുന്നതാണ്. 

കുരുമുളക്

ഒരു തവണകൂടി വളം ചേർക്കണം. പൊതു ശുപാർശയനുസരിച്ച് കൊടിയൊന്നിന് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറി യേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 75, 165, 225 ഗ്രാം വീതവും കോഴിക്കോട് ജില്ലയിൽ 200, 105, 100 ഗ്രാം വീതവും ചേർക്കാം. മൂന്നാം വർഷം മുതലാണ് ഈ അളവ്. ഒരു വർഷം പ്രായമായ കൊടിക്ക് ഇതിന്റെ മൂന്നിൽ രണ്ടു മതി. കൊടി നട്ട വശത്ത്, കൊടിയുടെ ചുവട്ടിൽനിന്ന് ഒരടി മുതൽ രണ്ടടി വരെ അർധവൃത്താകൃതിയിൽ വളം വിതറി മുപ്പല്ലികൊണ്ട് കൊത്തിച്ചേർക്കുക. തടമെടുത്ത് വേരുകൾ മുറിച്ചാൽ ദ്രുതവാട്ടത്തിനു സാധ്യത കൂടും. കാലവർഷം ശമിക്കുമ്പോൾ സ്യൂഡോമോണാസ് 15–20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. ട്രൈക്കോഡെർമ ചുവട്ടിൽ ചേർക്കുകയും സ്യൂ‍ഡോമോണാസ് തളിക്കുകയും ചെയ്താൽ വാട്ടമടക്കമുള്ള രോഗങ്ങൾ നിയന്ത്രിക്കാം. ട്രൈക്കോഡെർമ കൾച്ചർ ചാണകപ്പൊടിയുമായി ഒന്നിച്ചു ചേർക്കുക.

വാഴ 

നേന്ത്രനു വിളവെടുപ്പ് തുടരുന്നു. കുല വെട്ടിയശേഷം സൂചിക്കന്നുകൾ മാത്രമേ നടാനെ ടുക്കാവൂ. വേരുകൾ നീക്കി തണ്ട് അരയടി നീളത്തിൽ നിർത്തി മുറിച്ചശേഷം കന്ന് പച്ചച്ചാണകക്കുഴമ്പിൽ മുക്കി ചാരം പൂശി മൂന്ന്– നാലു ദിവസം വെയിലത്ത് ഉണക്കണം. പിന്നീട് രണ്ടാഴ്ച തണലുള്ള സ്ഥലത്ത് മഴ നനയാതെ ഉണക്കിയതിനുശേഷം നടാം. നട്ട് നാലു മാസമായ മറ്റിനം വാഴകൾക്ക് ഒരു തവണകൂടി വളം ചേർക്കാം. പാളയൻകോടന് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 110, 500, 335 ഗ്രാം വീതവും മറ്റിനങ്ങൾക്ക് 220, 500, 335 ഗ്രാം വീതവും ചേർക്കാം. തോട്ടം വൃത്തിയായി സൂക്ഷിച്ചാൽ തടിതുരപ്പന്റെ ഉപദ്രവം കുറയും. നന്നായി ഉപദ്രവമേറ്റ തടകൾ വെട്ടി കുഴിച്ചുമൂടുക. മൂന്നു നാലു മാസം പ്രായമായ വാഴയ്ക്ക് വേപ്പിൻകുരു പൊടിച്ച് ഒരു വാഴയ്ക്ക് 50 ഗ്രാം എന്ന കണക്കിന് ലായനിയുണ്ടാക്കി കവിളിലും തടയിലും തളിക്കുക. കീടം കയറിപ്പോയ സുഷിരങ്ങളിലേക്ക് നോസിൽ കടത്തി തളിക്കണം. കീടനാശിനിയാണെങ്കിൽ ഇക്കാലക്സ് രണ്ടു മി. ലീ., ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു സ്പ്രേ ചെയ്യുക. കഠിനമായ ഇലപ്പുള്ളിരോഗമുള്ള പുറം ഇലകൾ മുറിച്ചെടുത്തു ചുടുക. ബോർഡോമിശ്രിതം, ബാവിസ്റ്റിൻ, കാലിക്സിൻ, ഡൈത്തേൻ എം–45 എന്നീ കുമിൾനാശിനികൾ ഫലപ്രദമാണ്. 

കിഴങ്ങുവർഗങ്ങൾ 

ഇടയിളക്കി മണ്ണ് ചെറുതായി കൂനക ളിൽ കൂട്ടണം. കിഴങ്ങ്, കാച്ചിൽ, ചേന, ചേമ്പ് മുതലായവയുടെ കൃഷിയിടങ്ങളിൽ കളനിയന്ത്രണം നടത്തണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA