ADVERTISEMENT

നാട്ടിലെങ്ങും വിദേശപഴവർഗങ്ങളുെട സുനാമിയാണ്. മലേഷ്യയിലും വിയറ്റ്നാമിലും തായ്ലൻഡിലുമൊക്കെ വളരുന്ന ദുരിയനും പുലാസനും ഡ്രാഗൺ ഫ്രൂട്ടുമൊക്കെയാണ് ഇപ്പോൾ മലയാളനാട്ടിലെ മധുരം. എന്നാൽ ഈ ഒഴുക്കിനൊപ്പം നീന്താതെ നമ്മുെട നാടിന്റെ തനതായ ഒരു കാട്ടുപഴത്തിന് ഭാവികണ്ടെത്താൻ ശ്രമിക്കുകയാണ് തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം മലേക്കുടിയിൽ ബേബി ജോർജ്. വനമേഖലയിൽ കാണപ്പെടുന്ന മൂട്ടിപ്പഴമാണ് ബേബിയുടെ പ്രത്യേക താൽപര്യം മൂലം ശ്രദ്ധ നേടുന്നത്. മുറ്റത്തു നട്ടുവളർത്തിയിട്ടു വർഷങ്ങളായെങ്കിലും വാണിജ്യാടിസ്ഥാത്തിൽ കൃഷി ആരംഭിച്ചത് അടുത്ത കാലത്താണെന്നു മാത്രം. മൂട്ടിത്തൈകളുെട നഴ്സറിയും ആരംഭിച്ചിട്ടുണ്ട്. 

 

കണ്ണിനിമ്പം പകരുന്ന രീതിയിൽ തടിയോടു ചേർന്ന് ചുവപ്പുനിറത്തിൽ കുലകളായുണ്ടാകുന്ന ഈ പഴങ്ങൾ ഒറ്റ നോട്ടത്തിൽ മനം കവരും. മഞ്ഞ നിറമുള്ള ഒരിനവും ബേബി കണ്ടെത്തിയിട്ടുണ്ട്. പുറന്തോടിനുള്ളിലെ മാംസളമായ ഭാഗം ഭക്ഷിക്കാം. ഏറ്റവും ഉള്ളിലായാണ് കുരുവുള്ളത്. അലങ്കാരത്തിനു മാത്രമല്ല ആരോഗ്യത്തിനും നല്ലതാണത്രെ. ആദിവാസികൾ ഉദരരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കുമുള്ള ചികിത്സയിൽ മൂട്ടിപ്പഴം ഉപയോഗപ്പെടുത്താറുണ്ട്. കൊളസ്േട്രാൾ കുറയ്ക്കാൻ കഴിയുന്ന ഘടകങ്ങൾ ഇതിലുള്ളതായി അടുത്ത കാലത്ത് നടന്ന ചില ശാസ്ത്രീയപഠനങ്ങളിലും കണ്ടെത്തി. ശാസ്ത്രനാമം ബെക്കുറ കുറ്റാലലെൻസിസ് എന്നാണ്.

 

വീടിനടുത്തുള്ള റബർതോട്ടത്തിൽ മൂട്ടിമരത്തിന്റെ 150 തൈകളാണ് ബേബി നട്ടിരിക്കുന്നത്. പോഷകസമൃദ്ധമായ ഈ പഴങ്ങൾ സംരക്ഷിക്കുന്നതിനും വരുമാനമാക്കുന്നതിനും കഴിയുമെന്ന പ്രതീക്ഷയിലാണിത്. മൂട്ടി നാലാം വർഷം പൂവിടുമെന്ന് ബേബി പറഞ്ഞു. മലേക്കുടി വീടിന്റെ മുറ്റത്തെ ആറ് മൂട്ടിമരങ്ങളും കായ്ച്ചു തുടങ്ങിയവയാണ്. അവയിൽതന്നെ നാല് വ്യത്യസ്ത ഇനങ്ങളുണ്ടെന്നു മനസ്സിലാക്കിയ ബേബി ഏറ്റവും മികച്ചതും മധുരമുള്ളതും കണ്ടെത്തിയാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്. 

 

പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച സഹോദരൻ ജോയിയാണ് 30 വർഷം മുമ്പ് ഇതിന്റെ തൈ എത്തിച്ചുനൽകിയത്. സർവീസിലിരിക്കുന്ന കാലത്ത് ആദിവാസികളാണ് മൂട്ടിപ്പഴം ജോയിക്കു പരിചയപ്പെടുത്തിയത്. ആന, കുരങ്ങ്, മാൻ, കരടി തുടങ്ങിയ കാട്ടുമൃഗങ്ങൾക്ക് ഇവ ഏറെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പഴങ്ങൾ പാകമായാൽ ഈ മൃഗങ്ങൾ കാട്ടിലെ മൂട്ടിമരങ്ങൾക്കു സമീപം തന്നെ കാണുമത്രെ. മൂട്ടിപ്പഴത്തിന് പൊതുവേ പുളി കലർന്ന മധുരരസമാണുള്ളത്. ചെറിയ കയ്പുള്ള ഇനവുമുണ്ട്. ഇതിന് ഔഷധഗുണം കൂടുതലാണത്രെ. എന്നാൽ തന്റെ ശേഖരത്തിൽ നിന്നു കണ്ടെത്തിയ മധുരമേറിയ ഇനമാണ് ഇപ്പോൾ ബേബി തൈകളുണ്ടാക്കാൻ ഉപയോഗിക്കുന്നത്. മൂട്ടിയുടെ വേറിട്ട ഇനങ്ങൾ കണ്ടെത്തിയതു പരിഗണിച്ച് ബേബിയെ നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷന്റെ അവാർഡിനു ശുപാർശ ചെയ്തതായി പീരു മേട് ഡെവലപ്മെൻറ് സൊസൈറ്റി (പി ഡിഎസ്)യിലെ എൻഐഎഫ് കോർഡിനേറ്റർ സ്റ്റെബിൻ കെ. സെബാസ്റ്റ്യൻ പറഞ്ഞു.

 

കാട്ടിലുണ്ടാവുന്നതാണെങ്കിലും ഇത് പറിച്ചെടുത്ത് വിൽപനയ്ക്കെത്തിക്കുന്നവർ ഇടുക്കിയിലും തിരുവനന്തപുരത്തുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസികളുെട സഹായത്തോടെയാണ് ഈ കച്ചവടം. കിലോയ്ക്ക് 100 രൂപ നിരക്കിൽ മൂന്നാറിലേക്കുള്ള റോഡരികിൽ മൂട്ടിപ്പഴം വിൽക്കുന്നുണ്ട്. 

 

പരമാവധി 15 മീറ്റർ ഉയരത്തിൽ വളരുന്ന മൂട്ടി ഫെബ്രുവരിയിലാണ് പു ഷ്പിക്കുക. ജൂൺ– ജൂലൈ മാസങ്ങളിൽ പഴം വിളവെടുപ്പിനു പാകമാകും. ആൺമരങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ മാത്രമേ പെൺമരങ്ങളിൽ കായ്പിടിക്കാറുള്ളൂ. അതുകൊണ്ടുതന്നെ നടുമ്പോൾ പെൺമരങ്ങൾക്കൊപ്പം ആൺമരങ്ങളുമുണ്ടെന്ന് ഉറപ്പാക്കണം – ബേബി പറഞ്ഞു. മനോഹരമായി കായ്ച്ചുകിടക്കുന്ന ഈ മരം ഫാം ടൂറിസത്തിലും പ്രയോജനപ്പെടുത്താമെന്നാണ് ബേബിയുടെ ചിന്ത. എറണാകുളം നഗരത്തിൽനിന്നു വ്യാപാരികളുടെ അന്വേഷണവുമുണ്ടായി. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മൂട്ടി മരങ്ങൾ കാണാനെത്തുകയും ഇതിന്റെ തൈകൾ നേര്യമംഗലം ഫാമിൽ നട്ടുവളർത്താൻ നിർദേശം നൽകുകയും ചെയ്തു. മൂട്ടിമരത്തെ സംരക്ഷിക്കാനുള്ള ബേബിയുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമായി പ്ലാൻറ് ജീനോം അവാർഡിനു ശുപാർശ ചെയ്തിട്ടുണ്ടെന്ന് കാർഷിക സർവകലാശാല ഐപിആർ സെൽകോർഡിനേറ്റർ ഡോ. സി.ആർ. എൽസി അറിയിച്ചു. 

 

ഫോൺ: 8075910944 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT