ADVERTISEMENT

എനിക്ക് 40 ചുവട് വനിലയുണ്ട്. നട്ടിട്ട് മൂന്നു വർഷമായി. ഇതുവരെ പുഷ്പിച്ചിട്ടില്ല. വനില നടുന്നത്, വളപ്രയോഗം, പുഷ്പിക്കൽ എന്നിവയെപ്പറ്റി വിശദമായി അറിയണം. 

ജോമി തെക്കേക്കര, കോതമംഗലം

 

താങ്ങുമരത്തിൽ പടർന്നുകയറുന്ന ദീർഘകാല വള്ളിച്ചെടിയാണ് വനില. കേരളത്തിലെ മണ്ണും കാലാവസ്ഥയും വനിലയ്ക്കു യോജ്യമാണ്. വനിലയ്ക്ക് കുത്തനെ വില കൂടിയതുകണ്ട് കൃഷിക്കിറങ്ങിയ പലർക്കും പരാജയം നേരിട്ടെങ്കിലും വനിലക്കൃഷി തുടരുന്നവർ കുറവല്ല. തെങ്ങിനും കമുകിനും മറ്റു വിളകള്‍ക്കുമൊപ്പം ഇടവിളയായി കൃഷി ചെയ്യാമെന്നതാണ് വനിലയെ പ്രിയപ്പെട്ടതാക്കുന്നത്. ഒരു മീറ്റർ എങ്കിലും നീളമുള്ള വള്ളികളാണ് നടുന്നത്. മൂന്നാം കൊല്ലം മുതൽ ചെടിപുഷ്പിക്കും. 2–3 മുട്ടുകൾ മാത്രമുള്ള വള്ളികളാണെങ്കിൽ പൂക്കുന്നതിന് കൂടുതൽ കാലമെടുക്കും.

 

വനില വളർത്താനുള്ള താങ്ങു കാലുകളാണ് ആദ്യം നടേണ്ടത്. ശീമക്കൊന്നക്കാലുകൾ ഇതിനു നന്ന്. വനില നടുന്നതിന് 4 മാസം മുമ്പെങ്കിലും ഇവ നട്ടുപിടിപ്പിക്കണം. ഇടയകലം കാലുകൾ തമ്മിൽ രണ്ടര മീറ്ററും വരികൾ തമ്മിൽ രണ്ടു മീറ്ററും വേണം. 

 

ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളാണ് കേരളത്തിൽ വനില നടാൻ പറ്റിയ സമയം. വള്ളി താങ്ങുകാലോടു ചേർത്ത് നടാം. ചെടിയുടെ അടിയിൽ ചപ്പുചവറുകൊണ്ട് നന്നായി പുതയിടണം. വള്ളികളിൽ ശക്തമായ സൂര്യ പ്രകാശമേൽക്കുന്നുണ്ടെങ്കിൽ തെങ്ങോലവച്ച് മറയ്ക്കാം. 6–7 മാസത്തിനുള്ളിൽ വേരുപിടിക്കുകയും വളർന്നു തുടങ്ങുകയും ചെയ്യും. വളരുന്നതനു സരിച്ച് വള്ളികളെ താങ്ങുകാലുകളിൽ കെട്ടിവയ്ക്കാം. വനില വള്ളികൾ ചുരുട്ടി തൂക്കിയിട്ടു വളർത്തിയെങ്കിൽ മാത്രമേ പൂക്കൾ ഉണ്ടാകുകയുള്ളൂ. വള്ളികളെ മുകളിലേക്കുതന്നെ വളർത്തിയാൽ പൂക്കളുണ്ടാകുന്നത് കുറയുക മാത്രമല്ല, പരാഗണം ബുദ്ധിമുട്ടാവുകയും ചെയ്യും. ജൈവവളം നൽകുകയാണ് നല്ലത്.

 

വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന വനില‌യുടെ ആദ്യത്തെ പൂവ് ഉണ്ടാകണമെങ്കിൽ മൂന്നു വർഷത്തിലധികം സമയം വേണം. ഓരോ പൂങ്കുലയിലും 15–20 വരെ പൂക്കളുണ്ടാകും. റോസ്റ്റെല്ലം എന്ന ഭാഗം മൂലം സ്വയം പരാഗണം തടസ്സപ്പെടുമെന്നതിനാൽ കൃത്രിമ പരാഗണം അനിവാര്യമാണ്. കൃത്രിമ പരാഗണം നടത്താൻ ഇൗർക്കിലോ, മുളംതണ്ടിന്റെ ചെറിയ കഷണങ്ങളോ ഉപയോഗിക്കാം. പൂവിനെ ഇടതു കൈകൊണ്ട് പിടിച്ച് തള്ളവിരലുപയോഗിച്ച് ലേബല്ലം താഴ്ത്തി ഇൗർക്കിൽ ഉപയോഗിച്ച് വലതുകൈകൊണ്ട് അടപ്പുപോലുള്ള ഭാഗം ഉയർത്തി പുറകോട്ടു നീക്കണം. ഇടതുകയ്യിലെ തള്ളവിരലിന്റെ സഹായത്തോടെ‌ പൂമ്പൊടി നിറഞ്ഞ അറയെ പതുക്കെ അമർത്തിയാൽ അറയിൽനിന്നു പൂമ്പൊടി പരാഗണസ്ഥലത്തു വീഴും. ഇത് ഒരു പ്രാവശ്യം ഏതെങ്കിലും കൃഷിക്കാരനിൽനിന്നു ചെയ്തുപഠിച്ചാൽ എളുപ്പത്തിൽ ചെയ്യാം.

 

വളർച്ചയെത്തിയ വള്ളികളിലാണ് ഓരോ വർഷവും പൂക്കളുണ്ടാകുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയാണ് പ്രധാനമായും പൂവിടുന്ന സമയം. പരാഗണം കഴിഞ്ഞ് കായ്കൾ മൂപ്പെത്തുന്നതിന് 10 മുതൽ 11 മാസം വരെയെടുക്കും. കായ്കൾ മൂത്തു തുടങ്ങുമ്പോൾ കായ്കളുടെ അറ്റം മഞ്ഞയാകാൻ തുടങ്ങും. ഇതാണ് വിളവെടുപ്പിനു പറ്റിയ സമയം. വനിലയുടെ സംസ്കരണവും ശാസ്ത്രീയമായി ചെയ്യണം. 

ഉത്തരങ്ങൾ തയാറാക്കിയത്,

ജോസഫ് ജോൺ തേറാട്ടിൽ 

കൃഷി ഒാഫീസർ, പഴയന്നൂർ കൃഷിഭവൻ 

തൃശൂർ. മെയിൽ: Johntj139@gmail.com

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT