ADVERTISEMENT

പ്രളയം രൂക്ഷമായിരുന്ന വയനാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്‍പ്പെടെ കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയും െവള്ളപ്പൊക്കവും കൃഷിയിടങ്ങള്‍ക്കും വിളകള്‍ക്കും വന്‍ നാശമാണുണ്ടാക്കിയത്. ചെരിവുള്ള പ്രദേശങ്ങളിലെ വളക്കൂറുള്ള മേൽമണ്ണ് നഷ്ടപ്പെടുകയും താഴ്ന്ന പ്രദേശങ്ങളിൽ എക്കൽ അടിയുകയും ചെയ്തിട്ടുണ്ട്. പ്രളയത്തെ അതിജീവിച്ച വിളകളിൽ വളർച്ചമാന്ദ്യവും രോഗങ്ങളും അധികരിക്കാനിടയുണ്ട്. 

 

തെങ്ങ്, കമുക്: തെങ്ങ്, കമുകിന്‍തോപ്പുകളില്‍ കൊത്തുകിള നടത്തുകയും അടഞ്ഞ നീർച്ചാലുകൾ വൃത്തിയാക്കുകയും ചെയ്യുക. തെങ്ങിനു കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ആദ്യംതന്നെ ചേർ‌ക്കുക. കമുകൊന്നിന് 12 കിലോ വീതം ജൈവവളം ചേർത്ത് ശുപാർശയനുസരിച്ചുള്ള രാസവളങ്ങളും ചേർക്കണം. തെങ്ങിന് മാങ്കോസെബ് എന്ന കുമിൾനാശിനി മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുക. മണ്ട ഒന്നു കുതിരത്തക്കവിധം സ്പ്രേ ചെയ്യണം. തേങ്ങാപൊഴിച്ചില്‍, കമുകിന്റെ മാഹാളി തുടങ്ങിയ കുമിൾരോഗങ്ങള്‍ക്കു ബോർ‌ഡോമിശ്രിതം മതി. 

 

റബര്‍: വെട്ടുപട്ടയും പുതുപ്പട്ടയും മാങ്കോസെബ് 3.75 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ലായനിയുണ്ടാക്കി കഴുകുക. ഏലത്തിൽ വിവിധ ഭാഗങ്ങളിലുള്ള അഴുകൽ വ്യാപകമാണ്. അഴുകിയ ഭാഗങ്ങൾ മാറ്റി കത്തിക്കുക. കൂടാതെ, ഒരു ശതമാനം ബോർഡോമിശ്രിതം സ്പ്രേ ചെയ്യുകയും ഓരോ ചുവട്ടിലും 10 ഗ്രാം ട്രൈക്കോഡെർമ കൾച്ചർ 500 ഗ്രാം പൊടിച്ച വേപ്പിൻപിണ്ണാക്കിൽ ചേർത്തു വിതറി ചെറുതായി കൊത്തിച്ചേർക്കുക.

 

കുരുമുളക്: െകാടിയുടെ കടഭാഗത്തെ വെള്ളം നന്നായി വാര്‍ത്തുകളഞ്ഞ് ചെടി ഒന്നിന് അര കിലോ കുമ്മായം വീതം വിതറിക്കൊടുക്കുക. രണ്ടാഴ്ചയ്ക്കു ശേഷം െചടിയൊന്നിനു 10 കിലോ വീതം െജെവവളം നല്‍കണം. കനത്ത മഴ കാരണം കുമിൾരോഗം കൂടും. ഒരു ശതമാനം ബോര്‍ഡോമിശ്രിതം ചെടികളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിച്ചു കുതിര്‍ക്കുകയും ചെയ്യുക. 

 

ജാതി: ഇലകൊഴിച്ചിൽ വ്യാപകമാകാം. കൂടാതെ, കായ്കൾ അഴുകി വിണ്ടുകീറി കൊഴിഞ്ഞുപോകുന്നു. രോഗം ബാധിച്ചു കൊഴിഞ്ഞ ഇലകളും കായ്കളും നീക്കം ചെയ്ത് തോട്ടം വൃത്തിയാക്കുക. ചെമ്പു കലർന്ന കുമിൾനാശിനികളായ ഒരു ശതമാനം ബോർഡോ മിശ്രിതം അല്ലെങ്കില്‍ കൊസൈഡ് ഒന്നര ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ഇലകളിലും കായ്കളിലും തണ്ടിന്മേലും വീഴത്തക്കവിധം സ്പ്രേ ചെയ്യുക. 

 

കൊക്കോ: കുമിൾരോഗങ്ങൾ വ്യാപകമാകാം. കായ്കൾ കറുത്ത് ഉണങ്ങുന്ന കുമിൾരോഗങ്ങൾ, ഇലകരിച്ചിൽ എന്നിവ നിയന്ത്രിക്കാൻ കേടുവന്ന ഭാഗങ്ങൾ നീക്കം ചെയ്ത് ഒരുശതമാനം ബോർഡോ മിശ്രിതം സ്പ്രേ ചെയ്യുക.

 

കാപ്പി: ഇല അഴുകൽ, ഇലകളും കായ്കളും രോഗബാധയേറ്റ് കൊഴിച്ചിൽ എന്നിവ ഉണ്ടായിട്ടുള്ള തോട്ടങ്ങളിൽ രോഗബാധയേറ്റ് വീണ ഭാഗങ്ങൾ നശിപ്പിച്ചശേഷം ബാവിസ്റ്റിൻ 120 ഗ്രാം 200 ലീറ്റർ‌ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുക. തേയിലയിൽ ഇളംതണ്ടുകളിലെയും ഇലകളിലെയും കരിച്ചിൽബാധയുണ്ടായ തോട്ടങ്ങളിൽ ഹെക്ടറിന് കോപ്പർ ഓക്സി ക്ലോറൈഡ് 350 ഗ്രാം + പ്ലാന്റാമൈസിൻ 70 ഗ്രാം എന്നിവ മൂന്നു നാലു ദിവസത്തെ ഇടവേളകളിൽ സ്പ്രേ ചെയ്യുക. ഹെക്ടറിന് 350–400 ലീറ്റർ‌ വെള്ളത്തിൽ ലായനിയാക്കി സ്പ്രേ ചെയ്യുക.

 

ഇഞ്ചി, മഞ്ഞൾ: കണ്ടങ്ങളുടെ വശത്തുനിന്ന് ഒലിച്ചിറങ്ങിയ മണ്ണ് കോരിയിട്ട് വശങ്ങൾ പൂർവസ്ഥിതിയിലാക്കുക. കൂടാതെ, മണ്ണ് നേരിയ അളവിൽ യൂറിയ ചേർ‌ത്ത് കണ്ടങ്ങളിൽ ചെറിയ കനത്തിൽ വിതറുക. 

 

വാഴ: രോഗബാധയേറ്റു കരിഞ്ഞ ഇലകൾ വെട്ടിമാറ്റി ചുടുക. ബാക്കിയുള്ള ഇലകളിൽ ഒരു ശതമാനം വീര്യമു ള്ള ബോർഡോമിശ്രിതം സ്പ്രേ ചെയ്യുക. തുടർന്ന് രണ്ടാഴ്ച കഴിഞ്ഞ് ബാവിസ്റ്റിൻ ഒരു ഗ്രാം ഒരു ലീറ്റർ‌ വെള്ള ത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുക. ഇടയിളക്കി ചെറിയ അളവിൽ പൊട്ടാഷും യൂറിയയും ചുറ്റും വിതറി കൊത്തിച്ചേർക്കുകയും ചുറ്റും ഇളകിയ മണ്ണ് കൂട്ടിച്ചേർക്കുകയും ചെയ്യുക.

 

മരച്ചീനി: കൂനകൾ / ഏരികൾ ചെറു തായി ചിനക്കി ഇളകിയ മണ്ണ് ചെറിയ കനത്തിൽ ചുറ്റും കൂട്ടിക്കൊടുക്കുക. 

 

പച്ചക്കറികള്‍: ഇടയിളക്കി നേരിയ അളവിൽ യൂറിയയും പൊട്ടാഷും ചുറ്റും വിതറി ഇളകിയ മണ്ണ് ചുറ്റും കൂട്ടിക്കൊടുക്കുക. സ്യൂഡോമോണാസ് കൾച്ചർ 20 ഗ്രാം ഒരു ലീറ്റർ‌ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT