ADVERTISEMENT

ശക്തമായ കാറ്റിൽ വിളകൾ ഒടിഞ്ഞു നശിക്കുന്നത് എക്കാലത്തും കൃഷിക്കാരുെട പേടിസ്വപ്നമാണ്, വിശേഷിച്ച് വാഴക്കർഷകരുടെ.  വാഴകൾ കാറ്റും മറ്റു കാരണങ്ങളും മൂലം ഒടിയുന്നത് ഒഴിവാക്കാൻ വിവിധ മാർഗങ്ങൾ കൃഷിക്കാർ പരീക്ഷിക്കാറുണ്ട്. അവയ്ക്കെല്ലാം തന്നെ പരിമിതികളുമുണ്ട്.  ഇത്തരം പരിമിതികൾ മിക്കവാറും ഒഴിവാക്കി വാഴകളും അതുപോലുള്ള ദുർബല വിളകളും സംരക്ഷിക്കുന്ന സംവിധാനത്തിനു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) രൂപം കൊടുത്തു. കൊണ്ടുനടക്കാവുന്നതും ആയാസരഹിതമായി സ്ഥാപിക്കാവുന്നതുമായ സംവിധാനമാണിതെന്ന് അധികൃതർ അവകാശപ്പെട്ടു, പോർട്ടബിൾ അഗ്രിക്കൾചർ നെറ്റ്‌വർക്ക് സിസ്റ്റം (പിഎഎൻഎസ്) എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന് സർവകലാശാല പേറ്റന്റ് നേടിയിട്ടുണ്ട്.

കൃഷിയിടത്തിന്റെ അതിരുകൾക്കു പുറത്തായി കോൺക്രീറ്റ് അടിത്തറയിൽ സ്ഥാപിക്കുന്ന ജിഐ പൈപ്പുകളാണ് ഇതിലെ പ്രധാന ഘടകം. ഈ പൈപ്പുകളിൽനിന്ന് ഓരോ വാഴയിലേക്കുമെത്തുന്ന ചരടുകളും വളയങ്ങളും ചേർന്നാൽ പിഎഎൻഎസ് സംവിധാനമായി. വാഴത്തടയ്ക്കു കേടുവരാത്ത വിധത്തിൽ കയർ, വാഴനാര്, കാൻവാസ് എന്നിവ ഉപയോഗിച്ചു വേണം വളയമുണ്ടാക്കാൻ. വാഴകൾക്കു താങ്ങ് നൽകുന്ന മറ്റ് ചില സംവിധാനങ്ങൾക്ക് ഫ്രാൻസിലും ചൈനയിലുമൊക്കെ പേറ്റന്റ് നൽകിയിട്ടുണ്ട്. എന്നാൽ അവയെല്ലാം തന്നെ പരിസ്ഥിതിക്കു ദോഷവും വാഴയ്ക്കു ക്ഷതവുമുണ്ടാക്കുന്നവയാണ്. കൃഷിയിടത്തിന്റെ വലിയൊരു ഭാഗം  ഇവ സ്ഥാപിക്കാനായി നീക്കിവയ്ക്കേണ്ടിവരുമെന്ന ദോഷവുമുണ്ട്. എന്നാൽ പുതിയ സംവിധാനത്തിന് ഇത്തരം ദോഷങ്ങളൊന്നുമില്ലെന്ന് കുസാറ്റ് അധികൃതർ അവകാശപ്പെട്ടു.  സർവകലാശാലയിലെതന്നെ ഒരു അധ്യാപകന്റെ കൃഷിയിടത്തിൽ പിഎഎൻഎസ് സംവിധാനം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു.

സർവകലാശാലയുടെ സ്കൂൾ ഓഫ് എൻജിനീയറിങ്  ഐടി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. എം.ബി. സന്തോഷ്കുമാർ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്  വകുപ്പ് പ്രഫസർ ഡോ. ബി.കണ്ണൻ, പുളങ്കുന്ന് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. എൻ. സുനിൽകുമാർ എന്നിവർ ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചത്. ചെലവു കുറഞ്ഞതും കർഷകസൗഹൃദവുമായ ഈ സംവിധാനം കൃഷിക്കാരിലെത്തിക്കാൻ  യോജ്യരായ പങ്കാളികളെ തേടുകയാണ് സർവകലാശാല. ഇതിൽനിന്നുള്ള വരുമാനത്തിന്റെ മുഖ്യപങ്ക് സർവകലാശാലയുെട സാമൂഹിക പ്രതിബദ്ധതാപ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കും. 

ഫോൺ: 9446406044 (പിആർഒ, കുസാറ്റ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com