ADVERTISEMENT

ആവര്‍ത്തിക്കുന്ന പ്രളയത്തില്‍ ഏറെ ദുരിതങ്ങളും നഷ്ടങ്ങളുമുണ്ടാകുന്നതു വാഴക്കൃഷിക്കാർക്കാണ്.  തുടർച്ചയായ പേമാരിയും, ശക്തമായ കാറ്റും, ഉരുൾപൊട്ടലും വെള്ളക്കെട്ടും എത്രയെത്ര വാഴത്തോട്ടങ്ങളെയാണ് അപ്പാടെ നശിപ്പിച്ചത്. അതിശക്തമായ  മഴയിലും വെള്ളപ്പാച്ചിലിലും  ഫലഭൂയിഷ്ഠമായ മേൽ മണ്ണും, മണ്ണിലെ ജൈവാവശിഷ്ടങ്ങളും ധാതുലവണങ്ങളും സൂക്ഷ്മജീവികളും, മിത്രകുമിളുകളും,  മണ്ണിര അടക്കമുള്ള ബഹുകോശജീവികളും വാഴത്തോട്ടങ്ങളിൽനിന്ന് അപ്രത്യക്ഷമായി.  പ്രളയം കടന്നുപോയതോടെ കീട, രോഗ ബാധയുടെ തീവ്രതയും വർധിച്ചു. മാണപ്പുഴു, പിണ്ടിപ്പുഴു, റസ്റ്റ് ത്രിപ്സ് എന്നിവയുടെ ആക്രമണം അധികരിക്കുന്നതിനൊപ്പം  ഇലപ്പുള്ളി, കുഴിപ്പുള്ളി രോഗങ്ങളും മാണം അഴുകലും കൂടിവരുന്നു. ഇവയ്ക്കെന്താണു പരിഹാരമെന്നു നോക്കാം. 

സ്ഥലം തിരഞ്ഞെടുക്കൽ

നല്ല നീർവാർച്ചാസൗകര്യമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുകയാണ് വാഴക്കൃഷിയിലെ ആദ്യപാഠം.  മുൻകാലങ്ങളിൽ ഒരാഴ്ചയിൽ കൂടുതൽ വെള്ളം കെട്ടിനിന്ന സ്ഥലങ്ങൾ കഴിവതും ഒഴിവാക്കുകയോ അല്ലെങ്കിൽ, നീർവാർച്ചയ്ക്കു വേണ്ട  ചാലുകൾ എടുക്കുകയോ വേണം.  അമിതമായാൽ അമൃതും വിഷമാണെന്നു പറഞ്ഞതുപോലെയാണ്  വാഴക്കൃഷിയില്‍ വെള്ളത്തിന്റെ കാര്യം.  മൂന്നു ദിവസത്തിൽ കൂടുതൽ വെള്ളം കെട്ടിനിൽക്കുന്നത്  ഏറ്റവും വലിയ മൃദുകാണ്ഡസസ്യമായ വാഴയ്ക്ക് അനുകൂലമല്ല. ഇതാണ് മാണം അഴുകലിനും വേരുചീയലിനും കാരണമാകുന്നത്.  വേരുകൾക്ക് ഓക്സിജൻ ലഭിക്കാതെ വരികയും ഒപ്പം ക്ഷുദ്രാണുക്കളുടെ എണ്ണം കൂടുകയും ചെയ്യുന്നു. വെള്ളക്കെട്ടുള്ള ക്യഷിയിടങ്ങളിൽ, വിശേഷിച്ച് പാടങ്ങളിൽ കൂന കൂട്ടിയോ അല്ലെങ്കിൽ യഥേഷ്ടം ചാലുകൾ കീറിയ ശേഷമുള്ള ഉയർന്ന തട്ടുകളിലോ വാഴ നടുന്നതാണ് നല്ലത്.  ഇതുവഴി വാഴയുടെ വേരുകൾക്കു ചുറ്റും വെള്ളക്കെട്ടും തന്മൂലം  രോഗാവസ്ഥയും ഉണ്ടാകുന്നതു തടയാം. 

മണ്ണിന്റെ അമ്ലത ക്രമീകരണം

കേരളത്തിലെ ജൈവാധിക്യമുള്ള മണ്ണിന് അമ്ലത കൂടും. അമ്ലത കൂടിയ മണ്ണിൽ വാഴയുടെ വേരോട്ടം കുറയുകയും വളം ലഭ്യമല്ലാതെവരികയും ചെടിവളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.  അമ്ലത ക്രമീകരിച്ച്  പിഎച്ച് മൂല്യം (അമ്ല– ക്ഷാരനില) ഏഴിലേക്ക് എത്തിക്കേണ്ടതാണ്. ഇതിനായി സെന്റ് ഒന്നിനു കുറഞ്ഞത്  3 കിലോ എന്ന തോതില്‍ കുമ്മായമോ ഡോളോമൈറ്റോ നൽകാം. എന്നാൽ ശാസ്ത്രീയ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ വാഴക്കുഴി ഒന്നിന് 1/2 –1 കിലോ കുമ്മായമോ ഡോളോമൈറ്റോ നൽകുന്നതാണ്  ഉത്തമം. ഇതുവഴി അമ്ലത ക്രമീകരിക്കാനും  വാഴയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിത  മൂലകമായ കാൽസ്യം (ഡോളോമൈറ്റിൽ മഗ്നീഷ്യവും കാൽസ്യവും)  ലഭ്യമാക്കാനും സാധിക്കും.

നടുമ്പോള്‍ മുന്നൊരുക്കം

തിരഞ്ഞെടുത്ത തോട്ടത്തിൽ 50 സെ.മീ. എങ്കിലും ആഴത്തില്‍ മണ്ണുണ്ടെന്നും അടിയിൽ പാറക്കെട്ട് ഇല്ലെന്നും ഉറപ്പാക്കിയ ശേഷം വേണം നടാനുള്ള കുഴി എടുക്കാന്‍.  2X 2X 2 അടി സമചതുര അളവിൽ കുഴി എടുത്ത ശേഷം കുഴി ഒന്നിനു കുറഞ്ഞത് 500 ഗ്രാം കുമ്മായം/ഡോളോമൈറ്റ് നൽകി മേൽമണ്ണിട്ടു മൂടി ഒരാഴ്ച കഴിഞ്ഞ്10 കിലോ ജൈവവളം (ഉണക്കച്ചാണകമോ, വെർമി കമ്പോസ്റ്റോ, പച്ചിലവളക്കൂട്ടോ) അടിവളമായി നൽകിയശേഷമാണ് കന്നുകൾ നടേണ്ടത്. 

banana-1
ഇലപ്പുള്ളി രോഗം (ഇടത്ത്), മാണപ്പുഴു ബാധിച്ച കന്ന് (വലത്ത്)

കന്ന് തിരഞ്ഞെടുക്കൽ 

ഏതൊരു കൃഷിയുടെയും വിജയത്തിന്റെ മുഖ്യ ഘടകം കീട, രോഗമുക്തവും  ആരോഗ്യമുള്ളതുമായ നടീൽവസ്തു തന്നെ. വാഴയുടെ പ്രധാന രോഗ, കീടങ്ങളെല്ലാം കന്നുകൾവഴിയാണ് പരക്കുന്നത്. വാഴയിലെ വൈറസ് രോഗങ്ങളുടെ മുഖ്യ സ്രോതസ്സ് രോഗം ബാധിച്ച കന്നുകളോ, ടിഷ്യുകൾച്ചർ തൈകളോ ആണ്. താഴെപ്പറയുന്ന ലക്ഷണങ്ങൾ നോക്കി രോഗ, കീടബാധയുള്ള തൈകളെ തിരിച്ചറിയാം.

മാണപ്പുഴു: മാണത്തിനു പുറത്ത് ദ്വാരങ്ങളും വിസർജ്യങ്ങൾ നിറഞ്ഞ തുരങ്കങ്ങളും കാണുന്നു. 

നിമാവിര: അഴുകി ദ്രവിച്ചതും ഉണങ്ങിയതുമായ വേരുകൾ; മാണത്തിനു പുറത്ത് കറുത്ത കലകൾ രൂപപ്പെടുന്നു. വേരുകളുടെ പുറംതൊലി കൈയുറപോലെ ഊരിവരുന്നു. മാണത്തെയും വേരിനെയും ബാധിക്കുന്ന എല്ലാ രോഗങ്ങൾക്കും തുടക്കം കുറിക്കുന്നതു നിമാവിരകളാണ്.  നിമാവിരകള്‍ ആക്രമണം നടത്തിയ ഭാഗങ്ങളിലൂടെ രോഗാണുക്കൾ വാഴയെ എളുപ്പം ബാധിക്കുന്നു. 

മീലിമൂട്ട: വേരുകളിൽ വെളുത്ത പൊടിപോലെ പറ്റിപ്പിടിച്ചിരിക്കുന്നു; കരിഞ്ഞുണങ്ങിയ പാർശ്വവേരുകൾ.

മാണം അഴുകൽ: മാണത്തിൽ ദ്രവിച്ച ഭാഗങ്ങൾ; മുട്ട ചീഞ്ഞപോലുള്ള നാറ്റം,  ദ്രവിച്ച ഭാഗങ്ങളിൽ അമർത്തിയാൽ ഉള്ളിലേക്കു താഴ്ന്നുപോകുന്നു. 

വാട്ടരോഗം: വേരുകൾ അഴുകി ദ്രവിച്ചിരിക്കുന്നു. 

വൈറസ് രോഗങ്ങൾ: മാതൃവാഴകളിൽ ലക്ഷണങ്ങൾ കാണുന്നു. പിണ്ടിയുടെ പുറത്ത് ചുവന്ന വരകൾ, പുള്ളിക്കുത്തുകൾ; ഇലകളിൽ മഞ്ഞ വരകളോ മൊസൈക്ക് ലക്ഷണങ്ങളോ കാണാം.

കുഴിപ്പുള്ളി രോഗം: ഇലകളിലും പിണ്ടിയിലും കണ്ണാകൃതിയിലുള്ള പുള്ളികൾ, ഇലകളിലും മറ്റും പുള്ളികൾ.

banana-2
കുഴിപ്പുള്ളി രോഗമുള്ള കന്ന് (ഇടത്ത്), കൊക്കാൻ രോഗമുള്ള കന്ന് (വലത്ത്)

മേൽപറഞ്ഞ രോഗ, കീടബാധ ലക്ഷണങ്ങളുള്ള കന്നുകളും തൈകളും  ഒഴിവാക്കേണ്ടതാണ്. ലഭ്യമായ തൈകളുടെ മാണത്തിന് ഏകദേശം 35 സെ.മീ. ചുറ്റളവും, കുറഞ്ഞത് ഒരു കിലോ ഭാരവും ഉണ്ടെന്ന് ഉറപ്പാക്കിയശേഷം മാണത്തിനു മുകളിൽ 15 സെ.മീ. ഉയരത്തിൽ തല മുറിച്ചു കളയണം. കീട, രോഗ ബാധയുള്ള ഭാഗങ്ങൾ കരിക്കു ചെത്തുംപോലെ ചെത്തിക്കളഞ്ഞശേഷം താഴെപ്പറയുന്ന ഏതെങ്കിലും പരിചരണമുറകൾ സ്വീകരിക്കേണ്ടതാണ്. കേരളത്തിനു പുറത്തു നിമാവിരശല്യം രൂക്ഷമായ സ്ഥലങ്ങളിൽനിന്നു   കൊണ്ടുവരുന്ന കന്നുകളിലൂടെ നിമാവിരകൾ ഇവിടെ പരക്കുന്നതു തടയാൻ താഴെപ്പറയുന്ന മുൻകരുതലുകൾ എടുക്കണം. 

സ്യൂഡോമോണാസ് ഫ്ളൂറസെൻസ് 50 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനിയിൽ കന്നുകൾ 10 മിനിറ്റ് മുക്കിവച്ചിട്ടു നടുക. 

ചെത്തിമിനുക്കിയ കന്നുകൾ നട്ടശേഷം നിമാവിരകൾക്കെതിരെ ഉപയോഗിക്കുന്ന മിത്രകുമിളായ പേസി ലോമൈസ സ്ലൈലാസിനസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനി 3 ലീറ്റർ വീതം വാഴച്ചുവട്ടിൽ ഒഴിച്ചുകൊടുക്കുക.

വാഴയൊന്നിന് 500 ഗ്രാം വേപ്പിൻപിണ്ണാക്ക് ചുവട്ടിൽ ചേർക്കുക. 

ചെത്തി മിനുക്കിയ കന്നുകൾ ക്ലോർപൈറിഫോസ് 2.5 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനിയിൽ10 മിനിറ്റ് മുക്കി വച്ചിട്ടു നടുക. അല്ലെങ്കിൽ ഈ കീടനാശിനി ലായനി മൂന്നു ലീറ്റർ വീതം വാഴച്ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. ഇതുവഴി മീലിമൂട്ടകളെയും നിയന്ത്രിക്കാം.

മാണം അഴുകലും പാനമവാട്ടവും തടയുന്നതിനു സ്യൂഡോമോണാസ് ഫ്ളൂറസെൻസ് 50 ഗ്രാം ഒരു ലീറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കിയ ലായനിയിൽ കന്നുകൾ 30 മിനിറ്റ് മുക്കി വച്ചിട്ടു നടുക.  അതിനുശേഷം ആവശ്യാനുസരണം 20 ഗ്രാം സ്യൂഡോമോണാസ് ഫ്ളൂറസെൻസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.

പ്രതിരോധശേഷി‌

രോഗ, കീട പ്രതിരോധശേഷിയുള്ള വാഴയിനങ്ങൾ തിരഞ്ഞെടുത്ത് സമ്മിശ്രവിളയായി വളർത്തുന്നതുവഴി കീടനാശിനി ഉപയോഗം കുറയ്ക്കാനും മികച്ച വിളവു നേടാനും കഴിയും.   നിമാവിരകളെയും മാണപ്പുഴുക്കളെയും പ്രതിരോധിക്കുന്നതിന് യങ്ഗാബി.കെ.എം എന്നയിനം നന്ന്. ഇലപ്പുള്ളിരോഗങ്ങൾക്ക് എതിരെയും ഈ ഇനം മികച്ചതാണ്. പൂവൻ, കദളി ഇനങ്ങളെ സാരമായി ബാധിക്കുന്ന പാനമവാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങളായ നേന്ത്രൻ, പാളയൻകോടൻ, ഗ്രാന്റ് നെയിൻ എന്നിവയാണ് ഫലപ്രദം.

തെങ്ങിൻതോപ്പിൽ ഇടവിള 

കേരളത്തിൽ വാഴ തെങ്ങിൻതോപ്പിലെയും, കമുകിൻതോപ്പിലെയും ഇടവിളയായും കൃഷിചെയ്യുന്നു. തെങ്ങിനെയും കമുകിനെയും ബാധിക്കുന്ന നിമാവിരകൾ വാഴകളെയും ബാധിക്കുമെന്നതിനാൽ നിമാവിരകളെ നിയന്ത്രിച്ചില്ലെങ്കിൽ വേരുകൾ നശിക്കും. വെള്ളവും വളവും വലിച്ചെടുക്കാൻ സാധിക്കാതെ വളർച്ച മുരടിക്കുകയും വേരുകളിലെ നിമാവിരകളുടെ ആക്രമണ–പ്രവേശന ദ്വാരങ്ങളിലൂടെ വേരുകളിലെ കുമിൾരോഗം പടരുകയും ചെയ്യും. ഇതുചെറുക്കാൻ പേസിലോമൈസ് ലൈലാസിനസ് എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ വാഴയുടെ ചുവട്ടിൽ 3 ലീറ്റർ വീതം ഒഴിച്ചുകൊടുക്കുക.

ഇടവിളക്കൃഷി

വാഴത്തോട്ടങ്ങളിൽ ഇടവിളയായി പച്ചക്കറികളും കിഴങ്ങുവിളകളായ ചേന, ചേമ്പ് തുടങ്ങിയവയുമാണ് നല്ലത്. വെള്ളരിവർഗവിളകൾ വൈറസ് രോഗവാഹകരും നിമാവിരകളുടെ ഇഷ്ടവിളകളുമായതിനാൽ പൂർണമായി ഒഴിവാക്കണം.  വഴുതനവർഗ വിളകളായ വഴുതന, മുളക്, തക്കാളി എന്നിവ നീരു കുടിക്കുന്ന കീടങ്ങളുടെയും ഇലതീനിപ്രാണികളുടെയും ഇഷ്ടവിളയായതിനാൽ അവയെ ഇടവിളയാക്കുന്നപക്ഷം  കീടനാശിനികൾ കൃത്യമായി ഉപയോഗിക്കേണ്ടതുണ്ട്. 

വിള ഇൻഷുറൻസ്

തുച്ഛമായ പ്രീമിയം തുക അടച്ച് ഇന്‍ഷുര്‍ ചെയ്യുന്നപക്ഷം വിളവു നശിക്കുന്നതുമൂലമുളള  നഷ്ടം നികത്താനാവും.  ഇതിനു കൃഷിഭവന്‍ സഹായിക്കും. 

വിലാസം: വാഴഗവേഷണകേന്ദ്രം,  കണ്ണാറ, തൃശൂര്‍. 

ഫോണ്‍: 0487-2699087 

വിളവേറ്റിയ ചൂട് ഇനി വിളവ് കുറയ്ക്കും

ആഗോളതാപനം വലിയ പ്രശ്നമാണ്. പക്ഷേ, എല്ലാവർക്കുമല്ല. ചില മേഖലകളിലെങ്കിലും അന്തരീക്ഷതാപനില വർധിച്ചതു നേട്ടമായി മാറിയിട്ടുണ്ട്. ഉദാഹരണം വാഴക്കൃഷി. 60 വർഷത്തിനിടയിൽ അന്തരീക്ഷ ഊഷ്മാവിലുണ്ടായ വർധന മൂലം ഒരു ഹെക്ടർ വാഴക്കൃഷിയിൽനിന്നുള്ള ഉൽപാദനം 1.37 ടൺ വരെ ഉയർന്നിട്ടുണ്ടാവുമെന്നാണ് ഇതു സംബന്ധിച്ച എക്സറ്റർ സർവകലാശാലയുെട പഠനം പറയുന്നത്. ഓരോ വർഷവും ശരാശരി 24 കിലോയുെട വർധനയാണ്. 27 രാജ്യങ്ങളിലെ 1960 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. എന്നാൽ   ഇനി കാര്യങ്ങൾ അങ്ങനെ ആയിരിക്കില്ലെന്നും താപനിലയിലുണ്ടാവുന്ന വർധന മൂലം വരുംവർഷങ്ങളിൽ ഉൽപാദനം കുറയുമെന്നും നേച്ചർ ക്ലൈമറ്റ് ചേഞ്ച് മാസികയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.  താപനില പരമാവധി  വർധിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ഇനിയുണ്ടാകുന്ന ഓരോ ഡിഗ്രി വർധനയും വാഴക്കൃഷിക്കു ദോഷമാവുകയേയുള്ളൂ. അങ്ങനെ വന്നാൽ  വാഴയുടെ ഉൽപാദനക്ഷമത വർധിക്കുന്ന നിരക്ക് താഴുകയും ക്രമേണ ഉൽപാദനക്കുറവായി മാറുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹെക്ടറിന് 590 കിലോ മുതൽ190 വരെ ഉൽപാദനക്കുറവ് പ്രതീക്ഷിക്കാമത്രെ. 

വാഴപ്പഴത്തിന്റെ ഏറ്റവും വലിയ ഉൽപാദകരും ഉപഭോക്താക്കളുമായ ഇന്ത്യയുൾപ്പെടെ പത്ത് രാജ്യങ്ങളാവും ഈ ഉൽപാദനക്കുറവ് നേരിടേണ്ടിവരികയെന്ന് റിപ്പോർട്ടിൽ പറയുന്നു.  അതേസമയം  ഇക്വഡോർ, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിൽ വരും വർഷങ്ങളിലും  ആഗോളതാപനം മൂലം ഉൽപാദനക്ഷമത വർധിക്കും. വിളവ് കുറയുന്ന സാഹചര്യം വർധിക്കുമെങ്കിലും സാങ്കേതികവിദ്യയുടെ ശക്തമായ ഇടപെടലിലൂെട ഇന്ത്യയ്ക്ക് ഉൽപാദനവർധന നേടാവുന്നതേയുള്ളെന്നും പഠനം തുടർന്നുപറയുന്നു. 

ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന വാഴപ്പഴത്തിന്റെ 29 ശതമാനവും ഇന്ത്യയിൽനിന്നാണത്രെ. ഒരു ഹെക്ടറിൽനിന്ന് ശരാശരി 60 ടണ്ണാണ് നമ്മുടെ ഉൽപാദനക്ഷമത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com