ADVERTISEMENT

കുരുമുളകിന്റെ ദ്രുതവാട്ട രോഗത്തിനു കാരണം ഒരിനം കുമിളാണ്. കൊടിയുടെ ഏതു ഭാഗത്തെയും ഈ രോഗം ബാധിക്കാം. ഇലകളിൽ ഒന്നോ അതിലധികമോ കറുത്ത പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെടുകയും അവ വലുതായി ഇലയുടെ അരികു ഭാഗത്തേക്ക് വ്യാപിച്ച് ഇലകൾ പൊഴിയുന്നതുമാണ് രോഗം. 

കൊടിയുടെ തായ്ത്തണ്ടിന്റെ കടഭാഗത്തു രോഗബാധയേറ്റാൽ കൊടി പൂർണമായും വാടുകയും പിന്നീട് ഇലകളും തിരികളും കൊഴിയുകയും ചെയ്യും. ശാഖകളും കണ്ണിത്തലകളും  മുട്ടുകളുടെ  ഭാഗത്തു വച്ച് അടർന്നു പോകുകയും ഏതാണ്ട് ഒരു മാസത്തിനുള്ളിൽ കൊടി പൂർണമായും നശിക്കുകയും ചെയ്യുന്നു.

ഇലകളിലുള്ള ആക്രമണത്തെ അപേക്ഷിച്ച് വേരിലുള്ള ആക്രമണമാണ് ചെടിയെ കൂടുതൽ നശിപ്പിക്കുന്നത്. മൃദുലമായ പുതിയ വേരുകളിലാണ് രോഗം ആദ്യം പ്രത്യക്ഷപ്പെടുന്നത്. സാവധാനത്തിൽ അത് കട്ടി കൂടിയ വേരുകളിലേക്കു വ്യാപിക്കുന്നു. വേരിലുള്ള രോഗബാധ മൂലം വേര് അഴുകുവാൻ തുടങ്ങുന്നു. രോഗബാധ വേരുകൾക്കു മാത്രമാണെങ്കിൽ വർഷകാലം അവസാനിക്കുന്നതോടു കൂടി ഇലകൾക്കു മഞ്ഞളിപ്പ്, വാട്ടം, കരിച്ചിൽ, കൊഴിച്ചിൽ എന്നീ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

നിവാരണ മാർഗങ്ങൾ

കുമിൾനാശിനി പ്രയോഗം കൊണ്ട് രക്ഷിക്കാൻ കഴിയാത്ത, കൂടുതൽ മഞ്ഞളിപ്പ് ബാധിച്ച ചെടികൾ വേരോടെ പിഴുതു നശിപ്പിച്ചു കളയുക. അതിനു ശേഷം ചെടിയുടെ തടത്തിൽ കോപ്പർ ഓക്സിക്ലോറൈഡ് 50 WP (ഒരു ലീറ്റർ വെള്ളത്തിൽ 2 ഗ്രാം) അല്ലെങ്കിൽ 1 ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഒഴിച്ച് നിർവീര്യമാക്കുക. 

രോഗലക്ഷണം കാണിച്ചു തുടങ്ങിയ ചെടികളിൽ പൊട്ടാസ്യം ഫോസ്ഫനെറ്റ് 40 SC എന്ന കുമിൾ നാശിനി (1ലീറ്റർ വെള്ളത്തിൽ 3 ഗ്രാം) ഇലകളിൽ തളിച്ച് കൊടുക്കുകയും ചെടിയുടെ ചുവടു നന്നായി നനയത്തക്ക വിധത്തിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യണം. 

 ഒരു ചെടിക്ക് 5 ലീറ്റർ ലായനി ആവശ്യമാണ്. കുമിൾനാശിനി പ്രയോഗം മഴയുള്ള സമയത്താണ് നടത്തുന്നതെങ്കിൽ 0.5 മില്ലി ഒരു ലീറ്ററിന് എന്ന അളവിൽ പശ ചേർത്ത് കൊടുക്കണം. 

രോഗം വരാതിരിക്കാൻ മുൻകരുതൽ നടപടി എന്ന നിലയ്ക്ക് കാലവർഷാരംഭത്തിനും തുലാവർഷാരംഭത്തിനും മുൻപ് ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് 50 WP (2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിന്) ഇലകളിൽ തളിച്ച് കൊടുക്കുകയും ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യണം. 

ജൈവ രീതിയിൽ കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ രോഗം പ്രതിരോധിക്കുന്നതിന് സ്യൂഡോമോണാസ് ഫ്ലൂറസെൻസ് എന്ന ജൈവ കുമിൾനാശിനി (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) തളിക്കാം.ജൈവവള പ്രയോഗം നടത്തുമ്പോൾ ട്രൈക്കോഡെർമ ഉപയോഗിച്ച് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ഉപയോഗിക്കണം. 

ഒന്നിടവിട്ടുള്ള വർഷങ്ങളിൽ കാലാവർഷാരംഭത്തോടു കൂടി 500 ഗ്രാം കുമ്മായം ചെടിയുടെ തടത്തിൽ ചേർത്തു കൊടുക്കുന്നത് കുമിൾ, ബാക്ടീരിയ രോഗങ്ങൾ ചെറുക്കുന്നതിനും മണ്ണിന്റെ അമ്ലസ്വഭാവം നിയന്ത്രിക്കുന്നതിനും സഹായിക്കും. പിജിപിആർ മിക്സ് 2 എന്ന മിത്ര സൂക്ഷ്മാണുക്കളുടെ കൂട്ടായ്മ ജൈവവളത്തോടൊപ്പം ഉപയോഗിക്കുന്നത് കുരുമുളകിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും രോഗം നിയന്ത്രിക്കുന്നതിനും സഹായിക്കും. ജൈവകുമിൾ നാശിനികളും രാസകുമിൾ നാശിനികളും ഒരുമിച്ചു ഉപയോഗിക്കരുത്. കുറഞ്ഞത് ഒരാഴ്ച ഇടവേള നൽകണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT