സ്ഥലമില്ലെങ്കിലും പോഷകസമ്പന്നമായ പച്ചക്കറി വളർത്തിയെടുക്കാം

HIGHLIGHTS
  • ഒരു ചെടി മുളച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ വിളവെടുക്കുന്ന രീതി
  • മുളപ്പിച്ച വിത്തുകളേക്കാളും പോഷകസമ്പുഷ്ടമാണ് മൈക്രോ ഗ്രീൻ
micro-green
SHARE

പച്ചക്കറികളിലെ പുതിയ താരമാണ് മൈക്രോ ഗ്രീൻ പച്ചക്കറി. ഒരു ചെടി മുളച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ വിളവെടുക്കുന്ന രീതി. മുളപ്പിച്ച വിത്തുകളേക്കാളും പോഷകസമ്പുഷ്ടമാണ് മൈക്രോ ഗ്രീൻ. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ചെറിയ തണ്ടും ആദ്യത്തെ തളിരിലയും ചേർന്നതാണ് മൈക്രോഗ്രീൻ. സാധാരണ ഇലക്കറികളേക്കാളും ഏറെ ഗുണമുണ്ട് വളർച്ചയുടെ പ്രാരംഭദശയിലുള്ള ഈ ചെടികൾക്ക്. പ്രാദേശികമായി കിട്ടുന്ന ഏതു വിത്തിനെയും മൈക്രോ ഗ്രീൻ ആയി തയ്യാറാക്കാൻ കഴിയും. ഇതിൽത്തന്നെ പയറും കടലയുമാണ് അനാസായം മുളപ്പിച്ചെടുക്കാൻ കഴിയുന്നത്.

തൈകളായി വിളവെടുക്കുന്നതുകൊണ്ട് കീടാക്രമണങ്ങളില്ല എന്നതാണ് പ്രധാന മേന്മ. മാത്രമല്ല കീടനാശിനിയും ഉപയോഗിക്കുന്നില്ല. 

നടീൽ രീതി

വിത്തുകൾ 8 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തശേഷം വെള്ളം ഊറ്റിക്കളയുക. പിറ്റേ ദിവസം വിത്തുകൾ മുളച്ചിരിക്കും. ഇതാണ് നടാൻ ഉപയോഗിക്കുന്നത്. 

ചെറിയ സുഷിരങ്ങളുള്ള ഒരു പ്ലാസ്റ്റിക് ട്രേയിൽ പകുതിയോളം നനഞ്ഞ ചകിരിച്ചോറ് നിറയ്ക്കുക. വളം വേണമെന്നില്ല. വിത്തിനുള്ളിൽ അതിന് ഒരാഴ്ച്ച വളരാനുള്ള പോഷകമുണ്ട്. ചകിരിച്ചോറിനു മുകളിൽ പയർ മണികൾ അകലമിടാതെ വിതറുക. മുകളിൽ ചകിരിച്ചോറ് കുറച്ചു കനത്തിൽ ഇട്ട് ചെറുതായി അമർത്തി കൊടുക്കണം. ഇത് ചെടിയുടെ വളരാനുള്ള ശേഷി കൂട്ടും. മൂന്നാമത്തെ ദിവസം നാമ്പ് ചകിരിച്ചോറിൽനിന്നു പുറത്തേക്കു വന്നുതുടങ്ങും.

5, 6 ദിവസമാകുമ്പോൾ വേരോടെ പിഴുതെടുത്ത് കഴുകി മെഴുക്കുപുരട്ടിയുണ്ടാക്കാം. 10 ദിവസം കഴിഞ്ഞാൽ വേരിന് മുകൾ ഭാഗം വച്ച് മുറിച്ചെടുക്കാം. (ഇത് ചെറുതായി അരിഞ്ഞ് തോരൻ ഉണ്ടാക്കാം.നല്ല സ്വാദുള്ള പോഷക സമ്പന്നമായ പരിപ്പ് കറിയും ഉണ്ടാക്കാം. പരിപ്പ് വേകുമ്പോൾ ഇല ചെറുതായി അരിഞ്ഞിട്ട് വെന്തുവരുമ്പോൾ മൂന്നല്ലി വെളുത്തുള്ളി ചതച്ചിട്ട് ഇളക്കി തേങ്ങാപ്പാലും ഉപ്പും വെളിച്ചെണ്ണയും ചേർത്തിളക്കി ഉപയോഗിക്കാം.)

ഈ വിധം 4, 5 പ്രാവശ്യം ഒരേ ചകിരിച്ചോറിൽ മൈക്രോ ഗ്രീൻ ക്യഷി ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യം

ചെടികൾക്ക് വളർച്ച കൂടിയാൽ മൈക്രോ ഗ്രീനിന്റെ പോഷകം കുറയും. നൈട്രജൻ സമ്പുഷ്ടമായ ഈ ചകിരിച്ചോറ് മറ്റു ചെടികൾക്ക് നടീൽ മിശ്രിതമിയി ഉപയോഗിക്കാം. ഈ കഞ്ഞു തൈകൾ ഗുണത്തിൽ മാത്രമല്ല രുചിയിലും മുൻപന്തിയിലാണ്. എ, സി, കെ, ഇ എന്നീ വിറ്റാമിനുകളാൽ സമ്പുഷ്ടവുമാണ്. മാംഗനീസും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ശരിയിയ പ്രവർത്തനത്തിന് ഓരോ സമയത്തും ലഭിക്കേണ്ട പോഷകങ്ങൾ ഇവ കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വളരെയധികം മികച്ചതാണ് മൈക്രോ ഗ്രീൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA